#ദിനസരികള് 581
അടിമുടി ആചാരലംഘകനായിരുന്നു നാരായണഗുരു. തന്റെ പേരില് പോലും ആ ആചാരലംഘനത്തിന്റെ സാധ്യതകളെ അദ്ദേഹം സമര്ത്ഥമായി വിനിയോഗിച്ചിരുന്നു. ഭാരതീയ പാരമ്പര്യമനുസരിച്ച് ഒരാള് സന്യാസം സ്വീകരിക്കുന്നതിന് തന്റെ പൂര്വ്വനാമത്തേയും ജീവിതത്തേയും പരിപൂര്ണമായും കൈയ്യൊഴിഞ്ഞ് പുതിയവ സ്വീകരിക്കാറുണ്ട്. എന്നാല് നാരായണഗുരു അത്തരമൊരു പേരുമാറ്റം അനിവാര്യമാണെന്നു കരുതിയിരുന്നില്ല. അദ്ദേഹം താന് പൊതുവായി അറിയപ്പെടുന്ന പേരില്ത്തന്നെ തുടരാനാണ് തീരുമാനിച്ചത്.ഗുരുവിന്റെ ദുഖം എന്ന പുസ്തകത്തില് പാരമ്പര്യത്തെ വെല്ലുവിളിച്ചു കൊണ്ട്, നാരായണ ഗുരു പേരുമാറ്റം നടത്താത്തതിനെപ്പറ്റി സുകുമാര് അഴീക്കോട് ചൂണ്ടിക്കാണിക്കുന്നുണ്ട്. “അദ്ദേഹത്തിന് പൂര്വ്വാശ്രമപ്പേരില് നിന്നും വ്യത്യസ്ഥമായ സന്യാസപ്പേരില്ലായിരുന്നു.നമുക്കറിയാവുന്ന സന്യാസമര്യാദക്ക് വിപരീതമായി പൂര്വ്വാശ്രമത്തിലെ പേരുപേക്ഷിച്ച്, സന്യാസത്തിന് പറ്റിയ മറ്റൊരു പേര് കൈക്കൊള്ളണമെന്ന് പരപ്രേരണമൂലമോ ആത്മചോദനം മൂലമോ അദ്ദേഹത്തിന് തോന്നിയിരുന്നില്ല” എന്നാണ് പ്രസ്തുത പുസ്തകത്തില് അഴീക്കോട് പറയുന്നത്. ( ഗുരുവിന്റെ ദുഖം പേജ് 18 , ഇംപ്രിന്റ് ബുക്സ്, ഒന്നാം പതിപ്പ് ,1993 )
എവിടെയൊക്കെ ആചാരലംഘനത്തിന് സാധ്യതകളുണ്ടോ അവിടെയൊക്കെ രണ്ടാമതൊന്ന് ആലോചിക്കാതെ അദ്ദേഹം അതിനു മുതിര്ന്നിട്ടുണ്ട്. ഈഴവ ശിവനെ സ്ഥാപിച്ചപ്പോഴും കണ്ണാടി പ്രതിഷ്ഠിച്ചപ്പോഴുമൊക്കെ നിലനില്ക്കുന്ന ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും അദ്ദേഹം മാറ്റി നിറുത്തുകതന്നെയാണ് ചെയ്തിട്ടുള്ളത്. അതേ ഉദ്ദേശത്തോടുകൂടിത്തന്നെയായിരുന്നു എസ് എന് ഡി പിയുടെ രൂപീകരണത്തിന് ആവശ്യമായ ഒത്താശകള് ചെയ്യാന് അദ്ദേഹം തയ്യാറായത്.ഒരു ജനവിഭാഗത്തെ, അവര് അനുഭവിക്കുന്ന ജാതീയമായ കെടുതികളില് നിന്നുള്ള മോചിപ്പിച്ചുകൊണ്ട് മനുഷ്യര്‌ക്കിടയില് തുല്യതയുണ്ടാക്കിയെടുക്കുക എന്നതായിരുന്നു സംഘത്തിന്റെ അടിസ്ഥാനപരമായ ലക്ഷ്യങ്ങളില് പ്രധാനപ്പെട്ടത്.പിന്നീട് “ യോഗത്തിന്റെ നിശ്ചയങ്ങള് നാം അറിയാതെ പാസാക്കുന്നതുകൊണ്ടും യോഗത്തിന്റെ ആനുകൂല്യം ഒന്നും നമ്മെ സംബന്ധിക്കുന്ന കാര്യങ്ങളില് ഇല്ലാത്തതുകൊണ്ടും യോഗത്തിനു ജാത്യാഭിമാനം വര്ദ്ധിച്ചു വരുന്നതുകൊണ്ടും മുമ്പൊക്കെ മനസ്സില് നിന്നും വിട്ടിരുന്ന പോലെ ഇപ്പോള് വാക്കില് നിന്നും യോഗത്തെ വിട്ടിരിക്കുന്നു” വെന്ന് അദ്ദേഹത്തെക്കൊണ്ട് പറയിപ്പിക്കുന്ന വിധത്തില് യോഗം ‘വളര്ന്നു’
പറഞ്ഞു വരുന്നത് , ആചാര ലംഘകനായ ശ്രീനാരായണനെ വീടുകളില് ദൈവതുല്യമായി പൂജിക്കുന്ന ജനവിഭാഗം ഇനിയെങ്കിലും അദ്ദേഹം പറഞ്ഞതെന്തെന്നു മനസ്സിലാക്കി പ്രതികരിക്കണമെന്നു മാത്രമാണ്.
Comments