#ദിനസരികള് 498 - നൂറു ദിവസം നൂറു പുസ്തകം – എഴുപതാം ദിവസം.‌



|| ആര്‍ക്കാണ് ഭ്രാന്ത്? എം പി നാരായണപിള്ള||

            എം പി നാരായണപിള്ളയെന്ന നാണപ്പനെ ആദ്യമായി ഞാന്‍ ശ്രദ്ധിക്കുന്നത് , സുകുമാര്‍ അഴീക്കോട് കേരള സാഹിത്യ അക്കാദമിയുടെ ഫെല്ലോഷിപ്പുവരെ തിരിച്ചുകൊടുക്കുന്ന തലത്തിലേക്ക് വികസിച്ചഒരു വിവാദത്തിന്റെ സൂത്രധാരനെന്ന നിലയ്ക്കാണ്. ആരേയും വകവെക്കാത്ത കുസൃതിക്കാരനായ ഒരുവന്‍ എന്ന നിലയില്‍ അദ്ദേഹം പിന്നീട് എന്റെ
സന്തതസഹചാരിയായി.നാണപ്പനെഴുതിയതോരോന്നും തേടിപ്പിടിച്ച് വായിക്കുകയെന്നത് ഒരു ശീലമായി. നോവലും കഥകളും ലേഖനങ്ങളുമായി അദ്ദേഹം മലയാളത്തില്‍ നിറഞ്ഞു നിന്നു.പക്ഷേ ഇതിനെക്കാളൊക്കെ എനിക്കിഷ്ടമായിരുന്നത് അദ്ദേഹത്തിന്റെ ബോംബേവാസക്കാലത്ത് കൌമുദിയില്‍ പ്രസിദ്ധീകരിച്ചിരുന്ന ചോദ്യോത്തരങ്ങള്‍ എന്ന പംക്തിയായിരുന്നു. കുറിക്കുകൊള്ളുന്ന മറുപടിയിലൂടെ നാണപ്പന്‍ നിരവധി ആരാധകരെ സൃഷ്ടിച്ചെടുത്തു.ഉരുളയ്ക്ക് ഉപ്പേരിയെന്ന പേരില്‍ അത് പുസ്തകമാക്കിയിട്ടുണ്ട്. നാണപ്പന്റെ രീതിക്ക് ഒരുദാഹരണം നോക്കുക.ചോദ്യം :- ഇന്നത്തെ നായര്‍ സമുദായം പണ്ട് പുലയന്മാരായിരുന്നുവെന്ന് താങ്കള്‍ പറഞ്ഞാണ് അറിയുന്നത്.അങ്ങനെയെങ്കില്‍ ഇന്നത്തെ നായര്‍ പെണ്‍കുട്ടികളെ ഏതെങ്കിലും പുലയച്ചെറുക്കനു കെട്ടിച്ചു കൊടുക്കുമോ? എന്തിനേറെ , ഈ പുരാണം പറയുന്ന താങ്കള്‍ക്ക് ഒരു മകളുണ്ടായിരുന്നവെങ്കില്‍ ഒരു പുലയച്ചെറുക്കന് കെട്ടിച്ചു കൊടുക്കുമായിരുന്നോ? ശരിയായ ഉത്തരം പറയാതെ ഒഴിഞ്ഞുമാറുന്നത് ശരിയല്ല.ആയതിനാല്‍ ഇതിനു താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നു. ഈ ചോദ്യത്തിന് നാണപ്പന്റെ മറുപടി കാണുക :- “ താങ്കള്‍ ദയവായിട്ടല്പം ചരിത്രം പഠിക്കുക.ആരോടെങ്കിലും പറഞ്ഞാല്‍ പഴയ പുസ്തകങ്ങള്‍ അയച്ചുതരും.പുലയര്‍ നായരായി മാറാന്‍ തുടങ്ങിയത് 1250 വര്‍ഷമെങ്കിലും മുമ്പാണ്.അത്രയൊന്നും പോകണ്ട.ഇരുനൂറ്റമ്പതു വര്‍ഷം മുമ്പുള്ള ഒരു ഉപമ എടുക്കാം.താങ്കള്‍ക്ക് ഒരു മകളുണ്ടായിന്നുവെങ്കില്‍ സോണിയാഗാന്ധിയുടെ മകന് വിവാഹം കഴിച്ചുകൊടുക്കുമോ? മൂന്നു പ്രധാനമന്ത്രിമാരുടെ പൈതൃകമുള്ള കുടുംബം.കൊടുക്കും ഇല്ലേ ? ഞാന്‍ കൊടുക്കില്ല.കാരണം ഇരുനൂറ്റമ്പതു വര്‍ഷങ്ങള്‍ ഈ നെഹ്റു കുടുംബത്തിന്റെ സ്ഥാപകനായ മോത്തിലാല്‍ നെഹ്റുവിന്റെ പിതാവ് ഗംഗാധര്‍ നെഹ്റു ഡല്‍ഹിയില്‍ ഒരു വാച്ച്മാനായിരുന്നു.അതായത് പാറാവുകാരന്‍.ഗംഗാധര്‍ നെഹ്റു അവിടെ ഉറക്കമിളിച്ച് പാറാവുചെയ്യുമ്പോള്‍ എന്റെ കുടുംബത്തിന്റെ അന്നത്തെ കാരണവരായിരുന്ന മാളിയ്ക്കത്താഴെ നീലകണ്ഠപ്പിള്ള എന്ന മനുഷ്യന്‍ മൈലുകള്‍ക്കപ്പുറത്തുള്ള സംബന്ധവീട്ടിലേക്ക് എല്ലാ ദിവസവും പോയിരുന്നത് മഞ്ചലിലായിരുന്നു.ആ പൈതൃകമുള്ള ഞാന്‍ (പുലയനില്‍ നിന്നും പുരോഗമിച്ച് നായരായി എന്നു വിശ്വസിക്കുന്ന ഞാന്‍ ) പാറാവുകാരന്റെ പൈതൃകമുള്ള വീട്ടിലേയ്ക്ക് എനിക്കൊരു മകളുണ്ടായിരുന്നെങ്കില്‍ കെട്ടിച്ചു കൊടുക്കില്ല.നമ്മള്‍ തമ്മിലുള്ള ഈ വ്യത്യാസം മനസ്സിലാക്കി മേലില്‍ ചോദ്യങ്ങളയക്കുകഎങ്ങനെയുണ്ട് മറുപടി? അടക്കിപ്പിടിച്ച ഒരു ചിരിയുടെ അലയൊലികള്‍ നിങ്ങളെ വന്നു തട്ടുന്നത് അറിയുന്നില്ലേ?
            അതേ നാണപ്പനെഴുതിയ ഭ്രാന്തുകളുടെ സമാഹാരമാണ് ഈ പുസ്തകം.നിങ്ങള്‍ നിശ്ചയിച്ചു വെച്ചിരിക്കുന്ന നേരായ വഴികളിലൂടെ ഒരിക്കലും സഞ്ചരിക്കാത്ത ഒരാളെയാണ് ഇവിടേയും കാണാനാകുക.വ്യതിരിക്തമായ കാഴ്ചപ്പാടുകളാല്‍ ആക്രമണോത്സുകമായ ആശയാവലികളെ സൃഷ്ടിച്ചെടുക്കാന്‍ നാരായണപിള്ളക്കു അന്യാദൃശമായ ശേഷിയുണ്ട്.എഴുത്തുകാരന് ബ്രാഹ്മണ്യമുള്ളവനാണ്. ശേഷമുള്ളവര്‍ ഓച്ഛാനിച്ചു നില്ക്കണം എന്നു പറയുന്ന നാരായണ പിള്ള ഒറ്റനോട്ടത്തില്‍ പുകഴ്ത്തുകയാണെന്ന് തോന്നുമെങ്കിലും ബ്രാഹ്മണ്യത്തെ എഴുത്തുകാരനു മുന്നില്‍ മുട്ടുകുത്തിക്കുകയാണ് ചെയ്തത്.എഴുത്തുകാരനാണ് സ്രഷ്ടാവ് എന്ന ആശയത്തെ അനുവദിക്കുകയായിരുന്നു അദ്ദേഹം.ആ നിലപാടുകളോട് നിങ്ങള്‍ക്ക് കലഹിക്കുകയും പ്രതിഷേധിക്കുകയുമൊക്കെ ചെയ്യാമെങ്കിലും അവഗണിക്കുവാന്‍ കഴിയില്ലയെന്നതാണ് ശരി.
            വാരികകളില്‍ എഴുതിയ ലേഖനങ്ങളേയും ചില ചോദ്യങ്ങള്‍ക്കു നല്കിയ ഉത്തരങ്ങളേയും സമാഹരിച്ചതാണ് ആര്‍ക്കാണ് ഭ്രാന്ത്? എന്ന ഈ പുസ്തകം. കിഡ്നിയുടെ പങ്ക് , ഇതെങ്കിലും ചെയ്യാനുള്ള സാമര്‍ത്ഥ്യം വേണ്ടേ ?, ബ്ലേഡു കമ്പനികളുടെ ആവശ്യം , പത്രം വായിക്കുമ്പോള്‍ മുതലായ ലേഖനങ്ങള്‍ നമ്മുടെ സാമാന്യബുദ്ധിയെ വെല്ലുവിളിക്കുകയും തലകീഴായി നിറുത്തുകയും ചെയ്യുന്നു. ഈ ലേഖനങ്ങളിലൂടെ കടന്നു പോകുന്നത് രസകരമായ അനുഭവമാണ്.

പ്രസാധകര്‍- മാതൃഭൂമി ബുക്സ് വില 85 രൂപ, ഒന്നാം പതിപ്പ് ജനുവരി1983


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1