#ദിനസരികള്‍ 524- നൂറു ദിവസം നൂറു പുസ്തകം – തൊണ്ണൂറ്റിരണ്ടാം ദിവസം.
||വൃത്തമഞ്ജരി – എ ആര് രാജരാജവര്‍മ്മ||
അഴകുകള്ക്ക് അളവുകളുണ്ടെന്ന് ഗണിതശാസ്ത്രം.അവര്‍ അതിന് കനകാനുപാതമെന്നോ ഗോള്‍ഡന്‍ റേഷ്യോ എന്നോ പേരിട്ടു വിളിക്കുന്നു.ഒരു തരം ക്രമമാണത്. ഫിബനോച്ചി സംഖ്യകള്‍ ഉദാഹരണം. 1,2,3,5,8,13 ഇത്യാദികള് ഈ സംഖ്യാക്രമത്തിലെ ഒരു ക്രമമാണ്. 1170
ല്‍ ജനിച്ച് 125 ല്‍ മരിച്ച ഫിബനോച്ചി ലിയനാര്‌ഡോ മുയലുകളിലെ വളര്ച്ചാനിരക്കുകളെപ്പറ്റിയുള്ള പഠനത്തിലൂടെയാണ് ഈ സുവര്ണസംഖ്യകളെ കണ്ടെത്തിയത്.അഴകളവുകളുമായി കനാകാനുപാതത്തിന് അസാമാന്യമായ ബന്ധമുണ്ട്.ചിത്രകാരന്മാര് ഈ കനകാനുപാതത്തിന്റെ വശ്യത അനുഭവിച്ചറിയുന്നവരാണ്. മൊണാലിസ,അഗ്രിപ്പയുടെ പെന്റഗ്രാം എന്നിവയൊക്കെ കനകാനുപാതത്തിന്റെ കണക്കിലാണ്. ഇന്ത്യന്‍ ദേശീയ പതാക, സൂര്യകാന്തിപ്പൂവുകള്‍
, തെങ്ങോല എന്നിവയിലൊക്കെ നമുക്ക് ഈ കനകാനുപാതത്തിന്റെ മാന്ത്രികത കണ്ടെത്താം.ഈ ക്രമത്തിന്റെ ഭംഗി, പൊതുവായി പറഞ്ഞാല്‍ സൌന്ദര്യമുള്ളതിലെല്ലാം കണ്ടെത്താം.സ്ത്രീയും പുരുഷനും ആനയും അമ്പാരിയുമൊക്കെ ഈ ഇത്തരം ചില കണക്കുകളിലൂടെയാണ് സുന്ദരമായിരിക്കുന്നതെന്ന് മനസ്സിലാക്കുക. എന്നുവെച്ചാല് ഈ കനകാനുപാതത്തിന്റെ ശ്രേണിയുള്ളതുകൊണ്ട് ഒരു വസ്തു സുന്ദരമായിരിക്കുന്നുവെന്നല്ല , ക്രമത്തില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ‘കൂടുതല്‍’
സുന്ദരമായിരിക്കുന്നുവെന്നും , സുന്ദരമായിരിക്കുന്നതിന്റെയെല്ലാം അളവുകള്‍ കനകാനുപാതത്തിലോ മറ്റേതെങ്കിലും ശ്രേണിയിലോ ആയിരിക്കുമെന്നുമാണ്.
ഇത്രയും പറഞ്ഞത് സുന്ദരമെന്നു നാം കാണുന്നതിന്റെ പിന്നില്‍ അസ്വാഭാവികയൊന്നുമില്ലെങ്കില് ഒരു കണക്കുണ്ട്, ഒരു താളമുണ്ട് എന്നു സൂചിപ്പിക്കുവാനാണ്.മനുഷ്യന് ഇടപഴകുന്ന എന്തിലും ഒരു കണക്കും ഒരു ക്രമവും കണ്ടെത്താന്‍ കഴിയും.(കയോസുകള് ഇല്ലയെന്നല്ല. എന്നാലും അനന്തമായി വെളളത്തില്‍ തിളയ്ക്കുന്ന കോര്‍ക്കുകള്‍ അതിന്റെ ചലനം ആവര്ത്തിക്കുവാനുള്ള സാധ്യതയും അനന്തമായിരിക്കുമല്ലോ. അവിടേയും ഒരു ക്രമം വന്നുചേര്‌ന്നേക്കാമെന്നര്ത്ഥം )
പ്രകൃതിയില്‍ സ്വാഭാവികമായുള്ളതുപോലെ നാം സൃഷ്ടിച്ചെടുക്കുന്ന പേനയിലും പെന്സിലിലും കണ്ണടയിലും ഉടുപ്പിലും ചെരുപ്പിലുമൊക്കെ ഇത്തരമൊരു താളമുണ്ട്, ഭംഗിയുണ്ട്. എന്തിന് നമ്മുടെ ഭാവനകളെപ്പോലും ഈ താളം സ്വാധീനിക്കുന്നുണ്ട്.അങ്ങനെയൊക്കെയായിരിക്കേ കഥക്ക് കഥയുടെ താളവും നോവലിന് നോവലിന്റെ താളവും കവിതക്ക് കവിതയുടെ താളവും നിഷേധിക്കുന്നതെന്തിന്? രൂപാത്മകമായ ക്രമാം ഭാവാത്മകമായിക്കൂടി പ്രവര്‍ത്തിക്കുമ്പോള്‍ അതും സൌന്ദര്യസങ്കല്പങ്ങളെ തന്നെയല്ലേ അടിസ്ഥാനമാക്കുന്നതും? എന്തിനാണ് പിന്നെ നാം കവിതയുടെ താളത്തെ നിഷേധിക്കുകയും താളമില്ലായ്മയില്‍ ആഹ്ലാദിക്കുകയും ചെയ്യുന്നത്?
എ ആറിന്റെ വൃത്തമഞ്ജരിയെക്കുറിച്ചാണ് ആലോചന. കവിതയുടെ താളത്തിന്റെ കണക്കുപുസ്തകമാണല്ലോ അത്.പദ്യത്തിന് പദ്യത്തിന്റേതായ കണക്കെന്ന് പറയുമ്പോള്‍ അതൊട്ടും സുഖിക്കാത്തവരുണ്ടെന്ന് എനിക്കറിയാം.ഈ കണക്കൊന്നുമില്ലെങ്കിലും കവിതയെ അനുഭവിപ്പിക്കാന്‍ ഞങ്ങള്‍ക്കറിയാമെന്നാണ് നമ്മുടെ പുതുകവികളില്‍ മുക്കാലേമുണ്ടാണിയും ചിന്തിക്കുന്നത്.ആ വാദത്തിന് ബലം നല്കുന്ന ശക്തമായ കവിതകളെ അവര്‍ ഉദാഹരിക്കുകയും ചെയ്യും
ഇരുട്ടില്
ഒരെലി
കുഞ്ഞിനെ
പൂച്ചയെ ചൂണ്ടിക്കാട്ടി പഠിപ്പിക്കുകയാണ്
വലിയ കാഴ്ചശക്തിയാണ്
എപ്പോഴും കണ്ണില്‌പ്പെടാം
വലിയ കേള്വിശക്തിയാണ്
ഒരു രോമം നിലത്തുവീഴുന്ന ശബ്ദം കേട്ടാല്
ആരുടേതെന്നറിയും
സൌമ്യമൂര്ത്തിയാണ്
മറിച്ചിടുന്നത് മൃദുവായ കൈപ്പത്തികൊണ്ടാണ്
ക്ഷമാമൂര്ത്തിയാണ്
മുഴുമിപ്പിക്കാന്‍ നാലും അഞ്ചും മണിക്കൂറുകളെടുക്കും
ദയാവാരിധിയാണ്
പല തവണ നമുക്കു ജീവിതം തിരിച്ചു തരും
സഹൃദയനാണ്
വാലിന്റെ അവസാനത്തെ വളഞ്ഞുനിവരല് വരെ
ആസ്വദിക്കും
ഒരു തിരക്കുമില്ല
സമയത്തിന്റെ പ്രഭുവാണ് – ഈ വരികള്‍ അനുഭവിപ്പിക്കുന്നില്ലേ എന്ന് നിങ്ങള്‍ ചോദിക്കുന്നത് എനിക്കു കേള്ക്കാം.ആന്തരികമായ ഒരു താളബോധം നമ്മെവന്നു മൂടുന്നതു് തിരിച്ചറിയാനും കഴിയുന്നു.പക്ഷേ ഇത് പദ്യമല്ല, മറിച്ച് ഗദ്യവല്ക്കരിക്കപ്പെട്ട പദ്യമാണ്.രൂപം ഗദ്യത്തിന്റേതും ഭാവം പദ്യത്തിന്റേതും. കവിതയാണോ എന്നുവെച്ചാല് കവിതയല്ല, എന്നാല്‍ കവിതയല്ലേ എന്നു ചോദിച്ചാല്‍ ആണുതാനും എന്ന തരത്തിലായിരിക്കും നമ്മുടെ മറുപടി. ഇവിടെയാണ് അഴകിന്റെ അളവിനെ ചൂണ്ടിക്കാട്ടി എ ആറിനെപ്പോലെയുള്ളവര് മുന്നോട്ടുവന്ന്,
ഭാവിക്കയില്ല മകനെന്നിനി നിന്നെ ഞാനും
തീവെച്ചുകൊള്ളുക പിതൃസ്മരണക്കു നീയും
നീ വെച്ച പിണ്ഡമൊരുനാളുമെനിക്കു വേണ്ട
പോകുന്നു ഞാന്‍ ഉദയമെന്നെ സഹിക്കയില്ല - എന്നെഴുതുന്നതിന്റെ മാസ്മരികമായ ഭംഗിയും തുടിതുടിക്കുന്ന ഭാഷയുടെ ഗതിയും ആ ഗതിയോട് ഇണങ്ങി നില്ക്കുന്ന ഭാവവും സമഞ്ജസമായി സമ്മേളിക്കുന്ന കവിതകളെ ഉദാഹരിക്കുന്നത്.
മലയാളികളെ ഭാഷയുടെ കണക്കു പഠിപ്പിക്കുന്നതില്‍
വൃത്തമഞ്ജരിയുടെ സ്ഥാനത്തെക്കുറിച്ച് ആരും തര്‍ക്കിക്കുമെന്ന് തോന്നുന്നില്ല.
എന്നാല്‍ ആ കണക്കുകളെ സ്വീകരിച്ചുകൊണ്ടു കവിതയുടെ വഴിയേ ചരിക്കുന്നത്
ക്ഷിപ്രസാധ്യവുമല്ല.ദീര്‍ഘകാലത്തെ പദധ്യാനവും പരിശ്രമങ്ങളും അതിനു അനിവാര്യമാണ്.
അതുകൊണ്ടുതന്നെയാണ് വൃത്തത്തെ പഴഞ്ചനെന്ന് വിശേഷിപ്പിച്ച് പുത്തന്‍കൂറ്റുകാര്‍
തള്ളിക്കളയാന്‍ പ്രയത്നിക്കുന്നതും. ചുരുക്കിപ്പറഞ്ഞാല്‍ അധ്വാനിക്കുവാന്‍ കഴിയാത്തവന്റെ
എളുപ്പവഴിയാണ് വൃത്തരഹിതമായ കവിതയെഴുത്ത്.ഇതുവഴിയേ ഒരിക്കലെങ്കിലും വന്നുപോകുക
എന്നാണ് പുതുതലമുറയോട് എന്റെ അഭ്യര്‍ത്ഥന.
പ്രസാധകര്‍ : കറന്റ് ബുക്സ് വില 30 രൂപ, മൂന്നാം പതിപ്പ് ആഗസ്റ്റ് 1999
Comments