#ദിനസരികള് 582



സഹോദരന് അയ്യപ്പന്റെ സയന്സ് ദശകം വായിക്കുക.ശ്രീനാരായണന്റെ ശിഷ്യനായ അദ്ദേഹം , ഗുരുവിന്റെ ദൈവദശകത്തെ പിന്പറ്റിക്കൊണ്ടാണ് സയന്സ് ദശകം എഴുതിയത്.ഗുരു, അഭൌതികവും അവ്യാഖ്യേയവുമായ ഒരു ദയാനിധിയെ സങ്കല്പിച്ചെടുത്തപ്പോള് അയ്യപ്പനാകട്ടെ മണ്ണില് ചവിട്ടി നിന്നുകൊണ്ട് മനുഷ്യനെ ദൈവമാക്കുന്ന അത്ഭുതവിദ്യയെയാണ് ആവിഷ്കരിച്ചെടുത്തത്. തമ്മില് ധ്രുവങ്ങളോളം ദൂരമുള്ള ഈ നിലപാടുകള് മലയാളികളുടെ പൊതുവായ ചിന്താസ്വരൂപത്തെ വെളിപ്പെടുത്തുന്നു.ഈ വിരുദ്ധകോടികളെ സമഞ്ജസമായി സമ്മേളിപ്പിച്ചുകൊണ്ടാണ് മലയാളികള് സാമൂഹ്യപരിഷ്കരണങ്ങള്ക്കു വഴിതെളിച്ചും യാഥാസ്തിതികര് ഉയര്ത്തിയ വെല്ലുവിളികളെ നേരിട്ടതും.രണ്ടു ദശകങ്ങളും ഏറെക്കുറെ തുല്യ തൂക്കമായി ത്രാസുകളെ നേരെ നിറുത്തിയിരുന്ന ഒരു കാലത്തു നിന്നും കൂടുതല് ശോഷിച്ചുപോയത് അയ്യപ്പന്റെ യുക്തിബോധത്തിന്റേയും സയന്സുപക്ഷത്തിന്റേയും തട്ടാണ്.അതോടുകൂടി ദൈവത്തിന് എന്റെ , നിന്റെ, അവന്റെ എന്നൊക്കെയുള്ള പരിമിതപ്പെടുത്തലുകള്ക്കു ബലം കൂടി. ഫലത്തില് ഗുരു മുന്നോട്ടുവെച്ച, മനുഷ്യരെ ഒറ്റ ജാതിയായി കണ്ടുകൊണ്ടുള്ള സമഗ്രമായ ദര്ശനത്തിനു പകരം സങ്കുചിതവും പിന്നോട്ടടിക്കുന്നതുമായ താല്പര്യങ്ങള് ഉണ്ടായിവന്നു.അത്തരം താല്പര്യങ്ങള് ദൈവദശകത്തിന്റെ വിശാലമായ കാഴ്ചപ്പാടുകളെ ദുര്ബലപ്പെടുത്തുകയും മാനവികതയെക്കാള് മതാത്മകവും ആചാരബദ്ധവുമായ മൂല്യങ്ങളെ വിലമതിച്ചു. ദൈവദശകത്തെ ഒരു ബിംബവത്കരിച്ചുകൊണ്ട് ഉയര്ത്തിനിറുത്തിയെങ്കിലും ഗുരു മുന്നോട്ടു വെക്കുന്ന ആശയങ്ങളെ അംഗീകരിക്കുവാന് നാം തയ്യാറായില്ല. സമുദായപരിഷ്കരണങ്ങളുടെ ഗുണപരമായ മുന്നേറ്റങ്ങള്ക്ക് കേരളത്തില് സജീവമായ തുടര്ച്ചയുണ്ടാകാതിരുന്നത് അതുകൊണ്ടാണ്.ഇനി മടങ്ങിപ്പോകേണ്ടത് സഹോദരന് അയ്യപ്പന്റെ സയന്സുദശകം മുന്നോട്ടു വെയ്ക്കുന്ന യുക്തിബോധത്തിലേക്കും ശാസ്ത്രീയതയിലേക്കുമാണ്.സയന്സുദശകത്തിന്റെ തട്ടിനു തൂക്കം വെയ്ക്കുന്നതിനനുസരിച്ചുമാത്രമേ ഇനി നമുക്ക് ദൈവദശകത്തിന്റെ ആന്തരികാര്ത്ഥങ്ങളെ വീണ്ടെടുക്കാന് കഴിയൂ. അതുകൊണ്ട് നാം സയന്സു ദശകത്തിലേക്ക് മടങ്ങിച്ചെല്ലുക.

കോടി സൂര്യനുദിച്ചാലും
ഒഴിയാത്തൊരു കൂരിരുൾ
തുരന്നു സത്യം കാണിക്കും
സയൻസിന്നു തൊഴുന്നു ഞാൻ.

വെളിച്ചം മിന്നൽ ചൂടൊച്ച
ഇവയ്ക്കുള്ളിൽ മറഞ്ഞിടും
അത്ഭുതങ്ങൾ വെളിക്കാക്കും
സയൻസിന്നു തൊഴുന്നു ഞാൻ.

ഇരുട്ടുകൊണ്ടു കച്ചോടം
നടത്തുന്ന പുരോഹിതർ
കെടുത്തീട്ടും കെടാതാളും
സയൻസിന്നു തൊഴുന്നു ഞാൻ.

കീഴടക്കി പ്രകൃതിയെ
മാനുഷന്നുപകർത്രിയായ്‌
കൊടുപ്പാൻ വൈഭവം പോന്ന
സയൻസിന്നു തൊഴുന്നു ഞാൻ.

കൃഷി കൈത്തൊഴിൽ കച്ചോടം
രാജ്യഭാരമതാദിയെ
പിഴയ്ക്കാതെ നയിക്കുന്ന
സയൻസിന്നു തൊഴുന്നു ഞാൻ.

ബുക്കുകൾക്കും പൂർവ്വികർക്കും
മർത്ത്യരെ ദാസരാക്കിടും
സമ്പ്രദായം തകർക്കുന്ന
സയൻസിന്നു തൊഴുന്നു ഞാൻ.

അപൗരുഷേയ വാദത്താൽ
അജ്ഞ വഞ്ചന ചെയ്തിടും
മതങ്ങളെ തുരത്തുന്ന
സയൻസിന്നു തൊഴുന്നു ഞാൻ.

സ്വബുദ്ധിവൈഭവത്തെത്താൻ
ഉണർത്തി നരജാതിയെ
സ്വാതന്ത്ര്യോൽകൃഷ്ടരാക്കുന്ന
സയൻസിന്നു തൊഴുന്നു ഞാൻ.

എത്ര തന്നെ അറിഞ്ഞാലും
അനന്തം അറിവാകയാൽ
എന്നുമാരായുവാൻ ചൊല്ലും
സയൻസിന്നു തൊഴുന്നു ഞാൻ.

സയൻസാൽ ദീപ്തമീ ലോകം
സയൻസാലഭിവൃദ്ധികൾ
സയൻസെന്യേ തമസ്സെല്ലാം
സയൻസിന്നു തൊഴുന്നു ഞാൻ.



Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം