#ദിനസരികള്‍ 522- നൂറു ദിവസം നൂറു പുസ്തകം – തൊണ്ണൂറ്റിയൊന്നാം ദിവസം.‌



||അപരത്തെ തൊടുമ്പോള്‍  റഫീഖ് ഇബ്രാഹിം||

            പ്രസിദ്ധ ചിന്തകനും പ്രഭാഷകനുമായ സുനില്‍ പി ഇളയിടവുമായി റഫീക് ഇബ്രാഹിം നടത്തിയ സംഭാഷണങ്ങളുടെ സമാഹാരമാണ് അപരത്തെ തൊടുമ്പോള്‍ എന്നു പേരിട്ടിരിക്കുന്ന ഈ പുസ്തകം.ദേശാഭിമാനി ഓണപ്പതിപ്പിനു വേണ്ടി നടത്തിയ അഭിമുഖം അന്തമില്ലാതെ നീണ്ടുപോകുകയും അത് ഇത്തരമൊരു പുസ്തകത്തിന്റെ വടിവിലേക്ക് പരിണാമംകൊള്ളുകയും ചെയ്യുകയായിരുന്നുവെന്ന് റഫീക് പറയുന്നുണ്ട്. അതെന്തുതന്നെയായാലും സമകാലിക ലോകത്തോട് ഇത്രയും ശക്തമായി സംവദിക്കുകയും അതിന്റെ ഗതികളെ മാറ്റിത്തീര്‍ക്കാന്‍ സദാ ഉത്സുകനായിരിക്കുകയും ചെയ്യുന്ന സുനിലിനെപ്പോലെയുള്ള ഒരാളുടെ വിചാരലോകത്തിന്റെ പരിച്ഛേദമായിമാറാന്‍ ഈ പുസ്തകത്തിനു കഴിഞ്ഞിട്ടുണ്ട് എന്നതില്‍ അഭിമുഖകാരനായ റഫീകിന് ചരിതാര്‍ത്ഥനാകാം. എം വി നാരായണന്റെ പഠനാത്മകമായ അവതാരികയോടെ വിചാരലോകം , സാഹിത്യം, ചരിത്രം , മഹാഭാരതം, സാമൂഹികജീവിതം, മാര്‍ക്സിസം എന്നിങ്ങനെ ആറു ഭാഗങ്ങളായി തിരിച്ചിരിക്കുന്ന ഈ പുസ്തകം മനുഷ്യനെ കള്ളികളിലേക്ക് ചുരുക്കിയെടുക്കുകയല്ല , വിശാലമായ ലോകത്തിന്റെ ഭിന്നരുചികളോട് ചേര്‍ത്തു വെച്ച് വിചാരംകൊള്ളുകയാണ് ചെയ്യുന്നത്.ഒരു ചിന്തകന്റെ സങ്കേതഭദ്രമായ വാദമുഖങ്ങളെക്കാള്‍ ഒരു ഗ്രാമീണന്റെ കേവലമായ സന്ദേഹങ്ങളോട് ഹൃദയപൂര്‍വ്വം സംവദിക്കുന്ന ഒരാളായിട്ടാണ് ഈ സംഭാഷണത്തില്‍ നമുക്ക് സുനിലിനെ അനുഭവിക്കാനാകുക.താന്‍ അഭിപ്രായം കൊള്ളുന്ന മേഖലകളില്‍ പുരോഗമനാത്മകമായ മുന്നേറ്റങ്ങള്‍ക്ക് പുത്തന്‍ മൂര്‍ച്ചകളുണ്ടാകുന്നുവെന്നുള്ളതാണ് ഇന്നത്തെക്കാലത്ത് സുനില്‍ പകരുന്ന പ്രസക്തി, വര്‍ത്തമാനകാലം ആവശ്യപ്പെടുന്നതും അതുതന്നെയാണല്ലോ!

            വിവിധ ജ്ഞാനമേഖലകള്‍ തമ്മിലുള്ള ബന്ധങ്ങളേയും അതത് ചിന്തയിലുള്ള അവയുടെ അന്യേന്യതകളേയും ഒരുമിച്ചു കൊണ്ടുപോകുന്ന ഒരു സമീപനം ഇന്ന് വളരെ പ്രധാനമാണ്. മലയാളത്തില്‍ ശാസ്ത്രത്തിലോ സാമൂഹ്യശാസ്ത്രത്തിലോ ഒരു വ്യാവഹാരിക സമ്പന്നത നമുക്ക് കൈവരിക്കാന്‍ പറ്റിയിട്ടില്ല. ഭാഷയുടേയും നമ്മുടെ അധിനിവേശിതയുക്തിയുടേയും സ്വകീയമായ ജ്ഞാനനിര്‍മ്മിതിയില്‍ നിന്ന് പുറത്തുപോയതിന്റേയും പ്രശ്നങ്ങള്‍ അതിനകത്തുണ്ട്. സാഹിത്യം പ്രഥമഭാഷണമാണ് എന്നും സാഹിത്യകാരനാണ് സൂര്യന് താഴെയുള്ള സകലതിനെ കുറിച്ചും ആധികാരികമായി അഭിപ്രായം പറയേണ്ടത് എന്നും നാം കരുതിപ്പോരുന്നു.സാമൂഹ്യശാസ്ത്ര പ്രശ്നങ്ങളെപ്പോലും നാം സാഹിത്യപരമായി കൈകാര്യം ചെയ്തുകളയും.അങ്ങനെയൊരു സമയത്താണ് സുനിലിന്റെ ഈ സമീപനരീതി ശക്തിയായി മുന്നോട്ടു വരുന്നത്.അതിനു വലിയ സാധുതകളുണ്ട്.എന്ന് അവതാരികയില്‍ എം വി നാരായണന്‍ ചൂണ്ടിക്കാണിക്കുന്നത് സുനിലിനെ സംബന്ധിച്ച് തികച്ചും ശരിയാണ്. കേവലം യാന്ത്രികമായി താന്‍ ആര്‍ജ്ജിച്ച അറിവുകളെ അവതരിപ്പിക്കുകയല്ല അദ്ദേഹം ചെയ്യുന്നത്. പരിപൂര്‍ണമായും സ്വാംശീകരിക്കപ്പെടാത്തതായ ഒന്നിനേയും സുനില്‍ പുറംതള്ളുന്നില്ല.എം വി നാരായണന്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ ജ്ഞാനമേഖലകളെ സമഞ്ജസമായി സമ്മേളിപ്പിച്ചുകൊണ്ടുള്ള സുനിലിന്റെ ഇടപെടലുകള്‍ അക്കാരണംകൊണ്ടുതന്നെയാണ് ലക്ഷ്യവേധിയാകുന്നതും.

            സാംസ്കാരിക മൂലധനങ്ങളെ പരിവര്‍ത്തിപ്പിച്ച് കക്ഷിരാഷ്ട്രീയത്തിന്റെ മൂലധനമാക്കിമാറ്റി തങ്ങളുടെ പടുതകള്‍ക്കു കീഴിലേക്ക് വലിച്ചടുപ്പിക്കാനുള്ള സംഘപരിവാരരാഷ്ട്രീയത്തിന് കടുത്ത പ്രതിരോധമാകുന്നുണ്ട് നമ്മുടെ ഈടുവെയ്പ്പുകളിലൂടെ സുനില്‍ നടത്തുന്ന സഞ്ചാരമെന്ന് വര്‍ത്തമാനകാലത്ത് നാം അനുഭവിച്ച് അറിഞ്ഞതാണ്.ജനതയെ ആകര്‍ഷിച്ച മഹാഭാരതപര്യടനം അത്തരമൊരു ഇടപെടലിന്റെ മൂര്‍ത്ത രൂപമാണ്. എന്നാല്‍ സുനിലിന്റെ പ്രഭാഷണങ്ങള്‍ മിക്കപ്പോഴും തന്നെ ഒരു തിരിച്ചു പിടിക്കലിന്റെ വ്യഗ്രതയും ജാഗ്രതയും പേറുന്നവയാണ്.ശ്രീനാരായണനെ ഹിന്ദു സന്യാസിയാക്കി പുതിയ തൊഴുത്തിലേക്ക് മാറ്റിക്കെട്ടുവാന്‍ ശ്രമിക്കുന്ന വര്‍ഗ്ഗീയയുക്തികളെ സുനില്‍ സമര്‍ത്ഥമായി നേരിടുന്നുണ്ട് , പലപ്പോഴും. ഇങ്ങനെ പൊതുവായ നീതിബോധത്തിലേക്ക് ഇണക്കിച്ചേര്‍‌ക്കേണ്ടവയെ കള്ളികളിലേക്ക് ചുരുക്കിയടുക്കുവാന്‍ സങ്കുചിതപ്പെടുത്തുവാനും മൌലികവാദികള്‍ നിരന്തരം പരിശ്രമിക്കുമ്പോള്‍ അരുത് എന്ന പ്രതിരോധമാകുന്നുണ്ട് , സുനില്‍.

            തന്റെ ശത്രുക്കളെക്കുറിച്ച് ഒട്ടൊരു തമാശ കലര്‍ത്തി സുനില്‍ പറയുന്നതു കേള്‍ക്കുകകേവലമായ തര്‍ക്കത്തിനപ്പുറം എന്തെങ്കിലും പറയണമെന്നു തോന്നുമ്പോള്‍ പറയാറുണ്ട്.എങ്കിലും എതിര്‍പ്പിനു കുറവൊന്നുമില്ല കെട്ടോ.സംഘികള്‍ അമാനവര്‍, ഇടതുപക്ഷത്തിലെ തന്നെ ശുദ്ധിവാദികള്‍, ഉത്തരാധുനിക പരിവേഷത്തില്‍ ഒളിച്ചിരിക്കുന്ന മതമൌലികവാദികള്‍.. ഇവരൊക്കെ നിരന്തരം ആക്രമിക്കുന്നുണ്ട്.അതുകൊണ്ട് മുഷിപ്പിക്കാതിരുന്നിട്ടും കാര്യമൊന്നുമില്ല.ശത്രുക്കള്‍ വേണ്ടതില്‍ അധികമുണ്ട്.ഈ പ്രസ്താവനയില്‍ നിന്നും നല്ല തൂക്കമുള്ള ഒരു നിര അപ്പുറത്ത് ശത്രുക്കളായി നില്ക്കുന്നുവെന്ന് നമുക്കു ബോധ്യമാകുന്നു.അതോടൊപ്പംതന്നെ ഉന്നയിക്കപ്പെടുന്ന എതിരഭിപ്രായങ്ങളെ ഏതെങ്കിലുമൊക്കെ കളളികളിലേക്ക് പെടുത്തി മുക്കിക്കളയാനുള്ള ശ്രമം അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുമുണ്ടാകുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടതുതന്നെയാണ്.

            അത്തരമൊരു പരിശോധനക്കു മുതിരുമ്പോഴാണ് സുനിലിനെതിരെ പ്രഥമവും പ്രധാനമായും ഉന്നയിക്കപ്പെടുന്ന സവര്‍ണപക്ഷപാതി എന്ന ആരോപണത്തിന് ഈ പുസ്തകം വല്ല നിലയിലും മറുപടി പറയുന്നുണ്ടോയെന്ന് അന്വേഷിക്കേണ്ടിവരുന്നത്. സവര്‍ണ മാര്‍ക്സിസ്റ്റ് എന്ന ആക്ഷേപം ധാരാളം കേട്ട ഒരാളാണ് താങ്കള്‍.ആരോപിക്കപ്പെടുന്ന സവര്‍ണതയെ എങ്ങനെയാണ് കാണുന്നത്, ഇത്തരം പരാമര്‍ശങ്ങളോട് എന്തു നിലപാടാണ് സ്വീകരിക്കുന്നത് ?” എന്നൊരു ചോദ്യത്തിനെ സുനില്‍ അഭിമൂഖീകരിക്കുന്നുണ്ട്. മാര്‍ക്സിസ്റ്റ് വിരുദ്ധരായ ആളുകള്‍ക്ക് മാര്‍ക്സിസത്തിനു വേണ്ടിയുള്ള എന്റെ വാദഗതികളെ നേരിട്ട് ആക്രമിക്കുന്നതിനെക്കാള്‍ എളുപ്പം ഇതൊരു സവര്‍ണതയാണെന്നു പറഞ്ഞ് തള്ളിക്കളയലാണ് എന്ന് സുനില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.സേഫ് സോണില്‍ മാത്രം കളിക്കുന്ന ഒരാളുടെ കുറ്റബോധത്തില്‍ നിന്നും ഉടലെടുത്തതാണോ ഈ  മറുപടി എന്ന ശങ്ക എനിക്കുണ്ട്.ഈ ചോദ്യത്തിന് ഉത്തരമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നതെല്ലാം അപര്യാപ്തമാകുന്നത് എല്ലാത്തിനും മുകളില്‍ ഒരു മനസ്സാക്ഷിക്കുത്ത് മുഴച്ചു നില്ക്കുന്നുവെന്നതുകൊണ്ടാണെന്നു കൂടി എനിക്കു തോന്നുന്നു.
           
സേഫ് സോണില്‍ കളിക്കുക എന്നത് ഒരല്പംകൂടി വിശദീകരണമര്‍ഹിക്കുന്ന ആരോപണമാണ്.ശങ്കരനും രാമാനുജനും മാധ്വനും തുടങ്ങി തിലകനും ഗാന്ധിയും വരെയുള്ളവര്‍ ഗീതക്ക് പല മാനങ്ങളുള്ള വ്യഖ്യാനങ്ങള്‍ ചമച്ചു. പക്ഷേ അതൊക്കെ ഗീതയ്ക്കു മുകളില്‍ കയറ്റിയ തൊങ്ങലുകള്‍ മാത്രമായിരുന്നു. എല്ലുറപ്പ് ഗീതയുടേതു തന്നെയായിരുന്നു. അതുകൊണ്ട് വിവിധ ഭാഷ്യങ്ങള്‍ക്ക് എതിര്‍പ്പുണ്ടായില്ല.ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഗീതയുടെ സവിധത്തിലേക്ക് ആളെ കയറ്റി അയക്കുകയായിരുന്നുവല്ലോ ഓരോരുത്തരും ചെയ്തത് ? കൂട്ടത്തില്‍ക്കൂടി ഗീതക്ക് പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടെത്തുക എന്നത് രസകരമാണ്. എന്നാല്‍ ഗീതയുടെ നിഷേധമെന്നു പറയുന്നത് അത്ര എളുപ്പമുള്ള ഒരു കളിയല്ല. അതുകൊണ്ട് ഗീത ബ്രാഹ്മണികമാണെന്നും സവര്‍ണ മേല്‍‌ക്കോയ്മയെ താങ്ങി നിറുത്തുന്ന അദ്വൈത ചിന്തകള്‍ക്ക് അടിസ്ഥാനമായിരിക്കുന്നത് ഗീത തന്നെയാണെന്നും അതില്‍ നിന്നുള്ള വിമോചനം മാത്രമേ ദളിതുപക്ഷത്തിന് ശാശ്വതമായ പരിഹാരം നല്കുകയുള്ളുവെന്നുമുള്ള നിലപാടിന് സവിശേഷമായ നമ്മുടെ വര്‍ത്തമാനകാലപരിസരത്ത് എതിര്‍പ്പു കൂടും. ആ എതിര്‍പ്പിന് ശരവ്യമാകുന്നതിനെക്കാള്‍ പംഗും ലംഘയതേ ഗിരിം എന്നു പാടുന്നതുതന്നെ അഭികാമ്യം.

            സവര്‍ണതയുടെ വീക്ഷണങ്ങള്‍ തന്നിലുണ്ടെന്ന് അദ്ദേഹം തുറന്നു സമ്മതിക്കുന്നുണ്ട്.എന്നാല്‍ ഒട്ടും താമസിക്കാതെ താനൊരു ദളിതു വിരുദ്ധനല്ല എന്നും കൂടി അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുമുണ്ട്.സ്പിനോസയും ഗ്രാംഷിയും മുതല്‍ പി ജിയും കെ എന്‍ പണിക്കരും വരെയുള്ളവരെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഈ പുസ്തകത്തില്‍ എന്തുകൊണ്ടാണ് ദളിതുചിന്തകളെക്കുറിച്ച് സംസാരിക്കണമെന്ന് തോന്നാതിരുന്നത്? ഉത്തരം നൂറ്റി മുപ്പത്തിയാറു ചോദ്യങ്ങള്‍ സുനിലിനു നേര്‍‌ക്കെറിഞ്ഞ റഫീകിന് അറിയാമെന്നു കരുതുന്നു.അതുകൊണ്ടായിരിക്കണമല്ലോ അദ്ദേഹം സമകാലിക ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു വിഷയത്തെക്കുറിച്ച് ഒരു ചോദ്യം പോലും ഉന്നയിച്ച് സുനില്‍ പി ഇളയിടത്തെ വിഷമിപ്പിക്കാതിരുന്നത് ? റഫീകിന്റേത് ഒരു വ്യക്തിയുടെ മാത്രം ഇഷ്ടാനിഷ്ടങ്ങളുടെ വിഷയമല്ലെന്നും പൊതുമനസ്സ് ചിന്തിക്കുന്നത് അങ്ങനെയാണെന്നും സുനില്‍ തിരിച്ചറിയുക തന്നെ വേണം.പ്രദീപന്‍ പാമ്പിരിക്കുന്നിനാണ് ഈ പുസ്തകം സമര്‍പ്പിച്ചിരിക്കുന്നതെന്നത് ഇത്തരുണത്തില്‍ വലിയൊരു വൈരുദ്ധ്യമാകുന്നവെന്ന് പറയാതെ വയ്യ.


            അതോടൊപ്പം അടുത്ത പതിപ്പുകളില്‍ തിരുത്താവുന്ന ഒരു തെറ്റുകൂടി ഈ പുസ്തകത്തിലുണ്ട്. നാരായാണഗുരു മുതലാണ് കേരളത്തിന്റെ നവോത്ഥാനബോധ്യങ്ങള്‍ ആരംഭിച്ചതെന്ന് ആമുഖത്തില്‍ പറയുന്നത് ശരിയായ നിലപാടാണെന്ന് സുനില്‍ തന്നെ അംഗീകരിച്ചു തരുമെന്ന് തോന്നുന്നില്ല.അയ്യാ വൈകുണ്ഠരോളം അത്തരം സാമൂഹ്യ പരിഷ്കരണശ്രമങ്ങളുടെ വേരുകള്‍ നീളുന്നുണ്ട്. എന്തായാലും ഉന്നയിച്ച ആക്ഷേപങ്ങള്‍ക്കപ്പുറം സുനില്‍ പി ഇളയിടത്തെപ്പോലെയുള്ള പ്രാമാണികരായവര്‍ കേരള സമൂഹത്തിലുണ്ടാക്കിയെടുക്കുന്ന മൂല്യബോധങ്ങള്‍ ഈ കാലഘട്ടത്തിന് ദിശപകരുന്നുവെന്നത് നിസ്തര്‍ക്കമാണ്. ഈ പുസ്തകം അത്തരത്തിലൊരു മുന്നേറ്റത്തിന് വേഗത പകരുതതന്നെ ചെയ്യും എന്ന കാര്യത്തില്‍ എനിക്കു സംശയമില്ല.

പ്രസാധകര്: പ്രോഗ്രസ് പബ്ലിഷേഴ്സ് വില 210 രൂപ, ആറാം പതിപ്പ് മെയ് 2018



Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1