#ദിനസരികള്‍ 550


മൃഗക്ഷേമരാഷ്ട്രത്തിന്റെ പ്രജാപതിയ്ക് , അങ്ങയുടെ സഹോദരങ്ങളായ പശുമഹിഷവൃഷഭാദികളുടെ അഖിലേന്ത്യാസഭ ബോധിപ്പിക്കുന്നത് ,

പുണ്യശ്രീ മഹാത്മന്‍ ,

നമ്മുടെ സഭ തീരുമാനിച്ച പ്രകാരം തന്നെയാണ് താങ്കള്‍ മുന്നോട്ടുപോകുന്നത് എന്നതില്‍ സഭ ആദ്യമായി അങ്ങയെ അഭിനന്ദിക്കുകയും അതിരറ്റ ആനന്ദം അങ്ങയെ അറിയിക്കുകയും ചെയ്യട്ടെ! നമ്മുടെ സഭ ഉണ്ടായ കാലം മുതല്‍ ഭാരതം നിരവധി ശ്രേഷ്ഠരായ പശുസന്തതികളെ കണ്ടിട്ടുണ്ടെങ്കിലും ശ്രേഷ്ഠശ്രീ താങ്കള്‍തന്നെയാണെന്നാണ് ക്ലിന്നാക്ഷികളായ ഗോമാതാക്കളുടെ അഭിപ്രായം.അങ്ങയുടെ പ്രജാപതിവാഴ്ചകൊണ്ട് ഇത്രയും ചുരുങ്ങിയ കാലത്തിനുള്ളില്‍ പശുക്ഷേമത്തെ മറ്റെന്തിനെക്കാളുമുപരിയായികണ്ടു നടത്തി വന്ന പ്രവര്‍ത്തനങ്ങള്‍ ഇനി മറ്റാരു വന്നാലും ഒരു നൂറ്റാണ്ടുകൊണ്ടുപോലും നടപ്പില്‍ വരുത്താന്‍ കഴിയാത്തതാണെന്ന് അങ്ങയുടെ വിനീതാരാധകന്മാരായ പശുവംശത്തിന് ഈ ചുരുങ്ങിയ കാലയളവില്‍ത്തന്നെ മനസ്സിലായിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ മഹാസഭയുടെ സന്തോഷവും അഭിനന്ദനവും  ആനന്ദാശ്രുക്കളോടെ അങ്ങയെ അറിയിച്ചുകൊള്ളുവാന്‍ അധ്യക്ഷനെന്ന നിലയ്ക്ക് അത്യാഹ്ലാദമുണ്ട്.

            പ്രിയാത്മന്‍, അങ്ങയുടെ ക്ഷേമരാഷ്ട്ര സങ്കല്പത്തില്‍ പ്രഥമ സ്ഥാനം അലങ്കരിക്കുന്നതു ഞങ്ങളാണെന്നതില്‍ ഈ മഹാസഭയിലെ ഓരോരുത്തര്‍ക്കും അഭിമാനമുണ്ട്. ഞങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനു വേണ്ടി പശുഘാതികളായവരെ തല്ലിയും വെട്ടിയും കൊന്നുതള്ളിയ കഥ രോമാഞ്ചത്തോടെ കുഞ്ഞുങ്ങള്‍ക്ക് ഞങ്ങള്‍ പറഞ്ഞുകൊടുക്കാറുണ്ട്. എത്രയാളുകള്‍ കൊല്ലപ്പെട്ടാലും പശുപരിപാലനമെന്ന സ്വകര്‍ത്തവ്യത്തില്‍ നിന്ന് പിന്മാറാത്ത അങ്ങയുടേയും അങ്ങയുടെ ബന്ധുജനങ്ങളുടേയും സ്ഥിതപ്രജ്ഞയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള പാട്ടുകള്‍ പാടിക്കൊടുത്താണ് ഞങ്ങള്‍ മക്കളെ ഊട്ടിയുറക്കാറുള്ളതെന്ന കാര്യം കൂടി ഇവിടെ അനുസ്മരിക്കട്ടെ

            സ്നേഹാത്മന്‍ , ഞങ്ങളെ കേന്ദ്രീകരിച്ച് അങ്ങയുടെ രാജ്യത്തിലെ ആഭ്യന്തരവിപണയില്‍ ആയൂരാരോഗ്യ സംവര്‍ദ്ധകങ്ങളായ എത്രയോ ഉത്പന്നങ്ങള്‍ നിര്‍മിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നുവെന്നത് ഞങ്ങളുടെ ആത്മാഭിമാനം വര്‍ദ്ധിപ്പിക്കുന്നുണ്ട്. ദേവാംശരായ ഞങ്ങളിലൂടെ പുറത്തേക്ക് വരുന്ന ഓരോ ശ്രേഷ്ഠ പദാര്‍ത്ഥങ്ങളും വിറ്റഴിച്ചുകൊണ്ട് അങ്ങയുടെ പാദസേവകര്‍ക്ക് കോടിക്കണക്കിനു രൂപയാണ് ഞങ്ങള്‍ അനുഗ്രഹിച്ചു നല്കുന്നത്. വിദേശങ്ങളിലെ കാടന്മാര്‍ നടത്തിപ്പോരുന്ന പരിശോധനകള്‍ക്കു നിന്നുകൊടുക്കേണ്ടതില്ലെന്ന തീരുമാനം സഭ എടുത്തിരിക്കുന്നതിനാല്‍ വിദേശ നാണ്യം നേടിത്തരുന്ന കാര്യത്തില്‍ ഞങ്ങളൊരല്പം പിന്നോക്കാമാണെന്നു ഈ സഭ ചര്‍ച്ച ചെയ്തിട്ടുണ്ട്. അങ്ങയുടെ സഹോദരങ്ങളില്‍ ചിലര്‍ വലിയ തോതില്‍ ഞങ്ങളെ മാംസമാക്കി കയറ്റിയയച്ചു വിദേശനാണ്യങ്ങള്‍ ധാരാളം നേടുന്നുണ്ടെന്ന് ആരോപിച്ച തല തെറിച്ച ഒരു കാളച്ചെറുക്കനെ ചവിട്ടിക്കൊന്നതിന്റെ ചിത്രത്തെളിവുകള്‍ ഇതോടൊപ്പം ചേര്‍ത്തിട്ടുള്ളത്ത് അങ്ങ് ശ്രദ്ധിക്കുമല്ലോ !

            പുണ്യാത്മന്‍ , പശുവിരോധികളായ ചിലര്‍ ഞങ്ങള്‍‌ക്കെതിരെ ഇപ്പോഴും കുത്സിതബുദ്ധി പ്രയോഗിച്ചു കൊണ്ടിരിക്കുന്നുവന്നെ കാര്യം അങ്ങയുടെ ശ്രദ്ധയില്‍ പെടുത്തുക എന്ന ഉദ്ദേശമാണ് ഇപ്പോള്‍ ഇങ്ങനെയൊരു കത്തെഴുതാനുള്ള  കാരണമായിട്ടുള്ളത്. നമ്മുടെ നിരത്തുകളിലും മറ്റു പൊതുസ്ഥലങ്ങളിലും ഞങ്ങള്‍ സ്വച്ഛന്ദം വിഹരിക്കുന്നത് ഇഷ്ടപ്പെടാത്തവരാണ് അക്കൂട്ടര്‍. അവര്‍ ഞങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യുന്നതിനു വേണ്ടി വാര്‍ത്തകള്‍ പടച്ചുണ്ടാക്കുന്നു. കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ടു പശുവംശം കാരണം ഏകദേശം മൂന്നൂറോളം ആളുകള്‍ കൊല്ലപ്പെട്ടിരിക്കുന്നുവെന്നും ധാരാളമാളുകള്‍ക്ക് മുറിവേറ്റിരിക്കുന്നുവെന്നുമൊക്കെ എന്തോ അത്ഭുതം പോലെ അവര്‍ എഴുതിവിടുന്നു.പണ്ടത്തെപ്പോലെ കൊന്നൊടുക്കാനും വിറ്റൊഴിക്കാനും പറ്റാത്തതുകൊണ്ട് കര്‍ഷകര്‍ ഞങ്ങളെ അഴിച്ചു വിടുകയും ഞങ്ങള്‍ മനുഷ്യരോടൊപ്പം സ്വതന്ത്രരായി ജീവിക്കുകയും ചെയ്യുന്നതിലെ അസൂയയാണ് ഇത്തരം വാര്‍ത്തകളുടെ മൂലമായിരിക്കുന്നത്.ഞങ്ങള്‍ ഇടിച്ചു മറിക്കുന്നതും കുത്തിയെടുത്തെറിയുന്നതുമൊക്കെയായി ധാരാളം വീഡിയോകള്‍ കൃത്രിമമായുണ്ടാക്കി പ്രചരിപ്പിക്കപ്പെടുന്നു.സ്വസ്ഥമായും ധ്യാനസ്ഥരായും നടന്നുപോകുന്ന ഞങ്ങളെ വാഹനങ്ങള്‍ കൊണ്ടിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച് ഞങ്ങളില്‍ എത്ര പേര്‍ക്കു പരിക്കു പറ്റിയിട്ടുണ്ടെന്ന കാര്യം രഹസ്യപ്പോലീസിനെ ഉപയോഗിച്ച് പരിശോധിച്ചാല്‍ അങ്ങുതന്നെ ഞെട്ടിപ്പോകുമെന്നതാണ് വസ്തുത. അതുകൊണ്ട് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെടുന്നതിനെതിരെ അങ്ങയുടെ ശ്രദ്ധ പതിയണമെന്നും ഇത്തരം വാര്‍ത്ത പ്രചരിപ്പിക്കുന്നവരെ ശിക്ഷിക്കാനുള്ള അവകാശം ഞങ്ങള്‍ക്ക് അനുവദിച്ചുതരണമെന്നും സഭ ഒറ്റക്കെട്ടായി പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.

പ്രിയ ബന്ധോ,  അങ്ങയെപ്പോലെ തന്നെ ഞങ്ങളും സമാധാനപ്രിയരാണെന്ന് അങ്ങേക്കറിയാമല്ലോ.ഞങ്ങള്‍‌ക്കെതിരെ നടക്കുന്ന ഇത്തരം കുപ്രചാരണങ്ങള്‍‌ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിച്ചുകൊണ്ട് ഈ മൃഗക്ഷേമരാഷ്ട്രത്തിന്റെ അന്തസ്സ് ലോകത്തിന്റെ മുന്നില്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന് അപേക്ഷിച്ചുകൊള്ളുന്നു.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1