#ദിനസരികള്‍ 539
സ്ത്രീകളുടെ ക്ഷേത്രപ്രവേശനത്തിന് എതിരായി കേരളം സുപ്രീംകോടതിയെ
സമീപിക്കുകയില്ല എന്ന അസന്നിഗ്ദമായ തീരുമാനം നാം എടുത്തിരിക്കുന്നു. ഏകദേശം രണ്ടു
നൂറ്റാണ്ടുകാലത്തോളം നിരന്തരം സമരം ചെയ്തുകൊണ്ടു നാം രൂപപ്പെടുത്തിയെടുത്ത
മൂല്യബോധത്തിന്റെ അടിസ്ഥാനത്തില്‍ അത്തരത്തിലൊരു തീരുമാനമെടുക്കാനേ കഴിയൂ എന്നതൊരു
വസ്തുതയായിരുന്നു.എന്നാല്‍ മനുഷ്യത്വപരവും പുരോഗമനാത്മകവുമായ ഈ തീരുമാനത്തിനെതിരെ
ജാതിസംഘടനകള്‍ ഇളകിത്തുടങ്ങിയിരിക്കുന്നു.കേവലം വിശ്വാസങ്ങളേയും ആചാരങ്ങളെയും
സംരക്ഷിക്കാനല്ല രാഷ്ട്രീയമായ മുതലെടുപ്പുനടത്തുന്നതിനാണ് ഈ അമിതമായ വ്യഗ്രത എന്ന കാര്യം പൊതു സമൂഹം
തിരിച്ചറിയണം.
മാനവികതക്ക്
ഊന്നല്‍ നല്കിക്കൊണ്ട് സമൂഹത്തില്‍ ഏതൊരു വിധത്തിലുള്ള പരിഷ്കാരങ്ങള്‍ എപ്പോഴൊക്കെ
നടപ്പാക്കാന്‍ ശ്രമിച്ചിട്ടുണ്ടോ അപ്പോഴൊക്കെ ഓരോരോ ന്യായങ്ങള്‍ നിരത്തി അതു
തടയുവാനും ഒരു ന്യൂനപക്ഷം ശ്രമിച്ചിട്ടുണ്ട്.സതി നിയമം മൂലം നിരോധിച്ചപ്പോഴും ഈ
അടുത്ത കാലത്ത് മൃഗബലിയടക്കമുള്ള അനാചാരങ്ങള്‍ നിരോധിക്കപ്പെട്ടപ്പോഴും നാം ഈ
എതിര്‍പ്പിനെ കണ്ടതാണ്. ശിവനെ പ്രതിഷ്ഠിക്കാന്‍ ശ്രമിച്ച സാക്ഷാല്‍
ശ്രീനാരായണനെപ്പോലും എതിര്‍ക്കാനും ചോദ്യം ചെയ്യാനും ഈക്കൂട്ടര്‍ പ്രയത്നിച്ചിട്ടുണ്ട്.മാറുമറയ്കാനും
സ്കൂളില്‍ പോകാനും ക്ഷേത്രത്തില്‍ പ്രവേശിക്കാനും വഴി നടക്കാനും കുളത്തില്‍
കുളിക്കാനും പണിയെടുത്തതിന് കൂലി കിട്ടാനും മുലക്കരം ഒഴിവാക്കാനുമൊക്കെ നടന്ന
സമരങ്ങളേയും ദൈവത്തിന്റേയും വിശ്വാസത്തിന്റേയും പേരില്‍ എതിര്‍ക്കപ്പെട്ടിരിക്കുന്നുവെന്നത്
ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.വഴി നടക്കാനുള്ള അവകാശം
അനുവദിക്കണമെന്ന് ആവശ്യപ്പെട്ട ഗാന്ധിയെപ്പോലും വിശ്വാസത്തിന്റെ പേരില്‍ എതിര്‍ത്തു
നിന്നവരുണ്ടായിരുന്നു.ഇണ്ടന്‍തുരുത്തി നമ്പ്യാതിരിയുടെ ഇല്ലത്തുവെച്ച്
ഗാന്ധിയുമായി നടത്തിയ സംഭാഷണത്തില്‍ വഴി നടക്കാനുള്ള ദളിതുകളൂടെ അവകാശത്തെ
വിശ്വാസത്തെ കൂട്ടുപിടിച്ചുകൊണ്ട് എതിര്‍ക്കുന്നതു കാണാം.
ഇന്നാകട്ടെ
രാഷ്ട്രീയമായ വലിയൊരു മൂന്നേറ്റം ലക്ഷ്യം വെച്ചുകൊണ്ടു സംഘപരിവാര്‍ ചേരി എതിര്‍പ്പിന്റെ
മുനകളെ സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്നു. ആദ്യം ക്ഷേത്രപ്രവേശനത്തിന് അനുകൂലമായി
നിലാപാടെടുത്ത ആറെസ്സെസ്സും ബിജെപിയിലെ ചില വിഭാഗവുമൊക്കെ ഇപ്പോള്‍ ഒറ്റക്കെട്ടായി
സുപ്രീംകോടതിയുടെ വിധിയുടെ ഉത്തരവാദിത്തം കേരളത്തിലെ ഇടതു സര്‍ക്കാറിന്റെ
തോളിലേക്ക് വെച്ചുകൊടുക്കാന്‍ കൊണ്ടുപിടിച്ച് ശ്രമിക്കുകയാണ്.അടുത്ത ലോകസഭാ
ഇലക്ഷനാകുമ്പോഴേക്കും ഈ വിഷയം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടാനുള്ള ഒരായുധമാക്കി
മാറ്റുക എന്നതാണ് അവരുടെ അജണ്ട.
ഇടതുപക്ഷം
മാത്രമല്ല സ്വതന്ത്രമായി ചിന്തിക്കുന്ന ഏതൊരാളും സംഘപരിവാറിന്റെ ലക്ഷ്യങ്ങളെ
തിരിച്ചറിയേണ്ടതുണ്ട്.ഒരു സ്വതന്ത്രസമൂഹത്തെ മതാത്മക സമൂഹമായി പരിവര്‍ത്തിപ്പിച്ചെടുത്തുകൊണ്ട്
രാഷ്ട്രീയ ലക്ഷ്യത്തെ നടപ്പിലാക്കാനാണ് അവര്‍ ഉദ്യമിക്കുന്നത്.ഇതര മതസമുദായങ്ങളെ
പ്രതിക്കൂട്ടില്‍ നിറുത്തിക്കൊണ്ടും അവര്‍ക്കെതിരെ നുണപ്രചാരണങ്ങള്‍
നടത്തിക്കൊണ്ടും സംഘപരിവാരം ഉദ്ദേശിച്ച ലക്ഷ്യങ്ങളെ ഇന്ത്യയില്‍ പലയിടത്തും
സ്ഥാപിച്ചെടുക്കുന്നത് നാം കണ്ടതാണ്.അതുതന്നെയാണ് കേരളത്തിന്റെ കാര്യത്തിലും
നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്.ഇരുട്ടിന്റെ വഴിയേ പോകണമോ അതോ വെളിച്ചത്തിന്റെ
ലോകം സ്വീകരിക്കണമോയെന്നതാണ് കേരളസമൂഹത്തിനു മുന്നിലുള്ള നിര്‍ണായകമായ ചോദ്യം.
പത്രമാധ്യമങ്ങള്‍
നമ്മുടെ മതേതര പാരമ്പര്യത്തേയും നവോത്ഥാനമൂല്യങ്ങളേയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്
മാതൃക കാണിക്കേണ്ട ഒരു സവിശേഷമായ കാലഘട്ടമാണ് നിലവിലുള്ളത്. ഇക്കാര്യത്തില്‍
ഇടതുപക്ഷത്തെ, സവിശേഷമായി സി പി ഐ എമ്മിനെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളെ
പ്രോത്സാഹിപ്പിക്കുമ്പോള്‍ ഒരു വലിയ പാരമ്പര്യത്തെയാണ് ഇല്ലാതാക്കാന്‍
ശ്രമിക്കുന്നതെന്ന് അവര്‍ മനസ്സിലാക്കണം.അതുകൊണ്ടു മറ്റെന്തൊക്കെ
അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും ജനാധിപത്യവും മതേതരത്വവും
സംരക്ഷിക്കപ്പെടുകയെന്ന ഭാരിച്ച ഉത്തരവാദിത്തത്തിന്റെ ചാലക ശക്തിയായി മാധ്യമങ്ങള്‍
മാറണമെന്നാണ് കേരളത്തിലെ സ്വതന്ത്ര സമൂഹത്തിന് അപേക്ഷിക്കാനുള്ളത്.
Comments