#ദിനസരികള്‍ 578



            ഫാസിസം അനുകരിക്കേണ്ട ഒരു ആശയമാണെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ഒരു കാലത്ത് ചിന്തിച്ചിരുന്നുവെന്ന് എം ഗോവിന്ദന്‍ എഴുതുന്നുണ്ട്. ഫാസിസത്തെപ്പറ്റി വലിയ മതിപ്പുള്ള ഒരു വിഭാഗം ആളുകള്‍ കോണ്‍ഗ്രസിലുണ്ട്.ഹിറ്റ്ലറേയും മുസ്സോളിനിയേയും അവര്‍ പുകഴ്ത്തിപ്പറയുകയും അനുകരിക്കത്തക്കവരാണെന്ന് , നമ്മോടു തെളിവായി ശുപാര്‍ശ ചെയ്യുകയും ചെയ്യുന്നു.ഈയിടെ അഞ്ചാറുമാസങ്ങള്‍ക്കു മുമ്പ് രാജഗോപാലാചാരി തൊഴിലാളികളെ അഭിസംബോധന ചെയ്തുകൊണ്ട് ഒരു പ്രസംഗത്തില്‍ ഹിറ്റ്ലറെ അനുകരിക്കണമെന്ന് ഉപദേശിക്കുകയുണ്ടായി( ഫാസിസം ഗാന്ധിരാമായണം) നാഷണല്‍ സോഷ്യലിസ്റ്റുകളാണ് ഹിറ്റ്ലറും മുസോളിനിയുമൊക്കെ എന്നു പരക്കെ വിശ്വസിച്ചിരുന്ന ഒരു കോണ്‍ഗ്രസ് കാലത്തെക്കുറിച്ചാണ് ഗോവിന്ദനെഴുതിയത്. അതേ ലേഖനത്തില്‍ ഏറ്റവും ലളിതമായും എന്നാല്‍ ഫാസിസത്തിന്റെ ഘടന വ്യക്തമാക്കുന്ന തരത്തിലും മുതലാളിത്തം + കൊലഎന്നതാണ് ഫാസിസമെന്ന് അദ്ദേഹം ശരിയായി നിര്‍വചിക്കുന്നുണ്ട്.കോണ്‍ഗ്രസ് തിരിച്ചറിയാന്‍ വൈകിയ ഈ യാഥാര്‍ത്ഥ്യത്തില്‍ നിന്നാണ് പതിയെപ്പതിയെ ഫാസിസം, മതത്തെ മുന്നില്‍ നിറുത്തി ഇന്ത്യയുടെ വിശാലമായ ആകാശങ്ങളിലേക്ക് കൊടിയുയര്‍ത്തിയതെന്നത് കേവലമായ ഒരാരോപണം എന്നതിലുപരി വസ്തുനിഷ്ഠമായ യാഥാര്‍ത്ഥ്യം കൂടിയാണ്.മതാത്മകതകയെ താലോലിക്കാനും പൊതുസമ്മതിയില്‍ നിലനിറുത്താനും കോണ്‍ഗ്രസു പാര്‍ട്ടി സവിശേഷമായ ശ്രദ്ധ ചെലുത്തിയിരുന്നു. നെഹ്റു വിശ്വസിച്ചിരുന്നതുപോലെ മതം വ്യക്തിപരമായ ഒന്നാണെന്നല്ല , മറിച്ച് മാതാത്മകമായ ധാര്‍മ്മികത വേണം പൊതുസമൂഹത്തിന് മാര്‍ഗ്ഗദര്‍ശകമാകാനെന്ന അഭിപ്രായമായിരുന്നു കോണ്‍ഗ്രസിന്റെ പൊതുനിലപാട്. മതവിശ്വാസങ്ങളെ ഇങ്ങനെ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണച്ചുകൊണ്ട് ജനാധിപത്യത്തിലും സമര്‍ത്ഥമായി വിനിയോഗിക്കാന്‍ അവര്‍ക്കു കഴിഞ്ഞു.ഇന്ത്യയെ രണ്ടായി മുറിച്ച് ബാബരി മസ്ജിദ് തകര്‍ക്കപ്പെടാനുള്ള കാരണംതന്നെ ജനാധിപത്യത്തിനുമുകളില്‍ മതാത്മകതയും അതുവഴി വിശ്വാസമുതലെടുപ്പും പ്രവര്‍ത്തിച്ചതാണ്.ഇതേ വഴി കുറേക്കൂടി അക്രമാസക്തമായി ഉപയോഗിക്കുകയും ഫലപ്രാപ്തിയിലെത്തിക്കുകയും ചെയ്തുകൊണ്ടാണ് സംഘപരിവാരം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അധികാരകേന്ദ്രങ്ങളിലേക്ക് കടന്നു വരുന്നത്.താല്ക്കാലികമായ ലാഭത്തിനു വേണ്ടി മതങ്ങളെ വിനിയോഗിച്ചതിന്റെ കെടുതികളില്‍ നിന്ന് കോണ്‍ഗ്രസും  ഇന്ത്യയും മുക്തമാകണമെങ്കില്‍ ധാരാളം വിയര്‍‌പ്പൊഴുക്കേണ്ടിവരുമെന്നു സാരം. ആ വിയര്‍‌പ്പൊഴുക്കലില്‍ , കോണ്‍ഗ്രസ് ചെയ്ത ഈ പാതകങ്ങളില്‍ നിന്ന് ഇന്ത്യയെ രക്ഷപ്പെടുത്താന്‍ അവര്‍ മാത്രമല്ല , ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വ - ജനാധിപത്യക്കൊടിക്കുകീഴില്‍ ഇന്ത്യ പുലരണമെന്ന് ആഗ്രഹിക്കുന്ന ഏതൊരു കക്ഷിയും അണിനിരന്നേ തീരൂ.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം