#ദിനസരികള് 497 - നൂറു ദിവസം നൂറു പുസ്തകം – അറുപത്തിയൊമ്പതാം ദിവസം.
||നളിനി എന്ന കാവ്യശില്പം – നിത്യ ചൈതന്യ യതി||
1977 ലെ
സാഹിത്യവിമര്‍ശനത്തിനുള്ള കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് നിത്യചൈതന്യയതി
എഴുതിയ ‘നളിനി
എന്ന കാവ്യശില്പ’ത്തിനായിരുന്നു. കാമുകി
കാമുകന്മാരുടെ സമാഗമത്തെക്കാള്‍ വിയോഗംകൊണ്ടു പ്രണയത്തിന്റെ പുതിയ വിതാനങ്ങളെ തീര്‍ത്ത
നളിനി, ഒറ്റവായനയില്‍ത്തന്നെ നമ്മെ ആകര്‍ഷിക്കുമെങ്കിലും കൂടുതല്‍ ആഴത്തില്‍ അനുഭവിപ്പിക്കുന്നുവെന്നതാണ്
യതിയുടെ പഠനത്തിന്റെ പ്രത്യേകത.നളിനിയെ കമ്പോടുകമ്പു പരിശോധിച്ചുകൊണ്ടാണ് യതി
തന്റെ ഗ്രന്ഥത്തെ പരിസമാപ്തിയിലേക്കെത്തിക്കുന്നത്.
മാര്‍ത്താണ്ഡവര്‍മ്മയില്‍
ഭ്രാന്തന്‍ ചാന്നാന്റെ രീതികളെക്കുറിച്ച് പറയുന്നതുപോലെ യതിയുടെ രീതികളും പുതുമയുള്ളതാണ്.നളിനി
– അവതരണം എന്ന രണ്ടാമത്തെ ലേഖനം നോക്കുക “ എവിടെയാണ് ഒന്നു തുടങ്ങുക?ഏറ്റവും ഉയര്‍ന്ന ഭൂമികയില്‍ത്തന്നെ
ആവട്ടെ –‘
നല്ല ഹൈമവതഭൂവില്‍!’അതുകൊള്ളാം. പ്രതീകാത്മകമായ ഒരു സംവിധാനത്തിന്റെ നാന്ദി കുറിച്ചു
കഴിഞ്ഞു. ഇനി അതുപോലെ കാലത്തില്‍ ഒരു ബിന്ദു എടുത്തുകാണിക്കണം.അപ്പോഴേ
കാലാനുസ്യൂതത പൂര്‍ണ്ണമാവുകയുള്ളു.അതിനായി പറയുന്നു – ‘ഏറെയായ് കൊല്ലം’” –ഇത്തരത്തില്‍ രസകരമായിട്ടാണ് ആശാന്‍ വിദഗ്ദമായി സൃഷ്ടിച്ചു വെച്ചിരിക്കുന്ന
ഓരോന്നിനേയും ഇഴ പിരിച്ച് വിടര്‍ത്തി യതി പരിശോധിച്ചെടുക്കുന്നത്.
നളിനി നമുക്കു
പ്രിയപ്പെട്ടതായിരിക്കുന്നതെന്തുകൊണ്ട് ? ഭാഷാപരമായ ഭംഗികള്‍ ,
നമ്മുടെ കാമനകളെ തൊട്ടുണര്‍ത്തുന്ന നനുത്ത പ്രയോഗങ്ങള്‍ , ആരേയും ഒരു നിമിഷമൊന്ന് – ആശാന്റെ ഭാഷയില്‍ പറഞ്ഞാല്‍ വൈരാഗ്യമേറിയൊരു വൈദികനും
ഏറ്റ വൈരിക്കുമുമ്പുഴറിയോടിയ ഭീരുവുമൊക്കെ – നിന്നുകൊള്ളുവാന്‍
പ്രേരിപ്പിക്കുന്ന അതിശയങ്ങള്‍, അതിലെല്ലാറ്റിനുമുപരി പ്രണയമെന്ന കാലാതിവര്‍ത്തിയായ
വികാരം, വിട്ടുപോകുമോയെന്ന പേടി – ഇങ്ങനെ നമ്മെ ആകര്‍ഷിക്കുന്ന
സവിശേഷതകളെയെല്ലാം ആശാനിവിടെ ചമച്ചു വെച്ചിരിക്കുന്നു.ആരെയാണ് ഇതൊക്കെ ആകര്‍ഷിക്കാതിരിക്കുക? കഥയുമായി താദാത്മ്യം പ്രാപിച്ചുകൊണ്ട് നായകരുടെ വികാരങ്ങളെ തങ്ങളുടെതെന്ന
പോലെ അനുഭവിക്കുകയാണ് വായനക്കാര്‍ ചെയ്യുന്നത്.
യതിയാകട്ടെ ,
പലപ്പോഴും ഭൂമിയില്‍ നിന്നും ഒരടി പൊങ്ങി നിന്നുകൊണ്ടാണ് നളിനിയെ
വായിച്ചെടുക്കുന്നത്. സ്വതവേ ആശയഗംഭീരനായ ആശാന്‍ യതിയുടെ ദാര്‍ശനികചൂളയില്‍ വീണ് കൂടുതല്‍
മിഴിവുതേടുന്നതിന് എത്ര ഉദാഹരണം വേണമെങ്കിലും ഉദ്ധരിക്കാം. “മുകളില്‍ നിന്നു കാണുന്നവന്‍ ഒന്നിനേയും അതിന്റെ തനതായ വലുപ്പത്തിലോ
വര്‍ണത്തിലോ കണ്ടുവെന്നു വരില്ല.
ദൂരദര്‍ശന
കൃശങ്ങള്‍ കണ്ടുതേ
ചാരുചിത്ര
പടഭംഗിപോലവന്‍ എന്ന വരികള്‍ വായിക്കുമ്പോള്‍
വിശ്വം ദര്‍പ്പണദൃശ്യമാനനഗരീ
തുല്യം നിജാന്തര്‍ഗതം
പശ്യന്നാത്മനി മായയാ ബഹിരിവം എന്ന ശങ്കരപ്രണീതമായ വരികളാണ് ഓര്‍മയില്‍ വരുന്നത്.ഇവിടെ
സൂചിപ്പിക്കപ്പെടുന്ന ദിഗാത്മകമായ ദൂരം കാലദൈര്‍ഘ്യത്തെക്കൂടി സൂചിപ്പിക്കുന്നു
എന്ന് കവിയുടെ മനസ്സിലേക്ക് എത്തിനോക്കുവാന്‍ കഴിയുന്ന വായനക്കാരന്
മനസ്സിലാകാതെ വരില്ല. ജനിച്ചു വളര്‍ന്ന നാടും അവിടുത്തെ ഇല്ലിക്കാടുകളും
മല്ലാക്ഷിമാരും ഉള്ള ലോകം കാലത്തിന്റെ വിദൂരതയില്‍ മറവിയുടെ മൂടല്‍മഞ്ഞില്‍ക്കൂടി
ദൂരദര്‍ശന കൃശങ്ങളായി കാണുന്നതിന്റെ പ്രതിബിംബമായിട്ടുവേണം ഇവിടുത്തെ ദുരദര്‍ശന
കൃശങ്ങളായ പടഭംഗിയെ മനസ്സിലാക്കുവാന്‍ “ സാധാരണക്കാരനായ
ഒരാസ്വാദകന്‍ ഇത്രയൊക്കെ ചിന്തിക്കുമോ ? അങ്ങനെ
ചിന്തിച്ചുവെങ്കില്‍പ്പോലും സൌന്ദര്യലഹരി വരെയെത്തുമോ? സംശയമാണ്.ഇവിടെയാണ് കവിയുടെ മനസ്സിലേക്ക് കയറി നിന്നുകൊണ്ട്
അനുവാചകന് കൃതിയുടെ
രഹസ്യങ്ങളിലേക്കുള്ള വഴി കാണിച്ചുകൊടുക്കുന്ന നിരൂപകന്റെ പ്രസക്തിയും
പ്രാധാന്യവുമിരിക്കുന്നത്.
ഈ കൃതി വായിച്ചുപോകുമ്പോള്‍ യതിയോട് പലപ്പോഴും വിയോജിപ്പുകള്‍ തോന്നുന്ന
സാഹചര്യങ്ങള്‍ ഉണ്ട്.അമിതായ ആത്മീയവല്കരണം അത്തരമൊരു സാഹചര്യമായി വേണമെങ്കില്‍ ചൂണ്ടിക്കാണിക്കാം.
പാഠങ്ങളെ വിലയിരുത്തുമ്പോള്‍ അതിന്റെ കാമ്പുകളിലേക്ക് ഇറങ്ങിച്ചെല്ലാനുതകുന്ന
തരത്തിലുള്ള ഏതു ചിന്തകളേയും നാം മാനിക്കേണ്ടതുണ്ട്, സ്വകരിക്കേണ്ടതില്ലെങ്കിലും.
ആ അര്‍ത്ഥത്തില്‍ യതിയുടെ ഈ പഠനം പ്രസക്തമാണ്.
പ്രസാധകര്‍- ഡിസി ബുക്സ് വില 22 രൂപ, ഒന്നാം പതിപ്പ് ജനുവരി1983
Comments