#ദിനസരികള്‍ 520- നൂറു ദിവസം നൂറു പുസ്തകം – എണ്‍പത്തിയൊമ്പതാം ദിവസം.
||ചെസ്സ് ചാമ്പ്യന് – പ്രൊഫ എന് ആര് അനില് കുമാര്||
ചതുരംഗത്തിന് വൈദികകാലത്തോളം പഴക്കമുണ്ടെന്ന് വാദിക്കുന്ന പണ്ഡിതരുണ്ട്.ചിലരാകട്ടെ സിന്ധുനദീതട കാലഘട്ടങ്ങളിലേക്കുപോലും അതിന്റെ വേരുകള് നീളുന്നുണ്ടെന്ന് വാദിക്കുന്നുണ്ട്.ഹാരപ്പയില് നിന്നും മോഹന്‌ജെദാരോയില് നിന്നുമൊക്കെ പകിടയുടേയും ചൂതിന്റേയും അവശേഷിപ്പുകള് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് ചതുരംഗത്തിന് അയ്യായിരം വര്ഷത്തോളം പഴക്കമുണ്ടെന്ന നിഗമനത്തിലേക്കെത്തെച്ചേരാന് ഈ കണ്ടുപിടിത്തങ്ങള് പ്രഗല്ഭരെ സഹായിച്ചു. എന്നിരുന്നാല്‌പ്പോലും നാമിപ്പോള് ചതുരംഗമെന്നും ചെസ്സെന്നുമൊക്കെ വിളിക്കുന്ന കളികളോട് അതിവിദൂരമായ ച്ഛായ മാത്രമായിരുന്നു അക്കാലങ്ങളിലെ കളികള്ക്ക് ഉണ്ടായിരുന്നത്. പലകകളില് എട്ടോ പത്തോ സമചതുരങ്ങള് വരച്ചുള്ള കളികളെപ്പറ്റി ബൌദ്ധഗ്രന്ഥന്മാര് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ആര് സി മജുംദാറും കൂട്ടരും എഴുതിയ ഭാരതത്തിന്റെ ചരിത്രത്തില് പറയുന്നു.അങ്ങനെയൊക്കെയാണെങ്കിലും “ എ.ഡി ആറാം ശതകത്തില് ഇന്ത്യയിുടെ വടക്കു പടിഞ്ഞാറേ ഭാഗത്ത് പ്രചരിച്ചിരുന്ന ഏതോ പ്രാചീന കളിയില് നിന്നും രൂപപ്പെട്ട ബുദ്ധിവിനോദമാണ് ചതുരംഗം എന്നാണ് ഇപ്പോള് പൊതുവില് അംഗീകരിക്കപ്പെട്ടിരിക്കുന്ന വസ്തുത” എന്ന് പി വി എന് നമ്പൂതിരി ചെസ്സിന്റെ ലോകം എന്ന പുസ്തകത്തില് എഴുതുന്നു.ഇന്നും സജീവമായി നില്ക്കുന്ന ചെസ്സ് എന്ന കളിയുടെ ചരിത്രം പറയുന്നത് എക്കാലത്തേയും മനുഷ്യര്ക്ക് ആ കളിയോട് മമതയുണ്ട് എന്നുതന്നെയാണ്.അതുകൊണ്ടുതന്നെ വിവിധങ്ങളായ കാലഘട്ടങ്ങളില് വിവിധങ്ങളായ നിയമങ്ങളേയും രീതികളേയും അനുവര്ത്തിച്ചുകൊണ്ട് നിലനിന്നുപോരുന്ന ചെസ്സിന് ഇന്ന് ലോകമാകെ ആരാധകരും കളിക്കാരുമുണ്ടെങ്കിലും ചെസ്സിനെ സ്കൂള് കോളേജ് പാഠ്യപദ്ധതിയില് ഉള്‌പ്പെടുത്തിക്കൊണ്ട് പുതിയ തലമുറയെ കൂടുതലായി ആകര്ഷിക്കാന് നാമിനിയും ശ്രമിക്കേണ്ടിയിരിക്കുന്നു.ചെസ്സിന്റെ പ്രസക്തിയും പ്രാധാന്യവും മനസ്സിലാക്കി ആളുകളെ ആകര്ഷിക്കുക എന്ന ഉദ്ദേശത്തോടെ ചെസ്സ് ഒളിമ്പ്യനായ പ്രൊഫസര് എന് ആര് അനില്കുമാര് എഴുതിയ പുസ്തകമാണ് ’ചെസ്സ് ചാമ്പ്യന്.’ചെസ്സിനെക്കുറിച്ച് ഇത്രയും ആധികാരികമായി മലയാളത്തില് എഴുതപ്പെട്ട മറ്റൊരു ഗ്രന്ഥം എന്റെ ശ്രദ്ധയിലില്ല എന്നതുകൂടി സൂചിപ്പിക്കട്ടെ.
ചെസ്സിലെ പ്രാരംഭ നീക്കങ്ങള് മുതല് അതിഗഹനവും സങ്കീര്ണവുമായ എന്ഡ് ഗയിം വരെയുള്ളവയെക്കുറിച്ചും വിവിധങ്ങളായ പ്രതിരോധങ്ങളെക്കുറിച്ചും കളി രേഖപ്പെടുത്തുന്ന രീതികളെക്കുറിച്ചുമൊക്കെ പുസ്തകം വിശദമായി അവതരിപ്പിക്കുന്നു.മൂന്നു ഭാഗങ്ങളിലായാണ് പുസ്തകം അവതരിപ്പിക്കപ്പെടുന്നത്. ഒന്നാം ഭാഗം തുടക്കക്കാര്ക്കു വേണ്ടിയും രണ്ടാംഭാഗം കളി അറിയുന്നവര്ക്ക് കൂടുതല് ശാസ്ത്രീയമായ പരിജ്ഞാനമുണ്ടാക്കിയെടുക്കുന്നതിനു വേണ്ടിയും മൂന്നാം ഭാഗം ചെസ്സിനെ സംബന്ധിച്ചുള്ള പൊതുവിജ്ഞാനം പ്രായോഗികവശങ്ങള് എന്നിവയെ കുറിച്ചുമാണ് ചര്ച്ച ചെയ്യുന്നത്.
ഒന്നാം ഭാഗം – ചെസ്സു കളിക്കു വേണ്ടി നിലവിലുള്ള അന്താരാഷ്ട്രമാനദണ്ഡങ്ങളനുസരിച്ച് തയ്യാറാക്കിയിരിക്കുന്ന ബോര്ഡുകളെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ടാണ് ഈ ഭാഗം ആരംഭിക്കുന്നത്. അമ്പത്തിയഞ്ചു മില്ലിമീറ്ററില് നാലു വശങ്ങളുള്ള കറുത്തതും വെളുത്തതുമായ അറുപത്തിനാലു ചെറു ചതുരങ്ങള് കൊണ്ടാണ് ബോര്ഡ് തയ്യാറാക്കിയിരിക്കുന്നത്. കളിക്കാരന്റെ വലതുവശത്തു വെളുത്ത കളം വരുന്നവിധത്തിലായിരിക്കണം ബോര്ഡ് പ്രതിഷ്ഠിക്കേണ്ടത്.ഇരുവശങ്ങളിലുമായി രണ്ടു രാജാവ് രണ്ടു മന്ത്രി രണ്ടു ആന രണ്ടു തേര് രണ്ടു കുതിര എന്നിവയും പതിനാറു കാലാളുകളും ഈ ‘യുദ്ധ’ത്തില് പങ്കെടുക്കുന്നത്. അവയുടെ സവിശേഷമായ നീക്കങ്ങളില് അനുവര്ത്തിക്കേണ്ട നിയമങ്ങളെക്കുറിച്ചു വിശദമായിത്തന്നെ പ്രതിപാദിക്കുന്നത് തുടക്കക്കാര്ക്ക് സഹായകമാകും.
അതിപ്രധാനമാണ് രണ്ടാം ഭാഗം.ഈ പുസ്തകത്തിലെ എന്നല്ല ചെസ്സിലെത്തന്നെ ഏറ്റവും പ്രധാനപ്പെട്ട ഓപ്പണിംഗ് , മിഡില് എന്ഡ് ഗയിമുകളെക്കുറിച്ചും ആക്രമണ പ്രത്യാക്രമണങ്ങളെക്കുറിച്ചും വളരെ വിശദമായിത്തന്നെ ലേഖകന് ചര്ച്ച ചെയ്യുന്നു. എല്ലാത്തിനും മുമ്പേ എന്ഡ് ഗയിമാണ് പഠിക്കേണ്ടത് എന്ന വിഖ്യാതനായ ചെസ്സ് കളിക്കാരന് കാപാബ്ലാന്കയുടെ നിലപാടിനോട് ഐക്യപ്പെട്ടുകൊണ്ടാണ് ഈ ഭാഗം ആരംഭിക്കുന്നത്. ”ഫുട്ബോളില് ഗോള്മുഖം വരെയെത്തി ഗോളടിക്കാനറിയാതെ അമ്പരന്നു നില്ക്കുന്ന കളിക്കാരനെപ്പോലെയാണ് എന്ഡ് ഗെയിമില് വേണ്ടത്ര പരിജ്ഞാനമില്ലാത്ത ചെസ്സുകളിക്കാരന് “ എന്നാണ് ഗ്രന്ഥകാരന് പറയുന്നത്. കളി പഠിക്കുവാന് ആഗ്രഹിക്കുന്നവര് ശരിയായി മനസ്സിരുത്തി രണ്ടാംഭാഗം പലതവണ പരിശീലിച്ചുതന്നെ പഠിക്കേണ്ടതാണ്.
ചെസ്സ് പ്രശ്നോത്തരികളെക്കുറിച്ചും ലോക ചാമ്പ്യന്മാരെക്കുറിച്ചും അവരുടെ പ്രധാനപ്പെട്ട കളികളെക്കുറിച്ചുമൊക്കെ പ്രതിപാദിക്കുന്ന മൂന്നാം ഭാഗം ലോക ചെസ്സ് രംഗത്തേക്ക് ഒരെത്തിനോട്ടമാണ്.1924 ജൂലായ് മുപ്പതിനു പിറവിയെടുത്ത ലോക ചെസ്സ് സംഘടനയായ ഫിഡെയുടെ വിവിധ റാങ്കുകളെക്കുറിച്ചും ഫിഡേ ജേതാക്കളെക്കുറിച്ചും നാം ഈ ഭാഗത്തു മനസ്സിലാക്കുന്നു.നല്ല ചെസ്സുകളിക്കാരന്റെ / കാരിയുടെ ഗുണങ്ങളെന്തെല്ലാമെന്ന് ഗ്രന്ഥകാരന് സൂചിപ്പിക്കുന്ന മനസ്സിലാക്കിവെക്കേണ്ടതുതന്നെയാണ്.അതോടൊപ്പം ചെസ്സിനെക്കുറിച്ച് പുറത്തു വന്നിരിക്കുന്ന വിവിധങ്ങളായ പുസ്തകങ്ങളേയും സോഫ്റ്റുവെയറുകളേയും വെബ്‌സൈറ്റുകളേയും പരിചയപ്പെടുത്തിയിരിക്കുന്നത് പുസ്തകത്തിന്റെ മികവു വര്ദ്ധിപ്പിക്കുന്നു.കൂടാതെ വിശ്വനാഥന് ആനന്ദിന്റേയും കാള്സന്റേയും അമ്പതു കളികള് വീതം പുസ്തകത്തില് രേഖപ്പെടുത്തിയിരിക്കുന്നത് പരീശീലിക്കുന്നവര്ക്ക് വളരെ ഉപകാരപ്രദമാണ്.ചെസ് മാസ്റ്ററെപ്പോലെയുള്ള ആധികാരിക ഗ്രന്ഥങ്ങള് യുവതലമുറയെ ചെസ്സിലേക്ക് ഏറെ ആകര്ഷിക്കുക തന്നെ ചെയ്യും.
പ്രസാധകര് : ഡി സി ബുക്സ് വില 275 രൂപ, ഒന്നാം പതിപ്പ് നവംബര് 2014
Comments