#ദിനസരികള് 518- നൂറു ദിവസം നൂറു പുസ്തകം – എണ്‍പത്തിയേഴാം ദിവസം.
||നോവല്‍ വിചിന്തനങ്ങള്‍ - എം ലീലാകുമാരി||
കഥയിലൂടെ കാര്യം പറയുന്ന സാഹിത്യരൂപമാണ് നോവല്‍ എന്ന് അതിലളിതമായി നിര്‍വചിച്ചുകൊണ്ടാണ് എം ലീലാകുമാരി, തന്റെ നോവല്‍ വിചിന്തനങ്ങള്‍ എന്ന പുസ്തകം ആരംഭിക്കുന്നത്. ഈ ലേഖനങ്ങള്‍ വിവിധ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചവയാണ്. നോവലിനെക്കുറിച്ച് ഏറെക്കുറെ സമഗ്രമായ കാഴ്ചപ്പാടോടെ എഴുതപ്പെട്ട നോവല്‍ വിഭജനത്തിന്റെ മാനദണ്ഡങ്ങള്‍ എന്ന പ്രബന്ധത്തോടെയാണ് ഈ പുസ്തകം ആരംഭിക്കുന്നത്. ” വിഷയസ്വഭാവവും ആഖ്യാനരീതിയും മാത്രമല്ല കഥാഘടനയും നോവല്‍ വിഭജനത്തിന് മാനദണ്ഡമാകാറുണ്ട്.ഏതെങ്കിലുമൊരു പ്രത്യേകത മാത്രം പ്രകടമാക്കുന്ന ഒരു നോവലും ഉണ്ടാകാനിടയില്ല.ഏതിനാണ് പ്രാമുഖ്യം എന്നതു ആസ്പദമാക്കി ഏതെങ്കിലുമൊരു വിഭാഗത്തില്‍പ്പെടുത്തുകയാണ് സാധാരണ ചെയ്യാറുള്ളത്” എന്ന് നോവലുകളെ പിക്കാറസ്ക് നോവലുകള്‍ , അപസര്‍പ്പക നോവലുകള്‍ , റൊമാന്‍സുകള്‍ , ചരിത്ര നോവല്‍ , രാഷ്ടീയ നോവലുകള്‍, സാമൂഹിക നോവലുകള്‍ , മനശാസ്ത്ര നോവലുകള്‍ , ദാര്‍ശനിക നോവലുകള്‍ എന്നിങ്ങനെ വിഭജിച്ചുകൊണ്ട് ലീലാകുമാരി എഴുതുന്നു.
“വിനോദരസപ്രധാനങ്ങളായ സംഭവങ്ങള്‍ ഏകനായകന്റെ
വിവിധാനുഭവങ്ങളെന്ന നിലയില്‍ കോര്‍ത്തിണക്കി രചിക്കുന്നവയാണ് പിക്കാറസ്ക് നോവലുകള്‍” എന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് മലയാളത്തില്‍ നിന്നും വിരുതന്‍
ശങ്കുവിനെ ഉദാഹരണമാക്കുന്നു.വായനക്കാരനെ പിടിച്ചിരുത്തുന്ന തരത്തില്‍ ‘സംഭ്രമജനകമായ’ സംഭവങ്ങളെ കോര്‍ത്തിണക്കി രചിക്കുന്ന അപസര്‍പ്പക
നോവലുകള്‍ക്ക് ലോകമെങ്ങും ആരാധകരുണ്ട്.മലയാളത്തില്‍ ഇത്തരം നോവലുകള്‍ക്ക് ധാരാളം
ഉദാഹരണങ്ങളുണ്ട്.” വീരസാഹസിക സംഭവങ്ങള്‍ കഥാപാത്രങ്ങളുടെ ആദര്‍ശവത്കരണം, കേവല ക്രിയാംശത്തിനുള്ള പ്രാധാന്യം റൊമാന്‍സുനോവുലകള്‍ക്കും
ചരിത്ര നോവലുകള്‍ക്കും ബാഹ്യതലത്തില്‍ സമാനതകള്‍ പലതുണ്ട്.എന്നാല്‍ തീര്‍ച്ചയായും
പൊരുത്തക്കേടുകളില്ലാത്ത ഒരു താരതമ്യപ്പെടുത്തലല്ല ഇത്.ചരിത്രനോവലുകള്‍
സംഭവിച്ചവയില്‍ ഊന്നി നില്ക്കുന്നുവെന്നത് വലിയ വ്യത്യാസം തന്നെയാണ്.രാഷ്ട്രീയ
നോവലുകളേയും സാമൂഹ്യ നോവലുകളേയും ഇങ്ങനെത്തനെ വിലയിരുത്തിപ്പോകാവുന്നതാണെന്ന്
ഗ്രന്ഥകാരി :- “ രാഷ്ട്രീയ ഇതിവൃത്തം എപ്പോഴും ഭരണനേതൃത്വവുമായി
ബന്ധപ്പെട്ടതായിരിക്കും.സാമൂഹികേതിവൃത്തമാകട്ടെ , സാമൂഹ്യ ജീവിതവുമായി
ബന്ധപ്പെട്ട ഏതു വിഷയവുമാകാം. “വ്യക്തി ജീവിതത്തിലെ ബാഹ്യസംഭവങ്ങളെക്കാള്‍
മനുഷ്യമനസ്സിന്റെ അതിവിചിത്രമായ ഭാവങ്ങള്‍ക്ക് ആവിഷ്കാരം നല്കുന്നവ” യെന്ന മനശാസ്ത്ര നോവലിനെ പരിചയപ്പെടുത്തുന്നു.”വ്യക്തിബന്ധങ്ങള്‍ക്ക് തളര്‍ച്ചയും ധാര്‍മികമൂല്യങ്ങള്‍ക്ക്
ച്യുതിയും സംഭവിച്ച ആധുനിക സാമൂഹ്യ വ്യവസ്ഥിതിയില്‍ മനുഷ്യന്‍ കൂടുതല്‍ അന്തര്‍മുഖനായിത്തീരുക സ്വാഭാവികമാണ്.ചുറ്റുമുള്ള ജീവിതത്തില്‍
നിന്ന് മുഖം തിരിച്ച് തന്റെ തന്നെ മനസ്സിന്റെ ഉള്‍ത്തലങ്ങളിലേക്ക് ആണ്ടിറങ്ങുന്ന
എഴുത്തുകാരന് പ്രചോദിത നിമിഷങ്ങളില്‍ ദര്‍ശന വിക്ഷേപണത്തിനുള്ള ഉപാധിയായി
മാറുന്നവയാണ് ദാര്‍ശനിക നോവലുകളെന്ന് ലീലാകുമാരി പറയുന്നുണ്ട്.
വിഷയത്തിന്റെ
അടിസ്ഥാനത്തിലെന്ന പോലെ രചനാരീതിയുടെ അടിസ്ഥാനത്തിലും നോവലുകളെ ക്രിയാപ്രധാനമായ
നോവല്‍, പാത്രപ്രധാനമായ നോവല്‍, നാടകീയ നോവല്‍, ക്രോണിക്കിള്‍ എന്നിങ്ങനെ
തരംതിരിക്കാവുന്നതാണ്.കഥ പറയുന്ന രീതിയിലെ പ്രത്യേകത കൊണ്ട് കഥയുടെ ഗതിയെ കൂടുതല്‍
ശക്തമായും വ്യക്തമായും വായനക്കാരനിലേക്ക് എത്തിക്കുവാന്‍ കഴിയുന്ന തരത്തില്‍
വിവിധങ്ങളായ രചനാരീതികളെ എഴുത്തുകാരന്‍ അനുവര്‍ത്തിക്കാറുണ്ട്.”നേരിട്ടു കഥ
പറയുന്ന രീതിയില്‍ അല്ലെങ്കില്‍ ഏതെങ്കിലും കഥാപാത്രത്തിന്റെ അനുഭവ സീമയില്‍
വരുന്ന കാര്യങ്ങളെന്ന നിലയില്‍ , അന്യേന്യമയക്കുന്ന കത്തുകളുടെ രൂപത്തില്‍,
ഡയറിക്കുറിപ്പുകളുടെ മാതിരിയിലൊക്കെ കഥ പറയാവുന്നതാണ്.” കഥ പറയേണ്ടത് ഏതുരൂപത്തിലായിരിക്കണമെന്നത്
എഴുത്തുകാന്റെ വിവേചനബുദ്ധിയെ ആശ്രയിച്ചായിരിക്കും.
നോവല്‍
പഠനത്തിന് തുടക്കക്കാരനെ സാഹായിക്കുന്ന ഒരു ഗ്രന്ഥമാണിതെന്ന് നിസ്സംശയം
പറയാം.മഹാഭാരത നായികമാര്‍ മലയാള നോവലില്‍ എന്ന ലേഖനം ദീര്‍ഘമാണെങ്കിലും
വായിച്ചിരിക്കേണ്ട ഒന്നാണെന്ന് എടുത്തുപറയട്ടെ .
പ്രസാധകര്‍ മാളൂബന്‍ ബുക്സ് വില 135 രൂപ, ഒന്നാം പതിപ്പ് നവംബര്‍ 2015
പ്രസാധകര്‍ മാളൂബന്‍ ബുക്സ് വില 135 രൂപ, ഒന്നാം പതിപ്പ് നവംബര്‍ 2015
പ
Comments