#ദിനസരികള് 529- നൂറു ദിവസം നൂറു പുസ്തകം – തൊണ്ണൂറ്റിയേഴാം ദിവസം.‌

||തോട രമേഷ് എം ആര്‍||
            തോട. കാട്ടുനായ്ക്കര്‍ , കുറിച്യര്‍, മുള്ളുക്കുറുമര്‍, പണിയര്‍ എന്നീ ആദിവാസി വിഭാഗങ്ങളുടെ ജീവിതത്തേയും വിശ്വാസത്തേയും അടയാളപ്പെടുത്തുന്ന ഈ പുസ്തകം എഴുത്തുകൊണ്ടും ഗ്രന്ഥകാരന്‍തന്നെ വരച്ച അതിമനോഹരമായ ചിത്രങ്ങള്‍ കൊണ്ടും ആരുടേയും സവിശേഷമായ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. വയനാടു ജില്ലയില്‍ മുള്ളുക്കുറുമ വിഭാഗത്തില്‍ ജനിച്ചുവളര്‍ന്ന രമേഷ് എം ആറിന് ആദിവാസിജീവിതത്തിന്റെ നാഡിമിടിപ്പുകള്‍ നല്ല ഉള്‍ക്കാഴ്ചയോടെ മനസ്സിലാക്കാനും അത് വായനക്കാരനിലേക്ക് പകരുവാനും കഴിഞ്ഞിട്ടുണ്ട്.കേരള സാഹിത്യ അക്കാദമിയുടേയും കിര്‍ത്താര്‍ട്സിന്റെയൊക്കെ സഹകരണത്തോടുകൂടി ഇദ്ദേഹം ചിത്രപ്രദര്‍ശനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.പുസ്തകത്തില്‍ അദ്ദേഹം കറുപ്പിലും വെളുപ്പിലുമായി വരച്ചു ചേര്‍ത്തിരിക്കുന്ന ചിത്രങ്ങള്‍ ആദിവാസി ജീവിതങ്ങളുടെ ഇരുണ്ട ജീവിതത്തിന്റെ നേര്‍പകര്‍പ്പാകുന്നു.കാടും കാട്ടിലെ ജീവിതവും പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഉന്മാദമാണ് തനിക്കു നല്കുന്നതെന്ന് രമേഷ് പറയുന്നുണ്ട് ഞാന്‍ നഗരത്തെക്കാള്‍ കാടിനെ വളരെയധികം സ്നേഹിക്കുന്നു.ഇപ്പോഴും അച്ഛന്റെ വീടായ മുത്തങ്ങയില്‍ പോകുമ്പോള്‍ കഴിയുന്നത്ര കാടുകളിലൂടെ പോകുകയും ഏറുമാടത്തില്‍ കിടക്കുകയും ചെയ്യാറുണ്ട്.കാട്ടിലൂടെ വരുന്ന നൂല്‍പ്പുഴയിലാണ് കുളിക്കുന്നത്.അതുപോലെ തന്നെ ഞങ്ങളുടെ വീടിന്റെ അടുത്ത മലകളിലും കാടുകളിലും ഞാന്‍ നിത്യസന്ദര്‍ശകനാണ്. പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു ഉന്മാദം ഈ കാടുകളിലൂടെ എനിക്കു ലഭിക്കുന്നുണ്ട്. ഈ കാടും ഗോത്രവര്‍ഗ്ഗക്കാരോടുള്ള ഇടപഴകലുമാണ് എനിക്ക് ചിത്രകലയിലേക്കുള്ള അടിത്തറ പാകിയത്”. ചുറ്റുപാടുകളോട് സംവദിച്ചുകൊണ്ട് കരുപ്പിടിപ്പിച്ചെടുത്ത ജീവിതത്തില്‍ കാടും കാടിന്റെ ജീവിതവും എത്രയോ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു.
