#ദിനസരികള്‍ 540


            “ഇന്നത്തെ മലയാളകവിതയെപ്പറ്റിപ്പറയുമ്പോള്‍ മറക്കരുതാത്തൊരു പേരാണ് ഇടശ്ശേരി ഗോവിന്ദന്‍ നായരുടേത്.അദ്ദേഹത്തിന്റെ കൃതികളര്‍ഹിക്കുന്ന പ്രചാരം അവയ്ക്ക് കിട്ടിയിട്ടുണ്ടോയെന്ന് സംശയമാകുന്നു.ഇതിനു കാരണമുണ്ട്.കൊഴുത്തുരുണ്ട നിരുപദ്രവങ്ങളും തലകുലുക്കിക്കുന്ന വൃത്ത സംഗീതവും ഹിസ്റ്റീരിയോയടടുത്തുനില്ക്കുന്ന അതിഭാവുകത്വവുമാകണം കവിതയുടെ പൊതുസ്വഭാവമെന്ന സാമാന്യധാരണക്കു അതീതനാണ് ഇടശ്ശേരി.പദങ്ങള്‍ കൊഴുപ്പിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നില്ല. താനുദ്ദേശിച്ച അര്‍ത്ഥം തന്നെ കബളിപ്പിക്കാന്‍ ചുറ്റും തറപ്പിച്ചു നിറുത്തുന്ന കുറ്റികള്‍ മാത്രമാണദ്ദേഹത്തിന് പദങ്ങള്‍ ഇടശ്ശേരിയെ വായിക്കുന്ന ഒരാള്‍ക്ക് എന്‍ വി കൃഷ്ണവാരിയരുടെ ഈ അഭിപ്രായം സ്വീകാര്യമായിത്തോന്നും.ഓരോ വാക്കുകളേയും ചെത്തിക്കൂര്‍പ്പിച്ച് മുനകളാക്കി മാറ്റിയാണ് കവിതയുടെ വേലിക്കെട്ടിനകത്തേക്ക് അദ്ദേഹം എടുത്തുവെക്കുന്നത്.അടിച്ചു പരത്തുക എന്നല്ല അടിച്ചു പഴുപ്പിക്കുക എന്നതാണ് ഇടശ്ശേരിയുടെ ഇഷ്ടകര്‍മ്മം.ആ പഴുപ്പിക്കലില്‍ കൊഴുപ്പുകള്‍ ഒഴുകിപ്പോകുന്നു.അപ്പോഴാണ് കലര്‍പ്പില്ലാത്ത, അധികാരം - അധികാരം കൊയ്യണമാദ്യം നാം  അതിനുമേലാകട്ടെ പൊന്നാര്യന്‍ - കൊയ്യാനുള്ള  ആയുധങ്ങളെ നിര്‍മിക്കുവാന്‍ കഴിയൂവെന്ന ബോധ്യത്തിലാണ് ഇടശേരിയുടെ നില്പ്.
            ഈ മൂര്‍ച്ചയോടൊപ്പം ഒരു ചിരിയേയും ഇടശേരി കാത്തുവെക്കുന്നുണ്ട്. ആ ചിരി ഇടശേരിക്കവിതയുടെ സമാന്തരഭാവങ്ങളിലൊന്നാണ്.തത്വശാസ്ത്രങ്ങള്‍ ഉറങ്ങുമ്പോള്‍ എന്ന കവിതയില്‍ എല്ലാ മറകളേയും മാറ്റി നിറുത്തിക്കൊണ്ട് ഇടശേരിയുടെ ചിരി അസാമാന്യമായ മുഴക്കത്തോടെ ചുറ്റുപാടുകളെ തട്ടിയുണര്‍ത്തുന്നു.
            താലികെട്ടിയോരമ്മ ഭദ്രദീപവും കണ്ടു
            കേറിവന്നൊരു മണല്‍ പാകിയ മുറ്റത്തൂടെ
            ഇരുളിലിറങ്ങിപ്പോം ബാലികയ്ക്കപ്പോള്‍ കണ്‍കള്‍
            നിറഞ്ഞു പദേ പദേ കാല്‍ വെച്ചു കുത്തി കല്ലില്‍ - എന്ന് ദാരുണമായി സമാപിക്കുന്ന അക്കവിതയിലെ ചിരി വിരിഞ്ഞു വരുന്നത് മനുഷ്യനെ മറക്കുന്ന തത്വശാസ്ത്രങ്ങളുടെ നിരര്‍ത്ഥകതയെ പ്രതിയാണ്.
            കുറ്റിപ്പുറം പാലത്തിലും ഇത്തരമൊരു ചിരിയുണ്ട്.ഇരുപത്തിമൂന്നു ലക്ഷത്തോളം രൂപ ചിലവാക്കി നിര്‍മ്മിച്ച പാലത്തിലൂടെ പേരാര്‍ നാട്ടനൂഴുന്ന കാഴ്ച കാണുക.
            ചിരി വരുന്നുണ്ടതു ചിന്തിയ്ക്കുമ്പോ
            ളിനി നീയ്യീപ്പാലത്തില്‍ നാട്ടനൂഴും എന്ന ചിരി ചിരിയേയല്ല.നഗരവത്കരണത്തിന്റെ കരാളതകള്‍ ഗ്രാമീണചൈതന്യങ്ങളെ തീണ്ടിയൊടുക്കുന്ന ഒരു കാലികതയെക്കുറിച്ചുള്ള വേദനയാര്‍ന്ന ചിരിയാണ് അത്
നോക്കുക
            കളിയും ചിരിയും കരച്ചിലുമായ്
            കഴിയും നരനൊരു യന്ത്രമായാല്‍
            അംബപേരാറേ നീ മാറിപ്പോമോ
            ആകുലയാമൊരഴുക്കു ചാലായ് ? എന്ന ചോദ്യത്തിനൊപ്പം പേരാറിനെ നാട്ടനൂഴിക്കാനുള്ള ശ്രമത്തേയും കൂടി കൂട്ടിവെച്ചു വായിക്കുക
            അറിയാത്തോര്‍ തമ്മിലടിപിടികള്‍
            അറിയാത്തോര്‍ തമ്മില്‍പ്പിടിച്ചു പൂട്ടല്‍
            അറിയാത്തോര്‍ തമ്മിലയല്‍പക്കക്കാര്‍
            അറിയുന്നോരെല്ലാരുമന്യനാട്ടാര്‍ ! ഇടശേരിയിലെ കറുത്ത ഫലിതങ്ങള്‍ തുടരുന്നു.


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1