#ദിനസരികള്‍ 541
ചരിത്രത്തെ സ്വാധീനിച്ച നൂറു വ്യക്തികളെ അവതരിപ്പിക്കുന്ന മൈക്കേല്‍
എച്ച് ഹാര്‍ട്ടിന്റെ പുസ്തകത്തില്‍ ബുദ്ധനെ
മുഹമ്മദ്, ഐസക് ന്യൂട്ടണ്‍, ക്രിസ്തു എന്നിവര്‍ക്കു ശേഷം നാലാമതായിട്ടാണ്
സ്ഥാനപ്പെടുത്തിയിരിക്കുന്നത്.ശേഷമാണ് കാള്‍ മാര്‍ക്സും ഫ്രോയിഡും ഡാര്‍വിനുമൊക്കെയെന്നത്
ബുദ്ധന്റെ ചരിത്രപരമായ പ്രധാന്യത്തെയാണ് സൂചിപ്പിക്കുന്നത്. ബഹുമാനിതരെങ്കിലും ഉള്‍പ്പെടാത്തവരുടെ
പട്ടികയിലാണ് ഗാന്ധിയുടേയും എബ്രഹാം ലിങ്കന്റേയും സ്ഥാനം എന്ന കാര്യത്തില്‍
എനിക്കും നിങ്ങളെപ്പോലെ അഭിപ്രായ വ്യത്യാസമുണ്ടായിരിക്കാം. എന്നിരുന്നാല്‍പ്പോലും
ലോകഗതിയെ മാറ്റിമറിച്ച നൂറു പേരെ നിങ്ങളോ ഞാനോ തിരഞ്ഞെടുക്കുകയാണെങ്കില്‍ ആദ്യ
പത്തിലെങ്കിലും ശ്രീബുദ്ധന്‍ ഉള്‍പ്പെടാതിരിക്കില്ല എന്ന കാര്യത്തില്‍ എനിക്കു
സംശയമില്ല.ചരിത്രത്തെ സ്വാധീനിച്ചവരെയാണ് മാഹാത്മാക്കളെയല്ല താന്‍
തിരഞ്ഞെടുത്തതെന്ന് ഹര്‍ട്ട് പറയുന്നുണ്ട്.ആ അര്‍ത്ഥത്തില്‍ സ്റ്റാലിനെ ഉള്‍പ്പെടുത്തിയതിനേയും
വിശുദ്ധ കാബ്രിനിയെ ഉള്‍പ്പെടുത്താത്തതിനേയും അദ്ദേഹം ന്യായീകരിക്കുന്നു.
മഹത്വത്തെ അടിസ്ഥാനപ്പെടുത്തി ഒരു പട്ടിക സൃഷ്ടിക്കപ്പെട്ടാലും ബുദ്ധന്റെ സ്ഥാനം
ഒരു കാരണവശാലും പിന്നോട്ടു പോകില്ലെന്നു തന്നെയാണ് എന്റെ അഭിപ്രായം.
ഹാര്‍ട്ടിന്റെ
പുസ്തകത്തെ മുന്‍നിറുത്തി ഇത്രയും പറഞ്ഞത് ബുദ്ധനെക്കുറിച്ച് പുതിയതായി
എന്തെങ്കിലും വിശേഷണങ്ങള്‍ അദ്ദേഹത്തിലേക്ക് ചേര്‍ത്തു വെക്കാനല്ല
,ബുദ്ധനെതിരെയുള്ള നീക്കങ്ങള്‍ ശക്തിപ്പെട്ടു വരുമ്പോള്‍ ചിലതൊക്കെ ഓര്‍മ്മപ്പെടുത്തുന്നതിനു
വേണ്ടി മാത്രമാണ്. ശരിയായിരിക്കാം. അതിസൂക്ഷ്മമായ വായനയില്‍ ബുദ്ധനെ നമുക്ക്
വിചാരണ ചെയ്യാന്‍ ആവശ്യമായ ഒരു പാടു സാമഗ്രികള്‍ ലഭ്യമായെന്നു വരാം.ഉത്തരവാദിത്തങ്ങളില്‍
നിന്നും ഒളിച്ചോടിയ ജീവിതത്തെക്കുറിച്ച് , കണ്ടെത്തിയെന്ന് മാനിക്കപ്പെടുന്ന
ചിന്തകളെക്കുറിച്ച് , അദ്ദേഹം നിര്‍മിച്ചെടുത്ത സംഘടനയുടെ ഘടനയെക്കുറിച്ച്, മറ്റു
രീതികളെക്കുറിച്ചൊക്കെ നമുക്കു നിഷേധാത്മകമായ നിരവധി അഭിപ്രായങ്ങളെ
വിക്ഷേപിക്കാം.പക്ഷേ അതൊന്നും ചരിത്രത്തെ ഉടച്ചു വാര്‍ക്കുന്നതില്‍
അദ്ദേഹത്തിനുള്ള സ്വാധീനങ്ങളെ ഇടിച്ചു താഴ്ത്തുന്നതിനു വേണ്ടിയാകരുതെന്നു മാത്രം.
ബുദ്ധന്‍ ജനിച്ച
സംഘം (രാജ ഭരണവ്യവസ്ഥ അനുവര്‍ത്തിക്കാത്തവരാണ് സംഘം) അക്കാലത്തെ പ്രബലരായിരുന്ന
വൈദികവാദികളെ അംഗീകരിക്കുകയോ അവരുടെ ആചാരങ്ങളെയോ അനുഷ്ഠാനങ്ങളെയോ അംഗീകരിക്കുകയോ
ചെയ്തിരുന്നില്ല.വൈദികാചാരവാദികളായ ബ്രാഹ്മണര്‍ക്ക് സംഘങ്ങളെക്കുറിച്ചുള്ള
പ്രധാനപ്പെട്ട ആക്ഷേപങ്ങളിലൊന്ന് വര്‍ണവ്യവസ്ഥ അംഗീകരിക്കാത്തവര്‍ എന്നായിരുന്നു.
മനുഷ്യനെ മനുഷ്യനെന്ന നിലയില്‍ പരിഗണിക്കാതെ, അവന്റെ പൊതുഭാവത്തില്‍ നിന്നും അടര്‍ത്തി
മാറ്റി വര്‍ണങ്ങളുടെ അടിസ്ഥാനത്തില്‍ ബ്രാഹ്മണരായും ക്ഷത്രിയരായും വൈശ്യരായും
ശൂദ്രരായും അതിശൂദ്രരായുമൊക്കെ വേര്‍തിരിച്ചെടുത്ത് മാറ്റി നിറുത്തുന്ന
രീതികളില്ലാത്ത ഒരു സമൂഹത്തില്‍ ജനിച്ച ബുദ്ധന് ജാതീയമായ ശ്രേണികളോട് ഒരിക്കലും
സമരസപ്പെട്ടു പോകാന്‍ കഴിഞ്ഞിരുന്നില്ല എന്നതു മാത്രം മതി മറ്റെന്തൊക്കെ
കുറവുകളുണ്ടെങ്കിലും അദ്ദേഹത്തിന് ചരിത്രത്തിലുള്ള സ്ഥാനം ഉറപ്പിച്ചു കിട്ടുവാന്‍.
അതുതന്നെയാണ് , അല്ലെങ്കില്‍ അതുമാത്രമാണ് ബുദ്ധന്റെ മഹത്വത്തിന്
ആധാരമായിരിക്കുന്നത്.
Comments