            ഉള്‍വനങ്ങളില്‍ ജീവിക്കുവാന്‍ ഇപ്പോഴും ഇഷ്ടമുള്ള കാട്ടുനായ്ക്ക വിഭാഗങ്ങള്‍ വനവിഭവങ്ങള്‍ ശേഖരിച്ചാണ് ജീവിച്ചു പോകുന്നത്.ഇലകള്‍, മരുന്നുകള്‍, ഭക്ഷ്യവര്‍ഗ്ഗങ്ങള്‍ തുടങ്ങി ജീവിതോപാധികളുടെ വലിയൊരു ശേഖരംതന്നെ അവര്‍ക്കു കാടു സമ്മാനിക്കുന്നു.ഒറ്റ മുറിയുള്ള മ (കുടില്‍ ) ആണ് ഇവര്‍ ഉണ്ടാക്കിയിരുന്നത്.മലയോര പ്രദേശങ്ങളില്‍ മാത്രം കണ്ടുവരുന്ന തരുപ്പപ്പുല്ലാണ് വീടുമേയുന്നതിന് ഉപയോഗിച്ചിരുന്നത്.ഈ പുല്ല് രണ്ടു കൊല്ലം കഴിയുമ്പോള്‍ മാറ്റി മേഞ്ഞുകൊണ്ടിരിക്കും.വീടിന്റെ നാലുഭാഗവും മുള ചീന്തി മെടഞ്ഞ് നിലനിറുത്തിയാണ് ചുമര്‍ നിര്‍മിക്കുന്നത്.ഇതില്‍ മണ്ണു തേച്ചു പിടിപ്പിക്കുന്നു.എന്ന് രമേഷ് എഴുതുന്നു.പ്രകൃതിയില്‍ വേറിട്ടല്ല , തങ്ങളും പ്രകൃതിയുടെ ഭാഗംതന്നെയെന്നവണ്ണമാണ് കാട്ടുനായ്ക്കര്‍ ജീവിക്കുന്നത്.ജീവിതത്തെ കാത്തു രക്ഷിച്ചുപോരുന്ന ഹെത്തന്‍ ദൈവത്തെപ്പറ്റിയും ഒവ്വ എന്ന മാതൃദൈവത്തെപ്പറ്റിയും ആചാരങ്ങളുടേയും അനുഷ്ടാനങ്ങളുടേയും പരിവേഷത്തില്‍ നടത്തപ്പെടുന്ന ഉത്സവങ്ങളെപ്പറ്റിയുമൊക്കെ രമേഷ് വിവരിക്കുന്നു.കാട്ടുകിഴങ്ങു ശേഖരിക്കാന്‍ പോകുന്നതും പശക്കോലുപയോഗിച്ച പക്ഷികളെ പിടിക്കുന്നതും വിവിധതരത്തിലുള്ള കെണികളുടെ സഹായത്തോടെ മൃഗങ്ങളെ വീഴ്ത്തുന്നതുമൊക്കെ നമുക്കു പുതിയ വായനാനുഭവം പകരുന്നു.ആ വിഭാഗത്തിന്റെ ജീവിതങ്ങളുമായി ബന്ധപ്പെട്ട എല്ലാത്തരം ആഘോഷാവസരങ്ങളെക്കുറിച്ചും ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
            പഴശ്ശിയുടെ യോദ്ധാക്കളെന്ന് കേള്‍വികൊണ്ട കുറിച്ച്യരെക്കുറിച്ചാണ് രണ്ടാം ഭാഗം പറയുന്നത്.മരുമക്കത്തായ വ്യവസ്ഥിതി തുടരുന്ന കുറിച്യര്‍ ഒന്നിച്ചു ജീവിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നവരാണ്. നിരവധി അംഗങ്ങളുള്ള വലിയ തറവാടുകള്‍ അവര്‍ക്കുണ്ടായിരുന്നു.എന്നാല്‍ ഇക്കാലങ്ങളില്‍ അതൊക്കെ ശോഷിച്ചു അണുകുടുംബത്തിലേക്ക് എത്തി നില്ക്കുന്നു.നൂറ്റി എട്ടോളം തറവാടുകളുണ്ടായിരുന്നത് ഇപ്പോള്‍ അമ്പത്തേഴിലേക്ക് ചുരുങ്ങിയിരിക്കുന്നുവെന്ന് ലേഖകന്‍ ചൂണ്ടിക്കാണിക്കുന്നു.കുറിച്യരുടെ പ്രധാനദൈവം മലക്കാരിയാണ്. മലക്കാരി ദൈവം രണ്ടുതരത്തിലാണുള്ളത്.ഉത്തമവും മധ്യമവും.ഇതില്‍ മധ്യമത്തെയാണ് ആരാധിക്കുന്നത്.ഉത്തമത്തെ ഉയര്‍ന്ന ജാതിക്കാര്‍ ആരാധിച്ചിരുന്നു.എല്ലാ പരിപാടികളുടേയും കര്‍മ്മത്തിന് മലക്കാരി ദൈവത്തിന്റെ അനുവാദം ആവശ്യമാണ്പേജ് 56.അതിരാളന്‍ , കരിമ്പന്‍ പൂരി മുതലായ ദൈവങ്ങളും ഇവര്‍ക്കുണ്ട്.അവരുടെ കല്യാണം, ജനനം, മരണം അടയന്തിരം , കൃഷി, നായാട്ട് മുതലായവക്കുറിച്ചുള്ള വിവരങ്ങള്‍ പുസ്തകത്തിലുണ്ട്.
            നെല്‍കൃഷിയും മുത്താറികൃഷിയും ചെയ്യാറുണ്ടായിരുന്ന മുള്ളുക്കുറുമ വിഭാഗത്തെക്കുറിച്ചാണ് മൂന്നാം ഭാഗം വിശദീകരിക്കുന്നത്.മുളയരിയും പനവെട്ടി അതിന്റെ കാമ്പ് ഇടിച്ചു പിഴിഞ്ഞ് അതിന്റെ പൊടി ഉണക്കിയും സൂക്ഷിച്ച് ഭക്ഷണത്തിന് ഇവര്‍ ഉപയോഗിച്ചിരുന്നു.പനയില്ലാത്ത കുറുമകോളനികള്‍ ഉണ്ടായിരുന്നില്ല.കാട്ടിറച്ചിയും പുഴമീനും ഒഴിച്ചുകൂടാന്‍ പറ്റാത്ത ഭക്ഷണ പദാര്‍ത്ഥമാകുന്നു.ഇവ ഉപയോഗിച്ചതിന്റെ ബാക്കി ഉണക്കി സൂക്ഷിച്ച് പിന്നീട് ഭക്ഷണത്തിന് ഉപയോഗിക്കുന്നു.” ഈ തരത്തിലുള്ള ഭക്ഷണരീതി അരോഗദൃഡഗാത്രരായി ജീവിക്കുവാന്‍ അവരെ സഹായിച്ച പ്രധാന ഘടകമാണ്.അവരുടെ പ്രധാന വിനോദമാണ് നായാട്ട്.നായ്ക്കളുടെ സാഹായത്തോടെ മൃഗങ്ങളുള്ള സ്ഥലങ്ങള്‍ കണ്ടുപിടിച്ചുകൊണ്ടാണ് നായാട്ട് നടത്തുന്നത്.കിട്ടുന്ന ഇറച്ചി  പങ്കുവെക്കുന്നതിനും സവിശേഷമായ ഒരു രീതിയുണ്ട്.എല്ലാ വിധ ആഘോഷങ്ങള്‍ക്കും മുന്നോടിയായി ദൈവം കാണല്‍ നിര്‍ബന്ധമാണ്.
            കാട്ടുനായ്ക്കരുടെ ജീവിതത്തോട് ഒത്തുപോകുന്നതാണ് പണിയരുടേയും ജീവിതരീതി.വയലുകളിലും മറ്റും കണ്ടുവരുന്ന ചെറിയ വെള്ളക്കുഴികള്‍ വറ്റിച്ച് ചെറുമത്സ്യവും കക്ക (നൂഞ്ചി ഓടിന്റെ ഉള്ളിലുള്ള ചെറിയ ജീവിയാണ് ഇത്.കറി വെച്ചതിനു ശേഷം ഇതിനെ വലിച്ചുകുടിക്കുകയാണ് ചെയ്യുന്നത്.ഇതിനോടൊപ്പം ഇവര്‍ വിവിധ തരത്തിലുള്ള ഇലകളും ശേഖരിക്കുന്നു.പലതരത്തിലുള്ള കൂണിന്റെ ഗന്ധം മനസ്സിലാക്കി കൂണുള്ള സ്ഥലം ഇവര്‍ കണ്ടുപിടിക്കുന്നു.പൊതുവേ ഔഷധഗുണമുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതുകൊണ്ട് രോഗങ്ങള്‍ വളരെ കുറവും ദീര്‍ഘ ആയുസ്സുമുണ്ടാകുന്നു.രസകരമായ ദൈവസങ്കല്പമാണ് ഇവരുടേത്. അപ്പന്‍ ദൈവവും മാരിയമ്മയുമാണ് പ്രധാന ദൈവങ്ങള്‍.ചീനിയും തുടിയുമുപയോഗിച്ചുകൊണ്ടുള്ള പ്രത്യേക നൃത്തവും ഇവര്‍ക്കു പ്രധാനമാണ്.കല്യാണത്തിനും മരണത്തിനും പണിയവിഭാഗത്തിനുമാത്രമായി പ്രത്യേക രീതികളുണ്ട്.
            ആദിവാസി ജീവിതത്തെ അനുഭവിച്ചറിഞ്ഞ രമേഷിന്റെ കുറിപ്പുകള്‍ അതുകൊണ്ടുതന്നെ വളരെ ആകര്‍ഷകമാകുന്നു.നഗരത്തിന്റെ കാപട്യം നിറഞ്ഞ എഴുത്തുകളെ പരിചയിച്ചുപോന്നവര്‍ക്ക് വളരെ നല്ലൊരു വായനാനുഭവം ഈ പുസ്തകം നല്കുന്നു. വീട്ടിലെ കുളിമുറിയില്‍ നിന്നും കാട്ടിലെ അരുവിയില്‍ കുളിച്ചു നിവരുന്നപോലെ എന്നു ഞാന്‍ ഈ അനുഭവത്തെ വിശേഷിപ്പിക്കും!
           
           

           
പ്രസാധകര് : ഒലീവ് പബ്ലികേഷന്‍സ് വില 75 രൂപ, ഒന്നാം പതിപ്പ് സെപ്തംബര്‍ 2012


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം