#ദിനസരികള് 531- നൂറു ദിവസം നൂറു പുസ്തകം – തൊണ്ണൂറ്റിയൊമ്പതാം ദിവസം.‌


||തത്വമസി സുകുമാര്‍ അഴീക്കോട്||
                       
            വേദങ്ങളുടെ രചനാകാലഘട്ടമായി കണക്കാക്കപ്പെടുന്നത് ബി സി 1500 നും  500 നും ഇടക്കാണ്. അന്നുമുതല്‍ ഇന്നുവരെ വൈദിക ചിന്തയെ പിന്‍പറ്റുന്ന ഒരു പക്ഷവും ഇപ്പുറത്ത് നില്പുറപ്പിക്കേണ്ടിവന്ന മറുപക്ഷവും തമ്മില്‍ പലപ്പോഴും സംഘട്ടനങ്ങളുണ്ടായിട്ടുണ്ട്. വേദചിന്തയോടൊപ്പംതന്നെ അവൈദികമായ ഒരു സരണിയും ഇന്ത്യയില്‍ സമാന്തരങ്ങളായി സഞ്ചരിച്ചുകൊണ്ടിരുന്നു. പക്ഷേ ഒരു കാലത്തും വേദവാദികള്‍ സമൂഹത്തില്‍ നേടിയെടുത്ത മേല്‍‌‌ക്കോയ്മയെ എതിര്‍ത്തു തോല്പിക്കുവാനോ തങ്ങള്‍ക്ക് ആധിപത്യമുറപ്പിച്ചെടുക്കുവാനോ അവൈദികര്‍ക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് ഇന്നും വസ്തുത.ഒരല്പം ഇടിച്ചിലുണ്ടായിട്ടുള്ളത് ആറാം ശതകത്തില്‍ മഹാവീരന്റേയും ബുദ്ധന്റേയും വരവോടുകൂടിയാണ്.എങ്കില്‍‌‍പ്പോലും എ ഡി 788 ശങ്കരാചാര്യരുടെ കാലമാകുമ്പോഴേക്കും നഷ്ടപ്രതാപത്തെ തിരിച്ചു പിടിക്കുവാന്‍ ആരംഭിച്ചിരുന്നു. ശങ്കരന്‍ വേദചിന്തകളെ അപ്രമാദിത്ത പ്രമാണമായും അപൌരുഷേയമായും സ്ഥാപിച്ചെടുക്കുകയും അദ്വൈത തത്വചിന്തയെ യുക്തിയുക്തമായി പുനസ്ഥാപനം ചെയ്യുകയും ചെയ്തുകൊണ്ട് ബ്രാഹ്മണികവും വരേണ്യവുമായ മേല്‍‌ക്കോയ്മകള്‍ക്ക് സമൂഹത്തെ നിയന്ത്രിക്കാനാവശ്യമായ അരങ്ങൊരുക്കിക്കൊടുത്തു.മനുഷ്യനായി ജനിക്കുന്നതുതന്നെ ദുര്‍ലഭമാണ്, മനുഷ്യരില്‍ ബ്രാഹ്മണനാകുക എന്നതു അതിലും ദുര്‍ലഭമാണ് എന്നുകൂടി പ്രഖ്യാപിച്ചതോടെ ജന്മംകൊണ്ടു ബ്രാഹ്മണനായവന്‍ അതിബലവാനായി.അപൌരുഷേയമായ വേദങ്ങളുടെ ഭാഗമായ ഉപനിഷത്തുകളും ബ്രാഹ്മണങ്ങളുമൊക്കെ അധികാരം സ്ഥാപിച്ചെടുക്കുവാനും നിലനിറുത്തുവാനുമുള്ള ആയുധങ്ങളായി മാറുകയും ചെയ്തു.
            സുധീര്‍ കക്കര്‍, The Indians എന്ന പുസ്തകത്തില്‍ എന്താണ് ഇന്ത്യന്‍ മനസ്സ് എന്ന് ചോദ്യമുന്നയിച്ചുകൊണ്ട് മോക്ഷം, ധര്‍മ്മം, കര്‍മ്മം എന്നീ ത്രിത്വങ്ങളുടെ സ്വാധീനത്തില്‍ നിന്നും ഉരുവംകൊള്ളുന്ന ധാരണകളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയുടെ പൊതുബോധം രൂപീകരിക്കപ്പെട്ടതെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. വൈദികതയേയും അതിന്റെ ന്യായപ്രമാണശാസ്ത്രങ്ങളേയും അടിസ്ഥാനപ്പെടുത്തിയാണ് ഈ ത്രിത്വം സ്വരൂപംകൊണ്ടിട്ടുള്ളത് എന്നുവരുമ്പോള്‍  പൊതുബോധമെന്നത് വരേണ്യമായ കാഴ്ചപ്പാടുകളോട് ഇണങ്ങിപ്പോകുന്നതാണെന്നു വരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യന്‍ മനസ്സ് പൊതുവേ ഈ വരേണ്യതയോട് ആഭിമുഖ്യം പുലര്‍‌ത്തുന്നു എന്ന നിഗമനം ശരിയാകുന്നു.വൈദിക ചിന്തകളുടെ ആധിപത്യസ്വഭാവത്തിന്റെ കെടുതികളെ ഇന്നും നേരിട്ടുകൊണ്ടിരിക്കുന്ന ഒരു ജനതയായിട്ടാണ് നാം , ഇന്ത്യക്കാര്‍ , ജീവിച്ചുപോകുന്നത്.ഇത്തരമൊരു സാഹചര്യത്തെ മനസ്സിലാക്കിക്കൊണ്ടുവേണം ഉപനിഷത്തുകളുടെ പഠനമായ തത്വമസിയേയും നാം സമീപിക്കേണ്ടത് 
            വേദത്തിനോട് വിധേയത്വം പുലര്‍ത്തുന്ന മനസ്സാണ് സുകുമാര്‍ അഴീക്കോടിന്റേത്.അതുകൊണ്ട് പാരമ്പര്യസിദ്ധമായ ആശയാവലികളില്‍ നിന്നും വേറിട്ടുനില്ക്കുന്ന ഒന്നും തന്നെ അദ്ദേഹവും മുന്നോട്ടു വെക്കുന്നില്ലെന്നു വേണം വേണം പറയാന്‍.വൈദിക സാഹിത്യത്തിലെ അനേകം ഗ്രന്ഥങ്ങള്‍ നഷ്ടപ്പെട്ടു പോലെങ്കിലും വേദം അവാച്യമായ ഏതോ ദേശപുണ്യത്തിന്റെ ഫലമായി ഒട്ടും നഷ്ടപ്പെടാതെ ഇന്നും ഇവിടെ കാലാന്തരവീര്യത്തോടെ നിലനിന്നുപോരുന്നു. വേദബോധത്തിന്നേ ഇവിടെ ക്ഷതം പറ്റിയിട്ടുള്ളു.വേദം സംഹിതയാണ്. സംഹിത മന്ത്രങ്ങളുടെ സമാഹാരവും.ഋഷി ദേവത, ഛന്ദസ്സ് എന്നിവയുടെ ഐക്യം കൊണ്ട് സമാനസ്വഭാവം കൈവന്ന മന്ത്രസമൂഹങ്ങളെ സൂക്തങ്ങള്‍ എന്നു പറയുന്നു.ഈ സൂക്തങ്ങള്‍ ഉച്ചരിച്ചവയത്രേ ഋഷികള്‍.സത്യം സാക്ഷാത്കരിച്ചവരാണ് ഇവര്‍. സാക്ഷാത്കരിക്കുക എന്നു വെച്ചാല്‍ നേരിട്ടു കാണുക സ്വന്തം അനുഭവത്തിന് വിഷയമാകുക എന്ന് അര്‍ത്ഥം.ഇവര്‍ ഉപദേശിച്ച സത്യാത്മകങ്ങളായ വചനങ്ങളാണ് മന്ത്രങ്ങള്‍.മന്ത്രങ്ങളുടെ ദ്രഷ്ടാക്കളാണ് അവര്‍.സ്രഷ്ടാക്കളോ കര്‍ത്താക്കളോ അല്ല അപൌരുഷേയമെന്ന നിലപാടില്‍ നിന്നു കൊള്ളുമ്പോള്‍ എന്തെന്തു കസര്‍ത്തുകളേയും ആവിഷ്കരിച്ചു കൂടാ? വേദത്തെ ഉപജീവിച്ചു സങ്കല്പിച്ചു വെച്ചിരിക്കുന്നവയുടെയൊക്കെ ആധികാരികത ഒന്നേയുള്ളു, അതു വേദത്തില്‍ പറയുന്നുവെന്നതുമാത്രമാണ്.
            ഇന്ത്യയിലും വിദേശത്തുമുള്ള നിരവധിയായ പണ്ഡിതന്മാരെ വിളക്കിച്ചേര്‍ത്തു വെച്ചിരിക്കുന്നുവെന്നത് തത്വമസിയുടെ എടുത്തു പറയേണ്ട ഒരു പ്രത്യേകതയാണ്.അത്തരമൊരു വിളക്കിച്ചേര്‍ക്കലിന് അഴീക്കോട് നടത്തിയ ശ്രമത്തെ എത്ര പ്രശംസിച്ചാലും അധികമാകുകയുമില്ല.ഏതേതൊക്കെ ചിന്തകന്മാര്‍ ! ഏതേതൊക്കെ ഗ്രന്ഥങ്ങള്‍ ! ഏതേതൊക്കെ സങ്കല്പങ്ങള്‍ ! അവയെയൊക്കെ ഭംഗിയായി അടുക്കിയെടുത്തിരിക്കുന്നു.അത്ഭുതമെന്നല്ലാതെ എന്തുപറയാന്‍ ? ആ അത്ഭുതത്തിനപ്പുറത്തേക്ക് പഠനത്തെ കൊണ്ടുപോകണമെങ്കില്‍ വേദങ്ങളേയും ഉപനിഷത്തുകളേയും സാമൂഹ്യശാസ്ത്രങ്ങളുടെ വെളിച്ചത്തില്‍ പരിശോധിച്ചു നോക്കണം. അക്കാലങ്ങളിലെ അധികാര ഘടന, അതു നിലനിറുത്തിപ്പോരാനുപയോഗിച്ചിരുന്ന തന്ത്രങ്ങള്‍ , സാമൂഹ്യജീവിതത്തിന്റെ ഗതിവിഗതികള്‍ , നീതിന്യായ സിദ്ധാന്തങ്ങള്‍ ,അധ്വാനത്തിന്റെ ഉപയോഗം തുടങ്ങി വിവിധങ്ങളായ മേഖലകളിക്ക് ആധുനിക മനസ്സ് കടന്നു കയറണം. അങ്ങനെയാകുമ്പോള്‍ മനുഷ്യകുലത്തിന്റെ വലിയൊരു ഈടുവെപ്പായിരിക്കും തുറന്നുവരിക.
            വേദത്തേയും അതിന്റെ അംഗീകരിക്കുന്നവരെ സംബന്ധിച്ച് ഉപനിഷത്തുകള്‍ക്കു ലഭിച്ചിരിക്കുന്ന പ്രൌഢമായ ഗ്രന്ഥമാണ് തത്വമസി.ആത്മാവിന്റെ ഹിമാലയം എന്ന വിശേഷണത്തോടെ വേദവും വേദാന്തവും പഠിപ്പിക്കുന്ന തത്വങ്ങളുടെ ഉള്ളറകളിലേക്ക് അനുവാചകനെ കൈപിടിച്ചു കൂട്ടിക്കൊണ്ടുപോകുന്നുണ്ട് അഴീക്കോട്. ശ്രീശങ്കരന്‍ വ്യാഖ്യാനിച്ച പത്തുപനിഷത്തുകളെക്കുറിച്ചുള്ള പഠനം അദ്ദേഹം നിര്‍വഹിക്കുന്നത് അസാമാന്യമായ കൈയ്യടക്കത്തോടെയാണ്.പ്രത്യേകിച്ചും ബ്രഹദാരണ്യകത്തേയും ഛാന്ദോഗ്യത്തേയും ഏതാനും പേജുകളിലേക്ക് ചുരുക്കിയെടുത്ത ആ കരവിരുത് അഭിനന്ദനീയംതന്നെയാണ്. ഈ പുസ്തകം വായിക്കുന്നുവെങ്കില്‍ കഠോപനിഷത്തിനെക്കുറിച്ചുള്ള പഠനം വായിക്കാതെ പോകരുതെന്നു കൂടി പറഞ്ഞുകൊള്ളട്ടെ! അതുപോലതന്നെ വിശ്വദൃഷ്ടിയില്‍ എന്നൊരു അധ്യായമുണ്ട്. വേദവേദാന്തങ്ങളെ ലോകം എങ്ങനെ നോക്കിക്കാണുന്നുവെന്ന് ഈ അധ്യായം സനിഷ്കര്‍ഷം പരിശോധിക്കുന്നുണ്ട്.ആ അധ്യായം എഴുതാനുപയോഗിച്ചിരിക്കുന്ന സ്വദേശികളും വിദേശികളുമായ പണ്ഡിതന്മാരേയും പുസ്തകങ്ങളേയും കാണുമ്പോള്‍ അദ്ദേഹത്തിന്റെ വായനയുടെ ആഴവും പരപ്പും നമ്മെ അമ്പരപ്പിക്കുകതന്നെ ചെയ്യും.
            ഒരു തമാശ കൂടി പങ്കുവെക്കട്ടെ. ഞാന്‍ ഈ പുസ്തകം പലതവണ വായിച്ചിട്ടുണ്ട്. ഉപനിഷത്തുകളെക്കുറിച്ച് പഠിക്കുക എന്നതിനെക്കാളുപരി അഴീക്കോടിന്റെ ഭാഷയുടെ മാസ്മരികതയാണ് എന്നെ അതിനു പ്രേരിപ്പിച്ചത്.അതുകൊണ്ട് മലയാള ഭാഷയില്‍ തെളിയണമെന്നുള്ളവര്‍ക്ക് തത്വമസി നല്ലൊരു സാധ്യതയാണെന്നുകൂടി പറയട്ടെ !



പ്രസാധകര് : ഡി സി ബുക്സ് വില 50 രൂപ, അഞ്ചാം പതിപ്പ് ഒക്ടോബര്‍ 2008

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1