#ദിനസരികള് 493 - നൂറു ദിവസം നൂറു പുസ്തകം – അറുപത്തിയഞ്ചാം ദിവസം.‌






||അസ്വസ്ഥരായ പ്രതിഭാശാലികള്‍  കെ പി വിജയന്‍||
            അസ്വസ്ഥരാകാത്ത പ്രതിഭാശാലികളുണ്ടോ? ഈ പുസ്തകത്തിന്റെ തലക്കെട്ടു കുറിച്ച ശേഷം ഞാന്‍ എന്നോടുതന്നെ ചോദിച്ച ചോദ്യമാണിത്.ഇല്ല എന്നുത്തരം പറയുകയും ചെയ്തു.ഏതു അനുഭവത്തിനു നേരെയും പ്രതിഭാശാലികള്‍ ശരാശരിക്കാരെക്കാള്‍ തീവ്രമായി പ്രതികരിക്കുന്നത് സ്വാഭാവികമാണ്.ഈ തീവ്രതയാണ് ആയുഷ്ക്കാലം മുഴുവന്‍ അവരുടെ പ്രതിഭക്ക് ഊര്‍ജ്ജം പകരുന്നത്ശ്രി കെപി വിജയന്‍ തന്റെ പുസ്തകത്തിന്റെ ആമുഖമായി എഴുതിയ വാക്കുകളാണ് ഇവ.അന്യാദൃശമായ പ്രതിഭാവിലാസംകൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്തിയ ഓബ്രിമേനന്‍ , സോമര്‍ സെറ്റ് മോം, ടെനസി വില്യംസ്, യൂജിന്‍ ഒനീല്‍ , ഡോം മൊറെയ്സ്, നീരദ് സി ചൌധരി, യൂകിഒ മിഷിമ, ചാര്‍ളി ചാപ്ലിന്‍, പാബ്ലോ പിക്കാസ്സോ, വിന്‍‌സന്റ് വാന്‍‌ഗോഖ് എന്നീ പത്തുപേരുടെ കഥയാണ് അദ്ദേഹം ഈ പുസ്തകത്തിലൂടെ പറയുന്നത്. അവര്‍ ലോകത്തോട് , താന്‍ നേരിടുന്ന സന്ദര്‍ഭങ്ങളോട് എങ്ങനെയൊക്കെ പ്രതികരിച്ചു എന്ന് മനസ്സിലാക്കാന്‍ ഈ പുസ്തകം വായനക്കാരെ പ്രാപ്തരാക്കും. മലയാളികളായ നമുക്ക് പ്രതിഭയുടെ ധാരാളിത്തംകൊണ്ട് ജീവിതത്തെ വെല്ലുവിളിച്ച ജോണ്‍ എബ്രഹാമും, സുരാസുവും, അയ്യപ്പനുമൊക്കെയുണ്ടെന്നതുകൊണ്ട് ഈ പുസ്തകം ചര്‍ച്ച ചെയ്യുന്ന വിഷയത്തിന്റെ ആന്തരികമായ ഗൌരവം വളരെ വേഗം മനസ്സിലാകുമെന്ന് പ്രത്യാശിക്കാം.
            എല്ലാവര്‍ക്കും തുല്യനിലയിലുള്ള പ്രയത്നശക്തി തന്നെയാണുള്ളത്.ഒരു സാധാരണ മനുഷ്യന്‍ കൊച്ചു കൊച്ചു കാര്യങ്ങള്‍ക്കു വേണ്ടു അതു പാഴാക്കുന്നു.ഞാന്‍ എന്റെ ശക്തി മുഴുവന്‍ ഒന്നില്‍ മാത്രം കേന്ദ്രീകരിക്കുന്നു. ചിത്രകലയില്‍ . എല്ലാം അതിനായി സമര്‍പ്പിക്കുകയാണ്.എന്നാണ് ഒരിക്കല്‍ പാബ്ലോ പിക്കാസോ ഭാര്യയായ ഫ്രാന്‍സ്വായോഡ് പറഞ്ഞത്.ഒട്ടും അതിശയോക്തിപരമായിരുന്നില്ല അദ്ദേഹത്തിന്റെ ഈ പ്രസ്താവനയെന്ന് ആ ജീവിതം പരിശോധിക്കുമ്പോള്‍ നമുക്കു മനസ്സിലാകും.ദൈനന്ദിന കാര്യങ്ങള്‍ക്കു നിര്‍ബന്ധമായും നീക്കിവെക്കേണ്ടി വരുന്ന കുറച്ചു സമയമൊഴിച്ചാല്‍ ജീവിതം തന്നെ അദ്ദേഹം ചിത്രകലക്കുവേണ്ടി സമര്‍പ്പിച്ചിരുന്നു.ആളുകളെ സല്‍ക്കരിക്കുവാന്‍ അദ്ദേഹം സമയം ചിലവഴിച്ചിരുന്നില്ല.നാടകങ്ങളും സിനിമകളും കാണാന്‍ പോകുന്നത് ചുരുക്കം.സുഹൃത്തുക്കളെപ്പോലും വ്യക്തമായി തിട്ടപ്പെടുത്തിയ അതിര്‍ത്തിക്കുള്ളിലേ നിര്‍ത്താറുള്ളു.എന്നു ചൂണ്ടിക്കാണിക്കുന്ന ഗ്രന്ഥകാരന്‍ പിക്കാസോവിന്റെ സവിശേഷമായ ചില സ്വഭാവങ്ങളെ അടയാളപ്പെടുത്താന്‍ പരിശ്രമിക്കുന്നു.
            സോമര്‍‌സെറ്റു മോമിന്റെ രസകരമായ ഒരു പ്രസ്താവന ഇങ്ങനെയാണ് :- എന്റെ സ്വഭാവത്തിന്റെ മുക്കാല്‍ ഭാഗം സാധാരണ മനുഷ്യരുടേതുപോലെയാണെന്നും കാല്‍ ഭാഗമേ പിരിയുള്ളുവെന്നും സ്വയം വിശ്വസിപ്പിക്കാന്‍ ഞാന്‍ എന്നും ശ്രമിച്ചു പോന്നിരുന്നു.യാഥാര്‍ത്ഥ്യമാകട്ടെ നേരെ തിരിച്ചുമാണ്.ബ്രിട്ടീഷ് എംബസ്സിയില്‍ 1874 ജനുവരി ഇരുപത്തിയഞ്ചിനാണ് മോം ജനിച്ചത്. Of Human Bondage എന്ന നോവലടക്കം വിഖ്യാതമായ ഒരു പിടി കൃതികളെഴുതിയ അദ്ദേഹം 91 ാം വയസ്സിലാണ് അന്തരിക്കുന്നത്.മോമിന്റെ ജീവിതത്തേയും അതിന്റെ സര്‍ഗ്ഗാത്മകമായ പിരിവുകളേയും കുടുംബബന്ധങ്ങളേയുമൊക്കെ ആവിഷ്കരിച്ചെടുക്കാന്‍ കെ പി വിജയനു കഴിഞ്ഞിട്ടുണ്ട്.
            തന്റെ നാല്പത്തിയഞ്ചാമത്തെ വയസ്സില്‍ സ്വയം വയറുകീറി ആത്മഹത്യ ചെയ്ത യുകിഒ ഒഷിമയുടെ കഥ നമ്മെ സംഭ്രാന്തരാക്കും. വയറു കീറുക മാത്രമല്ല ഒരാളെക്കൊണ്ട് അദ്ദേഹം തന്റെ കഴുത്തു വെട്ടി മാറ്റിക്കുകയും ചെയ്തു. ജാപ്പാനീസ് പാരമ്പര്യം സംരക്ഷിക്കാനാണ് അദ്ദേഹം ഈ വഴി തിരഞ്ഞെടുത്തതെന്ന് ഗ്രന്ഥകാരന്‍ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും അത്തരമൊരു വാദത്തെ ചിലരെങ്കിലും നിരുത്സാഹപ്പെടുത്തുന്നുണ്ട്.നോവലുകളും നാടകങ്ങളും മാത്രമല്ല അദ്ദേഹം സിനിമയും സംവിധാനം ചെയ്തിട്ടുണ്ട്.തന്റെ സമകാലികനായിരുന്ന ടെനസി വില്യംസിനോളംതന്നെ പ്രതിഭയുടെ അസാധാരണത്വം അദ്ദേഹത്തിനുമുണ്ടായിരുന്നു.വാന്‍‌ഗോഘിന്റെ ജീവിതം ഒട്ടുമിക്കവര്‍ക്കും സുപരിചിതമാണ്. ഒരു ഘട്ടത്തില്‍ ഭ്രാന്തോളമെത്തിയ ആ പ്രതിഭാധനന്റെ ജീവിതത്തിലെ പല സംഭവവികാസങ്ങളും പ്രതിഭയുടെ പ്രകാശം തട്ടി പരിലസിക്കുന്നതാണ്.തന്റെ കാമികിക്ക് ചെവിയറുത്തു നല്കുന്നതോളമെത്തിയ അദ്ദേഹത്തിന്റെ മൂര്‍ച്ഛകളെ ഇന്നു നാം പരിഗണിക്കുന്നത് കേവലം ഭ്രാന്തായിട്ടല്ല എന്നതുകൂടി ഓര്‍ക്കുക
            ലോകം കണ്ട പ്രതിഭാശാലികളുടെ അസാധാരണമായ ജീവിതങ്ങളിലൂടെയുള്ള  കടന്നുപോക്ക് രസകരമായ ഒരനുഭവമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.രസകരമായി എഴുതിയിരിക്കുന്നതിനാല്‍ ഈ പുസ്തകം ഒട്ടുംതന്നെ മുഷിപ്പിക്കുന്നുമില്ല.



പ്രസാധകര്‍- കറന്റ്  ബുക്സ് വില 45 രൂപ, രണ്ടാം പതിപ്പ് ജൂലൈ 1997




Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം