#ദിനസരികള്‍ 521- നൂറു ദിവസം നൂറു പുസ്തകം – തൊണ്ണൂറാം ദിവസം.‌




||എന്റെ നാടുകടത്തല്‍  സ്വദേശാഭിമാനി രാമകൃഷ്ണപിള്ള||
            സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെക്കുറിച്ച് എം എന്‍‌ കാരശ്ശേരി പറഞ്ഞ ഒരു കഥയുണ്ട്. തിരുവിതാംകൂറിലെ ദിവാനായിരുന്നുവല്ലോ പി രാജഗോപാലാചാരി. അദ്ദേഹത്തിന്റെ ഉപജാപത്തിന്റെ ഫലമായിട്ടാണ് രാമകൃഷ്ണപിള്ളയുടെ നാടുകടത്തലുണ്ടായത്.ഒരു ദിവസം തന്റെ പത്രമായ സ്വദേശാഭിമാനിയില്‍ തന്റെ പത്രത്തില്‍ രാജഗോപാലാചാരിയുടെ പേര് തെറ്റായി ജാരഗോപാലാചാരി എന്നാണ് അച്ചടിച്ചിരുന്നത്. എവിടെയൊക്കെ ആ പേര് അന്നേ ദിവസം പത്രത്തില്‍ ഉപയോഗിക്കപ്പെട്ടിരുന്നുവോ അവിടെയൊക്കെ ജാരഗോപാലാചാരി എന്നുതന്നെ എഴുതപ്പെട്ടു. ഇതുവായിച്ച ദിവാന്‍ അത്യന്തം ക്രുദ്ധനായി. തിരുത്തണമെന്ന് ആവശ്യപ്പെട്ടു. പിറ്റേ ദിവസം തിരുത്തു വന്നു.അതിങ്ങനെയായിരുന്നു ദിവാന്‍ ശ്രീ രാജഗോപാലാചാരിയുടെ പേര് നമ്മുടെ പത്രത്തില്‍ ഇന്നലെ രാജഗോപാലാചാരി എന്നതിനു പകരം ജാരഗോപാലാചാരി എന്നടിച്ചത് അച്ചിപ്പിഴവായിരുന്നുവെന്ന് അറിയിക്കുന്നു. രാജഭരണത്തോടും അതിന്റെ കിങ്കരന്മാരോടും എത്ര കഠിനവും രൂക്ഷവുമായിട്ടാണ് സ്വദേശാഭിമാനി പെരുമാറിയിരുന്നതെന്ന് ഈ ഒരൊറ്റ സംഭവത്തിലൂടെ വ്യക്തമാകുന്നു.കൊട്ടാരങ്ങളുടെ അടിത്തറയെപ്പോലും പിടിച്ചു കുലുക്കാന്‍ കെല്പുള്ള ഇത്തരം നിരവധി ഇടപെടലുകളാണ് രാമകൃഷ്ണപിള്ള പത്രാധിപരായ ശേഷം സ്വദേശാഭിമാനിയില്‍ നിന്നും ഉണ്ടായത്. ദിവാന്‍ പി രാജഗോപാലാചാരി , രാമകൃഷ്ണപിള്ളക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു സമര്‍പ്പിച്ച റിപ്പോര്‍ട്ട് അത്തരം ധാരാളം കുറ്റങ്ങളെ അക്കമിട്ടു നിരത്തുന്നുണ്ട്.- “ സ്വദേശാഭിമാനിയുടെ എഴുത്തും മനോഭാവവും മനസ്സിലാക്കുന്നതിന് കഴിവുള്ള എല്ലാ മാര്‍ഗ്ഗത്തിലൂടേയും തിരുവിതാംകൂറിനെ അപകീര്‍ത്തിപ്പെടുത്തുക എന്നതായിരുന്നു പത്രത്തിന്റെ നയമെന്ന് ഓര്‍മ്മിപ്പിക്കുന്നതു നന്നായിരിക്കും.സംസ്ഥാനത്തിന്റെ ഭരണാധിപന്‍ എന്ന നിലയ്ക്ക് മഹാരാജാവിനെ വിടാപ്പിടിയായി വിമര്‍ശിച്ചിരുന്നു.രാജത്വം , രാജഭക്തി , പൌരാകാശം എന്നിവയുടെ സിദ്ധാന്തങ്ങളെ നിപുണമായി വികസിപ്പിച്ച് പ്രചരിപ്പിച്ചു.അതാകട്ടെ, ഒരു നാട്ടുരാജ്യത്തിലെ ഗവണ്‍‌മെന്റിന്റെ അടിസ്ഥാനമായ വ്യക്ത്യധിഷ്ടിതഭരണത്തെ തീര്‍ത്തും തകിടം മറിക്കുന്നതും ഇപ്പോഴത്തെ ഇപ്പോഴത്തെ മഹാരാജാവ് സ്ഥാനാരോഹണം ചെയ്തതിനുശേഷം തിരുവിതാംകൂറിന്റെ ഭരണമേറ്റിട്ടുള്ള എല്ലാ ദിവാന്‍ജിമാരേയും  - ഒരാളൊഴികെ ചിലരെ ക്രൂരമായി അപകീര്‍ത്തിപ്പെടുത്തുമാറും ഔദ്യോഗികമായും സ്വകാര്യമായും ചെയ്തതിനോ ചെയ്യപ്പെടാതിരുന്നതിനോ ഒന്നുപോലെ കുറ്റമാരോപിച്ച് ക്രൂരമായി എതിര്‍ത്തിരുന്നു.ഒടുവിലൊടുവില്‍ സംസ്ഥാനത്തെ ഉദ്യോഗസ്ഥന്മാരേയും നിശിതമായി വിമര്‍ശിച്ചു പോന്നിരുന്നു.ആ ആക്രമണങ്ങളുടെയെല്ലാം സഞ്ചിത ഫലം തിരുവിതാംകൂര്‍ ഗവണ്‍‌മെന്റ് ഏറ്റവും ദുഷിച്ച ഒരളവോളം കാര്യക്ഷമതിയില്ലാത്തതും അഴിമതി നിറഞ്ഞതുമായ ഒരു ഗവണ്‍‌‌മെന്റാണെന്നും അഴിമതി നിറഞ്ഞതാണെന്നും തീരെ മോശമായ രീതിയില്‍ ഭരിക്കപ്പടാന്‍ ഇടയായ ഏറ്റവും ഭാഗ്യദോഷിയായ ഒരു രാജ്യമാണ് തിരുവിതാംകൂറെന്നും പ്രദര്‍ശിപ്പിക്കുക എന്നതായിരുന്നു.പലപ്പോഴും അനുഭവത്തില്‍ കലാപം ഇളക്കി വിടുന്നിടത്തോളം വരെ പോകുന്നിടത്തോള സ്വേദേശാഭിമാനിധൈര്യപ്പെട്ടിട്ടുണ്ട്.കുറ്റപത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ക്രൂരമായി കൃത്യങ്ങളുടെ പട്ടിക തീരുന്നില്ല.രാജാവിനെതിരേയും രാജ്യത്തിനെതിരേയും ജനങ്ങളെ ഇളക്കിവിട്ട് കലാപത്തിനു പ്രേരിപ്പിച്ചതിനു 1910 സെപ്തംബര്‍ മാസം ഇരുപത്തിയെട്ടാം തീയതി രാമകൃഷ്ണപിള്ളയെ നാടുകടത്താനും സ്വദേശാഭിമാനി അച്ചടിച്ചിരുന്ന പ്രസ്സും അനുബന്ധങ്ങളും ഗവണ്‍‌മെന്റിലേക്ക് കണ്ടുകെട്ടാനും രാജകീയ വിളംബരം പ്രസിദ്ധപ്പെടുത്തി.
            ഭയകൌടില്യലോഭങ്ങള്‍ വളര്‍ക്കില്ലൊരു നാടിനെ എന്ന ആപ്തവാക്യവുമായി 1905 വക്കം അബ്ദുല്‍ ഖാദര്‍ മൌലവി ആരംഭിച്ച സ്വദേശാഭിമാനിയുടെ പത്രാധിപരായി 1906 വരെ സിപി ഗോവിന്ദപ്പിള്ളയായിരുന്നു.രാമകൃഷ്ണ പിള്ളയുടെ വരവോടുകൂടി സ്വദേശാഭിമാനി തിരുവിതാംകൂറിന്റെ രാഷ്ട്രീയ നഭസ്സിലേക്ക് ഉദിച്ചുയരുകയും ജനപക്ഷത്തുനിന്നും രാജഭരണത്തെ നോക്കിക്കണ്ടുകൊണ്ട് നിശിതമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്തു.അധികാരികളെ ചൊടിപ്പിച്ച ആ ഇടപെടലുകള്‍ പത്രാധിപരുടെ നാടുകടത്തലിലേക്കാണ് എത്തിയത്.തിരുവിതാംകൂറില്‍ നിന്നും നാടുകടത്തപ്പെട്ട് കണ്ണൂരിലെത്തിയ സ്വദേശാഭിമാനിക്ക് 1916 മാര്‍ച്ച് 28 ന് അന്തരിക്കുന്നതുവരെ ആ നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ കഴിഞ്ഞില്ല.പിന്നീട് 1973 ലാണ് തന്റെ പ്രവര്‍ത്തന മണ്ഡലമായ തിരുവിതാംകൂറിലേക്ക് ചിതാഭസ്മമായി നാടിന്റെ ആദരമേറ്റു വാങ്ങി അദ്ദേഹം എത്തിച്ചേര്‍ന്നത്.
            നാടുകടത്തിലിനെക്കുറിച്ച് രാമകൃഷ്ണപിള്ള എഴുതിയ ഒരു കുറിപ്പും രാജഭരണത്തിലെ അനീതികളെ ചൂണ്ടിക്കാണിച്ചുകൊണ്ട് സ്വദേശാഭിമാനിയില്‍ വന്ന മുഖപ്രസംഗങ്ങളും അദ്ദേഹത്തിന്റെ നാടുകടത്തിലിനെക്കുറിച്ച് വിവിധ പത്രമാസികകളുടെ അഭിപ്രായങ്ങളും അദ്ദേഹത്തിന്റെ സഹധര്‍മിണിയായ ബി കല്യാണിയമ്മയുടെ വ്യാഴവട്ട സ്മരണകളില്‍ നിന്നുള്ള ആ ദിവസത്തെക്കുറിച്ചുള്ള ഓര്‍മകളും മകള്‍ കെ ഗോമതിയമ്മ 1975 ല്‍ എഴുതിയ മങ്ങാതെ മായാതെ എന്ന കുറിപ്പും ദിവാന്റെ റിപ്പോര്‍ട്ടും നാടകടത്തല്‍ വിളംബരവും അടങ്ങുന്നതാണ് ഈ പുസ്തകം.സ്വേദേശാഭിമാനിയുടെ നാടുകടത്തിലിനെക്കുറിച്ച് ഏകദേശം സമഗ്രമായ വിവരങ്ങള്‍ വായനക്കാരന് ഈ പുസ്തകത്തിലൂടെ ലഭിക്കും.
            സ്വദേശാഭിമാനിയെക്കുറിച്ച് നമുക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം. വിവേചനത്തില്‍ അധിഷ്ഠിതമായ വര്‍ണവ്യവസ്ഥയെ അദ്ദേഹത്തിനു പഥ്യമായിരുന്നുവെന്ന ആരോപണം നിലവിലുണ്ട്. പണ്ഡിറ്റ് കെ പി കറുപ്പനെതിരെ നടത്തിയ ആക്ഷേപങ്ങള്‍ രാമകൃഷ്ണപിള്ളയുടെ യശസിനു കളങ്കം തന്നെയാണ്. എന്നിരുന്നാല്‍‌പ്പോലും ദുഷിച്ച അധികാരസ്ഥാപനങ്ങള്‍‌ക്കെതിരെ പേനയെടുത്തുകൊണ്ട് നിര്‍ഭയമായി യുദ്ധം ചെയ്ത് കേരളത്തിനാകമാനം സ്വതന്ത്രപത്രപ്രവര്‍ത്തനത്തിന്റേതായ ഒരു പുതുവഴി തുറന്നിട്ട രാമകൃഷ്ണപിള്ള എക്കാലത്തും സ്മരിക്കപ്പെടേണ്ടയാള്‍തന്നെയാണ്.           

പ്രസാധകര്: ഡി സി ബുക്സ് വില 60 രൂപ, ആറാം പതിപ്പ് മാര്‍ച്ച് 2010

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം