#ദിനസരികള്‍ 538
മധുവിനെ തല്ലിക്കൊന്നതറിഞ്ഞപ്പോള് , അവന്റെ ജീവിതത്തെക്കുറിച്ച് കൂടുതല് അറിഞ്ഞപ്പോള് നിരാശയില് സ്തബ്ദനായിപ്പോയിരുന്നു ഞാന്.ഒരു ചെറിയ കുറിപ്പുപോലും എഴുതാനാകാത്ത മരവിപ്പ് മനസ്സിനെ കീഴടക്കി.നിഷ്കളങ്കത നിറഞ്ഞ അവന്റെ കണ്ണുകള് വിടാതെ പിന്തുടരുന്നതുപോലെ.വിശപ്പിന് ഒരല്പം ഭക്ഷണമെടുത്തവനെ അടിച്ചുകൊന്ന അധമത്വത്തെ ആവിഷ്കരിക്കാന് എന്റെ ഭാഷക്കോ ചിന്തക്കോ കഴിയുമായിരുന്നില്ല.കാരണം അവനുനേരെ ഉയര്ന്ന കൈകള് എന്റേതുകൂടിയായിരുന്നുവല്ലോ.അതുകൊണ്ട് അവനെക്കുറിച്ച് ഒരു വാക്കുപോലും എഴുതാതെ ആ ദിവസങ്ങള് ഞാന് തള്ളിനീക്കി.ഉറക്കമൊഴിച്ചിരുന്ന് ആ വേദനയുടെ കാഠിന്യങ്ങളെ ഞാന് ആവാഹിച്ചു. ക്രിസ്തുവിന്റെ പീഢാനുഭവങ്ങളുടെ പങ്കുപറ്റുന്നതിനു തുല്യമായിരുന്നു അത്.മുള്ക്കീരീടം ബലമായി ഉറപ്പിക്കുന്നതിന്റേയും പച്ചയിറച്ചിയില് ആണി തുളഞ്ഞു കയറുന്നതിന്റേയും ചാട്ടവാറിന്റെ മൂര്‌ച്ചകളില് മാംസം അടര്ന്നുപൊള്ളിപ്പോകുന്നതിന്റേയും വേദന അറിഞ്ഞത് ആ നാളുകളിലായിരുന്നു.ഇന്നും മധു എന്നില് അവശേഷിപ്പിക്കുന്നത് അതേ വേദന തന്നെയാണ്.
പിന്നീട് ഞാന് കലങ്ങിപ്പോയതിനു കാരണം ഒരമ്മയുടെ വിലാപമായിരുന്നു.അഭിമന്യു എന്ന തേജസ്വിയായ ബാലന്റെ അമ്മയുടെ വിലാപം.നാന് പെറ്റ മകനേ എന് കിളിയേ എന്ന ആ നിലവിളി മനുഷ്യനായിപ്പിറന്ന ഏതൊരുത്തനേയും തകര്ത്തു കളയാന് പോന്നതായിരുന്നു.ആകെയുള്ള മാനുഷ്യകത്തിന്റെ മുഴുവന് മാതാവായി നിന്നുകൊണ്ട് മകനേ മകനേ എന്നവര് നെഞ്ചത്തടിച്ചു.മനുഷ്യരായിപ്പിറന്നവരാകെ അമ്മേ അമ്മേയെന്ന് വിളി കേട്ടിട്ടുണ്ടാകണം.ആ കണ്ണുനീരിനൊപ്പം തപിച്ചിട്ടുണ്ടാകണം.നാന് പെറ്റ മകനേ എന്നലച്ചു വീണുപോയ ഒരമ്മയെ എങ്ങനെയാണ് ഞാന് ഹൃദയത്തില് നിന്ന് മനസ്സില് നിന്ന് പറിച്ചുമാറ്റുക?
ഇതാ ഇപ്പോള് വീണ്ടും ഞാനൊരു ഇരുള്ക്കുഴിയുടെ വക്കത്തു പകച്ചു നില്ക്കുന്നു.ബാലഭാസ്കര് എന്ന അച്ഛന്റേയും തേജസ്വിനി എന്ന മകളുടേയും വേര്പാട് അസഹ്യമായ വേദനയായിരിക്കുന്നു.ഞാന് എന്റെ കുഞ്ഞിനെ എടുക്കുകയും ഉമ്മ വെക്കുകയും ചെയ്യുമ്പോള് നിറഞ്ഞ കണ്ണുകളോടെ മാറി നിന്ന് തേജസ്വിനി എന്നെ നോക്കി ചിരിക്കുന്നതായി തോന്നുന്നു.കുഞ്ഞിനെ തൊടുന്ന എന്റെ ചുണ്ടുകള് പൊള്ളിയിട്ടെന്ന പോലെ ഞെട്ടിമാറുന്നു.രാത്രികളില് പിടഞ്ഞെഴുന്നേറ്റ് ഉറങ്ങിക്കിടക്കുന്ന മകളെ ചേര്ത്തു പിടിക്കുന്നു.എങ്ങനെയാണ് ആ മനുഷ്യന് മകള് നഷ്ടപ്പെട്ട വേദനയെ അതിജീവിക്കുക എന്ന ആശങ്കയില് ആകെയുലഞ്ഞു പോകുമ്പോള് മകള്ക്കു പിന്നാലെ ആ അച്ഛനും യാത്രയാകുന്നു.
ഇതൊക്കെപ്പറയാന്‍ ആരാണ് എനിക്ക് ഈ നശിച്ച ഭാഷ പഠിപ്പിച്ചു തന്നത് ?
Comments