#ദിനസരികള് 499 - നൂറു ദിവസം നൂറു പുസ്തകം – എഴുപത്തൊന്നാം ദിവസം.‌




||ഡിജിറ്റല്‍ ഫോട്ടോഗ്രഫിഹരീഷ് എന്‍ നമ്പൂതിരി||
            ഡിജിറ്റല്‍ ഫോട്ടോഗ്രഫിയുടെ സാങ്കേതികതയെക്കുറിച്ച് പ്രതിപാദിക്കുന്ന മൂന്നു മലയാള പുസ്തകങ്ങളാണ് എന്റെ കൈവശമുള്ളത്. ഒന്ന് ഹരീഷ് എന്‍ നമ്പൂതിരി എഴുതിയ ഡിജിറ്റല്‍ ഫോട്ടോഗ്രഫി, രണ്ട് അജിത്ത് അരവിന്ദ് എഴുതിയ എങ്ങനെ നല്ല ഡിജിറ്റല്‍ ഫോട്ടോഗ്രാഫറാകാം, മൂന്ന് വി കെ ശശിധരന്‍ എഴുതിയ ഡിജിറ്റല്‍ ഫോട്ടോഗ്രഫി. ഒരു ഡിജിറ്റല്‍ ക്യാമറ കൈവശമുള്ളയാള്‍ക്ക് അല്ലെങ്കില്‍ ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയില്‍ താല്പര്യമുള്ളവര്‍ക്ക് - മൂന്നു പുസ്തകങ്ങളും ഉപകാരപ്പെടുമെങ്കിലും ഹരീഷിന്റെ ഡിജിറ്റല്‍ ഫോട്ടോഗ്രഫി കുറുച്ചു കൂടി ശ്രദ്ധയോടെ തയ്യാറാക്കപ്പെട്ടതാണെന്ന അഭിപ്രായമാണ് എനിക്കുള്ളത്.വളരെ മനോഹരമായി കളര്‍ പേജുകളില്‍  തയ്യാറാക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടാണ്.ഫോട്ടോഗ്രഫി എന്ന കലയുടേയും ക്യാമറയുടേയും സാങ്കേതി ശാസ്ത്രത്തിന്റേയും സാധ്യതകള്‍ തന്നെയാണ് ഡിജിറ്റല്‍ ഫോട്ടോഗ്രഫിയേയും ഫോട്ടോഗ്രഫി ആക്കുന്നത്.ക്യാമറ ക്ലിക്ക് ചെയ്തു ദൃശ്യം രേഖപ്പെടുന്ന വ്യക്തിയില്‍ നിന്ന് ഫോട്ടോഗ്രാഫിയിലേക്കുള്ള പരിണാമം ആരംഭിക്കുന്നത് ഈ തിരിച്ചറിവില്‍ നിന്നാണ്.ഡിജിറ്റല്‍ ഫോട്ടോഗ്രഫിയുടെ കലയും ശാസ്ത്രവുമാണ് ഈ പുസ്തകത്തിന്റെ വിഷയം.ക്യാമറകള്‍ ഉപയോഗിച്ച് കലാമേന്‍മയുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതെല്ലാം ഈ പുസ്തകത്തിലുണ്ട്എന്ന ആമുഖത്തില്‍ പ്രസാധകര്‍ സാക്ഷ്യപ്പെടുത്തുന്നു.
            ആത്മാവിഷ്കാരത്തിനുള്ള ഒരുപാധിയായി മാറിയ ഫോട്ടോഗ്രഫിയെന്ന കലയില്‍ മുഴുകാനാഗ്രഹിക്കുന്നവര്‍ക്ക്  താന്‍ കൈകാര്യം ചെയ്യുന്ന മേഖലയില്‍ കൂടുതല്‍ വൈദഗ്ദ്യമാര്‍ജ്ജിക്കാന്‍ കഴിയുന്ന തരത്തിലാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.ഡിജിറ്റല്‍ ഫോട്ടോഗ്രഫിക്ക് ഒരാമുഖം, തുടക്കക്കാര്‍ക്ക് ആട്ടോമോഡ്, ഫോട്ടോകള്‍ സൂക്ഷിക്കാന്‍ , കമ്പോസിങ്ങ് സങ്കേതങ്ങള്‍,എക്സ്പോഷറും മൂന്ന് ഘടകങ്ങളും ,മോഡുകളും അവയുടെ ഉപയോഗവും, മറ്റു ചില സാങ്കേതിവശങ്ങള്‍ , ലെന്‍സ് ഫില്‍റ്ററുകള്‍ , ചില ഫോട്ടോഗ്രഫി സങ്കേതങ്ങള്‍ അനുബന്ധം എന്നിങ്ങനെ പത്ത് അധ്യായങ്ങളിലൂടെയാണ് ഡിജിറ്റല്‍ ഫോട്ടോഗ്രഫിയെ സമഗ്രമായി ഹരീഷ് അവതരിപ്പിക്കുന്നത്.
            ഫോട്ടോഗ്രഫിയുടെ ചരിത്രവും പരിണാമവുമാണ് ഒന്നാം അധ്യായത്തില്‍ വിവരിച്ചിരിക്കുന്നത്.മൊബൈല്‍ ഫോണടക്കമുള്ള വിവിധയിനം ക്യമറകളെപ്പറ്റിയും കാനണും സോണിയും നിക്കണുമടക്കമുള്ള നിര്‍മ്മാതാക്കളെപ്പറ്റിയും അനുബന്ധ ഉപകരങ്ങളെപ്പറ്റിയും സാമാന്യം വിശദമായിത്തന്നെ ഈ അധ്യായം കൈകാര്യം ചെയ്യുന്നു.ബാറ്ററികള്‍ , ചാര്‍ജ്ജറുകള്‍ ട്രൈപോഡുകള്‍ , മെമ്മറികാര്‍ഡുകള്‍ തുടങ്ങി കാമറ സൂക്ഷിക്കാനുപോയോഗിക്കുന്ന ബാഗുകളെക്കുറിച്ചു വരെയുള്ള ചര്‍ച്ചകള്‍ നമുക്കിവിടെ കാണാം.കാമറ വാങ്ങുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങളും കൈയ്യില്‍ പിടിക്കേണ്ട രീതിയും ചിത്രമെടുക്കാന്‍ ഫ്രെയിം നിശ്ചയിക്കേണ്ടതെങ്ങനെയെന്നുമൊക്കെ വിവരിച്ചിരിക്കുന്ന ഒന്നാമധ്യായം വളരെ ശ്രദ്ധാപൂര്‍വ്വം വായിച്ചു പഠിക്കേണ്ടതുതന്നെയാണ്. ഫോട്ടോഗ്രഫിയില്‍ തുടക്കക്കാരനായ ഒരു വിദ്യാര്‍ത്ഥിക്ക് പ്രാഥമികമായുണ്ടാകാവുന്ന സംശയങ്ങളെയാകെ ദൂരീകരിക്കാന്‍ ഗ്രന്ഥകാരന് കഴിയുന്നു.
            കാമറയുടെ സാങ്കേതികതയില്‍ തുടക്കക്കാരനെന്ന നിലയിലുള്ള അജ്ഞതയെ മുന്‍കൂട്ടിക്കണ്ടുകൊണ്ടാണ് ഈ അധ്യായം തയ്യാറാക്കിയിട്ടുള്ളത്. വിവിധയിനം മോഡുകളെക്കുറിച്ച് വിശദമായി പ്രതിപാദിച്ചു വിഷയത്തെ സങ്കീര്‍ണമാക്കി ഭയപ്പെടുത്തുകയെന്ന വഴിയല്ല ഹരീഷ് ഇവിടെ സ്വീകരിക്കുന്നത്.ഏതൊരുവനും ആട്ടോമോഡ് ഉപോയോഗിച്ചുകൊണ്ട് വളരെ ലളിതമായി മനോഹരമായ ചിത്രങ്ങളെടുക്കേണ്ടതെങ്ങനെയെന്ന് സവിസ്തരം വിവരിക്കുന്നത് കൂടുതല്‍ ആത്മവിശ്വാസമുണ്ടാക്കാനുപകരിക്കുന്നുവെന്നു മാത്രമല്ല, കാമറയുടെ സങ്കീര്‍ണമായ മറ്റു സവിശേഷതകളിലേക്ക് കടന്നു ചെല്ലാനുള്ള താല്പര്യമുണ്ടാക്കിയെടുക്കുകയും ചെയ്യുന്നു. ഫോട്ടോകള്‍ സൂക്ഷിക്കേണ്ടതെ ങ്ങനെയെന്നാണ് മൂന്നാമത്തെ അധ്യായം ചര്‍ച്ച ചെയ്യുന്നത്.ചിത്രത്തില്‍ ആവശ്യമുള്ള മാറ്റങ്ങള്‍ വരുത്തുന്നതിനുപകരിക്കുന്ന വിവിധ സോഫ്റ്റ് വെയറുകളെപ്പറ്റിയും ചിത്രത്തെക്കുറിച്ചുള്ള സമ്പൂര്‍വിവരങ്ങളും ശേഖരിച്ചു വെക്കുന്ന എക്സിഫ് മെറ്റാഡാറ്റയെപ്പറ്റിയും നമുക്കിവിടെ മനസ്സിലാക്കാം.
            ചിത്രത്തെ എങ്ങനെ കൂടുതല്‍ മിഴിവുറ്റതാക്കാമെന്നും സാങ്കേതികത അതിനെ എത്രമാത്രം സഹായിക്കുമെന്ന അന്വേഷണമാണ് നാലാം അധ്യായം മുതല്‍ ആരംഭിക്കുന്നത്.ഫോട്ടോഗ്രഫിയെ കലാത്മകമാക്കാനുളള വഴികളെന്തൊക്കെയെന്ന് നാമിവിടെ പരിചയപ്പെടുന്നു. റൂള്‍ ഓഫ് തേര്‍ഡ്സ് അഥവാ മൂന്നിന്റെ നിയമം എന്താണെന്നും അതു ഫോട്ടോഗ്രഫിയില്‍ എത്ര ശക്തമായാണ് ഇടപെടുന്നതെന്നും ചര്‍ച്ചചെയ്തുകൊണ്ടാണ് ഈ അധ്യായം ആരംഭിക്കുന്നത് :- “ദൃശ്യത്തെ നെടുകെയും കുറുകെയും മൂന്നു സമഭാഗങ്ങളായി വിഭജിക്കുന്നതായി സങ്കല്പിക്കുക.അപ്രകാരം വിഭജിക്കുമ്പോള്‍ നമുക്കൊരു ഫ്രെയിമുകള്‍ നെടുകേയും കുറുകേയും രണ്ടു രേഖകള്‍ ലഭിക്കും.ഈ സൂചനാ രേഖകളെ അടിസ്ഥാനമാക്കിയാണ് മൂന്നിന്റെ നിയമം പ്രവര്‍ത്തിക്കുന്നത്.നാം ചിത്രീകരിക്കാനുദ്ദേശിക്കുന്ന വിഷയം പരസ്പരം ഖണ്ഡിക്കുന്ന രേഖകളുടെ മധ്യഭാഗത്തായി വരണമെന്നതാണ് ഈ നിയമം അനുശാസിക്കുന്നത്.റൂള്‍ ഓഫ് തേര്‍ഡ്സ് ചിത്രങ്ങളെ എങ്ങനെയൊക്കെ മനോഹരമാക്കുന്നുവെന്ന് ഉദാഹരണങ്ങളിലൂടെ വിശദമാക്കുന്നു.എന്നാല്‍ കലയുടെ ലോകത്ത്  നിയമങ്ങളൊന്നും നിയമങ്ങളല്ലെന്നും അത്തരം നിയമങ്ങളെ മനോഹരമായി അതീജീവിക്കുമ്പോഴാണ് കാലാതിവര്‍ത്തിയായ കല ഉരുവംകൊള്ളുന്നതെന്നും നാം മറക്കാതിരിക്കുക.
            എന്താണ് എക്സ്‌പോഷറെന്നും അത് ഒരു ചിത്രത്തെ എങ്ങനെയൊക്കെയാണ് മിഴിവുറ്റതാക്കുന്നതെന്നും അഞ്ചാം അധ്യായം ചൂണ്ടിക്കാണിക്കുന്നു.ചിത്രത്തില്‍ എത്രമാത്രം പ്രകാശം വിതറപ്പെടണം എന്നു നിശ്ചയിക്കുന്നതാണ് എക്സ്പോഷറെന്ന് ലഘുവായി പറയാം. എന്നാല്‍ അതു നിശ്ചയിച്ചെടുക്കുക അത്ര എളുപ്പമല്ല.ശരിയായ തെളിമയില്‍ ഒരു ചിത്രം പകര്‍ത്തപ്പെടണമെങ്കില്‍ ഒരു ഫോട്ടോഗ്രാഫര്‍ ഇത്തിരി പണിപ്പെടണമെന്നുതന്നെയാണ് ഗ്രന്ഥകാരന്‍ സൂചിപ്പിക്കുന്നത്.വെളിച്ചം കൂടിയാലും ( Over Exposed ) കുറഞ്ഞാലും (Under Exposed) ചിത്രം മരിച്ചുവെന്നതാണ് സത്യം.എക്സ്പോഷര്‍ നിശ്ചയിക്കാന്‍ സഹായിക്കുന്ന മീറ്ററിംഗ് മോഡുകളെപ്പറ്റി ഈ അധ്യായം വിശദമായി നമുക്കു മനസ്സിലാക്കിത്തരുന്നു
            കാമറയിലെ വിവിധയിനം മോഡുകളെപ്പറ്റിയാണ് ആറാം അധ്യായം ചര്‍ച്ച ചെയ്യുന്നത്.പ്രാഥമികമായി കാണുന്ന പോര്‍ട്രെയിറ്റ്, ലാന്‍ഡ് സ്കേപ്പ്, ആക്ഷന്‍, നൈറ്റ് പോര്‍ട്രേറ്റ്, മാക്രോ മോഡുകളെന്താണെന്നും അവ ചിത്രങ്ങളില്‍ ഉപയോഗിക്കപ്പെടേണ്ടതെങ്ങനെയെന്നും മനസ്സിലാക്കാം.ക്രിയേറ്റീവ് മോഡില്‍ , അഥവാ തന്റെ സാമാന്യബുദ്ധി ധാരാളമായി വിനിയോഗിക്കേണ്ട മോഡില്‍ പ്രവര്‍ത്തിക്കേണ്ടതെങ്ങനെയെന്നും ഇവിടെ ചര്‍ച്ച ചെയ്യുന്നു.പ്രോഗ്രാം , അപര്‍ച്ചര്‍, ഷട്ടര്‍ പ്രയോറിറ്റി, മാന്വല്‍ എന്നിങ്ങനെയുള്ള മോഡുകളാണ് അവ.പലരും മടികാണിക്കുന്ന മാന്വല്‍ മോഡിന്റെ പ്രത്യേകതകളും വിശദമാക്കുന്നു. മാന്വല്‍ മോഡിന്റെ വാല്യു നമുക്ക് മനസ്സിലാകാത്ത സാഹചര്യത്തില്‍ ആട്ടോമോഡില്‍ ഒരു ചിത്രമെടുത്തു അതില്‍ കാമറ സ്വീകരിച്ചിരിക്കുന്ന വാല്യു മനസ്സിലാക്കി മാന്വല്‍ മോഡില്‍ ചിത്രമെടുക്കുക എന്ന നിര്‍‌‍ദ്ദേശം വളരെ ഉപകാരപ്രദമാണ് പറയാതെ വയ്യ.കാമറയുടെ പ്രാഥമികമായ രീതികളെക്കുറിച്ച് നാം ഏറെക്കുറെ മനസ്സിലാക്കിക്കഴിഞ്ഞു.ഇനിയും മനസ്സിലാക്കിയിരിക്കേണ്ടവയെന്ന് തോന്നുന്ന ചില കാര്യങ്ങളെക്കുറിച്ചുകൂടി ഇനിയുള്ള അധ്യായങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.ഒരു പഠിതാവ് എന്ന നിലയില്‍ അവയെക്കൂടി മനസ്സിലാക്കുവാന്‍ ശ്രമിക്കുക.എട്ടാം അധ്യായമായ ലെന്‍സ് ഫില്‍ട്ടറുകള്‍ പ്രധാനപ്പെട്ട അധ്യായമാണ്.വിവിധയിനം ഫില്‍ട്ടറുകളെക്കുറിച്ചു നാം ഇവിടെ മനസ്സിലാക്കുന്നു.
            കുറച്ചു കലാബോധവും ഒരു കാമറയും കൈവശമുള്ള ആരേയും മികച്ച ഒരു ഫോട്ടോഗ്രാഫറാക്കിമാറ്റാന്‍ ഹരീഷിന്റെ ഈ പുസ്തകത്തിന് കഴിയുന്നുണ്ട്.
           
           


പ്രസാധകര്‍- ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വില 550 രൂപ, ഒന്നാം പതിപ്പ് നവംബര്‍ 2014


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം