#ദിനസരികള് 482 - നൂറു ദിവസം നൂറു പുസ്തകം – അമ്പത്തിനാലാം ദിവസം.
||അമൂല്യശ്ലോകമാല – സമ്പാദകന്‍ : അരവിന്ദന്‍||
ഹൈസ്കൂള്‍
കാലത്തിനുമുന്നേ എന്റെ കൈകളിലേക്കെത്തിയ ഒരു പുസ്തകമാണ് അമൂല്യശ്ലോകമാല.അന്നു മുതല്‍
ഇടക്കിടക്ക് ആ പുസ്തകം എന്റെ മേശപ്പുറത്തേക്ക് അല്ല നീ എന്നെ മറന്നോ എന്ന
ചോദ്യവുമായി കയറിവരും. കുറച്ചു സമയം ഇഷ്ടനുമായി സല്ലപിച്ചില്ലെങ്കില്‍ ആകെ
വിഷമമാകും.അതുകൊണ്ട് അരവിന്ദന്‍ സമ്പാദിച്ചു വെച്ചിരിക്കുന്ന ആ ശ്ലോകമാലയെ ഞാന്‍
കൈയ്യിലെടുക്കും. എപ്പോള്‍ വായനക്കെടുത്താലും അപ്പോഴൊക്കെ അതെന്നില്‍ ഒരത്ഭുതം
അവശേഷിപ്പിക്കാതിരുന്നിട്ടല്ല.ചിലപ്പോള്‍ ഒറ്റനക്ഷത്രം പോലെ തിളങ്ങുന്ന ഒരു വാക്കാകാം. മറ്റു ചിലപ്പോള്‍ അതുവരെ ഞാന്‍
ശ്രദ്ധിക്കാതിരുന്ന ഒരാശയമാകാം. അങ്ങനെയങ്ങനെ മനസ്സില്‍ കുളിരുകോരുന്ന എന്തെങ്കിലുമൊന്ന്
അതെനിക്കുവേണ്ടി എല്ലായ്‌പ്പോഴും കരുതിയിട്ടുണ്ടാകുമെന്ന കാര്യം തീര്‍ച്ച.
ഈ
ശ്ലോകങ്ങളിലെ ഭൂരിഭാഗവും എനിക്ക് മനപ്പാഠമാണെന്നു ഇത്തിരി അഹങ്കാരത്തോടെ
സമ്മതക്കട്ടെ ! നിരന്തരമായ വായന കാരണം അങ്ങനെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളു
എന്നതു വേറെ കാര്യം.രസനിഷ്യന്ദികളായ ഈ മുക്തകങ്ങളെ മനസ്സിലോര്‍ത്തു വെക്കുവാന്‍ അല്ലെങ്കില്‍ത്തന്നെ
വളരെ എളുപ്പവുമാണ്. ഒരല്പം താല്പര്യം വേണമെന്നു മാത്രം.
അംഗുല്യാ ക: കവാടേ പ്രഹരതി കുടിലോ ?
മാധവാ:; കിം വസന്തോ?
നോ ചക്രീ; കിം കുലാലോ? നഹി ധരണിധര:,
കിം
ദിജിഹ്വ: ഫണീന്ദ്ര?
നാഹം, ഘോരാഹിമര്‍ദ്ദീ; കിമസി ഖഗപതി?-
ര്‍ന്നോഹരി:, കിം കപീന്ദ്ര?
ശ്രൂത്വൈ വാം സത്യഭാമാ പ്രതിവചന ജള:
പാതു
വശ്ചക്രപാണി: എന്ന
നാലുവരി ഓര്‍ത്തു വെക്കുവാന്‍ അത്ര വിഷമമൊന്നുമില്ലല്ലോ. രസനീയമായ സാഹചര്യമൊന്ന്
മനസ്സിലാക്കിയാല്‍ മാത്രം മതി ശ്ലോകം ഓര്‍മയുടെ ഭിത്തിയിലേക്ക്
കൊത്തിവെയ്ക്കപ്പെട്ടുകഴിഞ്ഞു.
തോലനെന്ന
കുസൃതിക്കാരനായ കവിയെക്കുറിച്ച് ആദ്യമായി കേട്ടതു ഐതീഹ്യമാലയില്‍ നിന്നായിരുന്നു.അദ്ദേഹത്തിന്റെ
പനസി ദശായാം പാശി പോലെയുള്ള പ്രയോഗങ്ങള്‍ അക്കാലങ്ങളില്‍ എന്നെ എത്രയൊക്കെ
രസിപ്പിച്ചുവെന്നോ? അക്കഥയെത്തുടര്‍ന്നുണ്ടായ
സംഭവവികാസങ്ങള്‍ മൂലം അദ്ദേഹത്തിന് സ്വസമുദായത്തില്‍ നിന്നും
ഭ്രഷ്ടുകല്പിക്കപ്പെട്ടുവെന്ന് കൊട്ടാരത്തില്‍ ശങ്കുണ്ണി പറയുന്നു.തോലന്‍ എന്ന
പേരു വരാനുണ്ടായ കാരണവും ഐതീഹ്യമാല പറയുന്നുണ്ടെന്നാണ് എന്റെ ഓര്‍മ്മ.ഏതായാലും
സരസ്സനായ അദ്ദേഹമെഴുതിയ ശ്ലോകങ്ങള്‍ അനുവാചകരെ രസിപ്പിക്കുക തന്നെ ചെയ്യും.
ഒരു കെട്ടിലമ്മയുടെ നിര്‍ദ്ദേശ പ്രകരാം അവരെ വര്‍ണ്ണിച്ചെഴുതിയ ഈ
ശ്ലോകം നോക്കുക
അന്നൊത്ത പോക്കീ
കുയിലൊത്ത പാട്ടീ
തേനൊത്ത വാക്കീ,
തിലപുഷ്പമൂക്കീ
ദരിദ്രയില്ലത്തെ
യവാഗുപോലെ
നീണ്ടിട്ടിരിക്കും
നയനദ്വയത്തീ – എത്ര മനോഹരമായ പ്രയോഗങ്ങളാണെന്നു നോക്കൂ.ഇതിനുമപ്പുറം ഒരാളെ വര്‍ണിക്കാനാകുമോ? പക്ഷേ കെട്ടിലമ്മക്കു പോക്കീ വാക്കീ മൂക്കീ
എന്നൊക്കെ തന്നെ വിളിക്കുന്നത് ഒട്ടും ഇഷ്ടമായില്ല. അതുകൊണ്ട് അവര്‍ വേറൊരു
ശ്ലോകത്തിനായി നിര്‍ബന്ധം പിടിച്ചു.തോലനല്ലേ ആള്‍.അദ്ദേഹം
അര്‍ക്കശുഷ്കഫലകോമളസ്തനീ
തിന്ത്രിണിദല
വിശാലലോചനാ
നിംബപല്ലവ സമാന
കേശിനി
കീകസാത്മജമുഖീ
വിരാജസേ എന്നൊരു ശ്ലോകം ചമച്ചുകൊടുത്തു.കെട്ടിലമ്മക്കു സന്തോഷമാകുകയും ചെയ്തു.
തോലമഹാകവിയുടെ പരിഹാസദ്യോതകമായ കല്പനാവൈഭവത്തിന് നിദര്‍ശനമായിരിക്കുന്ന ഈ
ശ്ലോകത്തിന് ഞാനായിട്ട് അര്‍ത്ഥം പറയുന്നില്ല, നിങ്ങളന്വേഷിക്കുക.
നാനാരത്നവിചിത്രഭൂഷണകരീ
ഹേമാംരാഡംബരീ
മുക്താഹാരാവിളംബമാനവിലസ
ദ്വക്ഷോജകുംഭാന്തരീ
കാശ്മീരാഗരുവാസിതാരുചികരീ
കാശീപുരാധീശ്വരീ
ഭിക്ഷാംദേഹി
കൃപാവലംബനകരീ
മാതാന്ന
പൂര്‍ണ്ണേശ്വരീ
ഈ ശ്ലോകത്തിലെ ഭക്തിയെക്കാളും എന്നെ ആകര്‍ഷിച്ചത് മനോഹരമായി
പ്രയോഗിക്കപ്പെട്ട പദങ്ങളാണ്.വാക്കുകളെ ഇങ്ങനെ വിന്യസിക്കുന്നതിനോട് എനിക്കൊരു
താല്പര്യമുണ്ട്. ഇത്തരം ശ്ലോകങ്ങളുടെ ചുവടു പിടിച്ച് അക്കാലത്ത് ഞാനും ചില
മുക്തകങ്ങളൊക്കെ എഴുതിനോക്കിയിട്ടുണ്ട്.സ്വാഭാവികമായും ഭക്തിയല്ല ശൃംഗാരമായിരുന്നു
മുന്നിട്ടു നിന്നത്.കുംഭംപോലെ കുചമെന്നും തൊണ്ടിപ്പഴംപോലെ ചുണ്ടെന്നും
വാഴത്തടിപോലെ തുടയെന്നുമൊക്കെ എഴുതിപ്പിടിപ്പിക്കാന്‍ ഞാന്‍ ശേഷി നേടിയതിന്
പിന്നില്‍ ശൃംഗാരശ്ലോകങ്ങളായിരുന്നു. പിന്നീട് ഗുരു നിത്യചൈതന്യയതിയുടെ
പത്രാധിപത്യത്തിലുണ്ടായിരുന്ന ഗുരുകുലം മാസികയിലേക്കു ഭക്തിയും തത്വചിന്തയും (?) കലര്‍ന്ന ശ്ലോകങ്ങള്‍ കവിത എന്ന പേരില്‍ അയച്ചു
കൊടുക്കുകയും അതു പ്രസിദ്ധീകരിച്ചു വരികയുമൊക്കെ ചെയ്തത് അക്കാലത്തെക്കുറിച്ചുള്ള
രസകരമായ ഓര്‍മകളാണ്.
വെണ്‍മണിയായിരുന്നു
രസിപ്പിച്ചവരില്‍ മുമ്പന്‍.അങ്ങേരുടെ എത്രയെത്ര രസകരമായ ശ്ലോകങ്ങളാണ്
നിരന്നുനില്ക്കുന്നത്.അതിന്റെ ചുവടൊപ്പിച്ച് എഴുതുക എന്നതൊരു കൌതുകം തന്നെയാണ്.
അതുപോലെ ചേലപ്പറമ്പന്റെ ഒരു ശ്ലോകമുണ്ട്
ഭക്ത്യാ
ഞാനെതിരേ കുളിച്ചു ഭഗവല്‍
പാദാരവിന്ദരങ്ങളെ
ചിത്തേ ചേര്‍ത്തൊരരക്ഷണം
മിഴിയട
ച്ചമ്പോടിരിക്കും
വിധൌ
അപ്പോള്‍
തോന്നിയെനിക്കുമാരവിരുതും
മന്ദസ്മിതപ്രൌഢിയും
പന്തൊക്കും
മുലയും തണുത്ത തുടയും
മറ്റേതുമെന്നോമലേ
ഭാഷയുടെ ശക്തിയും സൌന്ദര്യവും അനുഭവിപ്പിക്കുന്നവയാണ് നമ്മുടെ
ശ്ലോകങ്ങള്‍. വൃത്തത്തില്‍ത്തന്നെ എഴുതിശീലിക്കുകയെന്നതു വാക്കുകളെ ചെത്തിക്കൂര്‍പ്പിച്ചു
പ്രയോഗിക്കുന്നതിനുള്ള പരിശീലനം കൂടിയാണ്.പുതിയ വാക്കുകളെ തേടുകയും കണ്ടെത്തുകയും
ചെയ്തുകൊണ്ട് കവിതയുടെ ലോകത്തിലേക്ക് കടക്കുവാന്‍ അതു നമ്മെ പ്രാപ്തരാക്കുന്നു.
അതുകൊണ്ടു കുറഞ്ഞ കാലത്തേക്കെങ്കിലും നമ്മുടെ പഴയ കൃതികളിലൂടെ
ഒരോട്ടപ്രദക്ഷിണമെങ്കിലും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് അനുവദിച്ചു കൊടുക്കേണ്ടതാണ്.ഇവയൊന്നും
വായിക്കാതെയും അനുഭവിക്കാതെയുമൊക്കെ കവിതയെഴുതുകയും കവിയായി നടിക്കുകയുമൊക്കെ
ചെയ്യാം.അങ്ങനെ ഈയല്‍ ജീവിതം നയിക്കുന്നവരെ നാം ചുറ്റുപാടും ധാരാളം കാണുമുണ്ടല്ലോ!ഇവയൊക്കെ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്
പരിചയപ്പെടുത്തിക്കൊടുത്താല്‍ അത്തരം കവികളെപ്പോലെ എഴുതുക എന്ന പാതകത്തില്‍
നിന്നും അവരെ രക്ഷിക്കുകയെങ്കിലും ചെയ്യാമെന്നതാണ് നേട്ടം.
പ്രസാധകര്‍- കറന്റ് ബുക്സ് വില 35 രൂപ, ഒന്നാം പതിപ്പ് ഒക്ടോബര്‍
1990
Comments