#ദിനസരികള് 536
മാധ്യമം
ആഴ്ചപ്പതിപ്പില്‍ മലപ്പുറത്തെ ഈ ഖബറുകള്‍ ചരിത്രത്തോട് എന്താണ് പറയുന്നത് ? എന്ന
പേരില്‍ ഐ സമീല്‍ ഒരു ലേഖനമെഴുതിയിട്ടുണ്ട്.
വര്‍ഗ്ഗീയ കലാപമായും സ്വാതന്ത്ര്യസമരമായും തരാതരം പോലെ നമ്മുടെ
ചരിത്രകാരന്മാര്‍ വ്യാഖ്യാനിച്ച് പൊലിപ്പിച്ചെടുത്ത മലബാറിലെ വിശിഷ്യാ ഏറനാട് –
വള്ളുവനാട് പ്രദേശങ്ങളിലെ കര്‍ഷക ജനത 1921 ല്‍ നടത്തിയ പ്രക്ഷോഭത്തില്‍ ചരിത്രം ഇതുവരെ
കണ്ടെടുക്കാത്തതോ അഥവാ ബോധപൂര്‍വ്വം അവഗണിച്ചതോ ആയ ‘രേഖ’കളെ
പൊതുസമക്ഷം അവതരിപ്പിക്കുകയാണ് സമീല്‍.
മലബാര്‍
കലാപത്തിലെ ഏറ്റവും വേദനാജനകമായ സംഭവമായി നാം
ഉയര്‍ത്തിക്കാണിക്കുന്നതും ചര്‍ച്ച ചെയ്തുപോരുന്നതും വാഗണ്‍ ട്രാജഡിയാണല്ലോ. 921
നവംബര്‍ പത്തിന് ഒരു റെയില്‍ വാഗണില്‍ കുത്തിനിറച്ച് കോയമ്പത്തൂരിലേക്ക് കൊണ്ടു
പോയ തൊണ്ണൂറു കലപാകാരികളില്‍ അറുപതുപേരും വളരെ ദയനീയമായി ശ്വാസം മുട്ടി
മരിച്ചതാണല്ലോ കുപ്രസിദ്ധമായ വാഗണ്‍ ട്രാജഡി.നിലമ്പൂര്‍ കോവിലകംകാര്‍ നല്കിയ ഒരു
കള്ളക്കേസിനെത്തുടര്‍ന്ന് ഖിലാഫത്ത് കമ്മറ്റിയുടെ സെക്രട്ടറി വടക്കേവീട്ടില്‍
മുഹമ്മദിനെ പള്ളിയില്‍ കയറി അറസ്റ്റു ചെയ്യാനുള്ള ശ്രമമാണ് 921 ലെ വലിയ കലാപമായി
മാറിയത്. നിലമ്പൂര്‍ കോവിലകത്തെ കൊല്ലപ്പെട്ട പതിനേഴുപേര്‍ നമ്മുടെ
കണക്കിലുണ്ടെങ്കിലും ചില സവിശേഷമായ സാഹചര്യങ്ങളിലൊഴിച്ച് കണക്കുകളില്‍ നാം
അത്രക്ക് കണിശത കാണിക്കാറില്ല.അത്തരത്തില്‍ നാം മറന്നുകളഞ്ഞ ഒരു കണക്കാണ് സമീല്‍ കണ്ടെടുത്തിട്ടുള്ളത്.അദ്ദേഹം
എഴുതുന്നു-”
മലബാര്‍ വിപ്ലവത്തെ ദേശീയ ചരിത്ര പഠനങ്ങള്‍ അവഗണിച്ചതുപോലെ
അതിനകത്തെ സുപ്രധാനമായ ചില സംഭവങ്ങള്‍ മലബാര്‍ വിപ്ലവത്തെക്കുറിച്ചുള്ള സവിശേഷ
പഠനങ്ങളിലും അവഗണിക്കുകയോ ആനുഷംഗികമായിട്ടു മാത്രം പരാമര്‍ശിക്കുകയോ ചെയ്തതായിട്ടു
കാണാം. അതില്‍ വളരെ പ്രധാനമാണ് മലപ്പുറം മേല്‍മുറി അധികാരിത്തൊടിയില്‍
ബ്രിട്ടീഷുകാര്‍ നടത്തിയ കൂട്ടക്കൊല. മലബാര്‍ ചരിത്രത്തിലെ രക്ഷരൂക്ഷിതമായ
സംഭവങ്ങളിലൊന്നായ പൂക്കോട്ടൂര്‍ യുദ്ധം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍
കൊല്ലപ്പെട്ട സംഭവമാണിത്.350 ലേറെ പേരണ് പൂക്കോട്ടൂര്‍ യുദ്ധത്തില്‍
കൊല്ലപ്പെട്ടതെങ്കില്‍ 1921 ഒക്ടോബര്‍ 25 ന് നടന്ന മേല്‍മുറി –
അധികാരിത്തൊടി കൂട്ടക്കൊലയില്‍ 246 പേരാണ് കൊല്ലപ്പെട്ടത്” കൊല്ലപ്പെട്ട ആളുകളുടെ എണ്ണത്തെക്കാള്‍ എന്നെ ഞെട്ടിക്കുന്നത്
, പൂക്കോട്ടൂര്‍ ഏറ്റുമുട്ടലിനെക്കുറിച്ച് സാന്ദര്‍ഭികമായി നമുക്കു സംസാരിക്കേണ്ടി
വന്നിട്ടുണ്ടെങ്കിലും മേല്‍മുറി അധികാരിത്തൊടി കൂട്ടക്കൊല നമ്മുടെ
ചരിത്രത്തിലെവിടെയും കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നതാണ്. ഇവിടെയാണ് ബോധപൂര്‍വ്വമുള്ള
അവഗണന എന്നെ വാദത്തിന് പ്രസക്തി ലഭിക്കുന്നത്.
നിരായുധരായ ആളുകളെ വീടുകളില്‍ നിന്നും വിളിച്ചിറക്കിക്കൊണ്ടുപോയി
ബ്രിട്ടീഷ് പട്ടാളം വെടിവെച്ചുകൊന്ന ക്രൂരമായ സംഭവത്തിലെ രക്തസാക്ഷികളെ ഏറെ
വൈകിയാണെങ്കിലും ലോകം കണ്ടെത്തുന്നുവെന്നത് ആശ്വാസകരമാണ്. നിഷ്പക്ഷരും
ചരിത്രത്തോട് നീതി പുലര്‍ത്താന്‍ വ്യഗ്രത കാണിക്കുന്നവരുമായ പണ്ഡിതന്മാര്‍ ഈ
കണ്ടെത്തലിന്റെ പ്രാധാന്യം തിരിച്ചറിയുക
തന്നെ ചെയ്യും.
Comments