#ദിനസരികള് 533
“എവിടെയായിരുന്നു?
“വെറുതെയിങ്ങനെ ഓരോരോ
പരിപാടികള്‍”
“കുറേയായി കാണാതെയായപ്പോള്‍
ഞാന്‍ വിചാരിച്ചു നിങ്ങള്‍ ഈ വഴിയൊക്കെ മറന്നേപോയിയെന്ന്... ?“
“അങ്ങനെ എളുപ്പത്തില്‍
മറക്കാനാവുമോ നിങ്ങളെയൊക്കെ..?”
“മറവിയുടേയും വേര്‍പിരിയലുകളുടേയും
നിതാന്തമായ ആവര്‍ത്തനമാണല്ലോ ജീവിതം.”
“അത്ര തന്നെ
കൂടിച്ചേരലുകളുമുണ്ട് എന്നാണ് എന്റെ കാഴ്ചപ്പാട്”
“നല്ലത്.ഒന്നൊന്നിന്
പൂരകമായിരിക്കുന്നുവെന്ന ചിന്ത നിര്‍മാണാത്മകം തന്നെ. “വേദനകളെ നാം ആഴത്തില്‍ ഓര്‍ത്തുവെക്കുന്നതുകൊണ്ടായിരിക്കണം
ജീവിതത്തിന് ഇരുള്‍ വശങ്ങളാണ് കൂടുതലെന്നു ചിന്തിച്ചുപോകുന്നത്.”
“ആവട്ടെ … സംതൃപ്തിയുടെ മാനദണ്ഡങ്ങള്‍
ആപേക്ഷികമാണെങ്കിലും ചോദിക്കട്ടെ, തൃപ്തന്‍ തന്നെയോ?”
ചോദ്യത്തിന്റെ ശലാകകള്‍ തൊട്ടപ്പോള്‍ ഒന്നു പിടഞ്ഞു. ചില
മുനകളുണ്ട്,വേദനിപ്പിച്ചവ. ചില മൂര്‍ച്ചകളുണ്ട്, മുറിപ്പെടുത്തിയവ.എങ്കിലും
സംശയലേശമെന്യേ പറയാം, തൃപ്തന്‍ തന്നെയാണ്.
എനിക്കു
രസമീ നിമ്നോന്നതമാം
വഴിക്കു
തേരുരുള്‍ പായിക്കല്‍
ഇതേതിരുള്‍ക്കുഴി
മേലുരുളട്ടെ
വിടില്ല
ഞാനീ രശ്മികളെ - എന്ന ദര്‍ശനത്തോട് എനിക്ക് അതിപ്രിയമുണ്ട്. ഇരുള്‍ക്കുഴികള്‍ക്കുമുകളില്‍
സ്തബ്ദനാകുകയല്ല വേണ്ടതെന്ന ബോധ്യമാണ് മുന്നിട്ടു നില്ക്കുന്നത്. എന്നു മാത്രമല്ല,
ദൈവത്തെ ശത്രുവാക്കിയവന് ഇനി മിത്രമാര് ? അതുകൊണ്ടു പറഞ്ഞു
“തൃപ്തനാണ്, പരിപൂര്‍ണമായും.”
“പരിപൂര്‍ണമായും തൃപ്തി
എന്നൊന്നില്ല.ഉണ്ടാവുകയുമരുത്. അങ്ങനെയൊന്നുണ്ടായാല്‍ മുന്നോട്ടുള്ള എല്ലാ
പ്രയാണവും അവിടെ അവസാനിക്കും. നിങ്ങളിലെ അതൃപ്തിയും അസന്തുഷ്ടിയുമൊക്കെയാണ്
കൂടുതല്‍ സര്‍ഗ്ഗാത്മകമായ മൂഹുര്‍ത്തങ്ങളെ തേടുവാന്‍ പ്രേരിപ്പിക്കുന്നത്.”
“നിങ്ങള്‍ പറയുന്നതും
ശരിയായിരിക്കണം”
“അപ്പോള്‍ ഇനി?”
“ഞാനെന്റെ മലമുകളിലേക്ക് തിരിച്ചു നടക്കട്ടെ. എന്റെ പാമ്പും
പരുന്തും എനിക്കു കൂട്ടായിരിക്കട്ടെ. ഇനിയും വരാനിരിക്കുന്ന
കാലങ്ങളില്‍ എനിക്കു വഴികാട്ടുവാന്‍ ഒരു മഹാപ്രകാശം വന്നുദിക്കുന്നതുവരെ തോഴരേ , യാത്ര!”
Comments