#ദിനസരികള് 526- നൂറു ദിവസം നൂറു പുസ്തകം – തൊണ്ണൂറ്റിനാലാം ദിവസം.‌





||വിശുദ്ധപാപങ്ങളുടെ ഇന്ത്യ – അരുണ് എഴുത്തച്ഛന്||

ഏഴോളം സംസ്ഥാനങ്ങളില് നിലനില്ക്കുന്ന ദേവദാസി സമ്പ്രദായത്തെക്കുറിച്ചുള്ള അന്വേഷണമാണ് വിശുദ്ധപാപങ്ങളുടെ ഇന്ത്യ എന്ന ഈ പുസ്തകം. വിശ്വാസങ്ങളുടേയും ആചാരങ്ങളുടേയും പേരില് ലൈംഗികവൃത്തിയിലേക്ക് നിര്ബന്ധപൂര്വ്വം ആനയിക്കപ്പെടുന്ന പെണ്ണുടലുകളെക്കുറിച്ച് എഴുത്തുകാരനായ അരുണ് എഴുത്തച്ഛന് ബന്ധപ്പെട്ട സ്ഥലങ്ങളില് നേരിട്ടുപോയി അന്വേഷിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നതെന്നത് ഈ പ്രയത്നത്തിന് ആധികാരികത നല്കുന്നു. ഇന്ത്യയുടെ ഗതകാലചരിത്രത്തില് ഉപരിവര്ഗ്ഗത്തിന്റെ ഭോഗതൃഷ്ണകളെ തൃപ്തിപ്പെടുത്തുവാന് വേണ്ടി സുന്ദരികളും താണകുലജാതകളുമായ സ്ത്രീകളെ ക്ഷേത്രങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ട് ദേവദാസികള് എന്ന വിശിഷ്ടനാമധേയം നല്കി പരിപാലിച്ചുപോന്നതിന്റെ പിന്നിലെ പച്ചയായ കഥ വിശിഷ്ടമായ ‘ഭാരതീയത’യുടെ പേരില് ഊറ്റംകൊള്ളുന്നവരെ ഒന്നു ഞെട്ടിക്കാതിരിക്കില്ല.” മതപരമായ ആചാരങ്ങളെത്തുടര്ന്ന് സ്ത്രീകള് ലൈംഗികത്തൊഴിലാളികളായ ചരിത്രവും നിയമപരമായ വിലക്കുകള് മറികടന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് ഇപ്പോഴും ഇതൊക്കെ തുടരുന്നുവെന്നതും എനിക്കു വലിയ ഞെട്ടലായിരുന്നു.ഏഴുവര്ഷംമുമ്പാണ് അന്വേഷണം ആരംഭിക്കുന്നത്.ഒരു സ്ഥലത്തു നിന്നും കിട്ടിയ വിവരങ്ങള് എഴുതിക്കഴിഞ്ഞപ്പോള് അവിടെ നിന്നുകിട്ടിയ സൂചനകളില് പറയുന്ന മറ്റു സ്ഥലങ്ങളിലെ വിവരങ്ങള് ചേര്ത്താലേ സമഗ്രമാകൂ എന്നു തോന്നി.അവിടെയെത്തിയപ്പോള് അവിടെ നിന്ന് അടുത്ത സ്ഥലത്തേക്കുള്ള സൂചനകളാണ് കിട്ടിയത്.അപ്പോള് അതുകൂടി ചേര്ക്കണമെന്ന് തോന്നി.അങ്ങനെ ഏഴു സംസ്ഥാനങ്ങളില് പലപ്പോഴായി നടത്തിയ യാത്രകളിലെ വിവരങ്ങളാണ് ഈ പുസ്തകത്തില് “ എന്ന് ഗ്രന്ഥകാരന് സാക്ഷ്യപ്പെടുത്തുന്നത് വായനക്കാരെ അത്ഭുതപ്പെടുത്താതിരിക്കില്ല.

വീടുകളിലെ ദാരിദ്ര്യവും നാട്ടിലെ പ്രമാണിമാരായ ഉന്നതരുടെ നിര്ബന്ധവും ദൈവവിശ്വാസവുമൊക്കെച്ചേര്ന്നാണ് ദേവദാസികളെ സൃഷ്ടിക്കുന്നത്. ഋതുമതിയാകുന്നതിനു മുമ്പേ ദേവദാസികളായി ക്ഷേത്രങ്ങളിലേക്ക് ഉഴിഞ്ഞു വിടുന്ന പെണ്കുട്ടികള് ഏതെങ്കിലും ഉന്നതന്റെ പരിരക്ഷയില് തങ്ങളുടെ യൌവനത്തെ അയാളുടെ ‘കീപ്പായി’ അവിടെ ഹോമിച്ചു തീര്ക്കുന്നു.അയാള് മടുക്കുന്നതുവരെ ആ സ്ഥാനത്തു തുടരും. മടുത്തു കഴിഞ്ഞ് ഉപേക്ഷിക്കപ്പെട്ടാല് മറ്റേതെങ്കിലും പ്രമാണിമാരുടെ കൂടെയോ അല്ലെങ്കില് വേശ്യാവൃത്തിയോ സ്വീകരിച്ച് ശിഷ്ട ജീവിതം തള്ളിനീക്കും.അക്ഷരാഭ്യാസമില്ലാത്തവരും അത്താഴപ്പട്ടിണിക്കാരുമായ പാവപ്പെട്ടവരെ വിശ്വാസത്തിന്റേയും ഇല്ലായ്മയുടേയും മറവില് ചൂഷണം ചെയ്യുന്നതിന്റെ നിരവധി കഥകള് ഈ പുസ്തകത്തിലൂടനീളം കണ്ടെത്താം.1982 ല് തന്നെ ദേവദാസി സമ്പ്രദായം നിരോധിച്ചിരുന്നുവെങ്കിലും ഇപ്പോഴും പലയിടങ്ങളിലും നടക്കുന്നുണ്ടെന്ന് ലേഖകന് കണ്ടെത്തുന്നു.”നിരോധനം ആചാരത്തിലേക്കുള്ള കടന്നു കയറ്റമായിട്ടാണ് അവര് കരുതുന്ന”തെന്നതുകൊണ്ട് ദൈവത്തിന്റെ പേരുപറഞ്ഞാണ് പലയിടങ്ങളിലും ഇതൊക്കെ ഇപ്പോഴും നിലനിന്നുപോകുന്നത്. ദേവദാസികള് സൃഷ്ടിക്കപ്പെടുന്നതെങ്ങനെയെന്ന് മനസ്സിലാക്കുക :- “അന്ന് അവര്ക്ക് പതിന്നാലു വയസ്സേ ആയിട്ടുള്ളു.അന്നന്നത്തേക്കുള്ള വരുമാനം കഷ്ടപ്പെട്ടു സമ്പാദിക്കുന്ന കുടുംബത്തിന് ഇതിനുമപ്പുറം അവരെ ഒരു പെണ്കുട്ടിയെ വീട്ടില് നിറുത്താനും പറ്റില്ലല്ലോ.സാധാരണ ഈ പ്രായമാകുമ്പോഴേക്കും വാല്മീക സമുദായത്തില്‌പ്പെട്ട കുട്ടികളെ ദേവദാസിയാക്കുന്നതിനെക്കുറിച്ച് വീട്ടുകാര് ചിന്ത തുടങ്ങിയിരിക്കും.കയ്യില് ചില്ലിക്കാശുപോലും സ്ത്രീധനമായി കൊടുക്കാനില്ലാത്ത വീട്ടുകാരായിരിക്കും ഇങ്ങനെ ആലോചിക്കുക.ദേവദാസിയാക്കിയാല്പ്പിന്നെ കല്യാണം നടത്തേണ്ട എന്നത് വലിയൊരു കാര്യമാണ്.മാത്രമല്ല അവള് പിന്നെ സമൂഹത്തിന്റെ സ്വത്താണ്.ഇനി വീട്ടുകാര് തയ്യാറല്ലെങ്കിലും ചില കുട്ടികളെ നാട്ടുകാര് പിടിച്ച് ദേവദാസിയാക്കുകയും ചെയ്യും.അന്ധവിശ്വാസത്തിന്റെ പിടിയില് കിടക്കുന്ന ഗ്രാമങ്ങളില് ഇതെല്ലാം എളുപ്പവുമായിരുന്നു.ദേവര്കളെ ഉപയോഗിച്ചുകൊണ്ടാണ് ഇതെല്ലാം നടപ്പിലാക്കുക.ദേവര്കള്‌ ദൈവത്തിന്റെ ഇഷ്ടം പറയുന്നയാള് ആണ്.ഇയാള് അരുളിച്ചെയ്യുന്നത് ഉയര്ന്ന സമുദായക്കാരുടെ ഇഷ്ടമായിരിക്കും” ജാതിവ്യവസ്ഥയും സ്വാധീനശേഷിയുമൊക്കെച്ചേര്ന്ന താഴെക്കിടയിലുള്ളവരെ ലൈംഗികോപകരണങ്ങള് മാത്രമാക്കി മാറ്റുന്നത് ഇങ്ങനെയൊക്കെയാണ്.

ഇരട്ടമുഖം പ്രദര്ശിപ്പിക്കുന്ന സംഘപരിവാരത്തിലെ ആളുകളേയും നമുക്കിവിടെ കണ്ടെത്താം. അവര് വിശ്വാസത്തിന്റെ പേരില് പെണ്കുട്ടികള് ദേവദാസിമാരാകുന്നതിനെ തടയുവാന് ശ്രമിക്കുന്നില്ലെന്നു മാത്രമല്ല പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ ദേവദാസികളാകുന്നവര് പിന്നീട് എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് സ്വാഭാവികമായും വേശ്യാവൃത്തിയിലേക്കു തിരിയുമ്പോള് സംസ്കാരത്തിന്റെ വിശുദ്ധമായ ഖഡ്ഗം അവര്‌ക്കെതിരെ പ്രയോഗിക്കപ്പെടുന്നു. തുടക്കത്തിലെ പ്രോത്സാഹിപ്പിച്ചവര് ഇത്തരക്കാരെ പുനരധിവസിപ്പിക്കുവാനും അവരുടെ ക്ഷേപ്രവര്ത്തനങ്ങളിലേര്‌പ്പെടുവാനും തയ്യാറാകുന്നില്ലെന്നതു ദുഖസത്യമാണ്.ഇടതു ആഭിമുഖ്യമുള്ള ദേവദാസി വിമോചന മുന്നണി ഒട്ടധികം പ്രവര്ത്തനങ്ങള് ഏറ്റെടുത്തു നടത്തുന്നതായി ലേഖകന് ചൂണ്ടിക്കാണിക്കുന്നു.

ദേവദാസി സമ്പ്രദായം നിയമം മൂലം പലയിടത്തും നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും കൃത്യമായ രീതിയില് ഒരിടത്തും നടപ്പിലാക്കിയിട്ടില്ല എന്നതാണ് വസ്തത.രാധയുടെ പേരില് അറിയപ്പെടുന്ന വൃന്ദവനത്തിലും സ്ത്രീകളെ ഭോഗവസ്തുവായി കാണുന്നുണ്ടെന്ന് തദ്ദേശവാസിയായ റിക്ഷാക്കാരന് സാക്ഷ്യപ്പെടുത്തുന്നു. സോനാഗച്ചിയും കാമാത്തിപ്പുരയും പുരിയിലും പെദ്ദാപുരത്തുമൊന്നും ഇതില് നിന്നും വ്യത്യസ്തമല്ല കാര്യങ്ങളെന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്. ആധുനിക കാലഘട്ടത്തിലെ ഭാരതീയതയുടെ ഈ മുഖം വായനക്കാരനെ ഞെട്ടിക്കുക തന്നെ ചെയ്യും.

പ്രസാധകര് : ഡി സി ബുക്സ് വില 210 രൂപ, ഒന്നാം പതിപ്പ് ഏപ്രില് 2008




Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1