#ദിനസരികള് 542


ശൂദ്രന് വിദ്യ അഭ്യസിക്കുകയോ? അതില്പരം മ്ലേച്ഛമായ കാര്യം വേറെയുണ്ടോ ? നാടു നശിക്കുകയാണ്. അതുകൊണ്ട് 1905 ല് വെങ്ങാനൂരില് അയ്യങ്കാളി സ്ഥാപിച്ച കുടിപ്പള്ളിക്കുടം സവര്ണര് കത്തിച്ചു കളഞ്ഞു. തങ്ങള് വിദ്യ അഭ്യസിക്കുന്നതു പാപമാണെന്നും ദൈവവിരോധമുണ്ടാകുമെന്നും വിശ്വസിച്ച ശൂദ്രരില് പെട്ടവര്ക്ക് ആശ്വാസമായെങ്കിലും അയ്യങ്കാളി പിന്തിരിഞ്ഞില്ല. അയാള് വീണ്ടും സ്കൂളുകെട്ടിപ്പൊക്കി ശൂദ്രരെ വിളിച്ചിരുത്തി അക്ഷരം പഠിപ്പിച്ചു.ആ സ്കൂള് ഇന്ന് അയ്യങ്കാളി സ്മാരക പുതുവിളാകം സ്കൂള് എന്നറിയപ്പെടുന്നു.ശൂദ്രരെ ദൈവം ശപിച്ചു പാപികളാക്കിയെന്ന് ഇന്നാരും പറയില്ല.

വൈക്കം സത്യാഗ്രഹം. ക്ഷേത്രങ്ങളുടെ പരിസരത്തുകൂടി പോകുന്നതുപോലും പാപമാണെന്ന് വിശ്വസിച്ചു പോന്ന അധകൃതരെ ക്ഷേത്രത്തിനകത്തേക്കു വരെ കടത്തി വിട്ട ഈ സമരത്തിന്റെ പേരില് ദൈവകോപമുണ്ടായതായി ചരിത്രത്തില്‌ രേഖപ്പെടുത്തപ്പെട്ടിട്ടില്ല.സവര്ണര് നടക്കുന്ന വഴിയെ നടക്കുന്നതുപോലും പാപമാണെന്നു കരുതി സമരത്തില് നിന്നും വലിയൊരു പങ്കും വിട്ടുനിന്നു. താഴ്ന്ന ജാതിക്കാരുടെ പിന്തലമുറ ഇന്ന് ആ വഴിയേ അന്തസ്സോടെ നടക്കുന്നു.വൈക്കത്തപ്പന് അവരെ ശിക്ഷിച്ചതായി അറിവില്ല.

മാറു മറയ്ക്കാതിരിക്കുകയെന്നത് ആചാരത്തിന്റെ ഭാഗമായിരുന്നു.ഒരു കഷണം തുണി അരയ്ക്കു ചുറ്റും ഉടുക്കുന്നതിനപ്പുറം മറ്റൊന്നും തന്നെ സ്ത്രീകള് ധരിച്ചിരുന്നില്ല. മറയ്ക്കുന്നതുു ധിക്കാരമാണെന്നും ആചാരാനുഷ്ഠാനങ്ങള്ക്കും വ്യവസ്ഥിതിക്കുമെതിരെയുള്ള വെല്ലുവിളിയാണെന്നും കരുതിപ്പോന്നിരുന്നു. ക്ഷേത്രത്തില് കടക്കണമെങ്കില് സ്ത്രീകളടക്കമുള്ളവര് മേല്വസ്ത്രം ധരിക്കരുതെന്നത് വിശ്വാസമായിരുന്നു. വലിയ തോതിലുള്ള പ്രതിഷേധങ്ങളും സമരപരിപാടികളും വേണ്ടി വന്നു ഈ ആചാരങ്ങളേയും വിശ്വാസങ്ങളേയും ഒന്നു മാറ്റിയെടുക്കുവാന്.അന്നും വിശ്വാസത്തെ ഉയര്ത്തിപ്പിടിച്ച് മാറുമറയ്ക്കരുതെന്ന് ആവശ്യപ്പെട്ടവരായിരുന്നു കൂടുതല്. ഇന്ന് ആചാരങ്ങളെ തിരിച്ചു പിടിക്കണമെന്നു വാദിക്കുന്നവര് മേല്ക്കുപ്പായം ഉപേക്ഷിക്കുമോ?

പ്രഥമരാത്രിയിലെ അവകാശത്തിന്റെ കഥ അതിലേറെ ദയനീയമാണ്. കുടികിടപ്പുകാരന്റെ മകന് കല്യാണം കഴിച്ചുവന്നാല് ആദ്യം ‘അനുഭവിക്കേണ്ടത്’ ജന്മിയാണെന്നുള്ള ഒരു വിശ്വാസമുണ്ടായിരുന്നു.നമ്പൂതിരിമാരുടെ ഇടയിലും ഇത്തരമൊരു പരിപാടി നിലനിന്നു പോന്നിരുന്നു.കുറിയേടത്തു താത്രി ഉണ്ടാകാനുള്ള കാരണവും ഈ ആചാരമായിരുന്നുവെന്ന് പലരും പറയുന്നു. വിശ്വാസവും ആചാരവുമൊക്കെത്തന്നെയായിരിന്നു സംഗതിക്കും കാരണമായി പറഞ്ഞിരുന്നത്.

ചുണയുള്ള നായര് മണിയടിക്കും എച്ചില് പെറുക്കി നായര് പുറത്തിടിക്കും എന്നു പി കൃഷ്ണപിള്ളയെക്കൊണ്ടു പറയിപ്പിച്ച മണിയടിക്കല് സംഭവംനോക്കുക. ഗുരുവായൂര് ക്ഷേത്രത്തില് നായന്മാര്ക്ക് മണിയടിച്ച് തൊഴാന് പാടില്ല എന്നൊരു വിശ്വാസമുണ്ടായിരുന്നു.അതു മാറ്റിയത് കൃഷ്ണപിള്ളയാണ്.വിശ്വാസത്തിന്റെ പേരി ല് അന്നും മണിയടിയെ ന്യായീകരിച്ചവരുടെ സംഘത്തിനായിരുന്നു ഭൂരിപക്ഷം.

വിധവ പുനര്വിവാഹം കഴിച്ചാല് കുലം മുടിയുമെന്നും നാടിന് ആപത്തു വരുമെന്നും ഉറച്ച വിശ്വസിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. ദൈവകോപവും വസൂരിപ്പെയ്ത്തുമൊക്കെയുണ്ടാകുമത്രേ ! സമൂഹത്തെ പ്രതികൂലമായി ബാധിക്കുമെന്നതുകൊണ്ടു വിധവകളെ കല്യാണം കഴിപ്പിക്കരുതെന്ന് അന്നു വാദിച്ചതും ഇതേ വിശ്വാസികള് തന്നെയായിരുന്നു.

ശിവനെ പ്രതിഷ്ഠിക്കാന് ശ്രമിച്ച സാക്ഷാല് ശ്രീനാരായണനെ ആക്രമിക്കാന് ചെന്ന സവര്ണ സംഘം ഉയര്ത്തിപ്പിടിച്ചതും വിശ്വാസവും ആചാരവുമില്ലാതാകുന്നു എന്ന മുദ്രാവാക്യം തന്നെയായിരുന്നു. ഗുരു ചെയ്തത് ശരിയല്ലെന്നു വിശ്വസിച്ച ഈഴവര് പോലുമുണ്ടായിരുന്നു.

അധികാരവും ജാതിശ്രേണിയും വിശ്വാസത്തെ പിന്പറ്റി പ്രവര്ത്തിക്കുന്നതെങ്ങനെയെന്ന് മനസ്സിലാകണമെങ്കില് ചരിത്രം പഠിക്കുകതന്നെ വേണം.മുലക്കരം കൊടുക്കുന്നതും വിശ്വാസത്തിന്റെ സംരക്ഷണമാണെന്നു കരുതിയിരുന്നവരുടെ പിന്ഗാമികളാണ് നാം എന്ന കാര്യം മറക്കാതിരിക്കുക.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1