#ദിനസരികള് 516- നൂറു ദിവസം നൂറു പുസ്തകം – എണ്‍പത്തിയാറാം ദിവസം.‌




||ഏകീകൃത സിവില്‍ കോഡ് അകവും പുറവും – എഡി . ഹമീദ് ചേന്ദമംഗലൂര്‍||

ആനന്ദ്, കെ വേണു, പി എസ് ശ്രീധരന്‍ പിള്ള, കെ കെ കൊച്ച് , കെ ടി തോമസ്, നൈനാന്‍ കോശി, ജോസഫ് പുലിക്കുന്നേല്‍ , കാളീശ്വരം രാജ്, ഒ അബ്ദുറഹിമാന്‍ , പോള്‍ തേലക്കാട്ട് , യു കലാനാഥന്‍, ഖദീജാ മുംതാസ് എന്നിവരാണ് ഏകീകൃത സിവില്‍ കോഡിനെക്കുറിച്ചുള്ള ആ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു. ഭരണഘടനയിലെ നാല്പത്തിനാലാം വകുപ്പാണ് ഏകീകൃത സിവില്‍ കോഡിനെക്കുറിച്ച് പറയുന്നത്. ഇന്ത്യയുടെ അതിര്‍ത്തികള്‍ക്കുള്ളിലെ എല്ലാ പൌരന്മാര്‍ക്കും ഒരുപോലെ ബാധകമായ ഒരു നിയമം ഉണ്ടാക്കുവാന്‍ യത്നിക്കണം എന്ന ഈ നിര്‍‌ദേശം നടപ്പിലാക്കിക്കിട്ടുവാന്‍ കോടതികളെ സമീപിക്കാനോ ഇതു നടപ്പിലാക്കണമെന്ന് ആവശ്യപ്പെടാന്‍ കോടതികള്‍‌ക്കോ കഴിയില്ല. 2014 ല്‍ ബി ജെ പി തങ്ങളുടെ പ്രകടന പത്രികയില്‍ ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരും എന്ന പറഞ്ഞിരുന്നു. പ്രസ്തുത നിലപാടിന്റെ അനുരണനമായി 2014 ല്‍ തന്നെ പുറത്തു വന്നിരുന്ന ഈ പുസ്തകം അനുകൂലമായതും എതിര്‍ക്കുന്നതുമായ അഭിപ്രായങ്ങള്‍കൊണ്ട് ഇന്നും പ്രസക്തമാകുന്നു.

“സമൂഹ സമത്വത്തില്‍ വിശ്വസിക്കുന്ന മതമാണ് ഇസ്ലാമെങ്കില്‍ അതിന്റെ അനുയായികള്‍ക്ക് ഏറ്റവും കൂടുതല്‍ സ്വീകാര്യമാകേണ്ട ഭരണവ്യവസ്ഥയാണ് ഇന്‍ന്ത്യന്‍ ഭരണ വ്യവസ്ഥ” എന്നു സൂചിപ്പിച്ചുകൊണ്ട് സ്ത്രീപക്ഷത്തുനിന്നും സിവില്‍ കോഡിനെ നോക്കിക്കാണുകയാണ് ഖദീജാ മുംതാസ്.വ്യത്യസ്തങ്ങളാ ഏഴു സിവില്‍ കോഡുകളുള്ള ഇന്ത്യയില്‍ സ്ത്രീവിരുദ്ധത മുസ്ലിം വ്യക്തിനിയമ സംഹിതയിലെ കൂടി ഉള്‍‌പ്പെടുന്നു എന്നത് ആധുനികജനാധിപത്യത്തിന്റെ നീതിബോധത്തിന് ഇണങ്ങുന്നതല്ലെന്ന് അവര്‍ വാദിക്കുന്നു. “ഒരു ജനാധിപത്യരാജ്യത്ത് സമത്വം സ്വാതന്ത്ര്യം നീതി എന്നീ ആശയങ്ങള്‍ക്കുമേല്‍ പടുത്തുയര്‍ത്തപ്പെട്ട സിവില്‍ ക്രിമിനല്‍ നിയമങ്ങള്‍ക്കു വിധേയമായിക്കൊണ്ടുള്ള മതവിശ്വാസവും ആചരണവും മാത്രമേ അനുവദിക്കപ്പെടാന്‍ പാടുള്ളു എന്ന് അനുഭവം നമ്മോടു പറയുന്നു.സ്ത്രീകളെ രണ്ടാംകിടക്കാരായി നിലനിറുത്തിയില്ലെങ്കില്‍ അവളുടെ അവകാശങ്ങള്‍ നിഷേധിച്ചില്ലെങ്കില്‍ വിശ്വാസം പൂര്‍ണ്ണമാവില്ലെന്നു കരുതുന്നുവരുടെ മതവിശ്വാസസംരക്ഷണം ജനാധിപത്യത്തിന്റെ ഉത്തരവാദിത്തമല്ല എന്നുതന്നെ പറയേണ്ടിവരും.” എന്ന നിലപാടിന് മതത്തിന്റെ പേരിലേറ്റ പൊള്ളലിന്റെ വേദനയുണ്ട്. നിതിയുക്തവും ജനാധിപത്യപരവുമാണെങ്കില്‍ താനതു സ്വാഗതം ചെയ്യുമെന്നു കൂടി ശ്രീ ഖദീജാ മുംതാസ് സൂചിപ്പിക്കുന്നുണ്ട്.

അംബേദ്കര്‍ സിവില്‍ കോഡിനെപ്പറ്റി പറയുന്നത് ജസ്റ്റീസ് കെ ടി തോമസ് ഉദ്ധരിക്കുന്നുണ്ട് “ നമ്മുടെ പുതിയ റിപ്പബ്ലിക്കിനു വേണ്ടത് ഹിന്ദു നിയമമോ മുസ്ലിം നിയമമോ മറ്റു മതങ്ങളുടെ നിയമമോ അല്ല.അതേ സമയം മേല്‍പ്പറഞ്ഞ എല്ലാ നിയമങ്ങളിലേക്കും ഉത്തമമായ അംശങ്ങളെ തിരഞ്ഞെടുത്ത് പുരോഗമനപരമായ ആശയങ്ങള്‍ ഉള്‍‍ക്കൊള്ളുന്നതും ഭാരതത്തെ ഏകോപിപ്പിക്കുന്നതിന് ഉതകുന്നതുമായ ഒരു നിയമം , അതിന് ഭാരതീയ സംസ്കാരത്തിന്റെ നിറവും മണവും ഉണ്ടാകുന്നത് അഭികാമ്യമായിരിക്കും.അത് ധൃതി പിടിച്ച് ചെയ്യുവാനല്ല; പ്രത്യുത അവധാനപൂര്‍വ്വം എന്നാല്‍ താമസം വരുത്താതെയും നടപ്പിലാക്കണമെന്നുള്ള ആഹ്വാനമാണ് നാല്പത്തിനാലാം അനുച്ഛേദത്തിന്റെ കാമ്പ്”. ഈ അഭിപ്രായത്തില്‍ പ്രകടിപ്പിക്കുന്ന പ്രതീക്ഷാനിര്‍ഭരമായ മാനവികതയെ ഇന്നു ജാതിയുടേയും മതത്തിന്റേയും പേരില്‍ അധികാരത്തിലെത്തിയ സര്‍ക്കാറിന് എത്രമാത്രം ആത്മാര്‍ത്ഥതയോടെ നടപ്പിലാക്കാന്‍ കഴിയും എന്ന ചോദ്യംപ്രസക്തമാണ്.അക്കാരണങ്ങള്‍‌കൊണ്ടുതന്നെയാണ് നമ്മുടെ മതന്യൂനപക്ഷം നരേന്ദ്രമോഡി പ്രധാനമന്ത്രിയായിരിക്കുന്ന ഇക്കാലത്ത് ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കുന്നതില്‍ പതിവിലുമേറെ ജാഗ്രത കാണിക്കുന്നത്.ഒളിച്ചു വെച്ചിരിക്കുന്ന ഹിന്ദുത്വ അജണ്ടകളിലൂടെ ജനാധപത്യത്തിന്റെ അന്തസ്സിനു നിരക്കാത്ത നടപടികള്‍ വര്‍ഗ്ഗീയതയിലൂന്നി നില്ക്കുന്ന സര്‍ക്കാറിന്റെ ഭാഗത്തു നിന്നുമുണ്ടാകുമെന്ന് പുരോഗമന പക്ഷം സംശയിക്കുന്നതും ഇതേ കാരണം കൊണ്ടുതന്നെയാണ്.

ഏകീകൃത നിയമം നടപ്പിലാക്കാന്‍ പരിശ്രമിക്കണമെന്നുള്ള ജസ്റ്റീസ് ഖരെയുടെ പരാമര്‍ശം ഒട്ടും ആകര്‍ഷണീയമായിത്തോന്നിയില്ല എന്നാണ് നിയമ വിദഗ്ദനായ അഡ്വ കാളീശ്വരം രാജ് പറയുന്നത്.” ഇന്ത്യയെപ്പോലെയുള്ള ഒരു ബഹുസ്വരമത സമൂഹത്തിന്റെ വൈവിധ്യങ്ങള്‍ക്കുമേല്‍ ഏകീകൃത സിവില്‍ നിയമം ഒറ്റയടിക്ക് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ ദേശീയോത്ഗ്രഥനം സാധിക്കുകയില്ലെന്നു മാത്രമല്ല വിപരീത ഫലമുണ്ടാകുകയും ചെയ്യുമെന്നാ “ ണ് അദ്ദേഹത്തിന്റെ പക്ഷം.സ്കൂള്‍കുട്ടികളെ യൂണിഫോം ഇടവിക്കുന്ന തരത്തിലുള്ള ഒരു പരിപാടിയല്ല ഇത് എന്നുകൂടി ആക്ഷേപിക്കുവാന്‍ അദ്ദേഹം തയ്യാറാകുന്നുമുണ്ട്.

ആചാരങ്ങളുടെ ഏകീകരണമല്ല, നിയമങ്ങളുടെ ഏകീകരണമാണ് പൊതുസിവില്‍ കോഡ് ലക്ഷ്യം വെക്കുന്നതെന്ന് ആനന്ദ് അഭിദര്‍ശിക്കുന്നു.അതുകൊണ്ടുതന്നെ പ്രഥമ കാല്‍‌വെയ്‌പ്പെന്ന നിലയില്‍ ഒരു രൂപരേഖയുണ്ടാക്കി ആറുദശകങ്ങളായി സ്വതന്ത്രഭാരതം ചര്‍ച്ച ചെയ്യുന്ന നിയമങ്ങള്‍ക്കു മൂര്‍ത്തരൂപം നല്കണമെന്ന് ആനന്ദ് അഭിപ്രായപ്പെടുന്നു.

ഏകീകൃത സിവില്‍ കോഡുണ്ടാക്കാന്‍ നമ്മുടെ സമൂഹം പക്വമായോ എന്ന സന്ദേഹം പങ്കുവെക്കുന്ന നൈനാന്‍ കോശിയുടെ ലേഖനം ശ്രദ്ധിക്കാതെ പോകരുത്.”ഏകീകൃത സിവില്‍ കോഡ് ആര്‍ എസ് എസിന്റെ സുപ്രധാന അജണ്ടയുടെ ഭാഗമാണ്” എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അതുകൊണ്ടുതന്നെ ബി ജെ പിയുടെ സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന ഈ സാഹചര്യത്തില്‍ പ്രസ്തുത സിവില്‍ നിയമം നടപ്പിലാക്കുന്നത് ആശാസ്യമല്ലെന്നതാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്ന വസ്തുത.

സിവില്‍ കോഡ് സ്വീകരിക്കുവാനും നടപ്പില്‍ വരുത്തുവാനും നമ്മുടെ സമൂഹം പരിശീലിക്കേണ്ടതുണ്ട്.പക്ഷേ ഒരിരുണ്ട കാലത്തിലേക്ക് ഇന്ത്യയെ ആനയിക്കുന്ന വര്‍ഗ്ഗീയവാദികളുടേതായ ഇക്കാലത്തല്ല അതു നടപ്പിലാക്കേണ്ടത് മറിച്ച് ജനാധിപത്യം തിടംവാര്‍ന്നു നില്ക്കുന്ന കാലത്തായിരിക്കണമെന്നതാണ് നാം ആഗ്രഹിക്കുന്നത്.
പ്രസാധകര്‍ : ഡി സി ബുക്സ് വില 80 രൂപ, ഒന്നാം പതിപ്പ് ജൂലൈ 2014




Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1