#ദിനസരികള് 530- നൂറു ദിവസം നൂറു പുസ്തകം – തൊണ്ണൂറ്റിയെട്ടാം ദിവസം.
||കര്‍ണാടക സംഗീത മാലിക – എ ഡി മാധവന്‍||
‘ഹൃദയാവര്‍ജ്ജകങ്ങളായ ധ്വനികളെ അടിസ്ഥാനമാക്കിയുള്ള ലളിതകലയാണ്
സംഗീതം.സുശ്രാവ്യങ്ങളായ ശബ്ദസമൂഹങ്ങളെക്കൊണ്ട് ഹൃദയത്തില്‍
ഉത്കൃഷ്ടവികാരങ്ങളുളവാക്കി ആനന്ദം ജനിപ്പിക്കുയെന്നതാണ് ഈ കലയുടെ ഉദ്ദേശ്യം’ എന്ന് സംഗീത ശാസ്ത്ര പ്രവേശികയില്‍ ഡോ എസ് വെങ്കിടസുബ്രഹ്മണ്യ
അയ്യര്‍ പറയുന്നു.സംഗീതമുല്പാദിപ്പിക്കുന്ന ആനന്ദം അനിര്‍വചനീയമാണ്. പശുര്‍വേത്തി
ശിശുര്‍വേത്തി വേത്തി ഗാനരസം ഫണീ എന്നാണല്ലോ സംഗീതത്തെപ്പറ്റിയുള്ള പ്രശസ്തി. ആപാതമധുരമാണ്
എന്നാണ് സംഗീതത്തിന്റെ അപാരമായ കാന്തികവലയത്തില്‍ അകപ്പെട്ടു പോയവര്‍
സാക്ഷ്യപ്പെടുത്തുന്നതുതന്നെ (സംഗീതമപി സാഹിത്യം സരസ്വത്യാഃ സ്തനദ്വയം
ഏകമാപതമധുരമന്യദാലോചനാമൃതം എന്ന കവിവചനത്തെ നാം മറക്കാതിരിക്കുക.) ഈ പ്രാധാന്യത്തെ
മനസ്സിലാക്കിയാണ് സംഗീതശാസ്ത്രത്തെ ഗാന്ധര്‍വ്വം എന്ന പേരില്‍ ഒരുപവേദത്തിന്റെ
സ്ഥാനം നല്കി ഭാരതീയര്‍ ബഹുമാനിച്ചത്.
സംഗീതത്തില്‍ സാഹിത്യത്തിന്റെ സ്ഥാനം ആലോചനാമൃതത്വമാണ്. ആലോചിക്കുംതോറും മധുരമേറുന്ന ഭംഗി അത് സംഗീതത്തിനു നല്കുന്നു. എന്നാല്‍ കേവലം സ്വരങ്ങളെക്കൊണ്ടുതന്നെ സംഗീതത്തിന്റെ വഴികളെ പിന്തുടരാവുന്നതാണ്.മനശാസ്ത്രം ജീവിതത്തില്‍ എന്ന പുസ്തകത്തില്‍ ആ, ന എന്നീ രണ്ട് അക്ഷരങ്ങള്‍ മാത്രമുപയോഗിച്ചു കൊണ്ടുള്ള താനങ്ങളാല്‍ മുപ്പത്തിയഞ്ചുകൊല്ലമായി നാദോപാസന നടത്തി നിര്‍വൃതി അനുഭവിപ്പിക്കുന്ന സംഗീതജ്ഞന്മാരെക്കുറിച്ച് നിത്യചൈതന്യ യതി ചൂണ്ടിക്കാണിക്കുന്നുണ്ട്. രമേഷ് ഗോപാലകൃഷ്ണന്‍ കര്‍ണാടക സംഗീത വിചാരങ്ങള്‍ എന്ന പുസ്തകത്തില്‍ ഇങ്ങനെ സാഹിത്യത്തിന്റെയോ ശബ്ദസൌകുമാര്യത്തിന്റേയോ മഹനീയതയല്ല ഭാവതലത്തിലേക്ക് അനുവാചകനെ ഉയര്‍ത്താന്‍ മുഖ്യകാരണമായിരിക്കുന്നതെന്നും മറിച്ച് സര്‍ഗ്ഗാത്മകവൈഭവവും ആത്മസമര്‍പ്പണവുമാണ് അതിനയാളെ പ്രാപ്തനാക്കുന്നതെന്നും ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും സാഹിത്യത്തിന് പ്രസക്തിയില്ല എന്ന് ഇവിടെ വിവക്ഷയില്ലെന്നു മാത്രവുമല്ല ആസ്വാദകരെ സംബന്ധിച്ച് അതീവപ്രാധാന്യമുണ്ടെന്നുകൂടി സൂചിപ്പിച്ചുകൊള്ളട്ടെ.

അത്തരത്തിലുള്ള കൃതികളുടെ സാഹിത്യഭംഗിയും അര്‍ത്ഥവും മനസ്സിലാക്കി ആസ്വദിക്കുകയെന്നത് സംഗീതത്തിന്റെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ എളുപ്പമാകുമെന്ന ബോധ്യത്തില്‍ നിന്നുകൊണ്ട് എ ഡി മാധവന്‍ തന്റെ കര്‍ണ്ണാടക സംഗീത മാലിക എന്ന മനോഹരമായ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.അഞ്ഞുറ്റിയൊന്ന് കൃതികളെയാണ് അദ്ദേഹം ഇവിടെ അവതരിപ്പിക്കുന്നത്.കര്‍ണാടക സംഗീതത്തിന്റെ ഭൂരിഭാഗം കൃതികളും മറ്റു ഭാഷകളിലാണ് രചിച്ചിരിക്കുന്നതെന്നത് ഈ പുസ്തകത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിച്ചിരിക്കുന്നു.മലയാളത്തില്‍തന്നെയുള്ള പതിനേഴോളം കൃതികളും ഈ ഗ്രന്ഥത്തില്‍ പെടുത്തിയിട്ടുണ്ട്.സ്വാതിതിരുനാള്‍ , മാവേലിക്കര പ്രഭാകരവര്‍മ്മ, ഇരയിമ്മന്‍ തമ്പി, കുട്ടിക്കുഞ്ഞു തങ്കച്ചി, പുതുക്കോട് കൃഷ്ണമൂര്‍ത്തി, കെ സി കേശവപ്പിള്ള, സി എസ് കൃഷ്ണയ്യര്‍ തുടങ്ങി വാഗ്ഗേയകാരന്മാരുടെ കൃതികളാണ് മലയാളത്തില്‍ നിന്നും ഉള്‍പ്പെടുത്തിയിട്ടുള്ളത്.
നാലു കൃതികളില്‍ കൂടുതല്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളവരുടെ പട്ടിക വേറിട്ടുതന്നെ കൊടുത്തിട്ടുണ്ട്. ത്യാഗരാജ സ്വാമികള്‍ 122 , മുത്തുസ്വാമി ദീക്ഷിതര്‍ 89, ശ്യാമശാസ്ത്രി 33, സ്വാതിതിരുന്നാള്‍ 43 പുരന്ദര ദാസര്‍ 26, പാപനാശം ശിവന്‍ 23, അന്നമാചാര്യ 22, മുത്തയ്യ ഭാഗവതര്‍ 12, മൈസൂര്‍ വാസുദേവാചാര്യ 10, സദാശിവ ബ്രഹ്മേന്ദ്രര്‍ 10, ഊത്തുക്കാഡു വെങ്കട സുബ്ബയ്യര്‍ 8, ജി എന്‍ ബാലസുബ്രഹ്മണ്യം 7, നാരായണതീര്‍ഥര്‍ 7, കനകദാസര്‍ 7, പട്ടണം സുബ്രഹ്മണ്യ അയ്യര്‍ 6, ഭദ്രാചലരാമദാസര്‍ 5,സുബ്രഹ്മണ്യ ഭാരതി 5 , എം ഡി രാമനാഥന്‍ 5, തുളസീവനം 4, ഇരയിമ്മന്‍ തമ്പി 4 എന്നിങ്ങനെയാണ് കൃതികള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.അക്ഷരമാലാക്രമത്തില്‍ കൃതികളുടേയും വാഗ്ഗേയകാരന്മാരുടേയും രാഗങ്ങളുടേയും പട്ടിക തയ്യാറാക്കിയിരിക്കുന്നതിനാല്‍ വളരെ എളുപ്പത്തില്‍ കൃതികളെ കണ്ടെത്താന്‍ കഴിയുമെന്നള്ളത് വലിയൊരു നേട്ടം തന്നെയാണ്.
ഭാഷാന്തരണത്തില്‍
ഒട്ടും വളച്ചുകെട്ടില്ലാതെ നേരിട്ടു തന്നെ അര്‍ത്ഥം പറയുന്ന രീതിയാണ് അദ്ദേഹം
അനുവര്‍ത്തിക്കുന്നത്.അനാവശ്യമായി വലിച്ചു നീട്ടിക്കൊണ്ട് തന്റേതായ മനോധര്‍മ്മമാടുന്ന
വിവര്‍ത്തകന്മാരില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് മാധവന്റെ ശൈലി.ത്യാഗരാജസ്വാമികളുടെ
ജഗന്മോഹിനി രാഗത്തിലുള്ള തെലുങ്കിലെ ശോഭില്ലു സപ്തസ്വര എന്ന കൃതിയെ ഉദാഹരിക്കട്ടെ
ശോഭില്ലു സപ്തസ്വര സുന്ദരുല ഭചിമ്പവെ
മനസാ (ശോഭില്ലു
നാഭീ ഹൃദ്കണ്ഠ രസന
നാസാദുലയംദു (ശോഭില്ലു)
ധര ഋക് സാമാദുലലൊ വര
ഗായത്രി ഹൃദയമുന
സുരഭൂസുരമാനസമുന
ശുഭ ത്യാഗരാജുനിയേഡാ എന്ന വരികളെ മനസ്സേ നാഭി, ഹൃദയം, കണ്ഠം,
നാസാരന്ധ്രം , ജിഹ്വ എന്നിവയില്‍ക്കൂടി പ്രകാശിച്ച് ഗായത്രിമന്ത്രത്തിന്റെ ഹൃദയമായ
ഋഗ്വേദത്തിലും സാമവേദത്തിലും സുരന്മാരുടേയും പരമഹംസന്മാരുടേയും മനസ്സിലും
വ്യാപരിക്കുന്ന സപ്തസ്വരങ്ങളെ നിയന്ത്രിക്കുന്ന ആ സുന്ദര ദേവതയെ ആരാധിക്കൂ എന്നു
അകക്കാമ്പ് കെട്ടുപോകാതെ അദ്ദേഹം മലയാളീകരിക്കുന്നതു കാണുക.കര്‍ണാടക സംഗീതത്തെ
അറിഞ്ഞാസ്വദിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഈ പുസ്തകം വലിയൊരു മുതല്‍ക്കൂട്ടായിരിക്കും.
പ്രസാധകര് : ഡി സി ബുക്സ് വില 160 രൂപ, രണ്ടാം പതിപ്പ് ജനുവരി 2010
Comments