#ദിനസരികള് 534

            മലയാള പത്രങ്ങളുടെ പ്രത്യയശാസ്ത്രം എന്നൊരു ലേഖനം 1999 ല്‍ ചിന്ത രവീന്ദ്രന്‍‌ എഴുതിയിട്ടുണ്ട്.ഒരു കാലത്ത് വാര്‍ത്താവിനിമയ മാധ്യമങ്ങള്‍ പുലര്‍ത്തിപ്പോന്ന നിലപാടുകള്‍ കേരളത്തെ ഒരളവോളം സ്വതന്ത്രസമൂഹമായി മാറ്റുന്നതില്‍ എങ്ങനെയാണ് നിര്‍ണായകമായതെന്നും ഇന്നത്തെ കാലത്ത് അതേ മാധ്യമങ്ങള്‍തന്നെ മതപ്രബോധനപരമായും മറ്റു തരത്തിലുള്ള പ്രതിലോമകരമായ നിലപാടുകളുടെ  പ്രചരണോപാധികളായും മാറത്തക്കവണ്ണം അധപതിച്ചതെങ്ങനെയെന്നുമാണ് ലേഖനം ചര്‍ച്ച ചെയ്യുന്നത്. ഒരു പക്ഷേ മലയാള മനോരമ ഒഴികെ മറ്റെല്ലാ മലയാള പ്രസാധന സംരംഭങ്ങളും ആരംഭിച്ചതതന്നെ വിവിധ സാമൂഹികപ്രസ്ഥാനങ്ങളുടേയോ ഉണര്‍വ്വുകളുടേയോ ഭാഗമായാണ്എന്ന പ്രസ്താവന പത്രമാധ്യമങ്ങള്‍ സ്വീകരിച്ചുപോകേണ്ട നിലപാടുകളെക്കുറിച്ച് വ്യക്തമായിതന്നെ സൂചിപ്പിക്കുന്നുണ്ട്. ഒരു തരത്തിലുമുള്ള പ്രതിലോമകരമായ , സമൂഹത്തെ പിന്നോട്ടടിക്കുന്ന വാര്‍ത്തകളെ വിക്ഷേപിക്കാതിരിക്കാനും പ്രചരിപ്പിക്കാതിരിക്കാനും ഈ സ്ഥാപനങ്ങള്‍ കാണിക്കേണ്ട ഉത്തരവാദിത്തത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് പ്രസ്തുത പ്രസ്താവന. എന്നാല്‍ സംഭവിക്കുന്നതാകട്ടെ നേര്‍വിപരീതവും.
            മലയാള മനോരമ , മാതൃഭുമി എന്നീ വന്‍കിട പത്രങ്ങളുടെ സാമാന്യസ്വഭാവങ്ങളെ ഒരു അളവോളമെങ്കിലും പുനരുത്പാദിപ്പിക്കാന്‍ താരതമ്യേന പ്രചാരം കുറഞ്ഞ ഇതര മലയാള പത്രങ്ങള്‍ നിര്‍ബന്ധിതമാണ്.പത്രങ്ങളായി വായിക്കപ്പെടുവാനും അതിജീവിക്കുവാനും അവര്‍ക്ക് ഇത് അനിവാര്യമാണ്.മാധ്യമംപോലെയുള്ള പത്രങ്ങള്‍ ക്ഷേത്രോത്സവങ്ങള്‍ വര്‍ണിക്കാന്‍ ഇടവരുന്നത് ഇക്കാരണത്താലാണ്എന്ന സമീപനം എത്രമാത്രം കണിശമാണോ അത്രതന്നെ വസ്തുതാപരവുമാണ്.കേവലം മതപരമായ വാര്‍ത്തകളുടെ പ്രാധാന്യവത്കരണമെന്നതിനെക്കാള്‍ മറ്റൊരു ച്യൂതി സംഭവിച്ചത് ആള്‍‌ദൈവങ്ങളുടെ പ്രചാരണപരിപാടികള്‍ക്ക് അമിതമായ ഇടം അനുവദിച്ചു എന്നുള്ളതാണ് . പൊതുസമൂഹത്തില്‍ അഭിപ്രായരൂപീകരണത്തിനും ഇടപെടലിനുമുള്ള  ശേഷി ഇവര്‍ക്കുണ്ടെന്നു മുഖ്യധാരാമാധ്യമങ്ങള്‍ ധരിച്ചുച്ചിരിക്കുന്നുവെന്നതിന്റെ തെളിവാണ് ഇത്.
            വാര്‍ത്തകളെ സൃഷ്ടിക്കുന്ന പത്രവര്‍‌ത്തനത്തിന്റെ രീതികള്‍ വലതുബോധ്യങ്ങളെയാണ് തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്. യാതൊരു തത്വദീക്ഷയില്ലാത്തവരും അഴിമതിയില്‍ ആമഗ്നരുമായ രാഷ്ട്രീയോപജീവികളെ ജനനായകന്മാരാക്കി പ്രതിഷ്ഠിക്കുവാന്‍ പത്രങ്ങള്‍ തെല്ലൊന്നുമല്ല ഉത്സാഹം കാണിക്കുന്നത്.ജനനേതൃത്വത്തേയും നേതൃത്വവും ജനങ്ങളും തമ്മിലുള്ള ബന്ധത്തേയും സംബന്ധിച്ച ചരിത്ര സന്ദര്‍ഭങ്ങളെ മൊത്തത്തില്‍ നിരാകരിക്കുന്ന ഒരു പ്രവര്‍ത്തനമാണിത്എന്ന് രവീന്ദ്രന്‍ എഴുതുന്നു.നായകന്മാരെ സൃഷ്ടിച്ചെടുത്തുകൊണ്ട് ജനങ്ങളെ സ്തുതിപാഠകരായി മാറ്റികൊടുക്കുകയാണ്  നമ്മുടെ മാധ്യമരംഗം പലപ്പോഴും ചെയ്തുപോരുന്നത്.കര്‍ശനമായ രാഷ്ട്രീയ നിരീക്ഷണങ്ങള്‍ ഇവിടെ മാനദണ്ഡമാകുന്നില്ല.അഴിമതിയുടേയും ഖജനാവുകൊള്ളയുടേയും നീചവൃത്താന്തങ്ങളെ കഥാനായകനായ ആര്‍ ബാലകൃഷ്ണപിള്ളയും സമരപരീക്ഷണങ്ങളിലൂടെ കടന്നുപോന്നവരും തീക്ഷ്ണ ജീവിതപരിസരങ്ങളുള്ളവരുമായ ഏതെങ്കിലും മുതിര്‍ന്ന ഇടതുപക്ഷ നേതാവിനേയും ഒരേ സ്വരത്തില്‍ പരാമര്‍ശിക്കുന്ന പത്രങ്ങളുടെ സമീപനത്തില്‍ എന്തോ അടിസ്ഥാനപരമായ വൈരുധ്യമുണ്ടെന്ന് തീര്‍ച്ച”- അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

            ഇന്നലെ മനോരമയില്‍ വന്ന ഒരു വാര്‍ത്ത എത്ര കുടിലവും നീചവുമായിട്ടാണ് വര്‍ത്തമാനകാലത്ത് മാധ്യമങ്ങള്‍ ഇടപെടുന്നതെന്നതിന് ഉദാഹരണമാണ്. ശബരി മല രാഷ്ട്രീയ വിജയം ഇടതുപക്ഷത്തിന് എന്ന ആ വാര്‍ത്തക്കു പിന്നിലെ വലതുപക്ഷ ബുദ്ധി പുതിയൊരു മാധ്യമവിമര്‍ശനവും സമീപനവും ആവശ്യപ്പെടുന്നു.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം