#ദിനസരികള് 496 - നൂറു ദിവസം നൂറു പുസ്തകം – അറുപത്തിയെട്ടാം ദിവസം.
|| എം ആര്‍ ബിയുടെ ഉപന്യാസങ്ങള്‍ – എം ആര്‍ ബി||
പ്രളയകാലത്ത്
വള്ളവുമായ രക്ഷപ്പെടുത്താനെത്തിയവരോട് നിങ്ങള്‍ കൃസ്ത്യാനികളല്ലേ എന്നും നിങ്ങളുടെ
വള്ളത്തില്‍ കയറില്ലെന്നും പറഞ്ഞ് അവരെ മടക്കിയയച്ച ബ്രാഹ്മണകുടുംബത്തിന്റെ കഥ നാം
കേട്ടതാണല്ലോ. വീണ്ടും തിരിച്ചെത്തിയ വള്ളക്കാരോട് ഞങ്ങള്‍ വള്ളത്തില്‍ കയറാം
പക്ഷേ ഞങ്ങളെ തൊടരുത് എന്നായിരുന്നു അതേ കുടുംബത്തിന്റെ ആവശ്യം. വള്ളക്കാര്‍ അതു
സമ്മതിക്കുകയും അവരെ കയറ്റിയിരുത്തി സുരക്ഷിതമായി കരയിലേക്കെത്തിക്കുകയും ചെയ്തു
എന്നതാണ് കഥാന്ത്യം. ലോകത്തിന്റെ മുമ്പില്‍ കേരളത്തിന്റെ ശിരസ്സ് ഇങ്ങിനിയുയരാത്ത
വിധം കുനിഞ്ഞു പോയ ഒരു സംഭവമായിരുന്നു അത്.മറ്റൊരു സംഭവം കൂടി നോക്കുക.
ദളിതസമൂഹത്തിന്റെയൊപ്പം ക്യാമ്പില്‍ കഴിയാനാകില്ലെന്നു പറഞ്ഞു കൃസ്ത്യാനികളായ ഒരു
പറ്റമാളുകള്‍ ബഹളം വെക്കുകയും അവര്‍ക്കു വേറെ ക്യാമ്പ് തുറന്നു കൊടുക്കുകയും
ചെയ്തുവത്രേ! ( വില്ലേജ് ഓഫീസറുടെ നേതൃത്വത്തിലാണ് പുതിയ ക്യാമ്പ്
തുറന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത്. അയാളിപ്പോഴും സര്‍വ്വീസിലുണ്ടെങ്കില്‍ അതു
വലിയ നാണക്കേടു തന്നെയാണ് എന്ന കാര്യം കൂടി സൂചിപ്പിക്കട്ടെ ) ഇതും
ബ്രാഹ്മണ കഥയോടൊപ്പം കൂട്ടി വെച്ചു വായിക്കുക. കേരളം ചെന്നെത്തി നില്ക്കുന്ന അവസ്ഥ
എത്രമാത്രം ഭയാനകമാണെന്ന് ഈ രണ്ടു സംഭവങ്ങളും സാക്ഷ്യപ്പെടുത്തുന്നു.
ബ്രാഹ്മണനായി
ജനിച്ച എം ആര്‍ ഭട്ടതിരിപ്പാട് തന്റെ തിരഞ്ഞെടുത്ത ലേഖനങ്ങളില്‍ ഇങ്ങനെ എഴുതുന്നു “ ബ്രാഹ്മണ്യത്തിന്റെ പാടിക്കുള്ളിലെ മനുഷ്യജീവിതം വെറും
നിസ്സാരതയാണെന്ന് എനിക്കു കാണാന്‍ കഴിഞ്ഞു.വെളിച്ചം കിട്ടാതെ അവിടെ ജീവിതങ്ങള്‍
മുരടിക്കുന്നു.മാധുര്യമാസ്വദിക്കാന്‍ തരപ്പെടാതെ നെടുവീര്‍പ്പിടുന്നു.പുതിയ ആശകളും
ആദര്‍ശങ്ങളും പഴയ ആ പാരമ്പര്യത്തിന്റെ ചവിട്ടടിയില്‍ കിടന്നു മെതിഞ്ഞരയുന്നു.ഇങ്ങനെ
ജീവിതത്തിന്റെ മുന്നോട്ടുള്ള ഗതിയെയും വളര്‍ച്ചയേയും തടയുന്ന അന്ധതകളേയും
അത്യാചാരങ്ങളേയും നശിപ്പിച്ചേ രക്ഷയുള്ളു.അത് ഒഴിച്ചു കൂടാനാവാത്ത കര്‍ത്തവ്യമാണെന്നു
കൂടി വന്നിരിക്കുന്നു.” ബ്രാഹ്മണ്യത്തിന്റെ
ഇരുട്ടറകള്‍ക്കുള്ളില്‍ വെളിച്ചം കടക്കാതെ കാത്തുവെച്ച ദുരാചാരങ്ങളെ വാരി
പുറത്തിട്ട് അഗ്നിക്കിരയാക്കിയ ഒരു കാലഘട്ടത്തിന്റെ പ്രതിനിധിയായിരുന്നു എം ആര്‍
ബി. മറക്കുടയ്ക്കുള്ളിലെ മഹാനരകം എന്ന നാടകത്തിലൂടെ കേരളത്തിലാകെ നൂതനമായ
ഒരാശയത്തിന്റെ ധ്വനി മുഴക്കിയ എം ആര്‍ ബി ബ്രാഹ്മണ്യത്തിന്റെ കോട്ടകളെ
തച്ചുടച്ചവരില്‍ പ്രമുഖനാണ്. ഒരിക്കല്‍ കേരളം എതിര്‍ത്തു തോല്പിച്ചുവെന്ന് കരുതിയ
അതേ ജാതീയത പുതിയ കാലത്തിലും തലയുയര്‍ത്തി നില്ക്കുമ്പോള്‍ എം ആര്‍
ബിയെപ്പോലെയുള്ളവരിലേക്ക് നമുക്കു വീണ്ടും മടങ്ങേണ്ടിവരും.
1908 ല്‍
പൊന്നാനിയില്‍ ജനിച്ച എം ആര്‍ ബി 2001 ലാണ് ഇഹലോകവാസം വെടിയുന്നത്. അദ്ദേഹം
എഴുതിയ ഒരു പിടി ലേഖനങ്ങളുടെ – അനുഭവങ്ങളുടെ – സ്മരണകളുടെ സമാഹാരമാണ് ഈ പുസ്തകം.ജീവിതത്തെക്കുറിച്ചും നാം പോറ്റി
വളര്‍ത്തേണ്ട പുരോഗമനാത്മകമായ ആശയങ്ങളെക്കുറിച്ചുമുള്ള എം ആര്‍ ബിയുടെ
ചിന്തകള്‍ ഒരു കാലഘട്ടം പിന്നിട്ടു പോന്ന സങ്കീര്‍ണമായ സാഹചര്യങ്ങളെ
അടയാളപ്പെടുത്തുന്നു.പൊരുതി വന്ന വഴികളെക്കുറിച്ചും ഇനി കയറിപ്പോകേണ്ട
വഴികളെക്കുറിച്ചും അദ്ദേഹം സംവദിക്കുന്നു.
“കേരളീയ ജീവിതത്തിന്റെ അലകും പിടിയും മാറ്റിപ്പണി തീര്‍ത്ത ആറേഴു
ദശകങ്ങളില്‍ എം ആര്‍ ബി ഒരിക്കലും കാഴ്ചക്കാരനായി കൈയ്യും കെട്ടി നിന്നില്ല.അറങ്ങത്ത്
പലപ്പോഴും വേദി മധ്യത്തില്‍ത്തന്നെ കഥാമര്‍മ്മമറിഞ്ഞ് അദ്ദേഹം ആടിത്തിമര്‍ത്തിരുന്നു”വെന്ന് വിഷ്ണു നാരായണന്‍ നമ്പൂതിരി എഴുതുന്നത് കൃത്യമായ
നിരീക്ഷണമാണ്.അന്നത്തെക്കാലത്ത് ഒരു വിധവയെ വിവാഹം കഴിക്കുകയെന്നത്
സമുദായത്തോടുള്ള വലിയ വെല്ലുവിളിയായിരുന്നു. ആ വെല്ലുവിളി സധൈര്യം
ഏറ്റെടുത്തുകൊണ്ട് അദ്ദേഹം ഒരു വിധവയെ വിവാഹം കഴിച്ചു.സ്വാതന്ത്ര്യസമരത്തിന്റെ
മുദ്രാവാക്യങ്ങള്‍ ഏറ്റെടുത്ത എം ആര്‍ ബി, വി ടി ഭട്ടതിരിപ്പാടിനും ഇ എം
എസിനുമൊക്കെയൊപ്പം കേരളത്തെ മാറ്റിപ്പണിയാന്‍ പരിശ്രമിച്ചു. ആ പ്രയത്നങ്ങളുടെ
ഫലമായി വെളിച്ചം കയറാന്‍ തുടങ്ങിയ ഒരു സമുദായത്തിനകത്തു വീണ്ടും ഇരുട്ടു
കൂടുകെട്ടുന്നതിന്റെ കഥയാണ് ഈ കുറിപ്പിന്റെ തുടക്കത്തില്‍ നാം കണ്ടത്.
‘ചായക്കുമുണ്ടോ പൂണൂലും കൊന്തയും?’ എന്ന എം ആര്‍ ബിയുടെ
ചോദ്യത്തിന്റെ മുഴക്കം (പേജ് 185 ) വര്‍ത്തമാനകാലത്തേക്കും പറന്നു കയറുകയാണ്.ഇത്തരം
ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്തുവാന്‍ എം ആര്‍ ബിയെപ്പോലെയുള്ളവരിലേക്ക്
നാം മടങ്ങുക.
പ്രസാധകര്‍- മാതൃഭൂമി ബുക്സ് വില 68 രൂപ, ഒന്നാം പതിപ്പ് സെപ്റ്റംബര്‍
1988
Comments