#ദിനസരികള്‍ 523- നൂറു ദിവസം നൂറു പുസ്തകം – തൊണ്ണൂറ്റിരണ്ടാം ദിവസം.
||പ്രതിഭയുടെ വേരുകള്‍ തേടി – എം പി വീരേന്ദ്രകുമാര്‍||
തെളിമയാര്‍ന്ന ഒരു സായാഹ്നത്തില്‍
ദൂരക്കാഴ്ചകള്‍ അനുവദിക്കുന്ന മലഞ്ചെരിവുകളിലൂടെ നിങ്ങള്‍ നടന്നുപോയിട്ടുണ്ടോ? പശ്ചിമാംബരത്തില്‍ കതിരവന്‍ തന്റെ ശോണരശ്മികളാല്‍
ചിത്രലേഖനം ആരംഭിച്ചിട്ടുണ്ടാകണം. പുലര്‍ച്ചേ ഇരതേടി വിദൂരദേശങ്ങളിലേക്ക് തിരിച്ച
ഖഗജാതികള്‍ ചക്രവാളത്തിലേക്ക് പറന്നടുക്കുവാന്‍ തുടങ്ങിയിട്ടുണ്ടാകണം.ഒരു പകലിന്റെ
തിരക്കുപിടിച്ച അശാന്തികളിള്‍ നിന്ന് വിശ്രാന്തിയുടെ രാത്രിയിലേക്കുള്ള പിന്മടക്കം.ഈ
ദിനസന്ധിയില്‍ ഇടവഴികളിലൂടെ നടക്കാനിറങ്ങിയ നിങ്ങളും ശാന്തനാകുന്നു.മനസ്സില്‍
നിന്നും എല്ലാ കാലുഷ്യങ്ങളും അകലുന്നു. പ്രപഞ്ചത്തെയാകമാനം ആലിംഗനം
ചെയ്യാനെന്നവണ്ണം ഹൃദയം വിശാലമാകുന്നു.അഹംഭാവത്തിന്റേതായ എല്ലാ മൂര്‍ച്ചകളും
എങ്ങെല്ലാമോ മാഞ്ഞുപോകുന്നു.അതിവിശാലമായ ആകാശത്തിനു കീഴില്‍ ഭൂമിയുടെ മാസ്മരികമായ
സവിധത്തിനു മുന്നില്‍ നാം തലകുനിക്കുന്നു, വിനീതനാകുന്നു.സമാനമായ അനുഭവമാണ്
തെളിമയുള്ളതും ഋജുവും സൂക്ഷ്മവേദിയുമായ ഭാഷയില്‍ എഴുതപ്പെട്ട എം പി വീരേന്ദ്രകുമാറിന്റെ പ്രതിഭയുടെ വേരുകള്‍
തേടി എന്ന പുസ്തകവും നമുക്ക് പ്രദാനം ചെയ്യുന്നത്.മഹാകാശത്തിനു ചുവട്ടില്‍
വിസ്തൃതമായ പ്രകൃതിയുടെ മടിത്തട്ടില്‍ നാമെങ്ങനെയാണോ അതിവിനീതരാകുന്നത്
അതുപോലെതന്നെ മഹാപ്രതിഭകളായ ഈ വിശ്വദാര്‍ശനികരുടെ സവിധത്തില്‍ നാം
നമ്രശിരസ്കരാകുന്നു.
ആസ്ട്രിയയുടെ
തലസ്ഥാനമായ വിയന്നയുമായി ബന്ധപ്പെട്ട് ജീവിക്കുകയും
പ്രവര്‍ത്തിക്കുകയും ചെയ്ത, ലോകത്തിന്റെ ഗതിയെ മാറ്റിമറിച്ചുകൊണ്ട്
മനുഷ്യകുലത്തിന്റെ ഭാവിഭാഗധേയങ്ങളെ നിര്‍ണയിച്ചെടുത്ത വിഖ്യാതമനീഷികളായ ഇമ്മാനുവല്‍
കാന്റ്, ലുഡ് വിഗ് വിറ്റ്‌ജെന്‍സ്റ്റീന്‍ , ഫെഡറിക്‍ നീഷേ, സിഗ്മണ്ട് ഫ്രോയിഡ് ,
കാള്‍ ഗുസ്താവ് ക്ലിംട്, സംഗീത ചക്രവര്‍ത്തി ബിഥോവന്‍ തുടങ്ങിയവരെക്കുറിച്ചെല്ലാം
ഈ പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്നു.വെറുതെ തന്റെ പാണ്ഡിത്യത്തെ
അവതരിപ്പിച്ചുകൊണ്ട് വസ്തുതകളെ പറഞ്ഞുപോകുകയല്ല ഗ്രന്ഥകാരന്‍ ഇവിടെ ചെയ്യുന്നത്.ഓരോ
ചിന്തകനും പുലര്‍ത്തിപ്പോരുന്ന തനതായ ആശയങ്ങളുടെ സൂക്ഷ്മവശങ്ങളെ അതിന്റെ സങ്കീര്‍ണതകള്‍
അധികമൊന്നും ബാധിക്കാത്ത വിധത്തില്‍ വായനക്കാരനു മനസ്സിലാക്കിക്കൊടുക്കുന്നതില്‍
വീരേന്ദ്രകുമാര്‍ സവിശേഷമായ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്.
വിയന്ന എന്ന സ്വപ്നം എന്ന ലേഖനത്തില്‍
നാം ഇങ്ങനെ വായിക്കുന്നു -
“നമ്മുടെ അരുണാചലപ്രദേശത്തോളം വിസ്തൃതിയുള്ള ആസ്ത്രിയയുടെ
തലസ്ഥാനമാണ് വിയന്ന എന്നേ ഒരു ശരാശരി കേരളീയന് അറിവുള്ളു.ആയുഷ്കാലം മുഴുവന്‍
ജ്ഞാനം എന്തെന്നും സത്യം എന്തെന്നും അന്വേഷിച്ച ഇമ്മാനുവല്‍ കാന്റ് തന്റെ
കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്താന്‍ പോലും മറന്ന് ഏകാകികയായി സഞ്ചരിച്ച
തെരുവുകള്‍ ഈ വിയന്നയിലുണ്ടെന്ന് അധികംപേരും അറിഞ്ഞിരിക്കില്ല.ഹൈന്ദവദാര്‍ശനികരെപ്പോലെ
ഇച്ഛാശക്തിയാണ് പ്രപഞ്ചസൃഷ്ടിക്ക് കാരണമെന്ന് കരുതിയ ഷോപ്പന്‍ ഹോവര്‍
അനുയായികളാരുമില്ലാതെ സ്വന്തം വളര്‍ത്തു നായയോടൊപ്പം നടന്നു പഴകിയ വഴിത്താകളും
ഇവിടെയുണ്ടെന്ന് പലരും ഓര്‍ത്തിരിക്കാനിടയില്ല.ഈശ്വരന്‍ മായ കൊണ്ടെന്ന പോലെ
മനുഷ്യന്‍ മനശക്തികൊണ്ട് പലതും സാധിച്ചിരുന്നുവെന്ന് തെളിയിച്ച മെസ്മര്‍ ഈ
നഗരതത്തില്‍ നിവസിച്ചിരുന്നുവെന്ന് അറിഞ്ഞവരും ദുര്‍ലഭമാണ്.വൈരുദ്ധ്യങ്ങളുടെ
ദ്വന്ദ്വമാനസ്വഭാവം വിവരിച്ച് ജോര്‍ജ്ജ് വില്‍ഹെം ഫ്രെഡ്രിക് ഹെഗല്‍
അസ്തിത്വത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ട് ഈ നഗരത്തിലെ തെരുവുകളിലൂടെ നടന്ന വിവരവും
അധികമാളുകള്‍ അറിഞ്ഞിരിക്കില്ല.” ഇപ്പോള്‍
വിയന്നയെക്കുറിച്ച്, അതുപേറുന്ന
വൈവിധ്യങ്ങളുടെ അമ്ലരൂക്ഷമായ സൌന്ദര്യത്തെക്കുറിച്ച് നാം അറിയുന്നു.
തത്വചിന്തയില്‍
മാത്രമല്ല, ചിത്രകലയും സംഗീതത്തിലുമുള്ള ഗ്രന്ഥകാരന്റെ താല്പര്യങ്ങള്‍
വെളിപ്പെടുത്തുന്നുണ്ട് ഗുസ്താവ് ക്ലിംടിനെപ്പറ്റിയും വിയന്നയിലെ
സംഗീതത്തെപ്പറ്റിയുമുള്ള ലേഖനങ്ങള്‍.”മനശാസ്ത്ര്രത്തില്‍
ഫ്രോയിഡ് ചെയ്തതുപോലെ കലാരംഗത്ത് വിപുലമായ പരിവര്‍ത്തനം വരുത്താന്‍ ക്ലിംടിനു സാധിച്ചു.ക്ലിംടും
മനുഷ്യന്റെ ആത്മസത്തയെ അന്വേഷിക്കുകയായിരുന്നു”വെന്ന്
അദ്ദേഹത്തിന്റെ ചില ചിത്രങ്ങളെ മുന്‍നിറുത്തി വീരേന്ദ്രകുമാര്‍ നിരീക്ഷിക്കുന്നു.ഓപ്പറേകളെപ്പറ്റിയും
സൊണാറ്റയെപ്പറ്റിയും സിംഫണിയെപ്പറ്റിയും ബിഥോവനേയും ഹെയ്ഡനേയും പോലെയുള്ള
സംഗീതജ്ഞരെപ്പറ്റിയും വിയന്നയിലെ സംഗീതം എന്ന ലേഖനത്തില്‍ അദ്ദേഹം
എഴുതുന്നു.അമേരിക്കയിലായിരുന്നപ്പോള്‍ പിയാനോ പരിശീലിക്കാന്‍ അല്പം അവസരം
ലഭിച്ചിരുന്നതുകൊണ്ട് സംഗീതത്തെക്കുറിച്ച് നല്ലൊരു ധാരണയില്‍ നിന്നുകൊണ്ടാണ്
അദ്ദേഹം സംസാരിക്കുന്നത്.
റസ്സലിന്റെ
പാശ്ചാത്യ തത്വചിന്തയുടെ ചരിത്രം പോലെയോ, ഡുറന്റിന്റെ തത്വചിന്തയുടെ കഥ പോലെയോ ലോകചിന്തയെ മലയാളത്തില്‍ പരിചയപ്പെ ടുത്തുന്ന
സമഗ്രമായ ഗ്രന്ഥങ്ങള്‍ നന്നേ വിരളമാണ്. ടി ശ്രീകുമാറിന്റെ തത്വചിന്തയ്ക്ക് ഒരാമുഖം
പോലെയുള്ള ശ്രമങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടിരിക്കുകയാണ്.അവിടവിടങ്ങളില്‍
ചിലരുടെ പരിശ്രമങ്ങള്‍ കാണാനുണ്ടെങ്കിലും അവ പ്രത്യേക ആവശ്യങ്ങളെ മുന്‍നിറുത്തി
രചിക്കപ്പെട്ടതാണ്. വീരേന്ദ്രകുമാറിനെപ്പോലെ പ്രസാദമധുരമായ ഭാഷയില്‍
ലോകതത്വചിന്തയെപ്പറ്റി ആരെങ്കിലുമൊക്കെ എഴുതിയിരുന്നെങ്കില്‍ എന്ന് ഈ പുസ്തകം
എന്നെ ആശിപ്പിക്കുന്നു.
പ്രസാധകര് : മാതൃഭൂമി ബുക്സ് വില 70 രൂപ, രണ്ടാം പതിപ്പ് ജനുവരി 2000
Comments