#ദിനസരികള്‍ 552


            രണ്ടു കാര്യങ്ങളാണ് ശബരീശ സന്നിധിയിലും പരിസരപ്രദേശങ്ങളിലുമായി സംഘപരിവാരം അഴിച്ചുവിട്ട അക്രമങ്ങളില്‍ നിന്നും അനുബന്ധ സംഭവവികാസങ്ങളില്‍ നിന്നും നമുക്ക് മനസ്സിലാക്കാനുള്ളത്. ഒന്ന്, പോലീസ് തങ്ങളുടെ ബുദ്ധിയുപയോഗിച്ചു പ്രവര്‍ത്തിക്കുവാന്‍‌ തുടങ്ങിയിരിക്കുന്നു.രണ്ട് സ്വന്തം അണികളെത്തന്നെ തള്ളിപ്പറയുകയും ഇകഴ്ത്തിക്കാണിക്കുകയും ചെയ്തുകൊണ്ട് പ്രവര്‍ത്തകര്‍ക്കുതന്നെ തന്നെ വിശ്വസിക്കാന്‍ കൊള്ളാത്ത ഒരു അസംബന്ധമാണ് ബി ജെ പിയും സംഘപരിവാറുമെന്ന് വീണ്ടും  തെളിയിച്ചിരിക്കുന്നു.രണ്ടു നിര്‍ണയങ്ങളേയും ഒരല്പം വിശദമായിത്തന്നെ പരിശോധിക്കേണ്ടതുണ്ട്.
            സംഘപരിവാരം ആവര്‍ത്തിച്ചു പ്രചരിപ്പിച്ച ഒരു കാര്യം സുപ്രിംകോടതി വിധിക്കെതിരെ തങ്ങള്‍ ഗാന്ധിമാര്‍ഗത്തിലുള്ള സമരങ്ങളാണ് പിന്തുടരുക എന്നതായിരുന്നു.നാമജപങ്ങളും ഭജനപ്പാട്ടുകളും മറ്റുമായി അവര്‍ ചില മാതൃകകളെ സൃഷ്ടിച്ചു കാണിക്കുകയും ചെയ്തു.ഈ സന്ദര്‍ഭത്തില്‍ സമരത്തിന്റെ യഥാര്‍ത്ഥ സ്വഭാവം പുറത്തുകൊണ്ടുവരാതെ പോലീസു ഏതെങ്കിലും തരത്തിലുള്ള നീക്കങ്ങള്‍ നടത്തിയിരുന്നെങ്കില്‍ അതിന്റെ പേരില്‍ അക്രമങ്ങളഴിച്ചു വിട്ടുകൊണ്ടു സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ന്നു എന്നു വരുത്തിത്തീര്‍ക്കുവാന്‍ സംഘപരിവാരത്തിന് വളരെ എളുപ്പമായിരുന്നു. ആ നീക്കത്തെയാണ് കാത്തിരിക്കുക എന്ന തന്ത്രമുപയോഗിച്ച് പോലീസ് നിലംപരിശാക്കിയത്.സമരക്കാരുടെ യഥാര്‍ത്ഥ മുഖം പുറത്തു വരുന്നതുവരെ കാത്തിരുന്ന പോലീസ് , കെണിയില്‍ വീഴാതെ മനോഹരമായ നീക്കമാണ് നടത്തിയത്.വിശ്വാസികളുടെ പേരില്‍ സമരസ്ഥലങ്ങളിലേക്ക് ബി ജെ പിയും ആറെസ്സെസ്സുമെത്തിച്ച അക്രമികള്‍ സൃഷ്ടിച്ച അന്തരീക്ഷം അവര്‍ക്കുതന്നെ വിനയാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ദേശീയ പ്രാദേശിക മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച് അകറ്റിയതിനുശേഷം പോലീസിനെ നേരിട്ടെതിര്‍ത്തുകൊണ്ട് സമരത്തിന്റെ ഗതി നിശ്ചയിക്കാന്‍ ശ്രമിച്ച സംഘപരിവാരത്തിന്റെ മുഴുവന്‍ ഉദ്ദേശ ലക്ഷ്യങ്ങളേയും സംയമനം കൊണ്ടു നേരിടുകയും പോലീസ് നിഷ്ക്രീയരായിരിക്കുന്നുവെന്ന് ഒരു ഘട്ടത്തില്‍ നാടിനെക്കൊണ്ട് പറയിപ്പിക്കുകയും ചെയ്തതിനു ശേഷമല്ലായിരുന്നു പോലീസിന്റെ ഇടപെടലുകളുണ്ടായിരുന്നതെങ്കില്‍ സംഘപരിവാരം ഉദ്ദേശിച്ചതുപോലെ പോലീസ് പ്രതിക്കൂട്ടിലാകുകയും ബി ജെ പി കൊയ്തെടുക്കുകയും ചെയ്യുമായിരുന്നു.നമ്മുടെ പോലീസ് ദംഷ്ട്രകള്‍ പുറത്തുവരുന്നതുവരെ ഇന്നലെ സ്വീകരിച്ച നിലപാട് അഭിനന്ദനീയമാണ്.
            രണ്ടാമതായി, വിശ്വാസികളെന്ന രീതിയില്‍ കൂട്ടിക്കൊണ്ടു വന്ന അണികളെ തള്ളിപ്പറയുകയും കൂടെ നിന്ന സംഘടനകളെ ഒറ്റിക്കൊടുക്കുകയും ചെയ്തുകൊണ്ട് വിശ്വസിക്കാന്‍ കൊള്ളുന്ന ഒരു കൂട്ടായ്മയല്ല ബി ജെ പിയുടേതെന്ന് തെളിഞ്ഞുവെന്നുള്ളതാണ്. അക്രമങ്ങളുണ്ടാക്കിയത് വിവരവും വിദ്യാഭ്യാസവുമില്ലാത്ത മലയരയ സമുദായത്തില്‍‌പ്പെട്ടവരാണെന്ന് ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സംഘപരിവാരം നിലപാടെടുത്തത് അതിനു തെളിവാണ്.ഒരു ഘട്ടത്തില്‍ അയ്യപ്പന്റെ കാവല്‍ക്കാരായ മലയരയ സമുദായത്തെ മുന്നില്‍ നിറുത്തി സമരം നടത്തുമെന്നായിരുന്നു ബി ജെ പി അവകാശപ്പെട്ടത്.വിശ്വാസത്തിന്റെ പേരിലുള്ള മുതലെടുപ്പു മനസ്സിലാക്കാതെ അവരില്‍ കുറച്ചു പേരെങ്കിലും പരിവാരത്തിന്റെ കൂടെച്ചേരുകയും ചെയ്തു. എന്നാല്‍ കൂടെക്കൂടിയവരെപ്പോലും ഇളിഭ്യരാക്കിക്കൊണ്ട് തള്ളിപ്പറഞ്ഞ ബിജെപിയുടെ നിലപാടു മലയരയ സമുദായത്തെ വേദനിപ്പിക്കുകയും പ്രകോപിപ്പിക്കുയും ചെയ്തു.ബി ജെ പി വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് അവര്‍ മനസ്സിലാക്കി എന്നതാണ് കഥാശേഷം. താഴെത്തട്ടിലെ ദളിതു ജനതയോടുള്ള പരിവാരത്തിന്റെ സമീപനമെന്താണെന്നുകൂടി വ്യക്തമാകുകയും ചെയ്തു.
            എന്തായാലും അക്രമം നടത്തിയത് ഡി വൈ എഫ് ഐയാണെന്നൊക്കെ ആരോപിക്കുന്ന തലത്തിലേത്ത് ശോഭ സുരേന്ദ്രനെപ്പോലെയുള്ളവര്‍ക്ക് എത്തിച്ചേരേണ്ടിവന്നുവെന്നത് , പ്രതിരോധത്തിന്റേതായ ഒന്നും തന്നെ തങ്ങളുടെ കൈവശമില്ലെന്നതിന്റെ തെളിവാണ്.മുട്ടിനു മുട്ടിനു പിണറായി വിജയനെ തെറി വിളിക്കുകയെന്നല്ലാതെ മറ്റൊന്നും ചെയ്യാനില്ലാത്ത സംഘപരിവാരം കേരളത്തിന്റെ മണ്ണില്‍ ദയനീയമായ കാഴ്ചയാവുകയാണ്. അതാകട്ടെ , മതേതരവാദികളായ ജനാധപത്യവിശ്വാസകള്‍ക്ക് ആശ്വാസവുമാകുന്നു.പത്തൊമ്പതാം നൂറ്റാണ്ടിലെ മനസ്സും മസ്സിലുമായി സംഘപരിവാരത്തിന് ശബരിമലയിലെ വിശ്വാസത്തെ മുന്‍നിറുത്തി കേരളത്തെ ധ്രൂവീകരിച്ചുകൊണ്ടു കാവിക്കൊടി പാറിക്കാനാവില്ലെന്ന് ആദ്യദിവസംകൊണ്ടുതന്നെ തെളിഞ്ഞിരിക്കുന്നു.


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം