#ദിനസരികള് 532- നൂറു ദിവസം നൂറു പുസ്തകം – നൂറാം ദിവസം.‌


||മാര്‍ക്സിസ്റ്റ് സൌന്ദര്യശാസ്ത്രം പി ഗോവിന്ദപ്പിള്ള||

            കാര്യങ്ങളെ വളച്ചു കെട്ടാതെ വളരെ ലളിതമായി അവതരിപ്പിക്കുന്നുവെന്നതാണ് പിജി യുടെ മാര്‍ക്സിസ്റ്റ് സൌന്ദര്യശാസ്ത്രം എന്ന പുസ്തകത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത.മുന്‍കുറിപ്പില്‍ അദ്ദേഹം തന്നെ ഇക്കാര്യം വളരെ വ്യക്തമായി പറയുന്നുമുണ്ട് -“ഇതൊരു ഗവേഷണ പ്രബന്ധമോ മൌലിക കൃതിയോ അല്ല. കൂടുതല്‍ വായിക്കാനും പഠിക്കാനും ആഗ്രഹിക്കുന്നവര്‍ക്കുള്ള ഒരു പഠന സഹായി മാത്രമാണ്.ചില അധ്യായങ്ങളുടെ അവസാനം ഉപയോഗപ്പെടുത്തിയ പുസ്തകങ്ങളുടെ പേരുകള്‍ ചേര്‍ത്തിട്ടുള്ളത് അധികവായനക്കുള്ള സഹായമെന്ന നിലയ്ക്കുമാത്രമാണ്.അല്ലാതെ ഗവേഷണ പ്രബന്ധങ്ങളില്‍ ചെയ്യാറുള്ളതുപോലെ കടപ്പാടുള്ള ഓരോ ആശയത്തിനും ഉത്തമര്‍ണകൃതിയുടെ പേരും പുറവും കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല.അനാവശ്യമായ ഒരു സങ്കീര്‍ണതയും സൃഷ്ടിക്കാതെ ആശയങ്ങളെ വളരെ ഋജുവായി അദ്ദേഹം വായനക്കാരനു മുന്നില്‍ തുറന്നുവെക്കുന്നു.ഏറ്റവും ശരിയായതിനെ കൂടുതല്‍ ഊന്നല്‍ കൊടുത്തുകൊണ്ട് ശ്രദ്ധയില്‍ പെടുത്തുന്നു.വായനക്കാരനെ കൂടുതല്‍ കൂടുതലായി ജിജ്ഞാസുവാക്കുന്ന അവതരണരീതി ഈ പുസ്തകത്തെ വേറിട്ടതാക്കുന്നു
            കലാസൃഷ്ടിയേയും ആസ്വാദനത്തേയും നിയന്ത്രിക്കുന്ന നിയമങ്ങളെപ്പറ്റി ചിന്തിക്കുന്ന സൌന്ദര്യശാസ്ത്രചിന്തകളുടെ ചരിത്രത്തിന് ഏകദേശം രണ്ടായിരമോ മൂവായിരമോ കൊല്ലങ്ങളുടെ പഴക്കമുണ്ട്.എന്നാല്‍ അവയൊക്കെ വരേണ്യരായ ഉപരിവര്‍ഗ്ഗത്തിന്റെ സൌന്ദര്യധാരണകളോട് ഇണങ്ങിപ്പോകുന്നതായിരുന്നു. തൊഴിലാളിവര്‍ഗ്ഗത്തിന് ലോകത്തെ മാറ്റിത്തീര്‍ക്കുവാനുള്ള അജയ്യമായ ശക്തിയെ കണ്ടറിഞ്ഞ കാള്‍ മാര്‍ക്സിനു  ശേഷം സൌന്ദര്യ സങ്കല്പങ്ങള്‍ അടിമുടി ഉടച്ചു വാര്‍ക്കപ്പെട്ടു.വര്‍ഗ്ഗപരമായ വീക്ഷണങ്ങള്‍ സാഹിത്യാദി കലകളില്‍ സ്വാധീനം ചെലുത്താന്‍ തുടങ്ങി.സാഹിത്യത്തിന്റേയും കലയുടേയും ഏക ഉറവിടം മനുഷ്യന്റെ സമൂഹജീവിതമാണ്.അതിന്റെ ഉള്ളടക്കമാകട്ടെ സാഹിത്യത്തേയും കലയേയുംകാള്‍ താരതമ്യമില്ലാത്ത വിധം സജീവവും സമ്പന്നവുമാണ്.എന്നിട്ടും ജീവിതംകൊണ്ടുമാത്രം തൃപ്തിപ്പെടാനാകാതെ മനുഷ്യര്‍ സാഹിത്യത്തിനും കലയ്കുമായി ദാഹിക്കുന്നു.എന്തുകൊണ്ട് ? എന്തുകൊണ്ടെന്നാല്‍ രണ്ടും സുന്ദരമെങ്കിലും സാഹിത്യത്തിലും കലയിലും പ്രതിഫലിക്കുന്ന ജീവിതം കുറേക്കൂടി ഉദാത്തമാണ്, ആകണം. വിശപ്പും തണുപ്പും ദാരിദ്ര്യവും കൊണ്ട് യാതനയനുഭവിക്കുന്ന മനുഷ്യര്‍ ഒരു ഭാഗത്ത് , മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്യുന്ന ചിത്രം മറുഭാഗത്ത്.നാം നിരന്തരം കാണുന്ന ഇത്തരം കാര്യങ്ങളെ വര്‍ഗ്ഗപരമായി സമീപിച്ചുകൊണ്ട് കൃതികള്‍ നിര്‍മ്മിക്കുകയും ബഹുജനങ്ങളെ തട്ടിയുണര്‍ത്തി ആവേശം കൊള്ളിച്ച് ഈ സാഹചര്യത്തെ മുഴുവന്‍ മാറ്റി മറിക്കാന്‍ അവരെ ഒത്തൊരുമിച്ച് സമരത്തിലേക്ക് നയിക്കുകയുമാണ് എഴുത്തുകാരും കലാകാരന്മാരും ചെയ്യേണ്ടതെന്ന്മാവോ ചൂണ്ടിക്കാണിക്കുന്നു.എന്താണ് കലയും കലാകാരന്മാരും സമൂഹത്തോടു ചെയ്യേണ്ടത് എന്ന ചോദ്യത്തിനുള്ള ഉത്തരത്തിന്റെ അടിസ്ഥാനപരമായ സങ്കല്പങ്ങളെ മാവോ പറയുന്നതില്‍ നിന്നും നമുക്കു മനസ്സിലാക്കാം.
റഷ്യന്‍  മാര്‍ക്സിസത്തിന്റെ സ്ഥാപക നേതാവായി ലെനിന്‍ അംഗീകരിച്ചിരുന്ന പ്ലഹനോവിന്റെ ചിന്തകള്‍ക്ക് ഒരധ്യായംതന്നെ പി ജി നീക്കിവെച്ചിട്ടുണ്ട്.നിങ്ങള്‍ക്ക് നിങ്ങളുടേതായ കവിതയുണ്ടാകണം.നിങ്ങളുടേതായ പാട്ടും നൃത്തവുമെല്ലാം. അവയിലാണ് നിങ്ങളുടെ സ്വന്തം ദുഖവും പ്രത്യാശയും പ്രതീക്ഷകളും കണ്ടെത്തേണ്ടത് എന്ന് തൊഴിലാളിവര്‍ഗ്ഗത്തെ അഭിവാദ്യം ചെയ്തുകൊണ്ട് എഴുതിയ പ്ലഹനോവ്, തന്റെ ചുറ്റുപാടുകളുടെ സ്വാധീനത്തില്‍ അനുഭവപ്പെടുന്ന വികാരവിചാരങ്ങള്‍ സ്വയം പുനരാവിഷ്കരിച്ച് വ്യക്തമായ പ്രതിരൂപങ്ങളിലൂടെ അവ പ്രകടിപ്പിക്കുമ്പോഴാണ് കലയുടെ തുടക്കമെന്നു  കൂടി ചൂണ്ടിക്കാണിക്കുന്നുണ്ട്.കല മനുഷ്യരുടെ വികാരങ്ങളെ മാത്രമേ പ്രകടിപ്പിക്കൂ എന്ന വാദം ശരിയല്ല.കല വികാരങ്ങള്‍‌ക്കൊപ്പം വിചാരങ്ങള്‍ക്കും രൂപം നല്കുന്നു.എന്നാല്‍ കല അവ ആവിഷ്കരിക്കുന്നത് അമൂര്‍ത്തമായിട്ടല്ല.സജീവ പ്രതിരൂപങ്ങളിലൂടെയാണെന്നു മാത്രം.കലയെ മറ്റുള്ളവയില്‍ നിന്നും വേര്‍തിരിച്ചു കാട്ടുന്ന സവിശേഷതയും ഇതുതന്നെഎന്ന് കല എന്നാല്‍ എന്ത് എന്ന ചോദ്യത്തെ പുരസ്കരിച്ചുകൊണ്ട് അദ്ദേഹം പറയുന്നു. യാന്ത്രികമായ ഭൌതിവാദത്തിന് പ്ലഹനോവ് അടിമയായിപ്പോകുന്നില്ലേ എന്ന സംശയമുന്നയിക്കുന്നുണ്ടെങ്കിലും മാര്‍ക്സിസ്റ്റ് സൌന്ദര്യശാസ്ത്രത്തിന്റെ പുരോഗതിയില്‍ അദ്ദേഹത്തിനുള്ള പങ്ക് പി ഗോവിന്ദപ്പിള്ള അടിവരയിട്ടു പറയുന്നുണ്ട്.
            ബ്രഹ്ത്, ലൂക്കാച്ച്, ബെഞ്ചമിന്‍ , ആന്റോണിയോ ഗ്രാംഷി, ബ്രിട്ടനിലേയും ഇംഗ്ലണ്ടിലേയും ചിന്തകര്‍ ,മാവോ , ഫ്രാങ്ക്ഫര്‍ട്ട് സ്കൂള്‍ തുടങ്ങി മാര്‍ക്സിയന്‍ ചിന്തകള്‍ക്ക് ഊടുംപാവുമിട്ട നിരവധി വ്യക്തികളേയും മുന്നേറ്റങ്ങളേയും പി ജി അവതരിപ്പിക്കുന്നു. മുസ്സോളിനിയുടെ ഫാസിസ്റ്റുസര്‍ക്കാര്‍ തുറുങ്കിലടച്ച മാര്‍ക്സിസത്തിന്റെലോകവേദിയില്‍ സജീവമായ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഗ്രാംഷിയെക്കുറിച്ച് എഴുതിയിരിക്കുന്ന ലേഖനം ഓരോ വായനക്കാരനും സവിശേഷമായി ശ്രദ്ധിക്കേണ്ടതാണ്. അതുപോലെ ബ്രഹ്ത് ലൂക്കാച്ച് ബെഞ്ചമിന്‍ ത്രികോണം എന്ന പതിനൊന്നാം അധ്യായം മാര്‍ക്സിയന്‍ സൌന്ദര്യശാസ്ത്രത്തിന്റെ ചര്‍ച്ചയിലെ ജ്വലിക്കുന്ന ഒരേടാണ്.ബ്രഹ്തും ലുക്കാച്ചും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളെക്കുറിച്ചും അതിനെത്തുടര്‍ന്നുണ്ടായ ചര്‍ച്ചകളെക്കുറിച്ചും വളരെ ബഹുമാനത്തോടെയാണ് പി ജി എഴുതുന്നത്.ലൂക്കാച്ച് , ബ്രെഹ്ത്, ബെഞ്ചമിന്‍ എന്നീ മൂന്ന് മഹാപ്രതിഭകള്‍ തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ഉയര്‍ന്നു വന്ന പ്രശ്നങ്ങള്‍ ഇപ്പോഴും പ്രസക്തമാണെന്നു മാത്രമല്ല അവയില്‍ ചിലതിന് ഇനിയും സര്‍വ്വസമ്മതമായ പരിഹാരം കണ്ടെത്തിയിട്ടുമില്ല എന്നതിനാല്‍  സൌന്ദര്യശാസ്ത്രത്തിലും സാഹിത്യ നിരൂപണത്തിലും തല്പരരായവര്‍ക്ക് ആ വിവാദങ്ങള്‍ പഠിച്ചേ മതിയാകൂ എന്നദ്ദേഹം നിര്‍‌ദ്ദേശിക്കുന്നുണ്ട്.കല അതിന്റെ ധര്‍മ്മം നിര്‍വ്വഹിക്കുന്നതെങ്ങനെയെന്ന പ്രധാനപ്പെട്ട ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നതാണ് ഈ ചര്‍ച്ചയുടെ കാതല്‍.
            മാര്‍ക്സിസ്റ്റ് കലാചിന്തയുടെ അടിസ്ഥാന സങ്കല്പങ്ങളെക്കുറിച്ച് മനസ്സിലാക്കുവാന്‍ ഇത്രത്തോളം ലളിതമായി എഴുതപ്പെട്ട മറ്റൊരു ഗ്രന്ഥം മലയാളത്തിലില്ലെന്ന് ആവര്‍ത്തിക്കട്ടെ .
           
                       

            പ്രസാധകര് : സംഘപ്രസാധന വില 20 രൂപ, ഒന്നാം പതിപ്പ് ജനുവരി 26/1987

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം