#ദിനസരികള്‍ 519- നൂറു ദിവസം നൂറു പുസ്തകം – എണ്‍പത്തിയെട്ടാം ദിവസം.
||പിന്നിട്ട വഴികള്‍ – ഇ കെ നായനാര്‍||
കമ്യൂണിസ്റ്റുകാര്‍ക്കെതിരെ ഇക്കാലങ്ങളില്‍ ചിലരെല്ലാം നിങ്ങളിവിടെ എന്തുചെയ്തു എന്ന് ചോദിക്കുന്നതു കേട്ടിട്ടുണ്ട്.അത്തരക്കാര്‍ക്ക് അത്യന്തം വിനയത്തോടെ ഇ കെ നായനാര്‍ നല്കുന്ന മറുപടി കേള്‍ക്കുക -“ സോഷ്യലിസത്തിന്റെ സങ്കല്പത്തില്‍ ഒരു അടിമരാജ്യത്തിലെ പൌരനായി കടന്നുവന്ന ഞാന്‍ സോഷ്യലിസത്തിന്റെ പൂര്‍ണതയ്ക്കുവേണ്ടിയുള്ള യുദ്ധത്തില്‍ മുഴുകുകയായിരുന്നു.രാജ്യത്തിന്റെ സ്വാതന്ത്ര്യമായിരുന്നു ആദ്യത്തെ ലക്ഷ്യം.പിന്നീട് സോഷ്യലിസത്തിലേക്കുള്ള വിപ്ലവപ്പാതയൊരുക്കാനുള്ള ശ്രമം. നാമിന്ന് എല്ലാ തരത്തിലും കുറേയേറെ പുരോഗതി കൈവരിച്ചിരിക്കുന്നു.പുതിയ തലമുറയ്ക്ക് ഒരു പക്ഷേ അതു തിരിച്ചറിയാനായില്ലെന്നു വരാം.എങ്കിലും പഴയ തലമുറയില്‍പ്പെട്ടവര്‍ക്കത് അനുഭവത്തിലൂടെ അറിയാനായി” നായനാര്‍, ജാതിയുടേയും മത്തിന്റേയും മറ്റ് അനാചാരങ്ങളുടേയും പടുകുഴികളില്‍ പെട്ട് ഉഴലുകയായിരുന്ന ഒരു ജനത ഇരുണ്ട കാലഘട്ടത്തിനെതിരെ നടത്തിയ സമരപോരാട്ടങ്ങളെ വളരെയേറെ ലഘകരിച്ചുകൊണ്ടാണ് തന്റെ ജീവചരിത്രക്കുറിപ്പുകളില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കേരളത്തിന്റെ ചരിത്രത്തിലൂടെ വെറുതെയൊന്ന് കണ്ണോടിച്ചു പോകുന്നവര്‍ക്കറിയാം.പക്ഷേ ആ വരികളില്‍ തുടിച്ചു നില്ക്കുന്ന ചരിത്രബോധം നാം കാണാതിരുന്നു കൂട.നാം വര്‍ത്തമാനകാലത്ത് അനുഭവിക്കുന്ന സുഖസൌകര്യങ്ങള്‍ ഒരു സുപ്രഭാതത്തില്‍ ആരും നമുക്ക് തന്നു അനുഗ്രഹിക്കുകയായിരുന്നില്ല, മറിച്ച് പോരാളികളായിരുന്ന ഒരു കൂട്ടമാളുകള്‍ ജനതയുടെ വിമോചനത്തിനു വേണ്ടി തങ്ങള്‍ക്കുള്ളതെല്ലാം ത്യജിച്ചുകൊണ്ട് സമരത്തീയിലേക്ക് എടുത്തു ചാടിയതിന്റെ ഫലമായിരുന്നു.വൈദേശികാധിപത്യത്തിനെതിരെ സ്വാതന്ത്ര്യത്തിനുവേണ്ടി അവര്‍ പോരാടി. സഫലമായ ആ പോരാട്ടത്തിനുശേഷം രാജ്യത്തെ നേര്‍വഴിക്കു നയിക്കേണ്ടതിന്നു വേണ്ടി ഒരു ശരിയായ ദര്‍ശനവും നീതിബോധവും സമൂഹത്തിലുണ്ടാക്കിയെടുക്കാനായി അടുത്ത പോരാട്ടം.ആ പോരാട്ടങ്ങളെയൊക്കെയാണ് നാം ഇന്ന് വേലയായും കൂലിയായും ഇളവായും കളിയായും അനുഭവിക്കുന്നത്.
നരനു നരനശുദ്ധവസ്തു പോലും!
ധരയില്‍ നടപ്പതു തീണ്ടലാണു പോലും!
നരകമിവിടമാണു ഹന്ത കഷ്ടം!
ഹര! ഹര! ഇങ്ങനെ വല്ല നാടുമുണ്ടോ?
എന്നു ആരും ചോദിച്ചു
പോകുമായിരുന്ന ഒരു നാടിനെ അവര്‍ ഉദ്ധരിച്ചെടുത്ത് ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റി.ഒരു പറ്റം രക്തസാക്ഷികളുടെ , പോരാളികളുടെ ചോരയില്‍ കെട്ടിയുയര്‍ത്തിയ പടവുകളുടെ മുകളിലിരുന്നുകൊണ്ടാണ് നമ്മുടെ പുതിയ തലമുറ നിങ്ങളെന്തു ചെയ്തു എന്ന ചോദ്യമെറിഞ്ഞു കളിക്കുന്നത്.അത്തരക്കാര്‍ക്കുള്ള മറുപടികൂടിയാണ് ഇ കെ നായനാരുടെ ജീവചരിത്രക്കുറിപ്പുകളായ ഈ പുസ്തകം.
സ്വന്തം പെങ്ങളുടെ മരണസമയത്ത് നായനാര്‍ ഒളിവിലായിരുന്നു.”ജീവിച്ചു കൊതിതീരാത്ത കൊച്ചുപെങ്ങളുടെ ഓരോ ചലനവും എന്റെ മനസ്സിലേക്ക് ഇരച്ചു കയറിയ നിമിങ്ങളായിരുന്നു അത്.ഇക്കാലത്ത് അമ്മ അനുഭവിച്ച വേദനക്ക് കണക്കില്ല.ഏക മകള്‍ മരിച്ചു.ഇളയ മകന്‍ എവിടെയാണെന്നറിയില്ല.എപ്പോഴും ഞാന്‍ അടുത്തുവേണമെന്ന് വിചാരിക്കുന്ന അമ്മയ്ക്ക് ലക്ഷ്മിക്കുട്ടിയുടെ മരണസമയത്തുപോലും ഞാനവിടെ ഇല്ലാതെപോയത് അങ്ങേയറ്റത്തെ ആഘാതമായിരുന്നു.എന്തൊക്കെ സഹിക്കേണ്ടി വന്നാലും ഇതെന്റെ തലേലെഴുത്താണ് എന്ന് സമാധാനിക്കുന്ന അമ്മ” തികച്ചും വ്യക്തിപരമായ ഒരനുഭവം നായനാര്‍ എഴുതുന്നതു ചൂണ്ടിക്കാണിച്ചത്, ഓരോ പ്രവര്‍ത്തകരും അക്കാലങ്ങളില്‍ സഹിച്ച ത്യാഗോജ്ജ്വലമായ ജീവിതത്തെക്കുറിച്ച് സൂചിപ്പിക്കുവാനാണ്.
കയ്യൂര്‍ സമരം നായനാരുടെ ജീവിതത്തിലെ തിളക്കമാര്‍ന്ന ഒരേടാണ്.സുബ്ബരായന്‍ എന്ന പോലീസുകാരന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് നായനാര്‍ മൂന്നാം പ്രതിയായി കേസു റജിസ്റ്റര്‍ ചെയ്യപ്പെട്ടു. എന്നാല്‍ ദീര്‍ഘകാലത്തെ അന്വേഷണത്തിനു ശേഷവും അദ്ദേഹത്തെ പിടികൂടാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല എന്നതുകൊണ്ട് പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെടുകയാണുണ്ടായത്. ”മഠത്തിൽ അപ്പു, കോയിത്താറ്റിൽ ചിരുകണ്ടൻ, പൊടോര കുഞ്ഞമ്പുനായർ, പള്ളിക്കൽ അബൂബക്കർ, ചൂരിക്കാടൻ കൃഷ്ണൻനായർ എന്നിവർക്ക് കോടതി വധശിക്ഷ വിധിച്ചു. മുപ്പത്തെട്ടു പേരെ കോടതി വിട്ടയച്ചു. ബാക്കി പ്രതിപ്പട്ടികയിലുള്ളവർക്ക് അഞ്ചു വർഷവും, രണ്ടു വർഷവും വീതം കഠിനതടവിനു ശിക്ഷിച്ചു. വിധി പ്രസ്താവിക്കുമ്പോൾ കൃഷ്ണൻനായർക്ക് 15 വയസ്സായിരുന്നു പ്രായം, അതുകൊണ്ട് ശിക്ഷ നടപ്പാക്കുന്നതിനു മുമ്പ് പ്രൊവിൻഷ്യൻ സർക്കാരിന്റെ ഉത്തരവിനായി റിപ്പോർട്ട് ചെയ്യണമെന്നും കോടതി വിധിന്യായത്തിൽ പ്രസ്താവിക്കുകയുണ്ടായി. പോലീസുകാരന്റെ ദുഷ്പ്രവർത്തികളെക്കുറിച്ച് വിധിയുടെ ഒരു ഭാഗത്ത് നിശിതമായി തന്നെ വിമർശിച്ചിരുന്നു.” എന്ന് വിക്കിപ്പീഡിയ രേഖപ്പെടുത്തുന്നു.കേരളത്തിലെ ഇടതുപക്ഷ സമരചരിത്രത്തിന് എക്കാലത്തും ആവേശം പകരുന്ന ഒരേടാണ് 1941 മാര്‍ച്ച് ഇരുപത്തേഴിന് നടന്ന കയ്യൂര്‍ സമരം.
പി കൃഷ്ണപിള്ളയും എ കെ ജിയും ഇ എംഎസും വിഷ്ണുഭാരതീയനും കേരളീയനും കെ പി ആറും സി എച്ച് കണാരനും എ വി കുഞ്ഞമ്പുവുമൊക്കെ നായനാര്‍ക്ക് മാര്‍ഗ്ഗദര്‍ശകരായിരുന്നു.അവരോടൊപ്പമുള്ള പ്രവര്‍ത്തനങ്ങള്‍ മനുഷ്യരെ തുല്യരായി കാണുവാനും ഇടപെടുവാനും അദ്ദേഹത്തെ പഠിപ്പിച്ചു.ഇ കെ നായനാരെപ്പോലെയുള്ള അതുല്യരായ മനുഷ്യസ്നേഹികളില്‍ നിന്നും നാമിനിയും ഒരുപാടു പഠിക്കേണ്ടിയിരിക്കുന്നു.
പ്രസാധകര്‍ : മാതൃഭൂമി ബുക്സ് വില 80 രൂപ, ഒന്നാം പതിപ്പ് ജൂലൈ 2004
Comments