#ദിനസരികള് 537
||ചോദ്യോത്തരങ്ങള്||
ചോദ്യം :- ഗാന്ധിയോടുള്ള ബഹുമാനാര്ത്ഥം അദ്ദേഹത്തിന്റെ ജയന്തിദിനത്തില് സസ്യാഹാരം മാത്രമേ റയില് വേകളില് നല്കാന് പാടുള്ളുവെന്ന മന്ത്രായലയത്തിന്റെ നിര്‌ദ്ദേശത്തെ എങ്ങനെ കാണുന്നു?
ഉത്തരം :- ഗാന്ധിയുടെ അഹിംസയേയും സഹിഷ്ണുതയേയും അനുകരിക്കാത്തവര് അദ്ദേഹത്തിന്റെ സസ്യാഹാര ഭക്ഷണശീലങ്ങള് പിന്തുടരണമെന്ന് നിര്ബന്ധിക്കുന്നത് എന്തൊരു വലിയ വൈരുദ്ധ്യമാണ്? എന്നുമാത്രവുമല്ല ഏകീകൃതമായ ഭക്ഷണശീലത്തെ ഒരു ദിവസത്തേക്കാണെങ്കില്ക്കൂടി അനുവര്ത്തിക്കുന്നതിനു പിന്നില് ഒളിച്ചു വെച്ചിരിക്കുന്ന ഒരു രാഷ്ട്രീയ അജണ്ടയുണ്ട് എന്നതാണ് ഏറെ ഭയപ്പെടുത്തുന്നത്. ഭക്ഷണത്തെച്ചൊല്ലിയുള്ള കലാപങ്ങള് രാജ്യത്താകമാനം നടപ്പിലാക്കപ്പെടുന്ന ഇക്കാലങ്ങളില് പ്രത്യേകിച്ചും ഈ ആശങ്ക അത്ര ആഴമില്ലാത്തതല്ല. വര്ത്തമാനകാല ഭാരതത്തില് സ്വീകരിക്കപ്പെടേണ്ടതും നടപ്പിലാക്കപ്പെടേണ്ടതും ഇത്തരം ഉപരിപ്ലവമായ സങ്കല്പങ്ങളല്ല, മറിച്ച് അഹിംസയേയും സഹിഷ്ണുതയേയുമാണ്. ബാക്കിയെല്ലാം ഗാന്ധിസങ്കല്പങ്ങളെ തകിടം മറിക്കുന്നതായ അനാശാസ്യങ്ങള് മാത്രമാകുന്നു.
ചോദ്യം :- നിങ്ങള് എന്തിലും രാഷ്ട്രീയം മാത്രം കാണുകയാണ്.സസ്യാഹാര ശീലങ്ങള് ഒരു ദിവസത്തേക്കാണെങ്കില്കൂടി പിന്തുടരുന്നത് നല്ലതുതന്നെയല്ലേ?
ഉത്തരം :- നിങ്ങള് കാര്യങ്ങള് ശരിയായി മനസ്സിലാക്കണമെന്ന് അഭ്യര്ത്ഥിക്കുന്നു.ഞാന് ഒന്നുകൂടി വ്യക്തമാക്കാം.ഉദാഹരണമായി കേരളം നേരിട്ട പ്രളയമെന്ന വലിയ ദുരന്തത്തെയെടുക്കുക. ഈ ദുരന്തത്തില് ഫാസിസ്റ്റു തീവ്രവാദ സംഘടനകള് വലിയ തോതിലുള്ള സഹായങ്ങളുമായി രംഗത്തിറങ്ങിയിരുന്നല്ലോ. ഈ ഇറക്കം നമ്മുടെ പൊതുസമൂഹത്തില് അതാതു സംഘടനകള്ക്ക് കൂടുതല് സ്വീകാര്യതയുണ്ടാക്കിയെടുക്കാനുള്ള രാഷ്ട്രീയമായ നീക്കമാണ്. എന്നാല് അതവര് സമ്മതിച്ചു തരുമെന്ന് കരുതുന്നതു മൌഢ്യമാണെന്നു മാത്രവുമല്ല, തങ്ങള് ചെയ്യുന്നത് സേവനപ്രവര്ത്തനമാണെന്ന് വാശിപിടിക്കുക കൂടി ചെയ്യും. അവരുടെ സഹായം കിട്ടുന്ന സാധാരണക്കാരനായ പാവപ്പെട്ടവര് ഈ രാഷ്ട്രീയ പ്രവര്ത്തനത്തെ സേവനമായി കാണുകയും അതിനെ പുകഴ്ത്തുകയും ചെയ്യുന്നതും നാം കണ്ടതാണ്.മുസ്ലിംസഹോദരന്റെ വീടും കിണറും വൃത്തിയാക്കിക്കൊടുക്കുന്ന ആറെസ്സെസ്സുകാരന്റെ രാഷ്ട്രീയം എന്നാണിനി നാം മനസ്സിലാക്കുക?
മറ്റൊരു ഉദാഹരണമായി യോഗയെ സ്വീകരിക്കുക. മതേതര സ്വാഭാവമുള്ള പത്രമാധ്യമങ്ങളും വ്യക്തികളും അവരുടെ സമയവും സ്ഥലവും വിനിയോഗിച്ചുകൊണ്ട് യോഗയെ പ്രകീര്ത്തിക്കുന്നതു നാം കണ്ടതാണ്.ആരോഗ്യത്തിന് ഗുണകരമായ ഒന്ന് എന്ന വിശേഷണത്തിലാണ് ബി ജെ പിയുടെ കേന്ദ്ര സര്ക്കാര് യോഗയുടെ വ്യാപകമായ പ്രചാരണത്തിന് ചുക്കാന് പിടിച്ചത്.അവരെക്കാള് വലിയ പ്രചാരകമായി മാറി നമ്മളില് ചിലര് രാജാവിനെക്കാളും വലിയ രാജഭക്തി പ്രകടിപ്പിക്കുകയും ചെയ്തു.ഒരു വ്യായാമത്തിന്റെ പ്രചാരണം എന്നതിനപ്പുറം അതില് ഒളിച്ചു കടത്തുന്ന രാഷ്ട്രീയമുണ്ടെന്നു നാം മനസ്സിലാക്കിയില്ല.ഭാരതീയമായ വ്യവസ്ഥകളുടെ പുനസ്ഥാപനത്തിനും സമൂഹത്തിലെ വലതുപക്ഷ വത്കരണത്തിനും (രാഷ്ട്രീയമായ വലതുപക്ഷമല്ല , ചിന്തയിലും സ്വഭാവത്തിലും കയറിക്കൂടിയിരിക്കുന്ന വലതുപക്ഷം) നാം അറിഞ്ഞോ അറിയാതെയോ നിന്നുകൊടുത്തു എന്നതാണ് ഫലത്തില് സംഭവിച്ചത്. ചെയ്യേണ്ടിയിരുന്നത് ആരോഗ്യമേഖലയില് പ്രവര്ത്തിക്കുന്ന പ്രഗല്ഭരായ ആളുകളെ സംഘടിപ്പിച്ചുകൊണ്ട് ശാരീരിക വ്യായാമത്തിനുതകുന്ന സമഗ്രമായ ഒരു ക്രിയാപദ്ധതി ഉണ്ടാക്കിയെടുക്കുകയായിരുന്നില്ലേ ?
ഇങ്ങനെ ദേശീയതയുടെ പേരില് പൈതൃകങ്ങളുടെ പേരില് രാജ്യസ്നേഹത്തിന്റെ പേരിലൊക്കെ കടന്നുവന്നുകൊണ്ടിരിക്കുന്ന താല്പര്യങ്ങള്ക്കു നേരെ നാം എക്കാലത്തേയുംകാള് ജാഗ്രത കാണിക്കുക തന്നെ വേണം.അല്ലെങ്കില് പലതിന്റേയും യഥാര്ത്ഥ മുഖത്തെ തിരിച്ചറിയാന് കഴിഞ്ഞില്ലെന്നു വരും.അതുതന്നെയാണ് റയില് വേ മന്ത്രാലയത്തിന്റെ നിര്‌ദ്ദേശത്തിന്റെ പിറകിലുമുള്ളത്. സസ്യാഹാരത്തിന് എന്താണ് പ്രാധാന്യം? പ്രത്യേകിച്ചും ഭക്ഷണത്തിന്റെ പേരില് നിരവധിയായ കൊലപാതകങ്ങള് പോലും നടക്കുന്ന ഇക്കാലത്ത് ? ഉത്തരം കണ്ടെത്തേണ്ട ചോദ്യം തന്നെയാണ് അത്.ആ ഉത്തരമാണ് രാഷ്ട്രപിതാവായ ഗാന്ധിയുടെ ദര്ശനത്തിനു പിന്നിലൂടെ ഒളിച്ചു കയറി വരാന് ശ്രമിക്കുന്നത്.ഇത് രാഷ്ട്രീയമായി ശരി മനസ്സിലാക്കല് കൂടിയാണ്.നമുക്കിതുവരെ ഒരു അഹിംസാ ദിനമോ ഒരു സഹിഷ്ണുതാ ദിനമോ ഇല്ല എന്നതുകൂടി പരിഗണിക്കുമ്പോഴാണ് ഈ മനസ്സിലാക്കലിന് കൂടുതല് ഗൌരവം കൈവരുന്നത്.
Comments