#ദിനസരികള്‍ 590
പശുവിനെ കൊല്ലരുതെന്നു പ്രഖ്യാപിച്ചുകൊണ്ടു സംഘപരിവാരം നടത്തിയ രക്തച്ചൊരിച്ചിലുകള് രാഷ്ട്രീയമായി അധികാരത്തിലെത്തുന്നതിനുവേണ്ടി വിശ്വാസത്തെ മുന്നിറുത്തി നടത്തിയ കുടില നീക്കങ്ങളുടെ ഭാഗമായിരുന്നുവെങ്കില് ഇങ്ങ് കേരളത്തില് പൊയ്കയില് അപ്പച്ചന് എന്ന നവോത്ഥാന നായകന് കാളയെ കൊല്ലുകയോ അതിന്റെ മാംസം ഭക്ഷിക്കുകയോ ചെയ്യരുത് എന്ന് ആവശ്യപ്പെട്ടത് തികച്ചും വേദനാഭരിതമായ മറ്റൊരു പരിതസ്ഥിതിയെ അഭിമുഖീകരിച്ചുകൊണ്ടായിരുന്നു. രാജേഷ് ചിറപ്പാട് എഴുതിയ പൊയ്കയില് അപ്പച്ചന് എന്ന പുസ്തകത്തില് വായിക്കുക :” കാളകള് അടിമജനതയുടെ കൂട്ടുകാരനാണ്.അതിന്റെ മാംസം ഭക്ഷിക്കരുതെന്ന് ഇതിനുമുമ്പേ അപ്പച്ചന് ഉദ്ബോധിപ്പിച്ചുണ്ട്.പി ആര് ഡി എസിന്റെ പ്രവര്ത്തകരും അനുയായികളും ഇത് അനുസരിച്ചിരുന്നു.അടിമജനതയുടെ കണ്ണീരിന്റേയും വിശപ്പിന്റേയും കഥകള് അറിയാവുന്ന മൃഗങ്ങളാണ് കാളകളെന്ന് അപ്പച്ചന് തിരിച്ചറിഞ്ഞു.അത്തരം ബോധ്യത്തിലേക്ക് അദ്ദേഹത്തെ എത്തിച്ച ഒരു സംഭവം തന്റെ ചെറുപ്പകാലത്ത് ഉണ്ടായി.ഒരു ദിവസം കാളപൂട്ടിക്കൊണ്ടിരുന്നപ്പോള് കുമാരന് ഉഴവുനിറുത്തി കലപ്പച്ചാലില് നിന്നും എന്തോ പൊക്കിയെടുത്തു.അതു കണ്ടു കൂട്ടുകാര് ചുറ്റും കൂടി.അത് മനുഷ്യന്റെ അസ്ഥിക്കഷണങ്ങള് ആയിരുന്നു.ആ അസ്ഥിക്കഷണങ്ങള് മാറോടു ചേര്ത്ത് അപ്പച്ചന് പൊട്ടിക്കരഞ്ഞു.കൂട്ടുകാര് കാര്യം തിരക്കിയപ്പോള് അദ്ദേഹം അവരോടു പറഞ്ഞു.”ഇത് നമ്മുടെ പിതാവിന്റെ ശരീര ഭാഗമാണ്.കാളയോട് ചേര്ത്തുകെട്ടി ഉഴവുനടത്തിയപ്പോള് തളര്ന്നു വീണു പിടഞ്ഞ് മരിച്ചിരിക്കാം.അപ്പോള് ഈ ചേറിലേക്ക് തന്നെ ചവിട്ടി താഴ്ത്തിയിരിക്കാം.” ഇതുപോലെ എത്രയെത്ര പിതാക്കന്മാരെ ഉഴവുകാളകളോടൊപ്പം നുകത്തില് ചേര്ത്തുകെട്ടി ഉഴവു നടത്തിയിരിക്കാം? അങ്ങനെ ഉഴുന്നതിനിടയില് എത്ര പേരെ ഈ തമ്പുരാക്കന്മാര് ഈ ചേറില് താഴ്ത്തിയിട്ടുണ്ടാകും? ഈ ബോധ്യമാണ് കാളകളെ ഉപദ്രവിക്കരുത് എന്ന നിലപാടിലേക്ക് അപ്പച്ചനെ എത്തിച്ചത്.”
ഈ കാലഘട്ടത്തിലിരുന്നു ഇത്തരമൊരു സന്ദര്ഭത്തെ നമുക്ക് സങ്കല്പിക്കാന് പോലുമാകുമോ? അപ്പോള് അതു നേരിട്ട് അനുഭവിച്ചുപോന്ന ഒരു ജനതയെ നാം എങ്ങനെയാണ് അഭിവാദ്യം ചെയ്യുക? അതേ ജനതയാണ് ഇന്ന് അതേ സവര്ണന്റെ താല്പര്യങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടി തെരുവീഥികളില് അലറിവിളിച്ചുകൊണ്ടു പാഞ്ഞു നടക്കുന്നതെന്നതാണ് വിരോധാഭാസം. അവര് തങ്ങളുടെ ചരിത്രം പഠിക്കാന് തയ്യാറാകണം, പാഠങ്ങള് ഉള്‌ക്കൊള്ളാന് തയ്യാറാകണം. സവര്ണമേല്‌ക്കോയ്മക്കു മുന്നില് വിറങ്ങലിച്ചു നിന്നിരുന്ന ഒരു കാലത്തില് എങ്ങനെയാണ് അവര്ണരായ ഒരു ജനത ഇവിടെ ജീവിച്ചുപോയതെന്ന് മറക്കാതിരിക്കണമെങ്കില് കണ്ണുനീരില് കുതിര്ന്ന ഇത്തരം ഏടുകള് പാര്ശ്വവത്കരിക്കപ്പെട്ടുപോകാതെ രാജവീഥികളുടെ നാല്ക്ലവലകളില് കൊണ്ടുവന്നു ജ്വലിപ്പിച്ചു നിറുത്തുകയും ഇനിയും അടിമകളാകാനില്ല എന്ന പ്രതിജ്ഞ പുതുക്കുകയും വേണം.എങ്കില് മാത്രമേ നമുക്ക് ചരിത്രത്തോടു നീതിപുലര്ത്തുവാന് കഴിയുകയുള്ളു.
Comments