#ദിനസരികള് 495 - നൂറു ദിവസം നൂറു പുസ്തകം – അറുപത്തിയേഴാം ദിവസം.‌




|| ബഷീറിന്റെ എടിയേ.. ഫാബി ബഷീര്‍||


ബഷീര്‍ അവശേഷിപ്പിച്ചു പോയത് അവസാനത്തെ പ്രവാചകന്റെ വെളിപാടുകളായിരുന്നു.ഇനിയൊരാള്‍ക്കും ബഷീര്‍ എഴുതിയതുപോലെ എഴുതാന്‍ കഴിഞ്ഞെന്നു വരില്ല. ഇനിയൊരാള്‍ക്കും കര്‍ത്താവിനെന്തിനാ പൊന്‍കുരിശ് എന്നു ചോദിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. നമ്മുടെ സമൂഹം അത്രമാത്രം മതാത്മകമായിത്തീര്‍ന്നിരിക്കുന്നു.പക്ഷേ ബഷീര്‍ മതത്തിന്റെ സങ്കുചിതത്വങ്ങള്‍ക്കുമുകളില്‍  മാനവികതയുടെ വിശാലമായ ചിറകുവിരിച്ചുയര്‍ന്നു നിന്നു.ദേശം, കാലം , ഭാഷ, ജാതി, മതം ഇത്യാദികളെക്കൊണ്ടൊന്നും വിഭജിക്കപ്പെടേണ്ടവനല്ല മനുഷ്യന്‍ എന്ന ദര്‍ശനത്തെയാണ് അദ്ദേഹം താലോലിച്ചത്.ബഷീറിന്റെ ലോകം തന്റെ സഹ ജീവി എന്ന നിലയില്‍ മനുഷ്യന്റേതു മാത്രമായിരുന്നില്ല. അവിടെ കല്ലുകരടു കാഞ്ഞിരക്കുറ്റിയും മുള്ളുമുരടു മൂര്‍ക്കന്‍പാമ്പും ഉള്‍‌‍പ്പെട്ടിരുന്നു. ഈ അണ്ഡകടാഹത്തില്‍ ആകാശമെന്ന പടുതക്കു കീഴില്‍ അരുളിമരുവുന്ന എല്ലാം തന്നെ ഭൂമിയുടെ അവകാശികളാകുന്നുവെന്ന് ബഷീര്‍ പ്രഖ്യാപിച്ചു.ബഷീര്‍ ഉണ്ടാക്കിയെടുത്ത ലോകത്തില്‍ അദ്ദഹത്തൊടൊപ്പം കഴിച്ചു കൂട്ടിയ ഭാര്യ ഫാബി, ബഷീറിനോടൊപ്പമുള്ള തന്റെ ജീവിതത്തെ അനുസ്മരിച്ചെടുക്കുയാണ് ബഷീറിന്റെ എടിയേ എന്ന ആത്മകഥയില്‍
                        ഫാബി ബഷീറിന്റെ ആത്മകഥ കേട്ടെഴുതുമ്പോള്‍ സാമ്പ്രദായികമായ ആത്മകഥാരീതിശാസ്ത്രങ്ങള്‍ ഉപേക്ഷിച്ചിട്ടുണ്ട്. അത് ബോധപൂര്‍വ്വമാണ്.ഓര്‍മ്മകള്‍ ഒട്ടിച്ചു വെക്കുന്ന ഒരു കൊളാഷ് രീതിയാണ് ഈ ആത്മകഥാരചനക്ക് ഉപയോഗിച്ചത്.മലയാളത്തിന്റെ എഴുത്തുശീലങ്ങളെ തകിടം മറിച്ച ഒരാളുടെ വ്യക്തിപരമായ ഉള്ളുരുക്കങ്ങള്‍ ഫാബി ബഷീറിന്റെ ആത്മകഥയിലൂടെ വെളിപ്പെടുന്നു.സ്നേഹമെന്ന വികാരത്തോടു നിരുപാധികമായ വിധേയത്വം പുലര്‍ത്തിയിരുന്ന ഒരു നഗ്നമനുഷ്യനായിരുന്നു ബഷീറെന്ന് ഈ ആത്മകഥ ഓര്‍മിപ്പിക്കുന്നു. എന്നാണ് ഫാബിക്കു വേണ്ടി ആത്മകഥ തയ്യാറാക്കിയ ശ്രീ താഹ മാടായി പറയുന്നത്.
        ബഷീറിന്റെ സഹധര്‍‌മിണിയുടെ സ്മരണകളാണ് അവ എന്നുള്ളതുകൊണ്ട് പുസ്തകത്തെക്കുറിച്ചോ അതിലെ എഴുത്തുരീതികളെക്കുറിച്ചോ ഗുണദോഷവിചിന്തനത്തിന് ഞാന്‍ മുതിരുന്നില്ല. ഫാബി എന്തെഴുതിയാലും അഥവാ അവരുടെ സ്മരണയില്‍ ബഷീര്‍ എന്തുതന്നെ അവശേഷിപ്പിച്ചാലും അതിലൊരു ബഷീര്‍ ടച്ച് ഉണ്ടാകുക സ്വാഭാവികമായിരിക്കും. കാരണം അത്രമാത്രം ബഷീര്‍ അവരില്‍ ഉള്‍‌ച്ചേര്‍ന്നിരിക്കുന്നു.അതുകൊണ്ടുതന്നെ അദ്ദഹത്തൊടൊപ്പം ഒരു ജീവിതകാലം മുഴുവന്‍ പങ്കാളിയായി കഴിച്ചു കൂട്ടിയ ഭാര്യ ഫാബിയുടെ സ്മരണകള്‍ അതുകൊണ്ടുതന്നെ എല്ലാവിധ മൂല്യവിചിന്തനങ്ങള്‍ക്കും അപ്പുറമാണ്.
അവരുടെ ഓര്‍മച്ചിത്രങ്ങളില്‍ റ്റാറ്റയെന്ന വൈക്കം മുഹമ്മദു ബഷീറിനെ വസ്തുനിഷ്ഠമായി പകര്‍ത്തിയിരിക്കുന്നു. റ്റാറ്റയുമൊത്ത് നാല്പതു വര്‍ഷം ഞാന്‍ ജീവിച്ചു.അതു വെറുമൊരു ജീവിതമല്ല. മലയാളത്തിന്റെ മലയാളത്തിന്റെ മഹാനായ എഴുത്തുകാരന്റെ ജീവിത സഖിയാണ് ഞാനെന്ന് ,സ്വകാര്യമായി അഹങ്കരിച്ചിരുന്നു.എന്നാല്‍ അത്തരം അഹന്തകള്‍ക്കൊന്നും തന്നെ റ്റാറ്റയുടെ ജീവിതത്തില്‍ ഇടം കിട്ടിയിരുന്നില്ല.ഞാന്‍ ഞാന്‍ എന്ന ചിന്ത ഒട്ടുമില്ലാത്ത ഒരാളായിരുന്നു അദ്ദേഹം.അറിയപ്പെടാന്‍ വേണ്ടി അദ്ദേഹം ഒന്നും ചെയ്തില്ല.ആരേയും വിളിച്ചു കൂട്ടിയില്ല.എന്നാല്‍ അദ്ദേഹം ചെയ്യുന്ന ഓരോ കാര്യവും അറിയപ്പെടുന്നതായി മാറി.ആ സാഹിത്യം വായിച്ച ഓരോ ആളും അദ്ദേഹത്തെ നേരിട്ടു കാണാന്‍ ആഗ്രഹിച്ചു.ഏതെങ്കിലുമൊരു എഴുത്തുകാരനെത്തേടി വായനക്കാര്‍ ഒറ്റയ്ക്കും കൂട്ടമായും വന്നു ചേരുന്ന അനുഭവം മറ്റെവിടെയെങ്കിലുമുണ്ടാകുമോ? “ രേഖീയമായ ഒരാഖ്യാനരീതിയല്ല ഈ പുസ്തകത്തില്‍ അവലംബിച്ചിരിക്കുന്നത്. കാലഗണനകളെ പരിഗണിക്കാതെ ഓര്‍മകളുടെ ക്രമം തെറ്റിയ വിന്യാസം തന്നെയായിരിക്കണം ഈ പുസ്തകം കാരണം സവിശേഷമായ ഒരു വായനാനുഭവം നമുക്കു ലഭിക്കുന്നു.
        ഓര്‍മ്മകളാണ് ജീവിതമെന്ന് എപ്പോഴും പറയാറുണ്ടായിരുന്ന ഒരു വലിയ മനുഷ്യന്‍ ഈ പുസ്തകത്തില്‍ ജീവിക്കുന്നു.



പ്രസാധകര്‍- ഡി സി ബുക്സ് വില 50 രൂപ, ഒന്നാം പതിപ്പ് ജൂണ്‍ 2009









Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1