#ദിനസരികള് 485 - നൂറു ദിവസം നൂറു പുസ്തകം – അമ്പത്തിയേഴാം ദിവസം.
||കാഥികന്റെ പണിപ്പുര – എം ടി വാസുദേവന്‍ നായര്‍||
“എനിക്കു വേണ്ടിയാണ് ഞാനെഴുതുന്നത്. എഴുതുമ്പോള്‍ എന്റെ മുന്നില്‍ പത്രക്കാരില്ല, പ്രസാധകരില്ല, വായനക്കാരുമില്ല.ഇതെല്ലാം ഞാനെഴുതുന്ന കഥയുടെ ഭൌതീകജീവിതത്തിന്റെ വശങ്ങളാണ്.എഴുതിത്തീര്‍ന്ന ശേഷമേ ഇതെല്ലാം വരുന്നുള്ളു.കഥയുടെ ആത്മീയ ജീവിതം എന്നില്‍ അങ്ങനെയാണ്.എന്റെ ഹൃദയത്തിലാണതു മുളക്കുന്നത്.കിളിര്‍ക്കുന്നതും പടരുന്നതും പൂത്തു വിടരുന്നതും എന്റെ ഹൃദയത്തില്‍ തന്നെ.”ആയിരത്തിത്തൊള്ളായിരിത്തി അറുപത്തിമൂന്നിലാണ് എംടിയുടെ കാഥികന്റെ പണിപ്പുര പുറത്തു വരുന്നത്. ഏകദേശം അരനൂറ്റാണ്ടോളമെത്തിയ ആ പുസ്തകം എഴുത്ത് പ്രക്രിയയെ അടുത്തു നിന്നു പരിശോധിക്കുകയും എന്തിനെഴുതുന്നു എന്ന ചോദ്യമുന്നയിക്കുകയും ചെയ്യുന്നു.അന്ന് എം ടി ഉത്തരം കണ്ടെത്തുവാന്‍ ശ്രമിച്ച അതേ പ്രശ്നങ്ങള്‍ തന്നെയാണ് ഒരു എഴുത്തുകാരന്‍ നേരിടുന്നതെന്നതു എഴുത്തിന്റെ വ്യക്തിപരമായ വെല്ലുവിളികള്‍ക്ക് എക്കാലത്തും സമാനതകളുണ്ട് എന്നതിന്റെ തെളിവാണ്. സമാനമനസ്കര്‍ക്കു വേണ്ടിയാണ് താനെഴുതുന്നതെന്ന് പല എഴുത്തുകാരും പറഞ്ഞിട്ടുണ്ടെങ്കിലും എഴുത്ത് എന്ന സര്‍ഗ്ഗപ്രക്രിയ നടക്കുമ്പോള്‍ ഒരു സമാനഹൃദയന്റേയും മുഖം മനസ്സിലേക്ക് കയറി വരുന്നില്ല എന്ന് എം ടി പറയുന്നതിനോടുതന്നെയാണ് എനിക്കും ആഭിമുഖ്യം.അങ്ങനെ ആര്‍ക്കെങ്കിലുംവേണ്ടിയുള്ള എഴുത്താണ് നാം തിരഞ്ഞെടുക്കുന്നതെങ്കില്‍ കൃതിയില്‍ എഴുത്തുകാരന്റെ സ്വതന്ത്രമായ ഇടപെടലുകള്‍ അവസാനിക്കുകയും മറ്റേതെങ്കിലുമൊരുത്തന്റെ താല്പര്യങ്ങളെ പരിഗണിക്കുക എന്ന അസംബന്ധനാടകം ആടേണ്ടിവരുകയും ചെയ്യുന്നു.അതോടെ എഴുത്തുകാരന്റേയും എഴുത്തിന്റേയും സത്യസന്ധത തകിടം മറിയുന്നു.ഏതൊക്കെയോ സ്വാധീനങ്ങളില്‍പ്പെട്ടു എഴുത്തുകാരന്‍ കടല്‍ക്ഷോഭത്തില്‍പ്പെട്ട കപ്പലു കണക്കേ കിടുങ്ങിവിറക്കുകയും ചെയ്യുന്നു.
എന്നാല്‍ ഇക്കാലങ്ങളിലും എല്ലാ എഴുത്തുകാരനും ആ തരത്തിലുള്ള നിസ്വമായ സര്‍ഗ്ഗാത്മകതയെയാണ് പിന്തുടരുന്നതെന്ന് വാദിച്ചാല്‍ നമ്മെ വിഡ്ഢികളുടെ കൂട്ടത്തിലേക്ക് കാലം മാറ്റിനിറുത്തിയേക്കും. വ്യത്യസ്തമായ താല്പര്യങ്ങളും സമ്മര്‍ദ്ദങ്ങളുമാണ് ഇന്ന് എഴുത്തുകാരനെ നിയന്ത്രിക്കുന്ന ചേതോവികാരമെന്നു കരുതേണ്ടിവരുന്നു. പ്രശസ്തിയുടെ പ്രകാശഗോപുരത്തിലേക്ക് മിഴിയുറപ്പിച്ച അവന്റെ മുനകള്‍ കോറിയിടുന്ന വരികള്‍ വ്യക്തിപരമായ ഏതൊക്കെയോ താല്പര്യങ്ങള്‍ക്കുപിന്നാലെ കുതികുതിക്കുന്നു. നിര്‍ഭയമായ സാഹിത്യമെഴുത്തിന്റെ മരണമാണ് ഇവിടെ സംഭവിക്കുന്നത്. ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ വിശാലമായ ആകാശത്തില്‍ ഉല്ലസിക്കുന്ന എഴുത്തുകാരന്റെ അവകാശങ്ങള്‍ക്ക് പടുതയിടാനുള്ള ശ്രമമല്ല ഞാന്‍ നടത്തുന്നത്. മറിച്ച് ആവിഷ്കാര സ്വാതന്ത്ര്യമെന്ന പരിധിയില്ലാത്തെ ലോകത്തെ നിയന്ത്രിക്കാന്‍ ശേഷിയുള്ള മറ്റു താല്പര്യങ്ങള്‍ക്കു എഴുത്തുകാരന്‍ കീഴടങ്ങിപ്പോകുക എന്ന ദുര്യോഗം ആശാസ്യമല്ലെന്നു പറയുക മാത്രമാണ് ചെയ്യുന്നത്.
എംടി വളരെ തന്മയത്വത്തോടെ ഈ വിഷയത്തെ തൊട്ടുനില്ക്കുന്നുണ്ട് സംഭവങ്ങളുടെ ഉദ്ഗ്രഥനമെന്ന ചെറിയൊരു പ്രയോഗത്തിലൂടെയാണ് എംടി അതു സാധിച്ചെടുക്കുന്നത്.നമുക്കു തോന്നുന്നവയെ തോന്നുന്ന പോലെ എഴുതി വെക്കുക എന്നതല്ല കലയെന്നും അവിടെയൊരു സാംസ്കാരികമായ ഉദ്ഗ്രഥനം സംഭവിക്കേണ്ടതുണ്ടെന്നുമാണ് അദ്ദേഹം സൂചിപ്പിക്കുന്നത്.ഉദാത്തീകരണത്തിന് (Sublimation) ഫ്രോയിഡു കൊടുക്കുന്ന നിര്‍വചനത്തെക്കൂടി കണക്കിലെടുക്കുമ്പോള്‍ എഴുത്തുകാരന്‍ സമൂഹത്തിലെ സ്വാഭാവികാംശങ്ങളുടെ പകര്‍പ്പെഴുത്തുകാരന്‍ മാത്രമല്ല, അവയെ ഒരരിപ്പയിലൂടെ അടച്ചൂറ്റി പാഴിനെ തള്ളിക്കളഞ്ഞു സമൂഹത്തെ മുന്നോട്ടാനയിക്കുന്ന ഒരലക്കുകാരനും കൂടിയാണെന്ന തിരിച്ചറിവിന് ഏറെ പ്രസക്തിയുണ്ട്.എന്നു വെച്ച് എല്ലാം വെളുപ്പിച്ചതിനു ശേഷമേ രംഗത്തിറക്കാവു എന്നല്ല, ഇരുണ്ടവയെ അവതരിപ്പിക്കേണ്ടയിടങ്ങളില്‍ മാത്രം അവതരിപ്പിക്കുക എന്ന വിശേഷബുദ്ധിയാണ് സമൂഹം എഴുത്തുകാരനില്‍ നിന്നും പ്രതീക്ഷിക്കുന്നത്.അത്തരം ഒരു വിശേഷബുദ്ധിയുള്ളവനായതുകൊണ്ടാണ് സമൂഹം തങ്ങളെക്കാള്‍ ഒരല്പമുയര്‍ന്ന ഒരിരിപ്പിടം എഴുത്തുകാരനു അനുവദിച്ചുകൊടുക്കുന്നതും.
എംടി ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നത് അദ്ദേഹം സ്വന്തം എഴുത്തു ജീവിതത്തില്‍ അഭിമൂഖീകരിക്കേണ്ടി വന്ന വൈഷമ്യങ്ങളെപ്പറ്റിയാണ്. എംടി എന്ന സവിശേഷമായ വ്യക്തിത്വത്തില്‍ നിന്ന് എഴുത്തുകാരനെന്ന പൊതു ഇടത്തിലേക്ക് മാറുമ്പോള്‍ ഈ പുസ്തകത്തിലെ അഭിപ്രായങ്ങളോടു മറിച്ചൊന്നു തോന്നുക സ്വാഭാവികമാണ്. ഓരോ എഴുത്തുകാരന്റേയും എഴുത്തുജീവിതം ഒരേ അച്ചില്‍ വാര്‍ത്തെടുക്കപ്പെടുന്നതല്ല എന്നതതന്നെയാണ് അതിന്റെ പ്രധാനകാരണം.എന്നാല്‍ എഴുത്തിന്റെ വ്യക്തിപരമായ നിര്‍മാണപ്രക്രിയ കഴിഞ്ഞാല്‍പ്പിന്നെ അവശേഷിക്കുന്നതിനെ സമൂഹത്തിലേക്ക് വിട്ടുകൊടുത്തുകകൊണ്ടു എഴുത്തുകാരന്‍ വിരമിക്കുന്നു.എഴുത്തിന്റേയും വിരമിക്കലിന്റേയുമിടയില്‍ രണ്ടെഴുത്തുകാര്‍ തമ്മില്‍ എത്രമാത്രം പൊതുവായ ഇടമുണ്ട് എന്നാണ് എം ടി അന്വേഷിക്കുന്നത്. എഴുതാന്‍ തുടങ്ങുന്ന ഓരോരുത്തരും ഈ ചോദ്യത്തെ നേരിടുക തന്നെ വേണം. അതുകൊണ്ടാണ് കാഥികന്റെ പണിപ്പുര എന്ന ഈ പുസ്തകം ഇന്നും പ്രസക്തമായിരിക്കുന്നത്.
പ്രസാധകര്‍- ഡി സി ബുക്സ് വില 30 രൂപ, ഒന്നാം പതിപ്പ് ആഗസ്ത് 2009
Comments