#ദിനസരികള്‍ 555


രഹനാ ഫാത്തിമയെ മടക്കിയയച്ചതും അവരുടെ പശ്ചാത്തലവും സാമൂഹിക സാഹചര്യങ്ങളും പരിശോധിച്ചതും വിശാലമായ ജനാധിപത്യ പരിപ്രേക്ഷ്യങ്ങളെ മുന്നിറുത്തിയാണ് കേരളം വകവെച്ചു കൊടുത്തത്. എന്നാല് ആ ദുശീലത്തെ ഒരു ശീലമാക്കിയെടുക്കാനാണ് കേരള പോലീസ് ആലോചിക്കുന്നതെങ്കില് അധികാരത്തിന്റെ പിന്ബലത്തിന് നടക്കുന്ന ഈ അക്രമത്തെ അവസാനിപ്പിക്കുക എന്ന പ്രഥമപരിഗണനയിലേക്ക് അതേ ജനാധിപത്യവിശ്വാസികള്ക്ക് മാറിച്ചിന്തിക്കേണ്ടിവരും. അതുണ്ടാക്കുന്ന പ്രത്യാഘാതം , കേരളത്തിന്റെ സമകാലിക പരിതോവസ്ഥകള്ക്ക് ഭൂഷണമായിരിക്കുകയില്ല എന്ന് പോലീസ് അധികാരികള്ക്ക് ബോധ്യപ്പെടേണ്ടതുണ്ട്. സ്വാമിദര്ശനത്തിന് എത്തുന്ന സ്ത്രീജനങ്ങളെ ഇത്തരത്തില് പോലീസ് പരിശോധിക്കുന്നതും ആര്ത്തവത്തിന്റെ പേരില് സവര്ണബ്രാഹ്മണപ്രഭൃതികളുടെ ശാസനമനുസരിച്ച് കിങ്കരന്മാര് പരിശോധിക്കുന്നതും തത്വത്തില് ഒന്നുതന്നെയാണ്. ഇതുമനസ്സിലാക്കിയാണ് പോലീസിന്റെ ഇത്തരം പരിശോധനകളെ പലരും തള്ളിപ്പറഞ്ഞത്.

ആദ്യഘട്ടത്തില് ശ്ലാഘനീയവും തന്ത്രപരവുമായ നിലപാടു സ്വീകരിക്കുക വഴി അഭിനന്ദനങ്ങള് ഏറ്റു വാങ്ങിയ കേരള പോലീസ് പിന്നീട് ചാതുര്യമില്ലാത്ത നീക്കങ്ങളിലൂടെ, നേടിയെടുത്ത പിന്തുണയെ ഇല്ലാതാക്കുകയാണ് എന്ന് ആരെങ്കിലും വിവക്ഷിച്ചാല് അതു തെറ്റാണെന്നു പറയാനാകാത്ത സ്ഥിതിയാണ് സംജാതമായിരിക്കുന്നത്. നട തുറന്ന ഒന്നാം ദിവസം , ബുദ്ധിപൂര്വ്വമായ നീക്കത്തിലൂടേയും സംയമനത്തിലൂടേയും സംഘപരിവാരത്തിന്റെ ഗാന്ധിമാതൃകയിലുള്ള സമരത്തിന്റെ യഥാര്ത്ഥമുഖമെന്തെന്ന് പോലീസിന് തുറന്നു കാണിക്കാന് കഴിഞ്ഞതാണ് ശബരിമലയെ ഒരു കലാപഭൂമിയാകാതെ തടഞ്ഞു നിറുത്തിയത്. ആ ഇച്ഛാശക്തിയും കര്മ്മശേഷിയും കൈമോശം വന്നുപോകരുത് എന്നു പറയേണ്ടി വന്നത് അതിനുശേഷം നടത്തിയ നീക്കങ്ങള് പിഴച്ചുപോകുന്നതു കാണേണ്ടിവന്നു എന്നതുകൊണ്ടാണ്.ദളിതു പ്രവര്ത്തകമായ മഞ്ജുവിന് പിന്മടങ്ങേണ്ടിവന്നത് ഒരു കാരണവശാലും ആവര്ത്തിക്കപ്പെടാന് അനുവദിക്കരുതാത്ത ഉദാഹരണമാണ്.

നിങ്ങളില് നിറഞ്ഞു നില്ക്കുന്ന ആത്മസംഘര്ഷം കേരളം തിരിച്ചറിയുന്നുണ്ടെങ്കിലും പോലീസ് പതറരുത്. പക്ഷേ നിങ്ങള് പിടിച്ചിരിക്കുന്നത് കേരളത്തിന്റെ കൈകളിലാണ്. ജാതിയും മതവും പറഞ്ഞ് വീര്യം ചോര്ത്തിക്കളയാനും വിഘടിപ്പിച്ചെടുക്കാനും ഒരുപറ്റം വിരുദ്ധ ശക്തികള് നിരന്തരമായി ശ്രമിക്കുന്നത് കാണാതിരുന്നകൂട.പക്ഷേ ശത്രുക്കളാല് വലയം ചെയ്യപ്പെട്ട ഒരു യോദ്ധാവിന്റെ ജാഗ്രതയാണ് നിങ്ങള് കാണിക്കേണ്ടത്.അതിക്രമിച്ചു കയറുക എന്നതിനെക്കാളുപരി കാലിടറി സ്വയം വീണുപോകാതെ പ്രതിരോധമാകുക എന്ന വലിയ ഉത്തരവദിത്തമാണ് ജനാധിപത്യ മതേതരകേരളം നിങ്ങളെ വിശ്വസിച്ച് ഏല്പ്പിച്ചിരിക്കുന്നത്. ആ വിശ്വാസത്തിന് ഒരു കോട്ടവും വരാതെ കാത്തുപോരേണ്ടവരാണ് തങ്ങളെന്ന ബോധ്യമാണ് ഓരോ ചുവടുവെയ്പ്പിലും നിങ്ങള് പ്രകടിപ്പിക്കേണ്ടത്.അതുകൊണ്ട് തിരുത്തേണ്ടത് തിരുത്തി ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളെ മുറുകെപ്പിടിച്ചുവേണം കര്മമേഖലയിലെ കുരുക്ഷേത്രത്തിലേക്ക് നിങ്ങള് കടന്നു ചെല്ലേണ്ടത്.നിങ്ങളോടൊപ്പമാണ് ഈ യുദ്ധത്തില് കേരളമെന്ന് ഉറച്ചു വിശ്വസിക്കുക.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം