#ദിനസരികള് 535
കന്നഡ നടന്‍ രാജ്കുമാറിനെ
തട്ടിക്കൊണ്ടുപോയ കേസില്‍ പതിനെട്ടു വര്‍ഷങ്ങള്‍ക്കു ശേഷം വീരപ്പനെ കോടതി
വെറുതെവിട്ടു.വിധി വന്നപ്പോഴേക്കും കേസിലെ കക്ഷികളായ രണ്ടുപേരും മരിച്ചിരുന്നു. അതുകൊണ്ടുതന്നെ
നമ്മള്‍ കോടതി വിധിയുടെ മുകളില്‍ തമാശക്കോട്ടകള്‍ പണിതുകൊണ്ട് ചിരിയുടെ
മാലപ്പടക്കം സൃഷ്ടിച്ചു.പക്ഷേ ആ ചിരികള്‍ക്കുമുകളില്‍ വിഷാദാത്മകമായ ഒരസ്വസ്ഥത
കനംതൂങ്ങി നിന്നു.നമ്മുടെ നീതിന്യായവ്യവസ്ഥയുടെ അര്‍ത്ഥശൂന്യമായ ചില സന്ദര്‍ഭങ്ങളെ
ചിരിയില്‍ വിലയിപ്പിച്ചുകളയാനുള്ള ശ്രമങ്ങള്‍ക്കുമപ്പുറം അനന്തമായി നീളുന്ന
നമ്മുടെ കോടതി വ്യവഹാരങ്ങളെക്കുറിച്ചുള്ള ഒരു വേവലാതിയായി അതു മാറി.
ഈ ജനാധിപത്യരാജ്യത്ത്, അസമയത്തു ലഭിക്കുന്ന നീതി
അനീതിയാണെന്നു ചിന്തിക്കുന്ന നമ്മുടെ രാജ്യത്ത് കടലാസുകൂമ്പാരങ്ങളായി കോടതികളെന്ന
രാവണന്‍ കോട്ടകളില്‍ നീതികാത്തിരിക്കുന്നത് കോടിക്കണക്കിനു ജീവിതങ്ങളാണ്.നിസ്സാരമായ
പിണക്കങ്ങളുടെ പേരില്‍ നിരവധി വര്‍ഷങ്ങള്‍ നീളുന്ന നീതിന്യായ വ്യവഹാരങ്ങളിലേക്ക്
വഴുതിവീണവര്‍ മുതല്‍ മനസ്സാക്ഷിയില്ലാത്തെ കുറ്റകൃത്യങ്ങളുമായി സമൂഹത്തെ
വെല്ലുവിളിച്ചവര്‍ വരെ ആ കോടികളില്‍ പെടുന്നു. കെട്ടിക്കിടക്കുന്ന
കേസുകളെക്കുറിച്ച് എത്രയോ നിയമജ്ഞന്മാരുടെ വിലാപംതന്നെ നാം കേട്ടു. ഒരു
പൊതുവേദിയില്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റീസുതന്നെ കണ്ണുനീരൊഴുക്കുന്നതും നാം കണ്ടു.
അതിനെത്തുടര്‍ന്ന് ചില പ്രഖ്യാപനങ്ങളുടെ ഇളക്കങ്ങളുണ്ടായി എന്നല്ലാതെ ഒന്നും
പ്രായോഗികമായി ചെയ്തുകണ്ടില്ല.കോടതി മുറികളില്‍ എരിഞ്ഞു തീരുന്ന ജീവിതങ്ങളെക്കുറിച്ച്
ഒരു ആശങ്കയുമില്ലാത്തവരായി നമ്മുടെ ഭരണാധികാരികള്‍ മാറി എന്ന സന്ദേഹം
ബലപ്പെടുകയാണ്.ഏറ്റവും ദയനീയമാകുന്നത് പോക്സോ കേസുകളുകളില്‍പ്പോലും ശരിയായ
സമയത്ത് നീതി നടപ്പിലാക്കാന്‍ കഴിയുന്നില്ലെന്ന വസ്തുത ഞെട്ടിക്കേണ്ടതുതന്നെയാണ്.
കോടതിയുടെ പ്രവര്‍ത്തനം
വേഗപ്പെടത്താന്‍ പരിശോധിക്കേണ്ട ചില
ഘടകങ്ങളുണ്ട്
1.ഒന്ന് ജീവനക്കാരേയും
സ്ഥലസൌകര്യങ്ങളും വര്‍ദ്ധിപ്പിക്കണം.
2. ന്യായാധിപരുടെ കര്‍മ്മശേഷി
പരിശോധിക്കപ്പെടണം
3.കേസുകളിലെ സാക്ഷികള്‍
യഥാസമയം ഹാജരാക്കപ്പെടണം
4.അനന്തമായി കേസുകള്‍
നീട്ടിക്കൊണ്ടുപോകുന്ന രീതി വക്കീലന്മാര്‍ പുനപരിശോധിക്കണം.ഒരു കേസു കിട്ടിയാല്‍
കൊല്ലങ്ങളോളം വരുമാനമായി എന്ന ചിന്ത കേസുകള്‍ തീര്‍ക്കുന്നതിന് പ്രധാന തടസ്സമാണ്.
5. വക്കീലന്മാരുടെ
മധ്യസ്ഥതയിലോ നാട്ടുമധ്യസ്ഥതയിലോ കോടതിക്കു പുറത്തു കേസുകള്‍ പരിഹരിക്കപ്പെടാനുള്ള
സാധ്യതകള്‍ വര്‍ദ്ധിപ്പിക്കണം.
6. പോലീസ് സ്റ്റേഷനുകളിലെ
മധ്യസ്ഥമെന്നത് നിയമപരമായ ബാധ്യതയാക്കുവാനുള്ള വഴികള്‍ ആരായണം.
വഴികള്‍ നിരവധിയുണ്ട്. ആവിഷ്കരിച്ചു നടപ്പിലാക്കാനുള്ള
ഇച്ഛാശക്തിയാണ് വേണ്ടത്.
Comments