#ദിനസരികള് 525- നൂറു ദിവസം നൂറു പുസ്തകം – തൊണ്ണൂറ്റിമൂന്നാം ദിവസം.
||ഇന്ദ്രജാലസര്‍വ്വസ്വം – എം പി സദാശിവന്‍||
തന്റെ ഡര്‍ബാര്‍ ഹാളിലേക്ക്
ആകാശത്തിന്റെ ശൂന്യതയില്‍ നിന്നും ഇറങ്ങി വന്ന ഒരു കയറില്‍ തൂങ്ങി വിക്രമാദിത്യന്‍
മുകളിലേക്ക് കയറിപ്പോയി.കുറച്ചു നേരത്തിനു ശേഷം ഉഗ്രമായ യുദ്ധത്തിന്റെ ആരവം കേള്‍ക്കാന്‍ തുടങ്ങി.(
അതു വ്യക്തമായി അനുഭവിക്കണമെങ്കില്‍ സി വിയുടെ മാര്‍ത്താണ്ഡവര്‍മ്മ
വായിക്കണം) വാളുകള്‍ വാളുകളുമായും ഗദകള്‍ ഗദകളുമായും തേരുകള്‍ തേരുകളുമായി
ഏറ്റുമുട്ടി.ഡര്‍ബാര്‍ ഹാളിലേക്ക് ചോരപ്പുഴയൊഴുകി.കൈകളും കാലുകളും
കബന്ധങ്ങളും വന്നുവീണു. യുദ്ധം കുറച്ചു നേരം തുടര്‍ന്നു.
രാജസദസ്സിലുണ്ടായിരുന്നവര്‍ എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഭയവിഹ്വലരായി. അല്പനേരത്തിനു
ശേഷം കയറിപ്പോയ അതേ രീതിയില്‍ വിക്രമാദിത്യന്‍ ഇറങ്ങിവന്നു.ദേവന്മാരുടെ
പ്രത്യേക ക്ഷണമനുസരിച്ച് യുദ്ധത്തില്‍ അസുരന്മാരെ നിഗ്രഹിക്കാന്‍
പോയതായിരുന്നുവെന്ന് അദ്ദേഹം അമ്പരന്നു നിന്ന സഭയെ അറിയിച്ചു.വിക്രമാദിത്യന്റെ
അത്ഭുതശക്തിയില്‍ സഭ അന്ധാളിച്ചു.
ഒരു
വൈകുന്നേരം. നാടുചുറ്റുന്ന ഷാജി കലാകുടുംബം അവതരിപ്പിക്കുന്ന സര്‍ക്കസ്സ് പരിപാടി
എന്റെ വീടിനടുത്ത് നടക്കുന്നു.സര്‍ക്കസ്സിന്റെ ഭാഗമായി മാജിക്കുമുണ്ട്. കറുത്ത
കോട്ടും നീളന്‍ തൊപ്പിയും കൈയില്‍ മാന്ത്രികവടിയുമായി മജീഷ്യന്‍ രംഗത്തെത്തി.
അയാള്‍ ഒരു പത്രക്കടലാസെടുത്തു. രണ്ടുവശവും കാണികളെ കാണിച്ചു. പിന്നെ കടലാസു
മടക്കി ചെറുതാക്കി. വടിയുയര്‍ത്തിപ്പിടിച്ച്, കണ്ണുകടച്ച് ഇടതുകൈ നെഞ്ചോടു ചേര്‍ത്ത്
അദ്ദേഹം എന്തൊക്കെയോ മന്ത്രങ്ങള്‍ ചൊല്ലി. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന്
ചിന്തിച്ച് ജനങ്ങളൊന്നാകെ ആകാംക്ഷകൊണ്ടു നിന്നു.മന്ത്രജപം അവസാനിപ്പിച്ച്
മാന്ത്രികന്‍ ജനങ്ങളുടെ നേരെ തിരിഞ്ഞു.പതുക്കെപ്പതുക്കെ പത്രം നിവര്‍ത്തിയെടുത്തു.എന്നിട്ട്
മന്ത്രവടികൊണ്ട് പത്രത്തില്‍ തട്ടാന്‍ തുടങ്ങി. അത്ഭുതമെന്ന് പറയട്ടെ ആ
കടലാസ്സില്‍ നിന്നും അമ്പതുരൂപയുടേയും നൂറുരൂപയുടേയും നോട്ടുകള്‍ പൊഴിയാന്‍ തുടങ്ങി.
ആളുകളുടെ അത്ഭതത്തിന് അതിരുണ്ടായിരുന്നില്ല. ഒരു വിദ്വാന്‍ അതിലൊരെണ്ണം
അടിച്ചുമാറ്റിയെന്നും പിറ്റേ ദിവസം ഷര്‍ട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന നോട്ടു
പരിശോധിച്ചപ്പോള്‍ അതു വെറും കടലാസുകഷണമായിപ്പോയിയെന്നുമുള്ള കഥയും
പ്രചരിപ്പിക്കപ്പെട്ടു.
എം പി
സദാശിവന്റെ ഇന്ദ്രജാലസര്‍വ്വസ്വം എന്ന പുസ്തകം വായനക്കെടുക്കുമ്പോള്‍ എന്റെ
മനസ്സിലേക്ക് വന്നു കയറിയ രണ്ടു സന്ദര്‍ഭങ്ങളെയാണ് ഞാന്‍ അവതരിപ്പിച്ചത്. വായിച്ചും
കണ്ടും അറിഞ്ഞ ഇത്തരം അത്ഭുതവിദ്യകള്‍ പഠിക്കണമെന്ന് ആഗ്രഹിക്കാത്തവരുണ്ടോ ? അത്തരത്തിലുള്ള ‘ട്രിക്കു’കള്‍ പഠിക്കണമെന്ന ആഗ്രഹം മഹേന്ദ്രജാലം എന്നൊരു
കൊച്ചു പുസ്തകം സമ്പാദിക്കുന്നതിലേക്ക് എന്നെ നയിച്ചു. അതില്‍ പറഞ്ഞിരിക്കുന്ന
പ്രകാരം കുറുക്കന്റെ കാഷ്ഠവും മറ്റു സാമഗ്രികളുമൊക്കെ തപ്പി കുറേക്കാലം വെറുതെ
കളഞ്ഞതുമിച്ചം.പിന്നെ സായിബാബയിലൂടെയും മറ്റും മാജിക്കിന്റെ ചന്തം അനുഭവിക്കാന്‍
തുടങ്ങി.സ്വര്‍ഗ്ഗത്തില്‍ നിന്നും മെയ്ഡ് ചൈന എന്നെഴുതിയ വാച്ചുകള്‍ വരുത്തുന്നതും
ഭക്തന്മാര്‍ അദ്ദേഹത്തിന്റെ മുമ്പില്‍ സര്‍വ്വവും ത്യജിക്കുന്നതും കണ്ടു
പുളകിതനായി.പിന്നെപ്പിന്നെ ബി പ്രേമാനന്ദും എ ടി കോവൂരുമൊക്കെ ഈ പാവം സ്വാമിമാരെ
വെല്ലുവിളിച്ചുകൊണ്ടു രംഗത്തുവന്നതോടെ മാജിക്കിന്റെ രഹസ്യങ്ങള്‍ ഓരോന്നോരോന്നായി
പുറത്തായി.എങ്കില്‍പ്പോലും ഇപ്പോഴും മാജിക് എന്നു കേള്‍ക്കുമ്പോള്‍ നിഗൂഢമായ
ഒരു കൌതുകം തലയുയര്‍ത്താറുണ്ട്.
ഓര്‍മ്മകളുടെ രസകരമായ അത്തരം സന്ദര്‍ഭങ്ങളുടെ
പ്രേരണകൊണ്ടായിരിക്കണം ഞാന്‍ വായിക്കാനെടുത്തത്. നമ്മുടെ ഭാഷയില്‍ ഇതുപോലെ
ആധികാരികമായ ഗ്രന്ഥങ്ങള്‍ എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല.വാഴക്കുന്നത്തിന്റെ
ആത്മകഥ (അതോ ജീവചരിത്രമോ?) മാതൃഭൂമിയില്‍ ഖണ്ഡശ്ശ
വന്നതു വായിച്ചിട്ടുണ്ട്.പിന്നെ ജെസ്സി നാരായണനെപ്പോലെ ഈ രംഗത്തുണ്ടായിരുന്നവര്‍
എഴുതിയതും വായിച്ചു നോക്കിയിട്ടുണ്ട്.അതിലൊക്കെയുമുപരി ഈ പുസ്തകം
മാജികിനെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും പ്രഗല്ഭരായ മജീഷ്യരെക്കുറിച്ചും
മാജിക് പഠനത്തെക്കുറിച്ചും അതിന്റെ രഹസ്യങ്ങളെക്കുറിച്ചുമൊക്കെ ആധികാരികമായി
സംവദിക്കുന്നു.
ഞാന്‍ ആദ്യം
സൂചിപ്പിച്ച വിക്രമാദിത്യന്റെ മാജിക് ഇന്ത്യയില്‍ ഒരു കാലത്ത്
നിലവിലുണ്ടായിരുന്നുവെന്ന് വിശ്വസിച്ചുപോന്നിരുന്ന റോപ് ട്രിക്കിന്റെ വകഭേദമാണ്. ഈ
റോപ് ട്രിക് ഏറെ കൊട്ടിഘോഷിക്കപ്പെട്ടതാണെങ്കിലും വെറും കെട്ടുകഥയാണെന്ന്
ഗ്രന്ഥകാരന്‍ സമര്‍ത്ഥിക്കുന്നു. കറുത്ത തുണിയുടേയും കണ്ണാടിയുടേയും
കമ്പികളുടേയുമൊക്കെ സഹായത്തോടെ റോപ് ട്രിക്ക് എന്ന് വിശദീകരിക്കപ്പെടുന്നതിന്റെ
ഏകദേശ രൂപം വേദിയില്‍ അവതരിപ്പിക്കാമെങ്കിലും തുറസ്സായ സ്ഥലത്ത് ഇത്
അവതരിപ്പിക്കുന്നത് അസാധ്യമാണെന്ന് ലേഖകന്‍ സൂചിപ്പിക്കുന്നു. പി സി സര്‍ക്കാര്‍
റോപ് ട്രിക്ക് അവതരിപ്പിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അതു
വിശ്വസനീയമല്ലെന്ന് അദ്ദേഹത്തെത്തന്നെ ഉദ്ധരിച്ച് ലേഖകന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
മജീഷ്യന്‍ ഗോപിനാഥ് മുതുകാട് റോപ് ട്രിക്കിനോട് വിദൂര സാദൃശ്യമുള്ള ഒന്ന്
അവതരിപ്പിച്ചത് ഈ അടുത്ത കാലത്താണെന്നതുകൂടി ഓര്‍മിക്കുക.മഹത്തായ ഒരു
സ്വപ്നമായിരുന്നു റോപ് ട്രിക്ക് എന്നതു വേദനയുണ്ടാക്കുന്ന തിരിച്ചറിവ് തന്നെയാണ്.
അവതരണരീതികൊണട്
രസകരമായി വായിച്ചുപോകാവുന്ന വിധത്തിലാണ് മാജിക്കിലെ കുലപതികളെ
അവതരിപ്പിക്കുന്നത്.വിശ്വപ്രസിദ്ധരായ ഹൂഡിനിയും പി സി സര്‍ക്കാറും ഹാരി
ബ്ലാക്സ്റ്റോണും ഹെന്‍റി ആന്റേഴ്സണും ഹാരി കെല്ലറിനുമൊക്കെയൊപ്പം നമ്മുടെ
വാഴക്കുന്നം നമ്പൂതിരിയും ഈ പുസ്തകത്തില്‍ ഇടം
പിടിച്ചിട്ടുണ്ട്.കയ്യടക്കത്തിലൂടെ ആളുകളെ വിസ്മയിപ്പിച്ച വാഴക്കുന്നത്തിന്റെ
ചെപ്പും പന്തും പ്രശസ്തമാണ്.അദ്ദേഹത്തെ നേരിട്ടു കണ്ടപ്പോള്‍ ശൂന്യതയില്‍
നിന്നുംലഡ്ഡുവെടുത്തു തന്ന കഥ ലേഖകന്‍ സ്മരിക്കുന്നുണ്ട്.
മാജിക് പഠനവും
അവതരണവും എന്ന മൂന്നാം ഭാഗത്തില്‍ പലവിധ മാജിക്കുകളുടെ ട്രിക്കുകളെ
വെളിപ്പെടുത്തുകയാണ്.കൈയ്യടക്കത്തിലൂടേയും മാന്ത്രിക ദണ്ഡിന്റെ സഹായത്തോടെയും
മറ്റും നടത്തുന്ന മാജിക്കുകളുടെ രഹസ്യമാണ് നമുക്കിവിടെനിന്നും ലഭിക്കും. അതോടൊപ്പം
ചീട്ടുകൊണ്ടുള്ള കളികളെക്കുറിച്ചും പറയുന്നു. യുവതിയെ രണ്ടായി മുറിക്കുന്ന പരിപാടി
ഏറെപ്പേരെ ആകര്‍ഷിക്കുന്ന ഒന്നാണ. അതിന്റെ രഹസ്യം ചിത്രങ്ങളുടെ സഹായത്തോടെ
വിശദമാക്കുന്നു. മാജിക് എന്ന കല പഠിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് വലിയൊരു
മുതല്‍ക്കൂട്ടാണ് ഈ പുസ്തകം.യയ
പ്രസാധകര്‍ : ഡി സി ബുക്സ് വില 150 രൂപ, ഒന്നാം പതിപ്പ് ഏപ്രില്‍ 2008
Comments