#ദിനസരികള് 528- നൂറു ദിവസം നൂറു പുസ്തകം – തൊണ്ണൂറ്റിയാറാം ദിവസം.
||തോമസിന്റെ സുവിശേഷം – വിവ വിനയചൈതന്യ||
യേശു പറഞ്ഞു :-“ ഈ സ്വര്‍ഗ്ഗം നീങ്ങിപ്പോകും.അതിനു മുകളിലുള്ളതും നീങ്ങിപ്പോകും.മരിച്ചവര്‍ ജീവിച്ചിരിക്കുന്നില്ല.ജീവിച്ചിരിക്കുന്നവര്‍ മരിക്കുകയുമില്ല.നിങ്ങള്‍ മരിച്ചവയെ ആഹരിച്ച നാളുകളില്‍ നിങ്ങളവയെ ജീവനുള്ളതാക്കി.നിങ്ങള്‍ പ്രകാശത്തില്‍ വസിക്കുമാറാകുമ്പോള്‍ നിങ്ങള്‍ എന്തുചെയ്യും?നിങ്ങള്‍ ഒന്നായിരുന്ന ദിവസം നിങ്ങള്‍ രണ്ടായി തീര്‍ന്നു.പക്ഷേ നിങ്ങള്‍ രണ്ടായി തീരുമ്പോള്‍ നിങ്ങളെന്തു ചെയ്യും?”
യേശു പറഞ്ഞു :- “ പരീശന്മാരും ശാസ്ത്രിമാരും അറിവിന്റെ താക്കോലുകള്‍
എടുത്തുവെച്ചിരിക്കുന്നു.അവര്‍ സ്വയം പ്രവേശിച്ചിട്ടുമില്ല,
പ്രവേശിക്കാനാഗ്രഹിക്കുന്നവരെ അനവദിച്ചിട്ടുമില്ല.നിങ്ങളോ സര്‍പ്പങ്ങളെപ്പോലെ
ബുദ്ധിയുള്ളവരും പ്രാവുകളെപ്പോലെ നിഷ്കളങ്കരുമായിരിക്കുക.”
ശിഷ്യന്മാര്‍ അവനോട് സുന്നത്തു ചെയ്യുന്നതു ഗുണകരമോ അല്ലയോ എന്നു ചോദിച്ചു.
അവ്‍ അവരോട് അതു ഗുണകരമായിരുന്നുവെങ്കില്‍
അവരുടെ പിതാവ് അതു ചെയ്തവരായിത്തന്നെ അവരുടെ അമ്മയില്‍ നിന്ന് അവരെ
ജനിപ്പിക്കുമായിരുന്നു.എന്നാലോ ആത്മാവിലുള്ള ശരിയായ സുന്നത്തു കഴിക്കുന്നതു പൂര്‍ണമായും
പ്രയോജനകരമായിരിക്കുന്നു എന്ന് പറഞ്ഞു.
യേശുവിന്റെ
പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരുവനായ തോമസ് എഴുതിയ സുവിശേഷമാണ് നാം വായിക്കുന്നത്.1945 ല്‍ ഈജിപ്തിലെ ഗ്രാമീണര്‍ കണ്ടെത്തിയ നാഗ് ഹമദി പാഠങ്ങളിലാണ്
തോമസിന്റേതെന്ന് കരുതപ്പെടുന്ന ഈ സുവിശേഷവുമുള്ളത്.കോപ്റ്റിക് ഭാഷയിലെഴുതിയ
പതിമൂന്നു ഗ്രന്ഥങ്ങളാണ് ഇങ്ങനെ ഭരണിയിലാക്കി മണ്ണിനടിയില്‍ സൂക്ഷിച്ചിരുന്നത്.
അക്കൂട്ടത്തില്‍ പെട്ട തോമസിന്റെ സുവിശേഷങ്ങളില്‍ 114 വചനങ്ങള്‍ മാത്രമാണ്
അടങ്ങിയിട്ടുള്ളത്.കൃസ്തുവിന്റെ അത്ഭുതപ്രവര്‍ത്തികളെപ്പറ്റി ഒന്നും പറയാതെ
അദ്ദേഹത്തിന്റെ വചനങ്ങളിലൂടെ ആ ദര്‍ശനത്തെ വ്യക്തമാക്കുന്ന രീതിയാണ് തോമസ്
പിന്തുടരുന്നത്. ഇത് കാനോണികമായ മറ്റു നാലു സുവിശേഷങ്ങളില്‍ നിന്നും തോമസിന്റെ സുവിശേഷത്തെ മാറ്റി നിറുത്തുന്ന പ്രധാന സവിശേഷതയാണ്.
കണ്ടാലേ വിശ്വസിക്കൂ എന്ന് കടുംപിടുത്തം നടത്തിയ തോമസിന്റെ സുവിശേഷത്തിന് ആധികാരികത
കൂടുമെന്നും അത് യേശുവിനോടും അദ്ദേഹത്തിന്റെ വചനങ്ങളോടും ഏറ്റവും കൂടുതല്‍ അടുത്തു
നില്ക്കുന്നതായിരിക്കുമെന്നും നമുക്കു വിശ്വസിക്കാം.
“തിരഞ്ഞെടുക്കപ്പെട്ടവര്‍ എന്ന പരാമര്‍ശം
തോമസിന്റെ സുവിശേഷത്തില്‍ അവിടവിടെ കാണുന്നത് ഏതെങ്കിലും പ്രത്യേക ജാതിമത വിഭാഗങ്ങളെ സൂചിപ്പിക്കുന്നതല്ല.മുന്‍പറഞ്ഞ
ഏകത്വദൃക്കുകള്‍ തന്നെയാണ് തിരഞ്ഞെടുക്കപ്പെട്ടവര്‍.എല്ലാവരും വെളിച്ചത്തില്‍
നിന്നും വരുന്നവരും തിരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയുള്ളവരുമാണ്.എങ്കിലും ഇരുളിനെ
തിരഞ്ഞെടുക്കുവാനും ദരിദ്രരാകുവാനുമുള്ള സാധ്യതയുമിരിക്കുന്നു” വെന്ന് വിവര്‍ത്തകന്‍ ചൂണ്ടിക്കാണിക്കുന്നത്
മനസ്സിരുത്തേണ്ടതാണ്.പരസ്പരം വിദ്വേഷം വളര്‍ത്തിക്കൊണ്ട് വിശ്വാസികളെ
അകത്തിനിറുത്തുന്ന വിനാശകരമായ ഒരു ആശയത്തെയല്ല തോമസ് മുന്നോട്ടുവെക്കുന്നത്,
മറിച്ച് ഏവര്‍ക്കും ഒരുപോലെ സാധ്യതയുള്ളതും എന്നാല്‍ തങ്ങളുടെ വിശേഷ ബുദ്ധി ഫലപ്രദമായി
ഉപയോഗിക്കേണ്ടതുമായ സന്ദര്‍ഭത്തിന്റെ
പ്രാധാന്യത്തെപ്പറ്റി മുന്നറിയിപ്പ് നല്കുകയാണ് അദ്ദേഹം ചെയ്യുന്നത്.
മനുഷ്യവംശത്തിന്റെ
മഹത്തായ ഈടുവെപ്പുകളെ മതങ്ങളുടെ ചെറിയ വട്ടങ്ങളിലേക്ക് പെടുത്തി കുരുക്കാതെ
ആകെയുള്ള പൊതുസ്വത്തായി അനുഭവിക്കപ്പെടേണ്ടതിന്റെ ആവശ്യകത വിവര്‍ത്തകന്‍ എടുത്തു
പറയുന്നുണ്ട്. അത്തരമൊരു നിലപാടിന്റെ കൂടി ഫലമായിട്ടാണ് ഇത് വിവര്‍ത്തനം ചെയ്യാന്‍
തുനിഞ്ഞതെന്നും അദ്ദേഹം പറയുന്നു “ ഏതെങ്കിലും പ്രത്യേക തത്വചിന്താദ്ധതിയുടേയോ ദൈവശാസ്ത്ര കക്ഷിയുടേയോ
വശത്തു നിന്നന്ന ഈ സുവിശേഷത്തെ മനനം ചെയ്യേണ്ടത് “
എന്ന് അദ്ദേഹം എഴുതുന്നത് ഈ നിലപാടിനെ പിന്‍പറ്റുന്നതുകൊണ്ടുകൂടിയാണ്.അതുകൊണ്ട്
കക്ഷിഭേദങ്ങളൂടെ ഭാരങ്ങളില്ലാതെ കടന്നു ചെല്ലുക. അവന്‍ പറയുന്നു :- ഈ വചനങ്ങളുടെ ഗൂഢാര്‍ത്ഥം കണ്ടുപിടിക്കുന്നവന്‍
മരിക്കുകയില്ല.
പ്രസാധകര് : മള്‍ബെറി പബ്ലികേഷന്സ് വില 50 രൂപ, ഒന്നാം പതിപ്പ് 2002
Comments