#ദിനസരികള്‍ 553


            ലിംഗായത്തുകള്‍ക്ക് ന്യൂനപക്ഷ പദവി അനുവദിച്ചത് തെറ്റായിപ്പോയിയെന്ന കര്‍ണാടക ജലവിഭവ വകുപ്പു മന്ത്രി ഡി കെ ശിവകുമാറിന്റെ വിലാപത്തിന് സമകാലികമായി സവിശേഷമായ പ്രാധാന്യമുണ്ട്.കോണ്‍ഗ്രസുകാരനായ സിദ്ധരാമയ്യയുടെ കഴിഞ്ഞ മന്ത്രിസഭയുടെ കാലത്താണ് ലിംഗായത്തുകള്‍ക്ക് ന്യൂനപക്ഷ പദവി അനുവദിച്ചത്. നിയമസഭ ഇലക്ഷന്‍ പടിവാതില്‍ക്കലെത്തി നിന്ന സന്ദര്‍ഭത്തില്‍ ലിംഗായത്തുകളിലെ ബി ജെ പി സ്വാധീനം കുറച്ചെടുക്കുക എന്ന ഉന്നംവെച്ചുകൊണ്ടാണ് ആ ജനവിഭാഗം കുറേക്കാലമായി ഉയര്‍ത്തിക്കൊണ്ടുവന്ന ഈ ആവശ്യത്തെ അംഗീകരിച്ചത്.തികച്ചും രാഷ്ട്രീയമായ ഉദ്ദേശലക്ഷ്യങ്ങളോടെ മാത്രം നടത്തിയ ആ നീക്കം തെറ്റായിപ്പോയെന്നും താന്‍ കൂടി ഭാഗമായിരുന്ന മന്ത്രിസഭയുടെ ആ തീരുമാനത്തില്‍ ഖേദിക്കുന്നുവെന്നും അദ്ദേഹം പരസ്യമായി സമ്മതിച്ചു.രാഷ്ട്രീയനേതൃത്വവും സര്‍ക്കാറും മതവുമായി കൂട്ടുകൃഷി പാടില്ലെന്നും അത് സമൂഹത്തെ പിന്നോട്ടടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സിദ്ധരാമയ്യയുടെ തന്നെ നിലവിലെ മന്ത്രിസഭയില്‍ അംഗമായ , എ ഐ സി സി നേതൃത്വുവുമായി അടുത്ത ബന്ധംപുലര്‍ത്തുന്ന ഡി കെ ശിവകുമാറിന്റെ ഈ നിലപാട് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം സൂക്ഷ്മമായി പരിശോധിക്കേണ്ടതാണ്.        
            വോട്ടുബാങ്കിനെ മുന്‍നിറുത്തി ജനതയെ ജാതീയമായി പ്രീണിപ്പിക്കുകയും ഒരു ഹ്രസ്വകാലത്തിനുള്ളില്‍ത്തന്നെ ആ തീരുമാനം തെറ്റായിപ്പോയെന്ന് വിലയിരുത്തുകയും ചെയ്യപ്പെടുന്നതിന് നമ്മുടെ കണ്‍മുന്നില്‍ നടന്ന ഈ സംഭവം മതിയായ ഉദാഹരണമാണ്.നെഹ്രുവീയന്‍ സങ്കല്പങ്ങളുടെ പാതയില്‍ ഒരു മതേതര ജനാധിപത്യ ഇന്ത്യയെ നിര്‍മിച്ചെടുക്കാനുള്ള പ്രയത്നത്തില്‍ നിന്ന് കോണ്‍ഗ്രസു പിന്നോട്ടുപോകുകയും ജാതിയുടേയും മതത്തിന്റേയും വോട്ടുശക്തിയെ മുന്‍നിറുത്തി അത്തരം സംഘങ്ങളുടെ സമ്മര്‍ദ്ധ തന്ത്രങ്ങള്‍ക്കു വഴിപ്പെടുകയും ചെയ്തതോടെ സ്വന്തം നാശത്തിന് അവര്‍ തന്നെ വിത്തിടുകയാണ് ചെയ്തത്.മതസ്വാധീനങ്ങളുടെ കടന്നുകയറ്റങ്ങളെ പ്രതിരോധിക്കേണ്ടതിനു പകരം അവരുടെ കൂടെക്കൂടി മുദ്രാവാക്യങ്ങള്‍ ഏറ്റു വിളിച്ചപ്പോള്‍ അവരെക്കാള്‍ ശക്തമായും വ്യക്തമായും അതേ മുദ്രാവാക്യമുന്നയിച്ചവരുടെ കൂടെ അനുയായികള്‍ പോയി എന്ന് പറയാം.സ്വാഭാവികമായ പരിണതിയായിരുന്നു അത്.ഇനിയതു തിരിച്ചു പിടിക്കാനുള്ള വിയര്‍‌പ്പൊഴുക്കാന്‍ തക്ക ആര്‍ജ്ജവവും നീതിബോധവുമുള്ള നേതൃത്വത്തിന്റെ അഭാവം ആ കക്ഷിയുടെ മുന്നോട്ടുള്ള യാത്രയെ പ്രതികൂലമായി ബാധിക്കും.
            പറഞ്ഞുവന്നത് താല്ക്കാലികമായ ലാഭത്തിനു വേണ്ടി ജാതി - മത രാഷ്ട്രീയങ്ങളെ പ്രോത്സാഹിക്കരുത് എന്നു തന്നെയാണ്. അവ ഹ്രസ്വകാലലാഭങ്ങളുണ്ടാക്കുമെങ്കിലും ദീര്‍ഘകാലം കഴിയുമ്പോള്‍ ഉണ്ടാക്കിവെക്കുന്ന നഷ്ടങ്ങള്‍ക്കു കണക്കുണ്ടാകില്ല.ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച പോരാട്ടങ്ങളുടെ മുന്‍ നിരകളില്‍ അണിനിരന്നിരുന്ന ഒരു നേതൃത്വത്തിന്റെ ചരിത്രബോധവും ഉള്‍ക്കാഴ്ചയും ഇന്നുള്ള നേതാക്കന്മാരില്ലെന്നതു കൂടി പരിഗണിക്കുമ്പോള്‍ കോണ്‍ഗ്രസ് ഒരു പ്രതീക്ഷയാകുമോയെന്ന ചോദ്യം തന്നെ അസ്ഥാനത്താണ്.    

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം