#ദിനസരികള് 527- നൂറു ദിവസം നൂറു പുസ്തകം – തൊണ്ണൂറ്റിയഞ്ചാം ദിവസം.
||അഴീക്കോടിന്റെ ലേഖനങ്ങള്‍ – സുകുമാര്‍ അഴീക്കോട്||
തന്റെ ബോധ്യങ്ങള്‍ക്കു വേണ്ടി നിലയുറപ്പിച്ച അഴീക്കോടിനെ കേരളം ഒരിക്കലും കേള്‍ക്കാതിരുന്നില്ല.ഒട്ടുമിക്ക സംഭവങ്ങളിലും അഴീക്കോട് എന്തു പറഞ്ഞു എന്നു നാം അന്വേഷിച്ചു പോകാറുമുണ്ട്.മെലിഞ്ഞുണങ്ങിയ ആ മനുഷ്യന്‍ ഉച്ചഭാഷിണിയുടെ കഴുത്തില്‍ തുങ്ങിക്കിടന്നുകൊണ്ട് തീര്‍ത്ത വാങ്മയങ്ങളെ ഒരു പക്ഷേ ആര്‍ക്കും അവഗണിക്കാനാകുമായിരുന്നില്ല എന്നതാണ് ശരി.നിത്യ ചൈതന്യ യതിയെ കപടയതി എന്നു വിളിച്ച ശിവഗിരി വിവാദകാലത്തും സാഹിത്യ അക്കാദമിയുമായി കൊമ്പുകോര്‍ത്തപ്പോഴും മോഹന്‍ ലാലുമായി കലഹിച്ചപ്പോഴുമൊക്കെ വി എസ് അച്യൂതാനന്ദനുമായി ഏറ്റുമുട്ടിയപ്പോഴുമൊക്കെ അഴീക്കോട് സ്വീകരിച്ച നിലപാടുകളുടെ കാര്‍ക്കശ്യം നാം നേരിട്ട് അറിഞ്ഞതാണ്. അനുകൂലമായാലും പ്രതികൂലമായാലും അഴീക്കോട് എന്തു പറഞ്ഞു എന്ന് സാംസ്കാരിക കേരളം ചെവി കാത്തിരുന്നു.ഇന്ന് അഴീക്കോടുണ്ടായിരുന്നെങ്കില്‍ എന്ന് പലരും പരിതപിക്കുന്നതു കേള്‍ക്കാറുണ്ടെങ്കിലും ഇനിയുമെത്ര കാലം കഴിഞ്ഞാലും അദ്ദേഹത്തിന്റെ അസാന്നിധ്യം അവശേഷിപ്പിച്ച ശൂന്യത നികത്തപ്പെടുമെന്നു തോന്നുന്നില്ല.ഭയരഹിതനായി നമ്മുടെ വേദികളില്‍ തലയുയര്‍ത്തിപ്പിടിച്ചുനിന്നുകൊണ്ട് തീര്‍ച്ചയും മൂര്‍ച്ചയുമുള്ള ലക്ഷ്യവേധിയായ വാക്കുകളുടെ ശരമാരി ചൊരിയാന്‍ കരുത്തുള്ളവരില്ല എന്നുതന്നെ പറയാം.ആ കുറവ് ഒരു പരിധി വരെ നികത്തുന്നത് വ്യത്യസ്തവും സമകാലികവുമായ നിരവധി വിഷയങ്ങളെ പുരസ്കരിച്ച് അദ്ദേഹം എഴുതിയിരിക്കുന്ന ലേഖനങ്ങളിലൂടെയാണ്. അത്തരം ലേഖനങ്ങളെ ലോകരാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയക്കാഴ്ചകള്‍, കേരളത്തിലെ രാഷ്ട്രീയക്കളികള്‍ , മൂല്യങ്ങളുടെ വ്യതിയാനങ്ങള്‍, സാഹിത്യത്തിലെ പുത്തന്‍ പ്രശ്നങ്ങള്‍, സമൂഹവികാരങ്ങള്‍, ജീവജലം, മാധ്യമവിചാരങ്ങള്‍, സാംസ്കാരികം,ദര്‍ശനം എന്നിങ്ങനെ ഭാഗങ്ങളാക്കി തിരിച്ചു കൊണ്ട് ലിപി പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ അഴീക്കോടിന്റെ തിരഞ്ഞെടുത്ത ലേഖനങ്ങള്‍ എന്ന പുസ്തകം മികച്ച വായനാനുഭവമാണ്.അനുബന്ധമായി എം എന്‍ കാരശേരി , അഴീക്കോടുമായി നടത്തിയ രണ്ടു സുദീര്‍ഘമായ അഭിമുഖങ്ങള്‍ ചേര്‍ത്തിട്ടുമുണ്ട്.
ഗാന്ധിയനായ കമ്യൂണിസ്റ്റെന്നും കോണ്‍ഗ്രസുകാരനെന്നുമൊക്കെ രാഷ്ട്രീയ വീക്ഷണങ്ങളുടെ വ്യത്യസ്തമായ കള്ളികളിലേക്ക് അഴീക്കോടിനെ അടുപ്പിച്ചു നിറുത്തുമ്പോഴും കറപുരളാത്ത മതേതരവാദിയായിരുന്നു അദ്ദേഹമെന്ന കാര്യത്തില്‍
കേരളത്തിന് സംശയമുണ്ടായിരുന്നില്ല. ഭാരതീയതയുടെ ഔദ്ധത്യം പരമതസഹിഷ്ണുതയില്‍ അടിയുറച്ചതാണെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. അതുകൊണ്ടുതന്നെ ഉപനിഷത്തുകളേയും വൈദിക ദര്‍ശനങ്ങളേയും ഹൈന്ദവമെന്നു ചുരുക്കുന്നതിനല്ല അദ്ദേഹം വ്യഗ്രത കൊണ്ട് മറിച്ച് മാനവികമെന്ന് വിപുലപ്പെടുത്തുന്നതിനാണ്. ലോകത്തുള്ള മുഴുവന്‍ മനുഷ്യരുടേയും പൊതുസ്വത്താണ് ഈ ദര്‍ശന സംഹിതകള്‍ എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.ഹിന്ദുത്വവാദികളോട് സ്നേഹപൂര്‍വ്വം എന്ന ലേഖനത്തില്‍ അദ്ദേഹം പറയുന്നു – “ഹിന്ദു ശബ്ദത്തിന് ഭാരതീയം, ആര്‍ഷം എന്നീ പദങ്ങള്‍ക്കുള്ള പ്രാചീനതയോ പ്രാമാണ്യമോ ഇല്ല.ഭാരതീയ സംസ്കാരത്തിന്റെ അടിസ്ഥാനം വേദത്തിലേയും ഉപനിഷത്തുകളിലേയും ഗീതിയിലേയും ചിന്തകളാണ്.പ്രാചീന ഭാരതീയരുടെ ജീവിതദര്‍ശനങ്ങള്‍ വാല്മീകിയുടെ രാമായണവും വ്യാസന്റെ ഭാരതവും വ്യക്തമാക്കുന്നു.ഈ ഇതിഹാസങ്ങളടൊപ്പം സ്മൃതികള്‍ പുരാണങ്ങള്‍ എന്നിവകൂടി പറയാറുണ്ട്.പക്ഷേ ഇതിഹാസങ്ങള്‍ ഋഷിനിര്‍മിതങ്ങളും സ്മൃതിപുരാണങ്ങള്‍ ബ്രാഹ്മണ പുരോഹിതന്മാരുടെ ആചാരപ്രധാനങ്ങളായ സൃഷ്ടികളുമാണ്.ഈ വ്യത്യാസം മറക്കരുത്.ഹിന്ദു എന്ന പദം എത്രയോ കഴിഞ്ഞാണ് നമക്കിടയില്‍ പ്രചരിച്ചത്.വേദോപനിഷത്തുകളിലോ ഗീതയിലോ ബ്രഹ്മസൂത്രങ്ങളിലോ ഇല്ലാത്ത വാക്കാണ് അത്.നമ്മുടെ തത്ത്വചിന്തയെപ്പറ്റി സാധാരണ ഇംഗ്ലീഷില്‍ ഉപയോഗിച്ചുവരുന്ന വാക്ക് ഇന്‍ത്യന്‍ ഫിലോസഫി എന്നാണ്.അതുപോലെ ഇന്ത്യന്‍ സാഹിത്യം ഇന്ത്യന്‍ കലകള്‍ എന്നെല്ലാം പറഞ്ഞുവരുന്നു” സമകാലിക ഭാരതം മനസ്സിരുത്തി കേള്‍ക്കേണ്ട വാക്കുകളാണിവ.വര്‍ഗ്ഗീയതയുടെ കുടുസുകളിലേക്ക് വര്‍ത്തമാനകാലത്തെ ഇന്ത്യയെ ആനയിക്കുന്നവര്‍ക്കുള്ള മറുപടിയാണ് അദ്ദേഹം രേഖപ്പെടുത്തി വെച്ചിരിക്കുന്നത്. “നഗ്നമായ വര്‍ഗ്ഗീയ പക്ഷപാതവും അതിസങ്കുചിതമായ വിവേചനവും നാം ഇന്ത്യയില്‍ കണ്ടുവരുന്നത് ബി ജെ പിയില്‍ മാത്രമാണ”ന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ലേഖനം ഇങ്ങനെ അവസാനിക്കുന്നു – “ മുസ്ലീങ്ങളെ കൂട്ടമായി സംഹരിക്കുവാന്‍ പദ്ധതിയൊരുക്കിയ മാലേഗാവ് സ്ഫോടനക്കേസില്‍ പിടിയില്‍പ്പെട്ട സന്യാസിയോടും അഭിനവ് ഭാരത് സംഘടനയിലെ തീവ്രവാദികളോടും മൃദുസമീപനം കാണിക്കുന്ന ബി ജെ പിയുടെ മതം വല്ലതിനേയും സംഹരിക്കുന്നുണ്ടെങ്കില്‍ അത് ഹിന്ദു ധര്‍മ്മത്തെത്തന്നെയാണ്.ഇവരോട് സ്നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നത് ഈ അന്യോന്യ സംഹാരത്തിന്റെ പാതിയിലൂടെ മുന്നോടു പോകരുതേ “ എന്നാണ്.
നമ്മുടെ മാധ്യമ പ്രവര്‍ത്തനത്തെ നിശിതമായി വിലയിരുത്തുന്ന
കുറച്ചു ലേഖനങ്ങള്‍ ഈ സമാഹാരത്തിലുള്ളതു പ്രസ്തുത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെങ്കിലുമൊന്ന്
വായിച്ചു പോകുന്നത് നന്നായിരിക്കും.പ്രത്യേക പ്രിവിലേജുകള്‍ നേടിയെടുത്ത്
പരിലസിക്കുന്ന അക്കൂട്ടരുടെ ചില പ്രത്യേക കാലങ്ങളിലെ അനാശാസ്യമായ
മൌനത്തെക്കുറിച്ചു അഴീക്കോട് പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. അതുപോലെ വാര്‍ത്തകളെ
സത്യസന്ധമായി ജനങ്ങളിലേക്ക് എത്തിക്കുന്നതിനു പകരം തന്റേതായ ഇഷ്ടാനിഷ്ടങ്ങളുടെ
കൂട്ടിച്ചേര്‍ക്കലുകള്‍കൊണ്ട് അലങ്കരിച്ചെഴുന്നള്ളിക്കുന്ന രീതി ജനാധിപത്യത്തേയും
സാമൂഹ്യജീവിതത്തേയും ദുര്‍ബലപ്പെടുത്തും – വാര്‍ത്ത പവിത്രമാണ് അഭിപ്രായം സ്വതന്ത്രവും എന്ന് മാഷ്
നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
പി ഗോവിന്ദപ്പിള്ളയെ സ്വന്തം ജീവിതമാകെ ധൈഷണിക പ്രവര്‍ത്തനങ്ങള്‍ക്ക്
ഉഴിഞ്ഞുവെച്ച ഒരു യഥാര്‍ത്ഥ ബുദ്ധിജീവി എന്നാണ് അഴീക്കോട് വിശേഷിപ്പിക്കുന്നത്.പി
ജി ഒരു അസാധാരണമായ തുടര്‍ച്ചയാകേണ്ടതുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ടു അവസാനിക്കുന്ന
പ്രസ്തുത ലേഖനം, ആശയഗതികളില്‍ തന്റെ എതിര്‍ ചേരിയില്‍ നിലയുറപ്പിച്ചവരോടും
അഴീക്കോട് എടുക്കുന്ന സമീപനം വ്യക്തമാക്കുന്നു.അഴീക്കോടുമായി എം എന്‍ കാരശേരി
നടത്തിയ സംഭാഷണം ഈ പുസ്തകത്തിലെ പ്രധാന ആകര്‍ഷണമാണ്. അദ്ദേഹത്തിന്റെ ഒരുത്തരം
ഉദ്ധരിച്ചുകൊണ്ട് അവസാനിപ്പിക്കട്ടെ :- “എം എന്‍ വിജയന്റേത് കാലാതിപാതം വന്ന ശൈലിയാണ്.അതില്‍ ചിന്തയുടെ
നൂതനത്വമില്ല. ആലങ്കാരികഭാഷയാണത്.വിജയന്‍ ഒന്നും നേരെ ചൊവ്വേ പറയില്ല.എന്തും
വളച്ചുകെട്ടിയേ പറയൂ.ഒരേ സാധനം തന്നെയാണ് അദ്ദേഹം വില്ക്കുന്നത്.”
പ്രസാധകര് : ലിപി പബ്ലികേഷന്‍സ് വില 325 രൂപ, ഒന്നാം പതിപ്പ് ഡിസംബര്‍ 2011
പ്രസാധകര് : ലിപി പബ്ലികേഷന്‍സ് വില 325 രൂപ, ഒന്നാം പതിപ്പ് ഡിസംബര്‍ 2011
Comments