#ദിനസരികള് 580
പ്രണയമാണ്, പ്രണയം. അതിന്റെ മുന്നില് മറ്റെല്ലാം തൃണം. അതുകൊണ്ട്
“തുച്ഛനാമെന്നെ നീ സ്വീകരിച്ചാല്
അച്ഛനുമമ്മയ്ക്കുമെന്തു തോന്നും” എന്ന ചോദ്യം അസ്ഥാനത്താകുന്നു.
“കൊച്ചുമകളുടെ രാഗവായ്പില്
അച്ഛനുമമ്മയ്ക്കുമെന്തു തോന്നാന്” എന്നല്ലാതെ എന്തു പറയാന് ? അതാണ് പ്രണയത്തിന്റെ ചൂട്.തീവ്രത.സമസ്തലോകവും ഒരുവനിലേക്ക്/ഒരുവളിലേക്ക് ഒതുങ്ങിക്കൂടുന്ന പ്രചണ്ഡത.മറ്റൊന്നിനെക്കുറിച്ചുമാലോചിക്കാന് സമയമില്ല.
അത്ഭുതമാണാ വേഴ്ചമൂലമൊ
രപ്സരസ്സായിത്തീര്ന്നു നീ എന്ന് ലോകം വിലയിരുത്തും.
പൊട്ടുകില്ലിനി ഞങ്ങളിലുള്ളോ
രിപ്രണയത്തിന് ശൃംഖല എന്ന് ആവര്ത്തിച്ചാവര്ത്തിച്ച് ഉറപ്പിക്കും.രസങ്ങള്.എത്ര എടുത്താലും തീരാത്ത രസങ്ങള്.ആ രസങ്ങള്ക്കിടക്ക് തടസ്സമായി നില്ക്കുന്നവയെയൊക്കെ തട്ടിയെറിയണം.തകര്ത്തുകളയണം.അതുകൊണ്ട്
പാടില്ല പാടില്ല നമ്മെ നമ്മള്
പാടേ മറന്നൊന്നും ചെയ്തുകൂട എന്ന തടസ്സം പറച്ചില് അസ്ഥാനത്തും അനവസരത്തിലുമാകുന്നു.രസത്തിന്റെ കൊടുമുടിയിലെത്താനായിട്ട് കൈവിട്ട പ്രതീതി.കഷ്ടമാണത്. നിയമാവലികളാല് നിയന്ത്രിക്കപ്പെടേണ്ടതല്ല തള്ളിത്തള്ളിക്കയറി വരുന്ന പ്രണയസാഗരങ്ങളെ എന്ന ബോധം എന്തുകൊണ്ടാണുണ്ടാകാത്തത്?
നിന്നിലുപരിയായില്ലയൊന്നും
മന്നിലെനിക്കെന്റെ ജീവിതത്തില് എന്ന് ആണയിട്ടിട്ടു കാര്യമില്ല. ഒന്നാണെന്നു തെളിയിക്കാനും കൂടി കഴിയണം. അകറ്റി നിറുത്തുമ്പോള് അതെങ്ങനെ സാധ്യമാകും ? നിയമമാണ് ജീവിതങ്ങളെ നയിക്കേണ്ടതെങ്കില് അളവുകോലില് നടന്നു തീര്‌ക്കേണ്ട ഒന്നായി ജീവിതം മാറില്ലേ ?
ഭാവനാലോലനായേകനായ് നീ
പോവുക പോവുക ജീവനാഥാ .. ഏകനായിത്തന്നെ പോവുക. നിനക്കു വിധിച്ചിരിക്കുന്നത് അതാണ്.
പാടേ തിരശ്ശീല വീണു, ഹാ, മല്‌പ്രേമ
നാടകം തീര്ന്നു – ജയിച്ചു, ജയിച്ചു ഞാന്!
ജീവിതം , ജീവിതം, തേനിനെപ്പോലുള്ള
ജീവിതം, ഹാ ഹാ കിതയ്ക്കുന്നു മന്മനം – ഈ കിതപ്പു കണ്ടെത്താന് കഴിയാത്തവനാണ് ആ പരാജിതന്. അവനെ എങ്ങനെയാണ് ഞാനിനി ജീവിതകാലം മുഴുവന് കാത്തുവെയ്ക്കുക? എന്നു മാത്രമല്ല, മുന്തിരിച്ചാറു പുളിച്ചു പോകുന്നതിനു മുമ്പേ അതിന്റെ രസം നുണയണ്ടേ ? നീതിബോധത്തിന്റെ കോലുവെച്ച് അളന്നെടുക്കേണ്ടതാണോ ജീവിതത്തിന്റെ ആരാമങ്ങള് ? അതുകൊണ്ട് സഹോദരാ
എന്തു വന്നാലുമെനിക്കാസ്വദിക്കണം
മുന്തിരിച്ചാറുപോലുള്ളൊരിജ്ജീവിതം
നമ്മള്ക്കു രണ്ടു വഴിയായിവിടെവെ
ച്ചെന്നേക്കുമായിപ്പിരിയാം സുമംഗളം! എന്നെ പ്രണയിച്ചുകൊണ്ട് നീ ജീവിക്കുന്നതിനെക്കാള് എന്നെ പ്രണയിച്ചുകൊണ്ട് നീ മരിക്കുന്നതാണ് എനിക്കിഷ്ടം. നദിയിലേക്ക് ചാഞ്ഞു കിടക്കുന്ന , പുഷ്പങ്ങളാല് അലങ്കരിക്കപ്പെട്ട , കിളികള് വന്നിരുന്നു പാട്ടുകള് പാടുന്നു ആ മരക്കൊമ്പു നോക്കൂ... വസന്തം ഒരിടത്തായി കേന്ദ്രീകരിച്ചിരിക്കുന്നുവെന്നു തോന്നും.. ചെല്ലൂ..ആ കൊമ്പുകള് നിനക്കായി കാത്തിരിക്കുകയാണ്.
Comments