#ദിനസരികള് 494 - നൂറു ദിവസം നൂറു പുസ്തകം – അറുപത്തിയാറാം ദിവസം.
||അമ്പലമണി. – സുഗതകുമാരി||
ആരുടെ കടും നിണ
മാണ് ഞാന്‍ കാല്‍വെയ്ക്കുമീ
പ്പാതയില്‍ തളംകെട്ടി
ക്കറുത്തു കിടക്കുന്നു?
ഏതൊരു കിടാവാണി
തരണ്ടു ചൂളിച്ചുരു
ണ്ടാതുരം പൊള്ളും ചോദ്യ
ചിഹ്നമായുരുകുന്നു?
ചോരയില്‍ കിടപ്പോനേ
മകനെന്നല്ലോ നിന്റെ
പേര്! നിന്‍ രാജ്യം നിന്നെ
ക്കുറിച്ചു കരയുന്നു – എത്ര മധുരോദാത്തമായ സങ്കല്പമാണിതെന്നു നോക്കൂ. വീണു കിടക്കുന്നവന്‍ ആരുമാകട്ടെ, അവന്റെ വേഷം, ഭാഷ, രൂപം, നിറം എന്തുമാകട്ടെ, അവനൊരു മകനാണ്.വിശേഷണങ്ങളുടെ കള്ളികളില്‍ പെടുത്തി അവനെ ചുരുക്കിയെടുക്കുകയല്ല കവയത്രി ഇവിടെ ചെയ്യുന്നത്, മറിച്ച് സര്‍വ്വ വിശേഷണങ്ങളേയും പറിച്ചുമാറ്റി വിശ്വത്തോളം വളര്‍ത്തിയെടുക്കുകയാണ്. അങ്ങനെയാണ് അവന്‍ മകനാണെന്നു തിരിച്ചറിയുന്ന മാതൃത്വം വിശ്വത്തിന്റേയും മാതാവാകുന്നത്. അമ്മ പ്രപഞ്ചത്തിനാകെയും അമ്മയാകുന്ന മാസ്മരികത.കുടുസ്സുകളിലേക്ക് കുരുക്കിയിടുന്നതിലല്ല തുറസ്സുകളിലേക്ക് തുറന്നു വിടുന്ന ലാളനാവൈഭവം.
എത്ര മോഹത്തിന്റെ പാട്ടുകളെത്ര ദാഹത്തിന്റെ പാട്ടുക
ളെത്ര ശോകത്തിന്റെ പാട്ടുകളാര്‍ദ്രമായ് പാടീ
എത്ര പാടീ മതിവരുന്നീലെങ്കിലും, ഞാനെത്ര നാളെ
ന്നൊറ്റയാം തന്തിമേലേറെക്കിനാക്കള്‍ മീട്ടി
വ്യര്‍ത്ഥമെന്നോ സുഹൃത്തേ, നീ യെന്തറീവൂ നിമേഷങ്ങള്‍
ക്കര്‍ത്ഥമുണ്ടായ് എന്റെ ഗാനം ജീവനഗാനം – എന്ന തിരിച്ചറിവാണ് ഈ കവിയെ കരിയിക്കാതെ നിറുത്തുന്ന ആത്മബലമെന്ന് അവരുടെ കവിതകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
മനുഷ്യനെ എന്താക്കുന്നു എന്നതിലാണ് സാഹിത്യത്തിന്റെ മഹത്വമിരിക്കുന്നതെന്നു പറയുന്നത് വെറുതെയല്ല. സാഹിത്യം മനുഷ്യനെ മാറ്റിത്തീര്‍ക്കുകയും അതുവഴി സമൂഹത്തെ പുതുക്കിപ്പണിയുകയും ചെയ്യുന്നു.മനുഷ്യകഥകളുടെ അനുയായികളാണ് കൃതികളെന്ന ദര്‍ശനം ഇങ്ങനെയാണ് ഉരുവംകൊണ്ടത്.സാഹിത്യവും മനുഷ്യനും തമ്മിലുള്ള സംവാദങ്ങള്‍ സാഹിത്യത്തെ കൂടുതല്‍ നല്ല സാഹിത്യമാക്കാനും മനുഷ്യനെ കൂടുതല്‍ നല്ല മനുഷ്യനാക്കാനുമുള്ള ശ്രമങ്ങളാണ്. അതുകൊണ്ട് കൂടുതല്‍ നല്ല മനുഷ്യനെ പരുവപ്പെടുത്തിയെടുക്കാനാണ് സുഗതകുമാരി ശ്രമിക്കുന്നതെന്നു പറയാം, പക്ഷേ ചിലപ്പോഴെങ്കിലും അവരോട് നമുക്ക് വിയോജിക്കേണ്ടിവരുമെങ്കിലും.
അമ്പലമണി എന്ന ഈ കാവ്യസമാഹാരത്തിലെ മിക്ക കവിതകളും മാനവികതയോട് ഒട്ടി നില്ക്കുന്നു.ഒറ്റയൊറ്റയായി മാറി നില്ക്കുന്നവരെക്കൂടി തന്റെ തണലിലേക്ക് ചേര്‍ത്തു നിറുത്തുവാനുള്ള ഒരു പ്രവണത നമുക്ക് ഈ കവിതകളില്‍ കാണാം. സുഗതകുമാരിയുടെ ശക്തി ഇങ്ങനെ അടക്കിപ്പിടിക്കാനുള്ള ഊര്‍ജ്ജത്തിലാണ് അമര്‍ന്നിരിക്കുന്നത്.അതുകൊണ്ടാണ് സമാന ഹൃദയാ നിനക്കായി പാടുന്നേന്‍ എന്നു പറയുമ്പോള്‍ ലോകത്തുള്ളവരെല്ലാം സമാനഹൃദയരായി ഏറ്റു പാടുന്നത്.അതാണ് കവിതയുടെ വഴി ; ആ വഴി സുഗതകുമാരിക്ക് സുപരചിതവുമാണ്.
പ്രസാധകര്‍- ഡി സി ബുക്സ് വില 32 രൂപ, ഒന്നാം പതിപ്പ് നവംബര്‍ 1994
Comments