#ദിനസരികള് 579



സുപ്രിംകോടതി, കേരളത്തിന്റെ മനസ്സ് കണ്ടറിഞ്ഞു എന്നാണ് ഇന്നലത്തെ നടപടികളില് നിന്ന് മനസ്സിലാകുന്നത്. സ്റ്റേ അനുവദിക്കാത്തതും യുവതീപ്രവേശനത്തിനെതിരെ വന്ന ഹരജികള് പരിഗണിക്കേണ്ടതുണ്ടോയെന്നുള്ള വാദം ഓപ്പണ് കോര്ട്ടില് കേള്ക്കാന് തീരുമാനിച്ചതും ഭരണഘടനാമൂല്യങ്ങളെ ഉയര്ത്തിപ്പിടിക്കുന്ന നിലപാടുകള്‌ തന്നെയാണ്. ഹരജികള്‌ കേള്ക്കാന് തീരൂമാനിച്ചതോടെ നിലവിലുള്ള വിധി മരവിപ്പിക്കപ്പെട്ടു എന്നൊക്കെയുള്ള വാദങ്ങള് കേവലം വൈകാരികമായ അല്പത്തരങ്ങളും ആഗ്രഹങ്ങളും മാത്രമാണ്.

നീണ്ട പന്ത്രണ്ടുകൊല്ലക്കാലമെടുത്താണ് കോടതി പ്രായഭേദമെന്യേ ഏവര്ക്കും ശബരിമലയില് പ്രവേശിക്കാം എന്ന നിലപാടിലേക്ക് എത്തിയത്.അക്കാലയളവില് നിരവധി രേഖകളും വിശ്വാസപരവും ആചാരപരവുമായ വ്യത്യസ്ത കാഴ്ചപ്പാടുകളുമൊക്കെ പരിശോധിക്കപ്പെട്ടു.കക്ഷി ചേര്ന്നവരെയൊക്കെ കോടതി കേട്ടു. അയ്യപ്പനെ ഒരു സമസ്ത പൌരാവകാശങ്ങളുമുള്ള ഒരു വ്യക്തിയായി കണ്ടുപോലും കാര്യങ്ങളെ പരിശോധിച്ചു.മാറി മാറി വന്ന സര്ക്കാറുകളെ കേട്ടു.അങ്ങനെ കേസുമായി ബന്ധപ്പെട്ട് കേള്ക്കാനിനിയൊന്നുമില്ല എന്നിടത്തോളം കോടതി എത്തിച്ചേര്ന്നതിനു ശേഷം ഭരണഘടന ഉയര്ത്തിപ്പിടിക്കുന്ന മൂല്യങ്ങളെ മുന്നിറുത്തി നാനൂറ്റിപ്പതിനൊന്നുപേജില് വിധി പ്രസ്താവിച്ചു.അത്തരത്തില് പുറപ്പെടുവിച്ച ഒരു വിധിയെ കുറേ കാളികൂളികള് സംഘം ചേര്ന്ന് ലംഘിക്കാനിറങ്ങിയാല് അതു നടപ്പില്ല എന്നുതന്നെയാണ് കോടതി നല്കുന്ന മുന്നറിയിപ്പ്. അതുകൊണ്ടാണ് യുവതിപ്രവേശനമാകാം എന്ന വിധിയ്ക്ക് സ്റ്റേയില്ല എന്നും അതുകൊണ്ടുതന്നെ ആ വിധി തുടരുമെന്നും കോടതി എടുത്തു പറയുന്നത്. മാത്രവുമല്ല , 1991 വരെ സ്ത്രീ പ്രവേശനം നടന്ന ഒരു ക്ഷേത്രത്തില് ഇനി നടന്നാലും ഒന്നും സംഭവിക്കില്ലെന്നും കോടതി കണ്ടിട്ടുണ്ടാകണം.

രണ്ടാമത്തേത് ഹരജികള് കേള്ക്കണമോ എന്ന വിഷയത്തില് തീരുമാനമെടുക്കാനായി ജനുവരിയിലേക്ക് മാറ്റിയതു സംബന്ധിച്ചാണ്. ഈ നടപടി ജനാധിപത്യത്തിന്റെ അന്തസ്സുയര്ത്തുന്നതാണ്. കാരണം ചേംബറില് ന്യായാധിപരുടെ മാത്രം സാന്നിധ്യത്തില് നടക്കുന്ന ഒരു വിലയിരുത്തലിനെക്കാള് , തുറന്ന കോടതിയില് ഹരജികള് മുന്നോട്ടു വെയ്ക്കുന്ന വാദഗതികള് പരിശോധിച്ച് വിധി പറയുന്നത് ജനങ്ങളെ നിയമത്തിന്റെ വഴികള് ബോധ്യപ്പെടുത്താന് കൂടിയാണ്. കോടതിക്ക് ഒന്നും ഒളിച്ചു വെയ്ക്കാനില്ലെന്നും കോടതി പരിഗണിക്കുക ഭരണഘടനാദത്തമായ അവകാശങ്ങളെ മാത്രമാണെന്നും അടിവരയിട്ടു പ്രഖ്യാപിക്കാന് ഈ നടപടി സഹായിക്കുമെന്ന കാര്യത്തില് സംശയമില്ല. ഹരജികള് പരിഗണിക്കപ്പെടണമെങ്കില് കോടതിയുടെ മുന്നില് നാളിതുവരെ ഈ വിഷയത്തില് ഉന്നയിക്കപ്പെടാത്ത എന്തെങ്കിലും പുതിയ വാദങ്ങള് ഉന്നയിക്കപ്പെടണം. പന്ത്രണ്ടുകൊല്ലക്കാലമെടുത്ത് വിലയിരുത്തിയ കാലത്ത് ലഭ്യമല്ലാതിരുന്ന പുതിയ ‘ദര്ശനങ്ങള്’ രാഷ്ട്രീയ ലാഭത്തെ മുന് നിറുത്തി നടത്തുന്ന നീക്കങ്ങളിലുണ്ടാകില്ലെന്നു മനസ്സിലാക്കാന് സുപ്രിംകോടതി ജഡ്ജിയൊന്നുമാകേണ്ടതില്ലല്ലോ. എന്നാല് പിന്നീട് ഞങ്ങളങ്ങനെ പറഞ്ഞതു കോടതി പരിഗണിച്ചില്ല ഈ വാദം പരിഗണിച്ചില്ല എന്നൊക്കെയുള്ള പരിദേവനങ്ങള് കൂടി തുറന്ന കോടതിയില് കേള്‌ക്കുന്നതോടെ അവസാനിച്ചു കിട്ടും.

ഒറ്റ നോട്ടത്തില് പരിഗണിക്കപ്പെടേണ്ടതാണ് എന്ന കോടതിയ്ക്കു തോന്നിയ ഒരു വാദവും ഹരജികള് മുന്നോട്ടു വെയ്ക്കാത്തതുകൊണ്ട് ജനുവരി 22 എല്ലാ ഹരജികളും അടപടലേ കോടതി തള്ളും.അതുകൊണ്ടുതന്നെയാണ് യുവതിപ്രവേശനമാകാം എന്ന വിധിക്ക് സ്റ്റേയില്ല എന്ന് എടുത്തു പറഞ്ഞത്. കേരളം ചിന്തിക്കുന്നതുതന്നെയാണ് സുപ്രിം കോടതിയും ചിന്തിക്കുന്നതെന്നു തന്നെയാണ് ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലൂള്ള സൂചനകള്.അതല്ലെങ്കില് അക്കാലയളവിനുള്ളില് ലിംഗവിവേചനത്തെക്കുറിച്ച് ഭരണഘടന ഉയര്ത്തിപ്പിടിക്കുന്ന സങ്കല്പങ്ങളെ മാറ്റിയെഴുതണം.(ഭരണഘടനയുടെ തുല്യത എന്ന അടിസ്ഥാന സ്വഭാവത്തെ അട്ടിമറിക്കുന്ന ഒരു നിയമവും നിലനില്ക്കില്ല എന്നതാണ് വസ്തുതയെങ്കിലും കേന്ദ്രസര്ക്കാറിന് ആ വഴിയും പരിശോധിക്കാവുന്നതാണ്.)


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1