#ദിനസരികള് 517- നൂറു ദിവസം നൂറു പുസ്തകം – എണ്‍പത്തിയാറാം ദിവസം.‌



||ജയില്‍ ഡയറി – ഹോചിമിന്‍||

ഹോചിമിന്‍.വിയറ്റ് നാമിന്റെ പോരാളി.1964 ല്‍ തുടങ്ങി പത്തുകൊല്ലക്കാല ത്തോളം നീണ്ടുനിന്ന അമേരിക്കന്‍ അധിനിവേശത്തെ കരുത്തുറ്റ ഇച്ഛാശക്തികൊണ്ടു പിന്‍മടക്കിയ ശക്തന്‍. 1890 മെയ് പത്തൊമ്പതു ജനിച്ച അദ്ദേഹം 1969 സെപ്റ്റംബര്‍ രണ്ടിനു മരിക്കുന്നതുവരെ കമ്യുണിസ്റ്റ് മൂല്യബോധങ്ങളില്‍ അടിയുറച്ചു പ്രവര്‍ത്തിച്ചു.അദ്ദേഹത്തിന്റെ മരണസമയത്ത് ന്യൂയോര്‍ക്ക് ടൈംസ് എഴുതിയത്, അമേരിക്ക നാളിതുവരെ എവിടെയെങ്കിലും തോറ്റിട്ടുണ്ടെങ്കില്‍ അത് ഈ മനുഷ്യന്റെ മുമ്പില്‍ മാത്രമാണ് എന്നാണ്.1974 ല്‍ അമേരിക്ക യുദ്ധത്തില്‍ നിന്നും പിന്‍വാങ്ങുന്നതുവരെ ഗറില്ലാപ്പോരാട്ടങ്ങളിലൂടെ ജനതയെ മുന്നോട്ടു നയിച്ച ഹോചിമിന്‍ പിന്നീട് വിയറ്റ് നാമിന്റെ പ്രധാനമന്ത്രിയും പ്രസിഡന്റുമൊക്കെയായി.ഫ്രാന്‍സിലെ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ സ്ഥാപകാംഗമായിരുന്ന ഹോ ചിമിന്‍ ഒരു വിപ്ലവകാരി മാത്രമായിരുന്നില്ല, മറിച്ച് ഒരു കവിയും ദാര്‍ശനികനും കൂടിയായിരുന്നു.

1942 ആഗസ്റ്റ് 28 നും 1943 സെപ്തംബര്‍ പതിനാറിനുമിടയില്‍ ചൈനയിലെ തടവറയില്‍ കിടന്ന് അദ്ദേഹം എഴുതിയ നൂറുകവിതകളാണ് സച്ചിദാനന്ദന്‍ മലയാളീകരിച്ചിരിക്കുന്നത്.എന്തെങ്കിലും നിഗൂഢമായ ആശയത്തെ ഒളിച്ചു കടത്താന്‍ ശ്രമിക്കുന്നുവെന്ന തോന്നല്‍ ചൈനീസ് പോലീസിന് ഉണ്ടാകാതിരിക്കുന്നതിനുവേണ്ടി വിയറ്റ് നാമീസിലല്ല ചൈനീസ് ഭാഷയിലാണ് അദ്ദേഹം ഈ കവിതകള്‍ എഴുതിയത്. ”ജയില്‍ ജീവിതത്തിന്റെ സൂക്ഷ്മാനുഭവങ്ങള്‍ അവയുടെ എല്ലാ അര്‍ത്ഥഭേദങ്ങളോടും കൂടി ആ ആത്മരേഖകളില്‍ തെളിയുന്നു.പേനും ചിരങ്ങും കളവും പട്ടിണിയും കാവല്‍ക്കാരുടെ ക്രൂരതയും അധികവിലകളും കൈക്കൂലിയും തണുപ്പും ചങ്ങളകളും ദുര്‍ഗന്ധവും – അനീതിക്കെതിരെ നിരന്തരം പ്രതിഷേധിക്കുന്ന മനസ്സില്‍ എല്ലാ വിലക്കുകളും വടുവീഴ്ത്തുന്നു.കൂടെയുള്ള തടവുകാരുടെ അനുഭവവും ഹോ അനുഭാവത്തോടെ രേഖപ്പെടുത്തുന്നു”എന്ന് സച്ചിദാനന്ദന്‍ ഈ കവിതകളെ അടയാളപ്പെടുത്തുന്നു.

