#ദിനസരികള് 479 - നൂറു ദിവസം നൂറു പുസ്തകം – അമ്പത്തൊന്നാം ദിവസം.‌



||ആലിസീന്റെ അത്ഭുത രോഗം – ഡോ. ബി ഇക്ബാല്‍||

‍ഡോ. വി എസ് രാമചന്ദ്രന്‍ , തന്റെ Emerging Mind ല്‍ എന്താണ് കല? എന്ന ചോദ്യമുന്നയിച്ചു കൊണ്ടു ആധുനിക ന്യൂറോ സൌന്ദര്യശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ ഉത്തരം പറയാന്‍ ഒരു ശ്രമം നടത്തുന്നുണ്ട്.കലയുമായി ബന്ധപ്പെട്ട മുഴുവന്‍ ചോദ്യങ്ങള്‍ക്കും ഇപ്പോള്‍ ഉത്തരം നമ്മുടെ കൈവശമില്ലെങ്കിലും ഭാവിയില്‍ അതു രൂപപ്പട്ടു വരികതന്നെ ചെയ്യു എന്ന പ്രതീക്ഷ അദ്ദേഹം പങ്കുവെക്കുന്നു. വികാസം പ്രാപിക്കുന്ന ആധുനിക ശാസ്ത്രങ്ങളുടെ അടിസ്ഥാനത്തില്‍ കലയേയും തത്വചിന്തയേയുമൊക്കെ ഉരച്ചു നോക്കുക എന്നതു എക്കാലത്തേയും ഒരു ശീലമാണ്. അങ്ങനെ വിവിധങ്ങളായ കൈവഴികളിലൂടെ കൊണ്ടും കൊടുത്തും ന്യൂറോ ഏയ്തെറ്റിക്സിലേക്ക് എത്തി നില്ക്കുന്ന ഈ മുന്നേറ്റത്തിനെക്കുറിച്ച് - വൈദ്യശാസ്ത്രവും സാഹിത്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് - എക്കാലത്തേയും മനസ്സുകളെ വിസ്മയിപ്പിച്ച ചില കൃതികളെ അടിസ്ഥാനമാക്കി ഡോ ബി ഇക്‍ബാല്‍ തന്റെ ധാരണകളെയാണ് ഈ പുസ്തകത്തിലൂടെ പങ്കുവെക്കുന്നത്. “സാഹിത്യത്തിനും കലക്കും വൈദ്യശാസ്ത്ര നിരീക്ഷണങ്ങളെ എന്ന പരിശോധന സാഹിത്യ കുതുകികളായ വൈദ്യവിദഗ്ദര്‍ നടത്തുന്നുണ്ട്.ദസ്തയേവ്സ്കി , ടോള്‍സ്റ്റോയി, കോനന്‍ ഡോയല്‍, ഈ കാഴ്ചപ്പാടില്‍ വിശകലനം ചെയ്തിട്ടുണ്ട്” എന്ന് മുഖവുരയില്‍ ഡോ ഇക്‍ബാല്‍ പറയുന്നു.ഇക്‍ബാലിന്റെ ചിന്തയെ ആമുഖത്തില്‍ ഡോ.അയ്യപ്പപ്പണിക്കര്‍ ക്രോഡീകരിക്കുന്നതുകൂടി മനസ്സിലാക്കിയാല്‍ എന്താണ് കൃതിയുടെ ഉള്ളടക്കം എന്നതിനെച്ചൊല്ലി നമക്കൊരു ധാരണയുണ്ടാക്കാന്‍ കഴിയും “ രോഗങ്ങളുടെ ശാരീരികേതര വശങ്ങളും രോഗികളുടെ വൈയക്തികാനുഭവങ്ങളും പലപ്പോഴും സര്‍ഗ്ഗാത്മക സാഹിത്യ കൃതികളിലാണ് ആഴത്തില്‍ വിശകലനം ചെയ്യപ്പെടുന്നതെന്നു കാണാന്‍ കഴിയും.സാഹിത്യകൃതികളില്‍ നിന്നുമാത്രം ലഭിക്കാനിടയുള്ള ഈ ഉള്‍ക്കാഴ്ച രോഗികള്‍ നേരിടുന്ന വൈകാരികവും മാനസികവും ധാര്‍മികവും നൈതികവുമായ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ ഡോക്ടര്‍മാരേയും മറ്റു ആരോഗ്യപ്രവര്‍ത്തകരേയും സഹായിക്കും.ഇതാണ് ഇക്‍ബാല്‍ സിദ്ധാന്തത്തിന്റെ കാതലും പൊരുളും.” പരസ്പരം പ്രതിപ്രവര്‍ത്തിച്ചുകൊണ്ടു നിര്‍മാണാത്മകമായി മുന്നേറുന്ന ശാസ്ത്രത്തേയും കലയേയുമാണ് ഇക്‍ബാല്‍ ചര്‍ച്ചക്കെടുക്കുന്നത്.

സൃഷ്ട്യന്മുഖതയെ അപസ്മാരം പ്രതികൂലമായി ബാധിക്കും എന്ന ധാരണയെ തിരുത്തുന്നതാണ് ദസ്തയേവ്സ്കിയുടെ അപസ്മാരം.അപസ്മാരത്തെ ആനന്ദസാന്ദ്രമായ ഒരനുഭൂതിയായിട്ടാണ് അദ്ദേഹം കണ്ടിട്ടുള്ളത്.സ്വര്‍ഗ്ഗം ഭൂമിയിലേക്ക് ഇറങ്ങിവന്ന് എന്നെ വലിച്ചെടുക്കുന്നതായി എനിക്കുതോന്നി.സത്യം പറയട്ടെ എനിക്ക് ദൈവത്തെ കാണാനും അദ്ദേഹത്തില്‍ ലയിക്കാനും കഴിഞ്ഞു.ഈ ലോകത്തിലെ മറ്റു സുഖങ്ങളൊക്കെ തരമെന്നു പറഞ്ഞാലും ഈ പറുദീസ ഞാന്‍ ആര്‍ക്കും വിട്ടുകൊടുക്കില്ല എന്നാണ് തന്റെ രോഗത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.അപസ്മാരത്തെ പേറുന്ന ഒരു പിടി കഥാപാത്രങ്ങളെ സൃഷ്ടിക്കാന്‍ കഴിഞ്ഞ ദസ്തയേവ്സ്കി പ്രസ്തുത രോഗത്തിനെ വളരെ നിശിതമായി വീക്ഷിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ അതിസൂക്ഷ്മമായ അവസ്ഥകളെക്കുറിച്ചുള്ള വിശദീകരണങ്ങള്‍ വൈദ്യശാസ്ത്രത്തിനു നല്കുവാനും കഴിഞ്ഞു.മസ്തിഷ്കശാസ്ത്രപാഠപുസ്തങ്ങള്‍ക്കുപോലും ഇത്ര വലിയ ഒരുള‍ക്കാഴ്ച നല്കുവാന്‍ കഴിയില്ല എന്ന് ലേഖകന്‍ നമ്മെ ഓര്‍മിപ്പിക്കുന്നു.

യുദ്ധവും സമാധാനവും എന്ന കൃതിയിലെ ബോള്‍‌കോണ്‍സ്കിയിലുണ്ടായിരുന്ന രോഗമെന്തായിരുന്നുവെന്ന് അന്വേഷിക്കുന്ന രണ്ടാമത്തെ ലേഖനത്തില്‍ ടോള്‍‌സ്റ്റോയി ആ കഥാപാത്രത്തില്‍ കരുതിവെച്ചിരിക്കുന്ന ലക്ഷണങ്ങളെ അടിസ്ഥാനമാക്കി പ്രൊഗ്രസ്സീവ് ഡിമന്‍ഷ്യ പോലെയുള്ള ഒന്നിലധികം രോഗങ്ങളെ വിശാരദന്മാര്‍ കണ്ടെത്തുന്നു.സര്‍ ആര്‍തര്‍ കോനന്‍ ഡോയലാകട്ടെ തന്റെ കൃതിയില്‍ മസ്തിഷ്കങ്ങളെ ബാധിക്കുന്ന ഒരു പിടി രോഗങ്ങളെയാണ് ആവിഷ്കരിച്ചുവെച്ചിരിക്കുന്നത്. മസ്തിഷ്കജ്വരം , കാറ്റലെപ്സി, മസ്തിഷ്ക ക്ഷതം , അപസ്മാരം , മസ്തിഷ്ക രക്തസ്രാവം തുടങ്ങി പത്തോളം രോഗാവസ്ഥകളേയും അവയെക്കുറിച്ച് പ്രതിപാദിക്കുന്ന കൃതികളേയും പട്ടികയില്‍‍പ്പെടുത്തിയിട്ടുണ്ട്, ശ്രീ ഇക്‍ബാല്‍.

ആലീസിന്റെ അത്ഭുതരോഗം കരോളിന്റെ ഈ കൃതിയുടെ അതിപ്രശസ്തികൊണ്ടുതന്നെ എല്ലാവരിലും കൌതുകമുണര്‍ത്തുന്ന ഒന്നാണ്.1865 ലാണ് ഈ കൃതി പ്രസിദ്ധീകരിക്കപ്പെടുന്നത്.എഴുത്തുകാരന്‍ ഗണിതശാസ്ത്ര പ്രൊഫസറായിന്നു എന്ന കാര്യം സൂചിപ്പിച്ചുകൊണ്ട് “ആ കൃതിയിലെ സംഭവങ്ങള്‍ യഥാര്‍ത്ഥവും സങ്കീര്‍ണവുമായ ഒരു ചതുരംഗക്കളിയോടു സാദൃശ്യം വഹിക്കുന്നു.ആലീസ്, ചുവന്ന രാജ്ഞി, വെളുത്ത രാജ്ഞി,വെളുത്ത യോദ്ധാവ് നോവലിലെ മറ്റു കഥാപാത്രങ്ങള്‍ എന്നിവരുടെ ചലനങ്ങളും സാഹസിക പ്രവര്‍ത്തനങ്ങളും ചതുരംഗക്കളിയിലെ യഥാര്‍ത്ഥനീക്കങ്ങളെ പ്രതിനിധീകരിക്കുന്നുണ്ടെന്ന് “ ലേഖകന്‍ ചൂണ്ടിക്കാണിക്കുന്നത് കൌതുകകരമാണ്.ഒന്നല്ല , രോഗങ്ങളുടെ ഒരു സമുച്ചയം തന്നെയുണ്ട് ആലിസില്‍.വണ്ടര്‍ലാന്‍ഡ് സിന്‍‌ഡ്രോം എന്നറിയപ്പെടുന്ന ആ സമുച്ചയത്തില്‍ ഹൈപര്‍സ്കീമാറ്റിയ, ഹൈപോകീമാറ്റിയ, ഡിറിയലൈസേഷന്‍, ഡിപേഴ്സണലൈസേഷന്‍, സൊമാറ്റോ സൈക്കിക് ചെയ്ഞ്ചസ് മുതലായവയാണ്. കൊടിഞ്ഞി അഥവാ മൈഗ്രേനുമായി ബന്ധപ്പെട്ടു വരാറുള്ള മെറ്റമോര്‍‌ഫോപ്സിയ – ആകൃതികളെ വികൃതമായി കാണുന്ന അവസ്ഥ – യടക്കമുള്ള മറ്റു ചില രോഗങ്ങളും ആലീസിനുണ്ടായിരുന്നതായി പറയപ്പെടുന്നു.ആലീസിനെ സംബന്ധിച്ച ഈ അസുഖങ്ങളെക്കുറിച്ചുള്ള പഠനം വളരെ രസകരമായ ഒന്നാണ്.ആലീസ് ഒരു രോഗിയാണെന്ന വസ്തുത അംഗീകരിക്കാന്‍ വിഷമമുള്ളവര്‍ ഈ ലേഖനം വായിക്കാതിരിക്കുകയാണ് നല്ലത്.ആലീസ് സൃഷ്ടിക്കപ്പെട്ട അക്കാലത്ത് ഇത്രയധികം രോഗങ്ങളെ ഓരോന്നോരോന്നായി വേര്‍തിരിച്ചെടുത്തു പരിശോധിച്ച് തരംതിരിക്കുകയെന്നതുപോകട്ടെ , എല്ലാ മാനസിക വ്യതിചലനങ്ങളേയും ഭ്രാന്ത് എന്ന ഒറ്റപ്പേരിലേക്ക് ഒതുക്കിയിരുന്ന ഒരു കാലമാണെന്നതുകൂടി കണക്കിലെടുക്കുമ്പോള്‍ എത്രമാത്രം സൂക്ഷ്മമായ നീരിക്ഷണങ്ങളിലൂടെയാണ് തത്കൃതിയുടെ കര്‍ത്താവ് തന്റെ കഥാപാത്രത്തെ രൂപപ്പെടുത്തിയെടുത്തത് എന്നതോര്‍ത്ത് നാം അത്ഭുതപ്പെട്ടുപ്പോകും.

മസ്തിഷ്കപഠനങ്ങളിലൂടെ രൂപപ്പെട്ടു വരുന്ന ന്യൂറോ സൌന്ദര്യശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ കൃതികളെ കൂടുതല്‍ ഫലവത്തായി പഠിക്കാന്‍ കഴിയുമ്പോളാണ് എഴുത്തുകാരനായ വിധാതാവ് എന്തൊക്കെ അത്ഭുതങ്ങളെയാണ് നമുക്കു കരുതിവെച്ചിരിക്കുന്നതെന്ന് കണ്ടെത്താന്‍ കഴിയുക.നമ്മുടെ ഭാരത രാമായണാദികളിലെ കഥാപാത്രങ്ങള്‍ പേറുന്ന രോഗങ്ങളെക്കുറിച്ച് സവിശേഷമായി ഒന്നു പഠിച്ചു നോക്കുകതന്നെവേണം.ഇതിലില്ലാത്ത ലോകത്തെവിടേയുമില്ലെന്ന് പറഞ്ഞ വ്യാസനെന്ന അതികായനെ അടുത്തറിയാന്‍ അതു സഹായിച്ചേക്കും, കൂട്ടത്തില്‍ കാട്ടാളനായിരുന്ന രത്നാകരന്‍ വാല്മീകിയായ കഥയും പുറത്തു വന്നേക്കാം.രാമചന്ദ്രന്‍ പ്രതീക്ഷിക്കുന്നതുപോലെ അടുത്ത ഭാവിയില്‍ അതു സംഭവ്യമാകട്ടെ !
പ്രസാധകര്‍- ഡി സി ബുക്സ് വില 55 രൂപ, മൂന്നാം പതിപ്പ് സെപ്തം 2010



Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1