#ദിനസരികള് 515- നൂറു ദിവസം നൂറു പുസ്തകം – എണ്‍പത്തിയഞ്ചാം ദിവസം.‌





||വിശ്വപ്രസിദ്ധ പ്രസംഗങ്ങള്‍ എഡി - ദീപേഷ് കെ രവീന്ദ്രനാഥ്||

            ഇക്കാലങ്ങളില്‍ വാക്കുകളുടെ അതുല്യമായ പ്രയോഗചാതുരിയുടെ മാസ്മരികത നാം അനുഭവിക്കുന്നത് സുനില്‍ പി ഇളയിടത്തിന്റെ പ്രഭാഷണങ്ങളിലൂടെയാണ്. തൊട്ടുമുമ്പാകട്ടെ സാഗരഗര്‍ജ്ജനമെന്ന് വിശേഷിപ്പിക്കപ്പെട്ട വാഗ്മയങ്ങളിലൂടെ സുകുമാര്‍ അഴിക്കോടിനെ നാം അനുഭവിച്ചു. അതിനുമുമ്പേ ജോസഫ് മുണ്ടശ്ശേരി, വാഗ്ഭടാനനന്ദന്‍ , സ്വാമി സത്യവ്രതന്‍, ബോധാനന്ദന്‍ തുടങ്ങിയ ഒരു നിര ആളുകള്‍ വാക്കുകളുടെ മഹാഗിരികളിലൂടെ നമ്മെ ആനയിച്ചവരാണ്.ഇതു നാം കണ്ടും കേട്ടും അറിഞ്ഞ നമ്മുടെ ഭാഷയിലെ കാര്യമാണെങ്കില്‍ ലോകചരിത്രത്തിന്റെ ഗതിവിഗതികളെ നിയന്ത്രിച്ച അതുല്യരായ പ്രാസംഗികരുടെ പ്രചണ്ഡമായ വാഗ്ദോരണികള്‍ എത്രമാത്രം ഹൃദയാവര്‍ജ്ജകമായിരിക്കില്ല? അത്തരത്തില്‍ ലോകത്തെ പുതുക്കിപ്പണിത മഹാരഥന്മാരായ മഹാത്മാഗാന്ധി,സോക്രട്ടീസ് , അബ്രഹാം ലിങ്കണ്‍ , മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്, സ്വാമി വിവേകാനന്ദന്‍, രബീന്ദ്രനാഥ് ടാഗോര്‍ , അഡോള്‍ഫ് ഹിറ്റ്ലര്‍, അമര്‍ത്യ സെന്‍, നെഹ്റു, സൂഭാഷ് ചന്ദ്രബോസ്, ബര്‍ട്രന്റ് റസ്സല്‍ , ദലൈലാമ, ലാലാ ലജ്പത് റായ്, ബാല്‍ ഗംഗാധര്‍ തിലക്, മാഡം ബിക്കാജി കാമ, വല്ലഭായ് പട്ടേല്‍ പാട്രിക് ഹെന്‍റി, സോള്‍സെനിറ്റ്‌സെന്‍, ഇലെ വേയ്സല്‍, നെല്‍സണ്‍ മണ്ടേല , എപിജെ അബ്ദുള്‍ കലാം എന്നിവരുടെ പ്രഭാഷണങ്ങളുടെ കമനീയ ശേഖരമാണ് വിശ്വപ്രസിദ്ധ പ്രസംഗങ്ങള്‍ എന്ന ഈ പുസ്തകം.

            ഇതില്‍ ആരുടെ പ്രസംഗമാണ് ഞാനാദ്യമായി നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുക? സന്ദേഹത്തിന്റെ കണിക പോലുമില്ലാതെ ഞാന്‍ മാര്‍ട്ടിന്‍ ലുഥര്‍ കിംഗ് ജൂനിയറെ ആലിംഗനം ചെയ്യും. എനിക്കൊരു സ്വപ്നമുണ്ട് എന്ന് തുടങ്ങുന്ന അത്യൂജ്ജ്വലമായ ആ പ്രസംഗം യൂട്യൂബില്‍ ലഭ്യമാണ് ; നിങ്ങള്‍ ഒരിക്കലെങ്കിലും കേള്‍ക്കണം. സാമൂഹ്യനീതിക്കുവേണ്ടി അമേരിക്കയില്‍ നടന്ന അത്യൂജ്ജ്വലമായ പോരാട്ടങ്ങളുടേയും മുന്നേറ്റങ്ങളുടേയും ഒരു നഖച്ചിത്രം നിങ്ങളുടെ മനസ്സിലുണ്ടായാല്‍ ഈ പ്രസംഗം സവിശേഷമായി നിങ്ങളുടെ ഹൃദയത്തെ കീഴടക്കും.1963 ആഗസ്റ്റ് എട്ടാം തീയതി വര്‍ണവിവേചനവും തൊഴില്‍ സ്വാതന്ത്ര്യവും മറ്റു പൌരാവകാശങ്ങളും ആഫ്രിക്കന്‍ വംശജരായ അമേരിക്കക്കാര്‍ക്കും തുല്യമാക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് വാഷിംഗ്ടണിലേക്ക് ഒരു കറുത്തവര്‍ഗ്ഗം നടത്തിയ പ്രയാണത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു ജൂനിയര്‍. ഒരു ജനത അനുഭവിക്കുന്ന പ്രയാസങ്ങളും പ്രതീക്ഷകളും അദ്ദേഹം പങ്കുവെക്കുന്നു.  പ്രസംഗത്തിലെ ഏറ്റവും മനോഹരമായ അവാസാന ഭാഗം ഉദ്ധരിക്കാതിരിക്കാന്‍ എന്റെ സഹൃദയത്വം എന്ന അനുവദിക്കുന്നില്ല. നോക്കുക –“ ഈ നിമിഷം വരെയുണ്ടായിട്ടുള്ള പ്രയാസങ്ങളും നിരാശകളുമൊക്കെ മറന്ന്, സുഹൃത്തുക്കളേ ഞാൻ നിങ്ങളോട് പറയുന്നു, എനിക്കിപ്പോഴും ഒരു സ്വപ്നമുണ്ട്. അമേരിക്കൻ ജനതയുടെ സ്വപ്നത്തിൽ ആഴത്തിൽ വേരോടിക്കിടക്കുന്ന ഒരു സ്വപ്നമാണത്. സ്വയം തെളിയിക്കും വിധം എല്ലാ മനുഷ്യരും തുല്യരാണെന്ന സത്യത്തെ ഞങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന്നാം എഴുതിവെച്ച ആ വിശ്വാസപ്രമാണത്തിന്റെ യഥാർത്ഥ സത്തയിലേക്ക് ഈ രാജ്യം ഉയരുമെന്ന സ്വപ്നമാണത്.
പഴയ അടിമകളെ സ്വന്തമാക്കി വെച്ചിരുന്നവരുടെ മക്കളും അന്നത്തെ അടിമകളായിരുന്നവരുടെ മക്കളും ഒന്നിച്ച് ജോർജിയായുടെ ചുവന്ന കുന്നിൻ പുറങ്ങളിൽ, സാഹോദര്യത്വത്തോടെ, ഒരു മേശയ്ക്കു ചുറ്റുമിരിക്കാൻ കഴിയുന്ന ഒരു നാളിനെപ്പറ്റി എനിക്കൊരു സ്വപ്നമുണ്ട്. അനീതിയുടെയും അടിച്ചമർത്തലിന്റെയും ചൂടേറ്റ് വരണ്ടുണങ്ങി, മരുഭൂമിയായിക്കിടക്കുന്ന മിസ്സിസ്സിപ്പി സംസ്ഥാനം പോലും സ്വാതന്ത്ര്യത്തിന്റേയും നീതിബോധത്തിന്റേയും പച്ചപ്പിലേക്ക് രൂപാന്തരപ്പെടുന്ന ഒരു നാളിനെപ്പറ്റി എനിക്കൊരു സ്വപ്നമുണ്ട്.
തൊലിനിറത്തിന്റെ പേരിലല്ലാതെ, സ്വന്തം ചെയ്തികളുടെ പേരിൽ മാത്രം വിലയിരുത്തപ്പെടുന്ന ഒരു രാജ്യത്ത്, എന്റെ നാലുമക്കളും ജീവിക്കണമെന്ന് എനിക്കൊരു സ്വപ്നമുണ്ട്.
ഇന്നെനിക്കൊരു സ്വപ്നമുണ്ട്. - ഇപ്പോൾ കറുത്തവംശജരുടെ ആവശ്യങ്ങൾക്ക് നേരെ തടസ്സവാദങ്ങൾ ഉന്നയിക്കുന്നതിനും അവരുടെ അവകാശങ്ങളെല്ലാം റദ്ദാക്കുന്നതിനും വേണ്ടിമാത്രം നാവു ചലിപ്പിക്കുന്ന ഒരു ഗവർണ്ണർ ഭരിക്കുന്ന അലബാമ സംസ്ഥാനത്ത്, ഒരിക്കൽ കറുത്തവരുടെ ആണ്മക്കളും പെണ്മക്കളും, വെളുത്തവരുടെ ആണ്മക്കളും പെണ്മക്കളും എല്ലാം സഹോദരങ്ങളെപോലെ കൈകോർത്ത് നടക്കുന്ന ഒരു നാളിനെപ്പറ്റി എനിക്കൊരു സ്വപ്നമുണ്ട്.
എനിക്കൊരു സ്വപ്നമുണ്ട്. - എല്ലാ താഴ്വരകളും മഹത്ത്വവൽക്കരിക്കപ്പെടുകയും എല്ലാ കുന്നുകളും കുലപർവതങ്ങളും തലകുനിക്കുകയും, എല്ലാ പരുക്കൻ പ്രദേശങ്ങളും സമതലങ്ങളായി മാറുകയും എല്ലാ കുടിലമായ സ്ഥലങ്ങളും ഋജുവായ ഇടങ്ങളായി മാറുകയും, അതിലൂടെ ദൈവത്തിന്റെ മഹത്ത്വം വെളിപ്പെടുത്തപ്പെടുകയും ചെയ്യുന്ന, മനുഷ്യശരീരങ്ങളെല്ലാം ഒന്നിച്ചൊന്നായ് നിന്ന് ആ കാഴ്ചകാണുന്ന, ഒരു ദിനത്തെപ്പറ്റി എനിക്കൊരു സ്വപ്നമുണ്ട്.
ഇതാണ് ഞങ്ങളുടെ പ്രത്യാശ. ഒരിക്കൽ സ്വതന്ത്രരാകുമെന്ന് നാം കരുതുന്നു. ഈ വിശ്വാസത്തോടു കൂടിയാണ് ഞാൻ തെക്കൻ മേഖലയിലേക്ക് മടങ്ങുന്നത്. ഈ ഒരു വിശ്വാസം കൂടെയുള്ളതുകൊണ്ടാണ് നിരാശയുടെ വലിയ പർവതശിഖരത്തിൽ നിന്നും പ്രത്യാശയുടെ ഒരു ചെറിയ കല്ലെങ്കിലും പുഴക്കിയെടുക്കാൻ നമുക്ക് കഴിയുന്നത്. ഈ വിശ്വാസമുള്ളതുകൊണ്ട് നമ്മുടെ രാജ്യത്ത് നിലനിൽക്കുന്ന പൊരുത്തക്കേടിന്റെ അപസ്വരങ്ങളെല്ലാം മായ്ച് കളഞ്ഞ് സാഹോദര്യത്തിന്റേതായ ഒരു മനോഹര സിംഫണി സൃഷ്ടിക്കാൻ നമുക്ക് കഴിയും. ഈ വിശാസത്തോടുകൂടി നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ കഴിയും. ഒന്നിച്ചു പ്രാർത്ഥിക്കാനും ഒന്നിച്ചു സമരം ചെയ്യാനും പറ്റും. സ്വാതന്ത്ര്യത്തിനു വേണ്ടി ഒന്നിച്ചു നിൽക്കാനും ഒന്നിച്ചു ജയിലിൽ പോകാനും കഴിയും.ആ ദിവസം മാത്രമായിരിക്കും, ദൈവത്തിന്റെ എല്ലാ കുട്ടികൾക്കും ഒത്തുചേർന്ന്, ഒരു പുതിയ അർത്ഥത്തോടെ എന്റെ രാജ്യമേ നീ സ്വാതന്ത്ര്യത്തിന്റെ എത്ര മധുരമനോജ്ഞമായ ഭൂമിയാണ്, നിന്നെക്കുറിച്ചു ഞാൻ പാടുന്നു. എന്റെ പിതാക്കന്മാർ ജീവിച്ചു മരിച്ച മണ്ണ്. തീർത്ഥാടകപൂർവികരുടെ അഭിമാന ഭൂമി. നിന്റെ എല്ലാ പർവതസാനുക്കളിൽ നിന്നും സ്വാതന്ത്ര്യത്തിന്റെ മണി മുഴങ്ങട്ടെഎന്നു ആത്മാർഥമായി പാടുവാൻ കഴിയൂ. (വിക്കിപ്പീഡിയയില്‍ നിന്ന് പകര്‍ത്തിയത്) പൊരുത്തക്കേടുകള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കുന്ന, മനുഷ്യര്‍ തമ്മിലുള്ള വിവേചനത്തിന് പ്രോത്സാഹനം നല്ക്കുന്ന ഒരു വ്യവസ്ഥിതി എവിടെയുണ്ടോ അവിടെയൊക്കെ മാര്‍ട്ടിന്‍ ലൂഥറിന്റെ ഈ വചനപ്രഘോഷണം ധ്രുവനക്ഷത്രത്തെപ്പോലെ മാനവരാശിക്ക് വഴികാട്ടും.

            റസ്സലിനോടുള്ള എന്റെ പക്ഷപാതിത്വം അദ്ദേഹത്തിന്റെ പ്രസംഗത്തെക്കുറിച്ചു എഴുതാന്‍ എന്നെ പ്രേരിപ്പിക്കുന്നു.ആകെയുള്ള മാനവകുലത്തെ അതിന്റെ സമഗ്രതയില്‍ത്തന്നെ അഭിവീക്ഷിച്ചുകൊണ്ട് ലോകത്തെ നോക്കിക്കണ്ട മഹാനായ ആ ചിന്തകന്‍ രണ്ടാംലോകമഹായുദ്ധത്തിന് അവസാനം കുറിച്ചുകൊണ്ട് ജപ്പാനില്‍ വീണതിനു ശേഷം ബിബിസിയില്‍ നടത്തിയ ഈ പ്രഭാഷണം തുടങ്ങുന്നത് ഇങ്ങനെയാണ് - “ഞാനിപ്പോള്‍ സംസാരിക്കുന്നത് ഒരു ബ്രിട്ടന്‍കാരനായോ യൂറോപ്യനായോ പാശ്ചാത്യ ജനാധിപത്യത്തിലെ ഒരംഗമായോ അല്ലോ.ഒരു സാധാരണ മനുഷ്യനായിട്ടാണ്. സ്വന്തം നിലനില്പുതന്നെ അപകടത്തിലായ മനുഷ്യവംശത്തിലെ അംഗമായിട്ടാണ്താന്‍ എല്ലാ വിഭാഗീയതകള്‍ക്കുമപ്പുറം ആകെയുള്ള മനുഷ്യകുലത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് അടിയുറച്ചു ചിന്തിച്ച ആ വിശ്വമാനവികന്റെ വേവലാതികളെ ഈ പ്രസംഗത്തിലൂടെ നാം തൊട്ടറിയുന്നു.

            ഇനിയുമുണ്ട് നിരവധിയായ മഹാരഥന്മാര്‍. മനുഷ്യരേയും അവരുടെ സ്വപ്നങ്ങളേയും തൊട്ടറിഞ്ഞവര്‍.അവര്‍ നമുക്കു പുതിയ വഴികള്‍ തുറന്നു തന്നു. പുതിയ വെളിച്ചങ്ങള്‍ സ്ഥാപിച്ചുതന്നു.എന്നാല്‍ ആ വിളക്കുകളെ തട്ടിമറിക്കാന്‍ തുനിഞ്ഞിറങ്ങിയ ഹിറ്റ്ലറെപ്പോലെയുള്ളവരേയും നാമിവിടെ കാണുന്നതും നല്ലതുതന്നെ. നാം എങ്ങനെയൊക്കെ ചിന്തിക്കരുത് എന്നതിനെ ഉദാഹരിക്കാന്‍ ഒരു ഫാസിസ്റ്റിന്റെ സാന്നിധ്യം ഉപകരിക്കുമല്ലോ.മനുഷ്യവംശത്തിന് പ്രത്യാശാഭരിതമായ നാളെയിലേക്കുള്ള വഴികള്‍ ചൂണ്ടിക്കാണിച്ചുകൊടുക്കുന്ന ഈ പുസ്തകം ഓരോ മനുഷ്യന്റേയും കൈകളിലേക്കെത്തേണ്ടതുതന്നെയാണ്.

           
പ്രസാധകര്ഒലീവ് ബുക്സ് വില 105   രൂപ, രണ്ടാം പതിപ്പ് ആഗസ്ത് 2013


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1