യഥാര്‍‌ത്ഥ കമ്യൂണിസ്റ്റു മനസ്സിന്റെ പര്‍വ്വതം പോലെ കനമുള്ള വിഷാദങ്ങള്‍ എന്ന വിശേഷണം ഹോ ചിമിന്റെ കവിതകള്‍ക്കു വളരെയേറെ ഇണങ്ങുന്നതാണ്. ഡയറിയിലെ ഒന്നാമത്തെ താളില്‍ അദ്ദേഹം ഇങ്ങനെ എഴുതുന്നു

കവിത ചൊല്ലല്‍ എന്റെ ശീലങ്ങളിലൊന്നായിരുന്നില്ല
പക്ഷേ ഈ തടവറയില്‍ ഞാന്‍ മറ്റെന്തു ചെയ്യാനാണ്?
ഈ തടവിലിട്ട നാളുകള്‍ ഞാന്‍ കവിതകളെഴുതി ചിലവിടും
ഇവ പാടിപ്പാടി വിമോചനത്തിന്റെ ദിവസം
അടുത്തേക്ക് കൂടുതല്‍ അടുപ്പിക്കും.- ഈ വിമോചനം വ്യക്തിപരമായി തടവറയില്‍ നിന്നും താന്‍ മോചിപ്പിക്കപ്പെടുന്നതു മാത്രമല്ല, വിദേശാധിപത്യത്തിനു കീഴില്‍ തടവനുഭവിക്കുന്ന തന്റെ ജനതയുടെ കൂടെ സ്വപ്നമാണ് അദ്ദേഹം പകര്‍ത്താന്‍ വെമ്പുന്നത്.തന്റെ മരണ പത്രത്തിലും ഹോചി മിന്‍ പങ്കുവെക്കുന്നത് ലോകജനതയൊന്നാകെ മുതലാളിത്തത്തിന്റെ കരാള ഹസ്തങ്ങളില്‍ നിന്നും മോചിപ്പിക്കപ്പെടുന്ന ഒരു നാളുതന്നെയാണ് സ്വപ്നം കാണുന്നതും “ എന്റെ അന്ത്യാഭിലാഷം , നമ്മുടെ പാര്‍ട്ടിയും ജനതയും അവരുടെ യത്നങ്ങള്‍ ഒന്നിച്ചു ചേര്‍ത്ത് ശാന്തവും ഏകീകൃതവും സ്വതന്ത്രവും ജനാധിപത്യപരവും പുരോഗമനപരവുമായ ഒരു വിയറ്റ് നാം കെട്ടിപ്പടുക്കുകയും ലോക വിപ്ലവത്തിന് വിലപ്പെട്ട സംഭാവന നല്‍കുകയും ചെയ്യണമെന്നതാണ്.” എന്ന പ്രഘോഷണത്തില്‍ മുഴങ്ങുന്ന മാനവികതയുടെ അസാധാരണമായ ശബ്ദം കേള്‍ക്കുക.

കമ്യൂണിസ്റ്റുകാരനു വേണ്ടത് അതു സാഹചര്യത്തേയും അതിജീവിക്കുമെന്ന ശുഭപ്രതീക്ഷയാണ്.തെളിഞ്ഞ കാലാവസ്ഥ എന്ന കവിത കാണുക.
എല്ലാം പരിണമിക്കുന്നു
പ്രകൃതിയുട ചക്രം കറങ്ങുന്നു
മഴയുടെ നാളുകള്‍ക്കു പിറകേ
തെളിഞ്ഞ കാലാവസ്ഥ വരുന്നു
ഒറ്റ നിമിഷം കൊണ്ട് ലോകം മുഴുവന്‍
ഈറനുരിഞ്ഞെരിയുന്നു.
പര്‍വ്വതങ്ങള്‍ പതിനായിരം യോജന നീളത്തില്‍
കസവു കംബളം വിരിക്കുന്നു.
മഴ കഴുകിയെടുത്ത വന്മരക്കൊമ്പുകളില്‍
പക്ഷികള്‍ സംഘഗാനമാലപിക്കുന്നു
ഇളവെയിലിനും തെളിത്തെന്നലിനും കീഴേ
പൂക്കള്‍ പുഞ്ചിരിക്കുന്നു
മനുഷ്യ ചേതനയില്‍ ഊഷ്മാവു നിറയുന്നു
ജീവിതം പിന്നെയുമുണരുന്നു
ദുരിതം സന്തുഷ്ടിക്കു വഴിയൊരുക്കുന്നു
- ഇതാണ് പ്രകൃതിയുടെ ഇച്ഛ.
ഈ ഇരുണ്ട കാലങ്ങളെ അതിജീവിക്കുമെന്ന സന്ദേശം ജയിലിന്റെ ഭീതിദവും മരവിച്ചതുമായ മുറിക്കകത്തിരുന്ന് ചൈനീസ് പോലീസുകാരുടെ സാന്നിധ്യത്തില്‍ ഇതിലും ഭംഗിയായി എങ്ങനെയാണ് രേഖപ്പെടുത്തുക? ലോകത്തെ മാറ്റിത്തീര്‍ത്ത മഹാരഥന്റെ ജയില്‍ക്കുറിപ്പുകളില്‍ നമ്മുടെയൊക്കെ ജീവിതം എന്തുകൊണ്ട് സമരോത്സുകമാകണം എന്ന ചോദ്യത്തിന്റെ ഉത്തരം കാണാം.

പ്രസാധകര്‍ : മാതൃഭൂമി ബുക്സ് വില 80 രൂപ, ഒന്നാം പതിപ്പ് ജൂലൈ 2014



Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം