#ദിനസരികള് 583



സനാതനഹിന്ദുക്കളുടെ അന്തിമഭ്രാന്തികള് എന്ന ലേഖനത്തില് വാഗ്ഭടാനനന്ദന് എഴുതിയത് ഉദ്ധരിക്കട്ടെ “സനാതന ഹിന്ദുക്കളെന്നു പറയപ്പെടുന്നവര് അന്തമില്ലായ്മ കാണിക്കാന് തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല.അന്ധരായ അവരെ ധര്മ്മ ബന്ധുക്കളാക്കിത്തീര്ക്കുന്നതിന് മഹാത്മാക്കള് അവിശ്രപരിശ്രമം തുടങ്ങിയിട്ട് നാളുകളല്ല , വര്ഷങ്ങളല്ല, നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളുമല്ല , യുഗങ്ങള് തന്നെ കഴിഞ്ഞു.കൃതയുഗാലങ്കാരമെന്നു പറയപ്പെടുന്ന ശ്രീരാമസ്വാമികള് സനാതനഭ്രാന്തന്മാരുടെ അന്ധവിശ്വാസക്കോട്ടകള് എത്ര ശക്തിയോടെയാണ് ചവുട്ടി നുറുക്കിയത്.അദ്ദേഹം ശബരിയെന്ന കാട്ടുപറയിയുടെ അടുത്തുവെച്ച്

“പുസ്ത്വേ സ്ത്രീത്വോ വിശേഷാ വാ
ജാതിനാമാശ്രമാദയ
ന കാരണം മദ്ഭജനേ
ഭക്തിരേവ ഹി കാരണം “

എന്നിങ്ങനെ ജാതി ഭള്ളിനെ എള്ളോളവും വകവെയ്ക്കാതെ തള്ളുകയും ആ കാട്ടുപറയി കടിച്ചു പരിശോധിച്ചു കൊടുത്ത പഴങ്ങള് വാങ്ങി ഭക്ഷിച്ച് തൃപ്തിപ്പെടുകയും ചെയ്തു. (പഴങ്ങള് രുചികരങ്ങളാണോയെന്ന് അറിയുവാന് വേണ്ടി ശബരി അവ കടിച്ചു പരിശോധിച്ചതിനു ശേഷമാണ് ശ്രീരാമന് കഴിക്കാന് നല്കിയതെന്ന് കഥ – മ.പ ).പട്ടാഭിഷേകാവസരത്തില് കാട്ടരയനായ ഗുഹനേയും രാക്ഷസനായ വിഭീഷണനെത്തന്നെയും കൊട്ടാരത്തില് സ്വാഗതം ചെയ്ത് സ്വീകരിച്ചിരുത്തി സഹഭോജനമഹോത്സവം നടത്തി.ശ്രീരാമന് അതുവഴി ലോകമാന്യനായെങ്കിലും സനാതനികളെന്ന് പറയപ്പെടുന്നവര് ശാന്തരായോ? അവരാകട്ടെ ശ്രീരാമസ്വാമികളെ ക്ഷേത്രത്തില് പ്രതിഷ്ഠിക്കുകയും മനുഷ്യബന്ധുവായ അദ്ദേഹത്തെ , അതിലും വിശിഷ്യ അധകൃത ബന്ധുവായ അദ്ദേഹത്തെ തങ്ങളുടെ ബന്ധുവാണെന്നു ഭാവിക്കുകയും പാവങ്ങളെ ആട്ടിയകറ്റുകയും ഭ്രാന്തന്മാര്കൂടി വിലവെയ്ക്കാത്ത തങ്ങളുടെ അന്ധവിശ്വാസങ്ങളെ നിലനിര്ത്തിക്കൊടുക്കുവാന് മന്ത്രങ്ങള് ജപിക്കുകയും ചെയ്തുതുടങ്ങി.ദുഷ്ടചേഷ്ടകളുടെ ഭീകരത നോക്കുക.ജാതിയെ വകവെക്കാതെ സര്വ്വസാഹോദര്യം വാക്കിലും പ്രവര്ത്തിയിലും രേഖപ്പെടുത്തിയ ശ്രീരാമചന്ദ്രനെ ആരാധിക്കുകയും നമസ്കരിക്കുകയും തിരിഞ്ഞു നിന്നുകൊണ്ട് “ അധകൃതരേ , അടുക്കരുത് . ഭഗവാനിവിടെ ഇരുന്നരുളുന്നുണ്ട്“ എന്നു പറയുകയും ചെയ്യുന്ന ആ സനാതനികളെന്ന നാരകീയധൂര്ത്തന്മാരുടെ ചേഷ്ടകളെ കേള്ക്കുന്നതു തന്നെ അശുഭകരവും ഭയങ്കരവുമല്ലേ ? “



ഇത്രയും തീക്ഷ്ണമായി മതജാതി ഭ്രാന്തന്മാരോട് വര്ത്തമാന കാലത്തുപോലും പ്രതികരിച്ചവരുണ്ടോ ? ഇല്ല എന്നുതന്നെ പറയാം. അതുകൊണ്ടു ഗാന്ധിയെ മഹാപാപി എന്നു വിളിച്ച സവര്ണഹിന്ദുക്കളുടെ പിന്ഗാമികളെ അടക്കിനിറുത്തുന്നതിനും സമകാലികമായ വെല്ലുവിളികളെ നേരിടുന്നതിനും വാഗ്ഭടാനന്ദനെപ്പോലെയുള്ള ഗുരുക്കന്മാരെ മുന്നില് നിറുത്തിയാല് മാത്രം മതിയാകും.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം