#ദിനസരികള് 480 - നൂറു ദിവസം നൂറു പുസ്തകം – അമ്പത്തിരണ്ടാം ദിവസം.‌


||മധുരം നിന്റെ ജീവിതം – കെ പി അപ്പന്‍||

വിശ്വാസികള്‍ തങ്ങള്‍ ആരാധിക്കുന്നവരെക്കുറിച്ച് സംസാരിക്കുന്നതു കടുത്ത വിധേയത്വത്തിന്റേയും പെരുകി വരുന്ന വിശ്വാസത്തിന്റേയും അടിത്തറയില്‍ നിന്നുകൊണ്ടാണ്.അതുകൊണ്ടുതന്നെ അവിശ്വാസത്തിന്റേതായ കണികപോലും അവരെ തീണ്ടാന്‍ അനുവദിക്കാറില്ല. സമാനതകളില്ലാത്ത വിശേഷണപദങ്ങളെക്കൊണ്ട് അലങ്കരിച്ച് അവര്‍ നമ്മുടെ മുമ്പിലേക്ക് എഴുന്നള്ളിച്ചു നിറുത്തുന്ന തങ്ങളുടെ ദൈവങ്ങള്‍ക്കുമുമ്പില്‍ സമസ്തവും കീഴടങ്ങിക്കൊള്ളണം എന്നൊരാഗ്രഹമാണ് അത്തരക്കാര്‍ പ്രകടിപ്പിക്കുന്നത്. ദൈവപ്രഘോഷകരായ അവരുടെ ചില രീതികള്‍ കണ്ടിട്ടില്ലേ ? ദൈവത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ അവര്‍ മറ്റെല്ലാം മറക്കുന്നു. അലറി വിളിക്കുന്നു. വിതുമ്പിക്കരയുന്നു. നിലത്തു കിടന്നുരുളുന്നു, എത്രയോ തരത്തിലുള്ള കോപ്രായങ്ങളാണ് അവര്‍ പ്രകടിപ്പിക്കുന്നത്? യുക്തിയുടേയോ ചിന്താശീലത്തിന്റെ ഒരു തരിപോലും അവരില്‍ കണ്ടെടുക്കാനുണ്ടാകില്ല. തിരിച്ചുള്ള ചോദ്യങ്ങളെ അവര്‍ അംഗീകരിക്കാറുമില്ല. എന്തുതരത്തിലുള്ള അത്ഭുതങ്ങളും സംഭവിപ്പിക്കാന്‍ ശേഷിയുള്ളവന് ഒന്നും അസാധ്യമായിട്ടില്ലെന്ന ധാരണയാണ് അവരെ നയിക്കുന്നത്.അത്തരത്തിലുള്ള ഒരു ധാരണയില്‍ നിന്നുകൊണ്ടാണ് കെ പി അപ്പന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം നേടിക്കൊടുത്ത മധുരം നിന്റെ ജീവിതം എന്ന പുസ്തകവും രചിക്കപ്പെട്ടിരിക്കുന്നത്.

മേരിയോളജിക്കാരുടെ വാദമുഖങ്ങളെ തന്റേതായ ഭാഷയില്‍ ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്നുവെന്നല്ലാതെ പുതിയതായൊന്നും അപ്പന്‍ ഈ പുസ്തകത്തില്‍ കണ്ടെത്തുകയോ മുന്നോട്ടു വെക്കുകയോ ചെയ്യുന്നില്ല.ദൈവപുത്രനു മാതാവായി മാറിയ മേരിയും അവളെ ചുഴന്നു നില്ക്കുന്ന അത്ഭുതങ്ങളുടെ ആരതികളേയും ഏതൊരു വിശ്വാസിക്കും കഴിയുന്ന തരത്തില്‍ പൊലിപ്പിച്ചെടുക്കുകയെന്നതു മാത്രമാണ് അപ്പനും ചെയ്യുന്നത്. അത്ഭുതങ്ങളെ കൂട്ടുപിടിച്ചു കൊണ്ട് മേരിയെ അനുഭവിപ്പിക്കുക എന്നതാണ് അപ്പന്‍ അനുവര്‍‌ത്തിക്കുന്ന രീതി.ആ അര്‍ത്ഥത്തിലാണ് , അല്ലെങ്കില്‍ അതിനുവേണ്ടിത്തന്നെയാണ് ഈ കൃതി എഴുതപ്പെട്ടതെങ്കില്‍ രണ്ടുകൈയ്യുമുയര്‍ത്തി അദ്ദേഹത്തിന് കീജേയ് വിളിക്കേണ്ടതുതന്നെ. അതിനുമപ്പുറം മേരിയെ അനുഭവപ്പെടുത്തുന്ന ഒരാഖ്യാനത്തെ നിര്‍മിക്കുവാനാണ് അപ്പനുദ്ദേശിച്ചതെങ്കില്‍ അഹോ ദയനീയം എന്നല്ലാതെ മറ്റെന്തു പറയാന്‍.!

മേരിയുടെ മനുഷ്യമുഖത്തെ മറച്ചു വെച്ചുകൊണ്ട് ആത്മീയമായ തേജസ്സുകള്‍ക്ക് വ്യാപരിക്കുവാനുള്ള വെറും കളിപ്പാട്ടം മാത്രമായി കല്പിച്ചെടുക്കുകയാണ് മേരിയോളജിക്കാര്‍ ചെയ്യുന്നത്.അത് വിശ്വാസപരമായ ഉദ്ദേശലക്ഷ്യങ്ങളില്‍‌പ്പെടുന്നതായതുകൊണ്ടുതന്നേയും ആ വിജ്ഞാനശാഖ അത്തരമൊരാവശ്യത്തിനു വേണ്ടി സൃഷ്ടിച്ചെടുത്തതാകയാലും നമുക്കവരോട് വിപ്രതിപത്തി തോന്നേണ്ട കാര്യമില്ല. കേവലമായ വിശ്വാസങ്ങളെ ഊട്ടിയുറപ്പിക്കുകയും സ്ഥാപിച്ചെടുക്കുകയും ചെയ്യുകയാണ് അവരുടെ ധര്‍മ്മം.എന്നാല്‍ ഇത്തരമൊരു നിര്‍മിതിയിലൂടെ മേരിയുടേതായ മറ്റേതെങ്കിലും ഒരു മുഖത്തെ ആവിഷ്കരിക്കാന്‍ ശ്രമിക്കാതെ മേരിവിജ്ഞാനീയക്കാരുടെ ഏറ്റുവിളിക്കാരനായി അപ്പനെന്തിനു മാറി എന്ന ചോദ്യം സ്ഥാനത്തുള്ളതുതന്നെയാണ്.

ദിവ്യഗര്‍ഭമോ അതിന്റെ ന്യായാന്യായങ്ങളോ ചോദ്യം ചെയ്യുക എന്നത് ഈ കുറിപ്പിന്റെ ഉദ്ദേശമല്ല , അതിന്റെ ആവശ്യവുമില്ല.എന്നാല്‍ ആ ഗര്‍ഭനാളുകളില്‍ , വേണമെങ്കില്‍ അതിനു ശേഷം യേശു ദൈവപുത്രനാണെന്നു സ്ഥാപിച്ചെടുക്കുന്ന നാള്‍ വരെയുള്ള കാലംവരേക്കും മേരി അനുഭവിച്ച സങ്കടങ്ങളെ നാം എങ്ങനെയാണ് ആവിഷ്കരിച്ചെടുക്കുക? എന്തൊക്കെ പരിവേഷങ്ങളാല്‍ അലങ്കരിക്കപ്പെട്ടുവെങ്കിലും മേരി ജീവിക്കുന്നത് അവിടെയാണ്, അക്കാലങ്ങളിലാണ്.സ്വന്തം ശിഷ്യരാല്‍ ത്യജിക്കപ്പെട്ട ഒരു ചരിത്രമുണ്ട് യേശുവിനു പോലും. അപ്പോള്‍ ആ അമ്മ എത്രമാത്രം ത്യജിക്കപ്പെട്ടിട്ടുണ്ടാകണം? അവരുടെ മരണത്തെക്കുറിച്ചോ അവസാനകാലങ്ങളെക്കുറിച്ചോ യാതൊരു വിവരങ്ങളും ലഭ്യമല്ല എന്നതുതന്നെ നാം എന്തൊക്കെ ന്യായം പറഞ്ഞാലും.ഈ ത്യജിക്കലിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. വിശ്വാസത്തിന്റെ അത്തരം ആക്ഷേപങ്ങളെയൊക്കെ പിന്മടക്കാനുള്ള ശേഷി നാം കൈവരിച്ചു കഴിഞ്ഞിരിക്കുന്നുവെങ്കിലും ദിവ്യഗര്‍ഭകാലങ്ങളില്‍ അവര്‍ അനുഭവിച്ച കണ്ണുനീര്‍ ആരെയാണ് വേദനിപ്പിക്കാതിരിക്കുക?

വിശ്വാസത്തിന്റേയും ദൈവികതയുടേയും പരിവേഷം നല്കി യേശുവിനൊപ്പമോ അല്ലെങ്കില്‍ തൊട്ടടുത്തോ മേരിയേയും സ്ഥാപിച്ചെടുക്കുക എന്നതു മേരിവിജ്ഞാനക്കാരുടെ ഉദ്ദേശലക്ഷ്യങ്ങളാണ് അതില്‍ അവര്‍ വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യട്ടെ. പക്ഷേ ഇത്രയും പരുക്കനായി മേരിയെ അവതരിപ്പിക്കേണ്ട ആവശ്യം അപ്പനെന്തായിരുന്നു എന്നാണ് ആരും ചോദിച്ചു പോകുക. മുട്ടിനു മുട്ടിനു വിശേഷണങ്ങളെ കോര്‍‌ത്തെടുത്തുകൊണ്ടാണ് അപ്പന്‍ മേരിയെ അവരതരിപ്പിക്കുന്നത്. മേരിയുടെ മനുഷ്യജീവിതം വ്യക്തമാക്കാന്‍ വിശുദ്ധവിശേഷണങ്ങളെ ആശ്രയിക്കേണ്ടതില്ല എന്ന് അപ്പനില്ല.ഒരു പരിധി വരെ താന്‍ ചെയ്യുന്ന അപരാധത്തെക്കുറിച്ചുള്ള അബോധപൂര്‍വ്വമായ ധാരണയായിരിക്കും ഇങ്ങനെ ചെയ്യാന്‍ അപ്പനെ പ്രേരിപ്പിച്ച ഘടകമെന്നു ഞാന്‍ സംശയിക്കുന്നു.

അപ്പനെഴുതുന്നത് “ വിശുദ്ധമാതാവിനെ മഹാദര്‍ശനങ്ങളുടെ വലിയ പാരമ്പര്യത്തില്‍ വലിയ പാരമ്പര്യത്തില്‍ പ്രതിഷ്ഠിക്കുകയാണ് ബൈബിള്‍ ചെയ്യുന്നത്.” എന്നാണ്. മേരിയെ വിശ്വാസത്തിന്റെ കണ്ണിലൂടെ സംസ്കരിച്ചെടുക്കുക എന്നത് വിശ്വാസികളുടെ ആവശ്യമായിരിക്കാം.എന്നാല്‍‌ മേരി എന്ന സ്ത്രീയെ അവളനുഭവിച്ച കഠിനകാലങ്ങളുടെ വെളിച്ചത്തില്‍ ആവിഷ്കരിക്കേണ്ടതു മനുഷ്യവംശത്തിന്റെ തന്നെ ആവശ്യമാണ്.അതുകൊണ്ട് മേരിവായനകള്‍ ഒരേ സമയം സരളമായും സങ്കീര്‍ണമായും തുടരുകതന്നെ വേണം. ആ വായന ഒരു ദൈവീകപദ്ധതിയുടെ ഭാഗമായി നിലകൊള്ളുന്ന ഒരുവളെക്കുറിച്ചല്ല, മറിച്ച് ലോകത്തിന്റെ മുഴുവന്‍ ഖേദവും തന്നിലേക്കാവാഹിച്ച ഒരമ്മയെക്കുറിച്ചു കൂടിയാകണമെന്നു മാത്രം.
പ്രസാധകര്‍- ഡി സി ബുക്സ് വില 50 രൂപ, നാലാം പതിപ്പ് ഡിസംബര്‍ 2008



Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം